Saturday, May 3, 2014

പുറപ്പാട്‌..

" എന്താണെന്നറിയില്ലാ, ഇത്രയും മാസങ്ങളിലുണ്ടാവാതിരുന്ന ഛർദ്ദി ഇന്നുണ്ടായി.
ഇനിയിപ്പൊ പ്രാതൽ മുതൽ അത്താഴം വരെ ഒന്നും  കഴിക്കാനാവുമെന്ന് തോന്നണില്ലാ..
ഓരൊ ഛർദ്ദിയിലും തൊണ്ട പൊട്ടി നീറ്റലുണ്ടാക്കുന്നുമനസ്സാലെ. 
ഉമിനീരുപോലും ഇറക്കാനാവണില്ല "

ഇരുമ്പ്‌ കട്ടിലിന്റെ അഴികളിൽ മുറുക്കിപ്പിടിച്ച്‌ എട്ട്‌ തികഞ്ഞ വയറിന്റെ ഭാരം താങ്ങി ഒന്നാകെ കട്ടിലിലേക്ക്‌ ചെരിയുമ്പോൾ ഇനിയൊരക്ഷരം മിണ്ടാനാവാത്തവിധം  ക്ഷീണിച്ചിരുന്നു മേഹുവിന്റെ ശബ്ദവും ശരീരവും.

" അപ്പോൾ ഇന്ന് പ്രാതലിനുണ്ടാക്കാൻ പറഞ്ഞ വെജിറ്റബിൾ സ്റ്റ്യൂ ഉണ്ടാക്കണ്ടാല്ലേ.. എങ്കിൽ ഞാൻ പോണൂ " എന്നു പറഞ്ഞുക്കൊണ്ട്‌ അടുക്കളക്കാരി മുറിവിട്ടു പോകുന്നതും മുൻവശത്തെ കതകു ചാരുന്ന ശബ്ദം കേട്ടതും ഓർമ്മയുണ്ട്‌.. 

ക്ഷണിക്കാതെ വിരുന്നുവന്ന അതിഥിയെപോലെ മയക്കം വീണ്ടും കൺപോളകളെ വശീകരിച്ചിരുന്നു അപ്പോഴേക്കും.

"ഞാൻ രോഗാവസ്ഥയിലല്ല.. നിനയ്ക്കാതെ വന്നുചേർന്ന അവസ്ഥാന്തരങ്ങളെങ്കിലും ആസ്വദിച്ചീടേണം ദുര്യോഗമെന്ന് വിളിച്ചിടാതെ.."
സ്വന്തം സന്തോഷങ്ങളുമായി ഉല്ലാസം പകർന്ന് ജീവിതം പടുക്കുന്ന ഒരു ഗർഭിണിയുടെ വരണ്ട ചുണ്ടുകൾ മേഹുവിന്റെ മുഖത്തെ തളർച്ചയിൽ നിശ്ശബ്ദമായി പുഞ്ചിരിച്ചു .

ആകാശത്ത്‌ മഞ്ഞ പരന്നു തുടങ്ങിയിരുന്നു ഉറക്കമുണർന്നപ്പോൾ.. 
അതുവരേക്കും ശരത്കാല ദൃശ്യങ്ങളുമായി ചുറ്റിക്കറങ്ങുകയായിരുന്നു. എങ്ങുനിന്നോ വന്ന ശീതക്കാറ്റ്‌ ഒഴിയാബാധപോലെ വസന്തത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. 

സുപരിചിത ഗന്ധങ്ങളാണവിടെ.,
നാടിന്റെ..മണ്ണിന്റെ..മനുഷ്യന്റെ.. 
താത്പര്യത്തോടെ മണ്ണിനെയറിഞ്ഞ്‌ വസന്തം വിരിയിക്കാൻ ഒരുമ്പെട്ടിറങ്ങി.. 
ഉയരങ്ങളിൽനിന്നിറങ്ങിവന്ന വനദേവതകൾ  കൈപിടിച്ചുകൊണ്ടവരുടെ
പൂങ്കാവനത്തിലേക്ക്‌ ക്ഷണിച്ചു.
റോഡിൽനിന്നുയർന്ന ശബ്ദകോലാഹലങ്ങൾ ഞെട്ടിയുണർത്തി. 
ഇനിയും ഉറങ്ങിയേനെ.. 
അപ്പോഴേക്കും ഉദ്യാനദേവതകൾ കൺവെട്ടത്തുനിന്ന് മറഞ്ഞുപോയിരുന്നു.

ഗർഭാവസ്ഥയുടെ ആരംഭം മുതൽക്കേ ഇങ്ങനെയാണു.. 
പലപ്പോഴും ഞങ്ങൾ അന്യരാവുന്നു..

" ഇന്നും പ്രാതൽ കഴിക്കാതെ നേരംവെളുത്തതും സ്ഥലം കാലിയാക്കുവാണൊ ?" 

ആദിത്യ കുടിച്ചുവെച്ച ഗ്ലാസ്സിലെ പകുതി ചായയിലേക്ക്‌ എത്തിനോക്കി മനസ്സമാധാനക്കേടോടെ മേഹു ചോദിച്ചുവെങ്കിലും ചുമലുയർത്തി തലകൊണ്ടെന്തോ മറുപടി നൽകി അയാൾ പോയിക്കഴിഞ്ഞിരുന്നു.
ഇന്നുവരെ കാണാത്തതൊ പുതിയതോ ആയ പെരുമാറ്റമല്ലാത്തതിനാൽ പരിഭവമൊന്നും തോന്നിയില്ല..

"വിശപ്പില്ലെങ്കിൽ ഭക്ഷണം എന്തിനു കഴിക്കുന്നു " എന്ന് കേൾക്കാറുള്ള സ്ഥിരം പല്ലവി ഇന്നുണ്ടായില്ല..ഭാഗ്യം. 
ഇതാണീ ആദിയുടെ സ്വഭാവം, സംസാരിക്കേണ്ട അത്യാവശ്യ സമയങ്ങളിൽപോലും ചുമരുചാരി കണ്ണടച്ചിരിക്കുന്ന പ്രകൃതം..

ആദിയുടെ അധീനത്തിൽ നടക്കുന്ന കുറ്റ വിചാരണകളുടെ അന്ത്യത്തിൽ സ്നേഹവും അനുകമ്പയും ഉയർന്നുകൊണ്ടിരിക്കുന്നതിനുള്ള ന്യായം ഇനിയും വ്യക്തമാകുന്നില്ല.. 
പുരാണങ്ങളറിയുന്ന ഇഹലോക ജ്ഞാനമുള്ള മനുഷ്യൻ, വർഷങ്ങളിതുവരെയും താൻ ആസ്വദിച്ചനുഭവ്യമാക്കിക്കൊണ്ടിരുന്ന സുഖങ്ങളെ തല്ലിക്കെടുത്തിവരുന്നു. 
തറയിൽ ചുരുണ്ടുകൂടി കിടന്നുറങ്ങുന്നത്‌ കണ്ടാലും ഭയമാണ്.. 
ഈ അവസ്ഥയിലെ മനക്ലേശങ്ങൾ അകറ്റുവാനായി ഗർഭിണികൾ സാധാരണയായി അരയിൽ കെട്ടുന്ന നൂലിനോടും പുച്ഛം പ്രകടിപ്പിക്കുന്ന ഒരു സാധു.
ഒരു കിണ്ണത്തിൽ നിറയെ പലഹാരങ്ങളുമായി ഇടക്ക്‌ നേരം കൊല്ലുന്ന ആദിയുടെ ചുമലിൽ തലചായ്ച്ച്,‌
" ഇന്നത്തെ ഭക്ഷണത്തിനൊന്നും രുചി തോന്നണില്ലാ " എന്ന് കൊഞ്ചിക്കരയുന്ന താനും , തറയിലെ തണുപ്പ്‌ പോലും സഹിക്കാനാവാത്ത തന്റെ കാലിലെ നീരും , പെട്ടെന്ന് കണ്ടുവന്ന വെരിക്കോസ്‌ ഞരമ്പുകളുടെ ഉന്തിത്തള്ളലുകളും, മുഖത്തെ വിളർച്ചയും ക്ഷീണവുമൊക്കെ ആദിയുടെ കണ്ണിൽപ്പെടാത്ത രോഗലക്ഷണങ്ങളാണ്.
സമയാസമയങ്ങളിലുള്ള ടെസ്റ്റുകൾക്കും മരുന്നുകൾക്കും ആദി പ്രാധാന്യം കൊടുത്തുവന്നത്‌ ഇരുപതിയൊന്നാമത്തെ ആഴ്ച്ചയിലെ അൾട്രാസ്കാനിൽ ദൈവാനുഗ്രഹത്താൽ കുഞ്ഞിനു കുഴപ്പമുന്നുമില്ലെന്ന് അറിയിപ്പ്‌ കിട്ടുംവരേക്ക്‌ മാത്രം.. 
മരുന്നും ആഹാരവും  സംബന്ധിച്ച ഒരു ഉപദേശവും ചോദിക്കാറില്ല ഇപ്പൊ.. 
ജീവിതത്തിൽ സുഖസൗകര്യങ്ങൾ നേടിയെടുക്കുവാനുള്ള ത്വര കൂടുതൽ കാണുന്നവരെ അവരവരുടെപാട്ടിനു വിടുന്നതാണു നല്ലത്‌, അല്ലെങ്കിലതൊരു വിസ്ഫോടനമാകും.

കൊച്ചുകൊച്ചു സ്നേഹവചനങ്ങൾക്കുള്ള കാത്തിരിപ്പ്‌, വാത്സല്യ തലോടലുകൾക്കുള്ള അതിയായ മോഹം.. എല്ലാം അടിച്ചമർത്തപ്പെട്ടിരിക്കുന്നു.. എല്ലാമെല്ലാം ഈ അവസ്ഥയെ ആശ്രയിച്ചുയരുന്ന മനോവ്യാഥികളാണെന്നറിഞ്ഞിട്ടും.. 
ചിലപ്പോഴൊക്കെ സ്വയമൊരു രോഗിയാണെന്ന് വരുത്തിത്തീർക്കുവാനായി
അനക്കമില്ലാതെ കട്ടിലിന്റെ ഓരത്തായി പതുങ്ങി കിടക്കും..
ഈ വീട്ടിൽ താനൊരു ആവശ്യകരമായ ഒരാളായിത്തീരണമെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാവാം. 
ചിലപ്പോഴെല്ലാം ഉറക്കെ കരയുവാൻ ആഗ്രഹിച്ചു..
കുഞ്ഞിന്റെ വളർച്ചയെ അതുപോലും ബാധിക്കുമെന്ന ആദിയുടെ താക്കീതുകളെ പരിഗണിച്ച്‌ അതും മാറ്റിവെച്ചിരിക്കുന്നു.

ആദി എത്താനിനിയും മണിക്കൂറുകളുണ്ടെന്ന് അറിയിച്ചുക്കൊണ്ട്‌ സമയം പരിഹസിക്കുന്നു.
പതുക്കെ കട്ടിലിനെതിരുള്ള ആൾകണ്ണാടിയിലേക്ക്‌ ഉറ്റുനോക്കി.. 
" അമ്മയുടെ മകൾക്ക്‌ സുഖം തന്നെ..കുഴപ്പങ്ങളൊന്നുമില്ല..
പിന്നെയും നല്ലപോലെ ഒന്നു നോക്കി,
മുന്നത്തേക്കാളും ചടച്ചിരിക്കുന്നു.. മുഖവിളർച്ച എടുത്തുകാണിക്കുന്നു.. കുഴിഞ്ഞ കണ്ണുകളിലെ പ്രകാശം അസ്തമിച്ചു വരുന്നു... എങ്കിലും ഞാൻ ആരോഗ്യവതി തന്നെ.."

അഞ്ചിന്റെ ആരംഭം മുതൽക്കുതന്നെ അലസതയുടെ പ്രതീകമായി മടുപ്പ്‌ സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്നു.
ഇടവിട്ടിടവിട്ട്‌ കട്ടിലിൽനിന്ന് ഊർന്നിറക്കുന്ന നിയന്ത്രിക്കാനാവാത്ത മൂത്രശങ്ക  എന്തൊക്കെയോ ചെയ്യണമെന്ന ഇച്ഛാശക്തിയേയും നിരുത്സാഹപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
അതിൽപ്പിന്നെയാണു ജനലിനു തൊട്ടരികിലുള്ള അരളിമരവുമായി സമ്പർക്കം തുടങ്ങിവെച്ചത്‌..
പൊൻചാർത്തേറ്റ്‌ തുടുത്തുനിൽക്കുന്ന അരളിപ്പൂക്കളുമായി തുടരെ തുടരെ സംവേദിച്ചു. 

"ആരെന്തു പറഞ്ഞാലും എനിക്ക്‌ നിങ്ങളോട്‌ മിണ്ടിയും പറഞ്ഞുമിരിക്കുവാൻ ഇഷ്ടമാണു." 
മണ്ണിനെ പുൽകാൻ കാക്കുന്ന നൊമ്പരപ്പൂക്കൾക്ക്‌ വിഷാദം നിറഞ്ഞ യാത്രയയപ്പുകൾ നൽകി.
"നിനക്കെന്റെ പൊന്നോമനയെ ഒരുകുറി കാണാനാവില്ലല്ലോ എന്ന ദുഃഖമേറെ അലട്ടുന്നുണ്ട്‌ ."

മൂല്യങ്ങൾ കാഴ്ച്ചക്കു പോലും പിടിതരാത്ത ഈ വൻനഗരത്തിൽ അന്തിയുറങ്ങുമ്പോൾ വേട്ടയാടുന്ന സ്വപ്നങ്ങളിലെപ്പോഴും പടർന്ന് പന്തലിച്ച പൊന്തക്കാടുകളും പടുമരങ്ങളും ഇരുൾമൂടിയ മുറ്റവും അരിപ്പൊടി വിതറിയ പോലത്തെ നനുത്ത മണ്ണിൽ കൊത്താംകല്ല് കളിക്കുന്ന അമ്മയുടെ ബാല്യവും എവിടെനിന്നോ ഓടിയടുക്കുന്നു. ക്രമേണ ആ പരിസരവും അന്തരീക്ഷവും ഏതൊ ഇച്ഛാശക്തിക്ക്‌ വഴങ്ങുന്നുവെന്ന പോലെ ആകർഷിപ്പിച്ചുകൊണ്ടിരിക്കുന്നു.
മുറിയിൽ വെട്ടമില്ലാത്തതിനാൽ ആ പ്രലോഭനങ്ങൾക്ക്‌ വഴങ്ങി നിദ്രയറിയാത്ത സ്വപ്നക്കൂടിൽ ലയിക്കുമ്പോൾ വല്ലാത്ത സുഖം തോന്നും. പറമ്പിന്റെ അങ്ങേയറ്റത്തായി മാസക്കുളികൾക്ക്‌ മാത്രമായി പെരുമാറുന്ന കുളക്കടവിൽ മനസ്സാലെ അമ്മയെന്ന പതിനഞ്ച്‌ വയസ്സുകാരിയോടൊപ്പം ഇരുപത്തിയഞ്ചുകാരി ഗർഭിണിയായ മകളും കാഴ്ച്ചകണ്ട്‌ കുളക്കടവിലിരിക്കും. 
ചിലരാത്രികളിൽ അവൾ ഊളിയിട്ടുയരുമ്പോൾ അവളുടെ മെല്ലിച്ച മേനിയിൽ അവൻ ചുറ്റിപ്പുളഞ്ഞവളെ സ്നേഹിക്കുന്നത്‌ കാണാം.. ചുറ്റുവട്ടത്തുള്ളവർ ഒച്ചവെച്ചോടുന്നതിനിടയിൽ മുറവിളി കൂട്ടുന്നുണ്ട്‌..

"സാധനം വെറുമൊരു ചേരയാണെങ്കിലും ഉഗ്രനാണെന്നാ വെപ്പ്‌..കന്യകളെ പ്രസവിപ്പിക്കാനുള്ള പ്രാപ്തിയുള്ള ഇനങ്ങാളാത്രെ " 

ചേരയിൽ ആൺവർഗ്ഗക്കൂട്ടർ മാത്രമേയുള്ളൂന്നും ,അല്ലല്ലാ പെൺവർഗ്ഗക്കൂട്ടരുമുണ്ടെന്ന തർക്കങ്ങൾ ദൂരെയല്ലാതെ നടക്കുന്നുണ്ട്‌. മുതിർന്ന സ്ത്രീകൾക്കും പ്രായംകൂടിയവർക്കും വാർത്ത കൗതുകമായിരുന്നില്ല..

"അതെയ്‌..അവനവളെ വലിഞ്ഞുമുറുക്കീട്ടുണ്ടെങ്കിൽ തക്കതായ കാരണോം കാണും..
പെൺക്കുട്ടിയായ്ച്ചാൽ ആർത്തവനാളുകളിൽ അടക്കോം ഒതുക്കോം പാലിക്കണം.. 
കറ പൊരണ്ട തുണികൾ മുറ്റത്തും തൊടിയിലും മണ്ണിനോടിഴകിയാൽ ഈ ജാതിക്കൂട്ടരു പിടിവിടില്ലാ..
ചെത്തോം ചൂരും തേടിയണയാനുള്ള വ്യഗ്രത കൂടും.
പെൺക്കുട്ടീടെ അരക്കെട്ട്‌ ഒതുക്കേംവരേക്കും ഇവറ്റകൾ പരതി നടക്കും,"

ഇന്നലത്തെ സ്വപ്നസഞ്ചാരത്തിലും അവൻ വന്നിരുന്നു..

കാൽപ്പാദങ്ങളിലൂടെ ചുറ്റിപ്പുളഞ്ഞ്‌ മേൽപ്പോട്ടു കയറി അവളുടെ ഉയർന്ന സ്തനങ്ങളിലെ വിയർപ്പിൽ തലചായ്ച്ചവൻ ചുറ്റിനും നിരീക്ഷിക്കുന്നു..
ആ കണ്ണുകളിലെ ലഹരി നാൾക്കുനാൾ ഏറിവരുന്നുണ്ട്‌..
അവളവനെ ആഗ്രഹിക്കുംവരേക്കും അങ്ങനെ കാത്തു കിടക്കുമത്രെ.. അല്ലായ്ച്ചാൽ  നാൽപ്പത്‌ വീട്ടുകിണറ്റിൽനിന്ന്  ഒച്ചയും അനക്കവുമില്ലാതെ നാൽപ്പത്‌ പാട്ട വെള്ളംകോരി അശുദ്ധമാവാതെ അതിൽ മഞ്ഞൾ കലക്കി മന്ത്രമോതി തലയിലൂടെ പാർന്ന് അവളെ അവനിൽനിന്ന് വിമുക്തയാക്കണം പോലും..
ഇത്‌ ഏഴുനാൾ തുടർന്നാൽ അവനവനെ വിട്ടകലുമത്രെ, പക്ഷേ ഓടിച്ചാടി കളിച്ചു നടന്നിരുന്ന പെൺക്കുട്ടി ഇതിനകം ചിത്തരോഗിയായി തീർന്നിരിക്കും..
വലിയ മുറ്റോം കുറെ മുറികളും തട്ടിട്ട വീടുമുള്ള അത്തരം പെൺക്കുട്ടികളെ  സാമ്പത്തികശേഷി ഒട്ടുമില്ലാത്ത കുടുംബക്കാരു കെട്ടിക്കൊണ്ടുപോയി ചങ്ങലക്കിടുകയാണത്രെ പതിവ്‌..
നാഗകോപം ഏറ്റുവാങ്ങിയാൽ പിന്നീടൊരിക്കലുംഅവൾക്ക്‌ ഗർഭം ധരിക്കാനാവുകയില്ല..
നാഗങ്ങളോടുള്ള കടുത്ത ഭ്രമം അപ്പോഴേക്കും അവളിൽ മൊട്ടിട്ടിരിക്കും..

കിടപ്പുമുറിയിലെ നാഗസ്വപ്നവേട്ടകളെടുത്തു നിവർത്തി പറയുവാൻ ഒരുമ്പെടുമ്പോൾ ഒട്ടും സംസാരിക്കാൻ ശ്രമിക്കാതെ ഏതാനും കടലാസ്സുകൾ വാരിക്കൂട്ടി ആദി മുറി കാലിയാക്കും..

നാഗസ്വപ്നങ്ങൾ നിലക്കാൻ പല പ്രതിവിധികളും നടത്തീട്ടും ഫലമൊന്നുമില്ലാ..
എങ്ങനെയുണ്ടാവാൻ.. ചിന്തകൾ  മേൽക്കൂരകെട്ടിക്കൊണ്ടിരിക്കയല്ലേ..

മഞ്ഞലപ്പെയ്ത്ത്‌ പടരുന്നു..
കയ്പ്പിൻ വേപ്പിലയുടെ കൊത്തിയരിഞ്ഞപോലത്തെ വെളുത്ത പൂക്കൾ അടുക്കളക്കാരി തോട്ടിയിട്ട്‌ വലിക്കുന്നത്‌ ജനലയിലൂടെ  കാണാം..
ആ പൂക്കൾകൊണ്ട്‌ അത്താഴത്തിനു തേങ്ങവിതറിയ വിഭവമുണ്ടാക്കാൻ പറഞ്ഞുകൊടുത്തിട്ടുണ്ട്‌.. പല അടുക്കളകളിലും കേറിയിറങ്ങുന്നുണ്ടെങ്കിലും അവൾക്കിത്‌ പുതുമയായിരുന്നു..
ങാ..അത്താഴമെങ്കിലും ഒരുപിടി ഉണ്ണണം..ഉച്ചയ്ക്കും ഒരു വറ്റിറക്കാനായിട്ടില്ല..

പ്രിയമുള്ള ഓരോന്നും ചികഞ്ഞെടുത്ത്‌ സ്വയം പുതപ്പിക്കുവാൻ ശ്രമിച്ചു. വെട്ടിപ്പൊളിക്കുന്ന വെയിൽ ഒന്നിനും അനുവദിക്കാത്ത വിധം അരളിമരത്തിന്റെ ഉച്ഛിയിൽനിന്നുക്കൊണ്ട്‌ അർമാദിക്കുന്നു..

" ഈ പൊരിവെയിലത്തുകൂടി തൊണ്ട നനച്ചാൽ മൂത്രശങ്ക ശല്യം ചെയ്യുന്നു.രാപ്പകലുകളില്ലാത്ത ഉലാത്തലുകൾ തുടങ്ങിയിട്ടിപ്പൊ മാസങ്ങളായല്ലൊ..!" 

നിയന്ത്രണമില്ലാത്ത പായ്ച്ചിൽ പോലെ ശങ്കയ്ക്ക്‌ ശമനം കിട്ടി.. എത്രതവണ എന്നുവെച്ചാ കുളിമുറിയിൽകേറിയിറങ്ങിക്കൊണ്ടിരിക്കാ...ഇനിയത്തെ മാനസിക പ്രവർത്തനങ്ങൾ ഇവിടെയാകാം.. മനസ്സാൽ ചിരിച്ചുപോയി..

ടാപ്പ്‌ നിർത്തിയപ്പോൾ അയൽവാസി താന്തോന്നിപ്പയ്യന്റെ ചൂളമടി കേൾക്കാം..
സന്ധ്യ മയങ്ങാറാകുമ്പോ ഇതൊന്നുമായിക്കൂടാന്ന് പറഞ്ഞു കൊടുക്കാൻ വീട്ടിലുള്ളവർക്കെവിടെ സമയം?..
കുളിമുറിയിലെ വെന്റിലേറ്റർക്കുറ്റികള്‍ ഭദ്രമെന്നുറപ്പിക്കേ ആത്മഗതമെന്നോണം അവരെയും പഴിച്ചു..
പയ്യന്‍റെ ചൂളമടിയിൽ വിശ്വസിച്ച്‌ ഇഴജന്തുക്കൾ ചുവരുകയറുമോ എന്ന ഭയം ഈയിടെയായി വല്ലാതുണ്ട്‌, പച്ചിലക്കൂട്ടങ്ങൾക്കിടയിൽ ഒരു പച്ചിലപാമ്പിന്റെ തല കണ്ടതിൽപ്പിന്നെയാണത്‌..
അന്നുമുതൽ ആദിയുടെ നിർബന്ധം ചെടികളെല്ലാം വെട്ടിനിരപ്പാക്കണമെന്ന്, 
തന്റെ ഒരേയൊരു നിർബന്ധം..അല്ലാതെന്ത്‌..
ഈ കൂട്ടുകളുമില്ലേയ്ച്ചാൽ മൊട്ടമുറ്റം നോക്കി കിടക്കുന്ന കാര്യം,ഹൊ...!

തലമുടിയിഴകളിലൂടെ ഒലിച്ചിറങ്ങിയ പൈപ്പുവെള്ളം നീർച്ചാലുകളായി കഴുത്തിലൂടൊലിച്ച്‌ മാറിലും വരമ്പുകൾ വെട്ടിയുണ്ടാക്കി.
പിന്നെയും താഴോട്ടിറങ്ങാൻ താത്പര്യം കാണിച്ച കൈത്തോട്‌വെള്ളം കുഞ്ഞിനെയും കുളിപ്പിച്ചെടുത്തുക്കൊണ്ട്‌ മഞ്ഞപ്പൂക്കളുടെ കൂട്ടത്തിൽ ഒഴുകിപ്പോയി.
പൊതുവെ ശാന്തത കൈവിടാത്ത അവൻ വെള്ളം തട്ടിയാൽ  അടിവയറ്റിനും താഴോട്ടിറങ്ങി വന്ന് അർമാദിക്കും..
അതുവരേക്കും പരസ്പരം അറിയാത്തവരെപോലെയെങ്കിലും പരസ്പരം മനസ്സിലാക്കി  പരിഭവങ്ങളില്ലാതെ പുണ്യദിനത്തിനായി കാത്തിരിക്കുന്നവർ ഒരുപോലെ സന്തോഷം പങ്കിടുന്ന നിമിഷങ്ങൾ..

"സ്ത്രീകളുടെ ഈ അവസ്ഥയിലുള്ള കുളി കാണുവാൻ ഏതെങ്കിലുമൊരു പുരുഷൻ ആഗ്രഹിച്ചുകാണുമോ..?
അവളുടെ ആലിലവയറിനെയും തുടുത്ത മാറിടങ്ങളെയും അത്യാഗ്രഹിക്കുന്ന അവനിൽ വീർത്ത വയറും നിറഞ്ഞ മാറിടവും എന്തു അനുഭവ വികാരമായിരിക്കാം നൽകുന്നത്‌..?"

മനസ്സിനുള്ളിൽ വെറുതെ തിരികൊളുത്തുന്ന ആത്മഗതങ്ങൾ..!

" പാപം പുരണ്ട വർത്തമാനങ്ങൾ ചിന്തിച്ചതുപോട്ടെ..പറയുന്നതെന്തിനു..? മാപ്പില്ലാത്ത പാപവചനങ്ങൾ.." - അമ്മയുടെ സ്വരം പെട്ടെന്നുവന്ന് കാതിലലച്ചു..
മനസ്സാൽ മാപ്പപേക്ഷിച്ച്‌ നിദ്രയെ പുൽകാനുള്ള സ്നാനം നൽകുന്ന ലഹരിയിൽനിന്നുണർന്ന് കരിമ്പടച്ചുരുളിന്റെ ചൂടിലേക്ക്‌ ഊർന്നുകേറി കിടന്നു.
ഞാനൊറ്റയ്ക്കല്ല എന്നറിയിപ്പുകൾ നൽകിക്കൊണ്ടിരുന്ന അടുക്കളക്കാരി അത്താഴം മൂടിവെച്ചിറങ്ങി.
ഈ കൂരയിലിപ്പോൾ നമ്മളൊറ്റക്കല്ല എന്നറിയിച്ചുക്കൊണ്ട്‌ പുണ്യദിനം കാത്തു കിടക്കുന്നവൻ പാടിക്കൊണ്ടിരിക്കുകയാണെന്ന് തോന്നിപ്പിച്ചു..

"ഇല്ലാ..കത്തിയമരുന്ന സങ്കടങ്ങളില്ലാ.. കരകവിഞ്ഞൊഴുകാൻ നദീതടങ്ങളില്ലാ.."

അവന്റെ പതിഞ്ഞ താളലയരാഗങ്ങളിൽ നിദ്ര അവളുടെ വിരൽസ്പർശമറിയിച്ച്‌ കണ്ണുകളിൽ തലോടി..

ചിന്തകളും മിഴികളും കീഴ്‌മേൽമറിഞ്ഞ്‌ അവളിലേക്ക്‌  ലയിച്ചങ്ങനേ ഒഴുകവേ ആദിയുടെ നിഴലും അനക്കങ്ങളും തനിക്ക്‌ ചുറ്റും വലയം ചെയ്യുന്നതായി അറിഞ്ഞുവെങ്കിലും ശബ്ദമോ ശരീരമൊ  സാന്നിദ്ധ്യം അറിയിക്കുവാൻ വിസമ്മതിച്ചു. 
ഫോൺസംഭാഷണത്തിൽ നിരതനായ ആദിയുടെ സ്വരം നിശ്ശബ്ദതയേയും അന്ധകാരത്തേയും വെട്ടിമാറ്റി തന്നെ തട്ടിയുണർത്തിക്കൊണ്ടേയിരിക്കുന്നു..
വളരെ ഉച്ചത്തിൽ സംഭാഷണങ്ങളിൽ മുഴുകുന്ന വ്യക്തിയാണദ്ദേഹം..എത്ര പറഞ്ഞാലും മനസ്സിലാക്കാത്ത പ്രകൃതവും.

" യെസ്‌  വിവേക്‌ ,അതിനെന്താ..താനിങ്ങനെയൊരു സംരംഭത്തിനൊരുങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ നിനക്കെന്റെ പിന്തുണ ഉറപ്പിച്ചതായിരുന്നല്ലൊ..
മനുഷ്യനും മൃഗങ്ങൾക്കും ഒട്ടേറെ സമാനതകൾ ഗർഭാവസ്ഥയിലും ജന്മം നൽകുന്നതിലുമുണ്ടെന്നല്ലെ നിന്റെ ന്യായം..
കാലം തികയാതെയുള്ള പ്രസവവും ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ മരണവുമെല്ലാം മൃഗങ്ങളിലുമിപ്പോൾ ഏറിവരുന്നുവെന്ന നിന്റെ പഠന റിപ്പോർട്ട്‌ വായിച്ചപ്പോൾ ചിരിപൊട്ടിയെങ്കിലും എത്ര വസ്തുനിഷ്ടമായ വാർത്തയാണു നീ അവതരിപ്പിച്ചിരിക്കുന്നതെന്ന് അതിശയം തോന്നി. പോരാത്തതിനു താനിന്നലെ പ്രസവിക്കുന്ന പാമ്പുകളെ കുറിച്ചുള്ള ഫീച്ചർ തയ്യാറാക്കിയെന്ന് അറിഞ്ഞപ്പൊ വല്ലാതെ എക്സൈറ്റഡ്‌ ആയി, ഐ വുഡ്‌ ലൈക്‌ ടു സീ ദാറ്റ്‌ വിഷ്വൽസ്‌.
നിനക്കറിയാമൊ മേഹുവിനു ഈവക ജന്തുക്കളോട്‌ വലിയ കാര്യമാ..ഇടക്കിടെ ഓരൊ കഥകൾ തട്ടിക്കൂട്ടി പറയുന്നത്‌ കേൾക്കാം.."

അട്ടഹസിച്ച്‌ സംസാരിക്കുന്ന ആദിയോട് വല്ലാത്ത ദേഷ്യം തോന്നി..

നീണ്ടുപോകുന്ന സംസാരശകലങ്ങളിൽ ചിലത്‌ മാത്രം പിടിച്ചെടുത്ത്‌ അലസമായി കണ്ണുകളിറുക്കി കിടന്നു. സംഭാഷണമിപ്പോൾ ഇഴഞ്ഞിഴഞ്ഞ്‌  ജന്തുക്കളിൽനിന്ന് ഹ്യൂമൻ ബെർത്തിലേക്ക്‌ നീങ്ങുന്നത്‌ ബോധാവസ്ഥയിൽ വേർതിരിച്ചറിയാനായി.

" ഓഹ്‌..അതിനെന്താ വിവേക്‌,ഐ വിൽ ട്രൈ ടു കൺവിൻസ്‌‌ ഹേർ,, ദിസ്‌ ഇസ്‌ നോട്ട്‌ എ മേജർ ഇഷ്യു.
മേഹുവിന്റെ ഡേറ്റ്‌ അടുക്കാറായി.. അവളുടെ ഗൈനിക്കുമായി ഞാൻ നാളെ തന്നെ കോൺഡാക്റ്റ്‌ ചെയ്യാം, 
ആ പ്രധാനദിവസത്തിനു വേണ്ടിവരുന്ന ഒരുക്കങ്ങൾ നിനക്ക്‌ ചെയ്തുതീർക്കുവാനുള്ളത്‌ ചെയ്യൂ.."

തല കറങ്ങുന്നപോലെ തോന്നി..
തലക്കുള്ളിൽ കറുപ്പ്‌   ആവരണം ചെയ്യപ്പെട്ട പോലെ..
കണ്ണുകളിലും അന്ധകാരം പടരുന്നു.. തൊണ്ട വരളുന്നു..
വെള്ളം എന്നാവശ്യപ്പെടുന്നത്‌ തൊണ്ടയിൽതന്നെ തറച്ചു നിൽക്കുന്നതൊ അതൊ സംസാരത്തിനിടയിൽ  ആദി കേൾക്കാത്തതൊ..?
മനസ്സും ശരീരവും പിടി തരാതെ മുറുകുകയാണു.. അതോടൊപ്പം വയറിനകത്ത്‌ ഇരമ്പലുകൾ,

" എന്നെയൊന്ന് വേഗം പുറത്തു വിടൂ അമ്മേ " 

എന്ന രോദനം ഉന്തലുകളും തട്ടലുകളും ചവിട്ടുകളുംകൊണ്ട്‌ ആവശ്യപ്പെടുന്നു.
അവനെ ശാന്തനാക്കാനാവുന്നില്ല..
ഞങ്ങളെ വെച്ചൊരു ക്രൂര ഫലിതം അരങ്ങേറാൻ പോകുന്നു..
ആ പുണ്യദിനത്തിനായി ഞങ്ങളെ തീച്ചൂളയിൽ അമർത്തി കിടത്തിയിരിക്കുകയാണു.. 
ഇപ്പോൾ ഞങ്ങളെ വിഷ്വൽ മീഡിയകൾക്കിടയിൽ കിടത്തി വിലപേശുകയാണു അയാൾ..

തിരിഞ്ഞുനിന്ന് ചുവരുചാരി സംസാരിക്കുന്ന അയാൾക്കുനേരെ കാലുയർത്തി അവഹേളിക്കുവാൻ ഗുണവതിയായ തനിക്കാവുമെന്ന് ഉദരത്തിൽ കിടന്നവൻ ആജ്ഞാപിക്കുന്നു....
ആ ശാപമേൽക്കുവാനും അവൻ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.
ഞരമ്പുകളിലൂടെ പുത്രരക്തം തിളക്കുന്നു..
കണ്ണുകളിൽ അപമാനിക്കപ്പെടുന്നതിന്റെ കോപാഗ്നി ജ്വലിക്കുന്നു.. നിർബന്ധബുദ്ധിക്കാരനായ അയാളുടെ പുത്രൻ കാലുയർത്തി അയാളെ മർദ്ദിക്കുന്നതറിഞ്ഞു..
മുറിയിലെ അരണ്ട വെളിച്ചത്തിൽ അയാൾ നിലത്തു വീണു..
എന്നിട്ടും മതിവരാതെയവൻ അയാളെ നിലത്തിട്ട്‌ തൊഴിക്കുന്നു..
ചീത്ത വിളിക്കുന്നു..പ്രാകുന്നു..

ഇടയ്ക്കത്‌ സംഭവിച്ചു, മൂത്രം പോവുകയാണെന്ന ധാരണയെ മാറ്റികൊണ്ട്‌ ഒഴുക്ക്‌ കൂടുന്നു.. 
പ്രളയമാകുമെന്ന് ഭയന്നു.. വെള്ളപ്പാച്ചിൽ നിലയ്ക്കുന്നില്ല..
തുറന്നുവിട്ട ഒഴുക്ക്‌ പോലെ..
അതെ, ന്റെ കുഞ്ഞിനു സുഗമമായി വെളിയിലേക്ക്‌ നയിക്കുന്ന ഒഴുക്ക്‌ തുറക്കപ്പെട്ടിരിക്കുന്നു.. 
അവൻ ഓടിയിറങ്ങാൻ തിടുക്കം കൂട്ടുന്നു..
ശക്തിയേറിയ ഒഴുക്കിലൂടെയവൻ പുളച്ചൊഴുകി വീഴുമ്പോൾ അവന്റെ പകയാർന്ന കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു..
നാവിൻ തുമ്പിൽനിന്ന് വിഷത്തുള്ളികൾ ഇറ്റുന്നുണ്ടായിരുന്നു.. അയാളുടെ അരക്കെട്ടിനെ ചുറ്റി കഴുത്തിൽ വരിഞ്ഞുമുറുക്കുവാൻ അവൻ അയാളിലേക്ക്‌ ഇഴഞ്ഞ്‌ നീങ്ങുന്നത്‌ പരസ്പര ധാരണയിലെന്ന പോലെ മേഹു നോക്കി കാണുന്നുണ്ടായിരുന്നു.

അന്നവൾ കുളക്കടവിൽ കണ്ട കാഴ്ച്ചകൾക്ക്‌ കൂട്ടുപ്പിടിച്ചവൻ അയാളുടെ  കണ്ണുകളിൽ വിഷപ്പല്ലുകൾ കൊണ്ടുമ്മ വെക്കുമ്പോൾ അവളുടെ പ്രസവം സംഭവിച്ച്‌ അര മണിക്കൂറിലേറെയായി കഴിഞ്ഞിരുന്നു.

41 comments:

 1. പവിത്രമായ അമ്മമനസ്സിന്‍റെ ചിന്തകളില്‍ നിന്നും,വ്യഥകളില്‍ നിന്നും
  ഉരുത്തിരിഞ്ഞ ഒരു 'ഫാന്റസി സ്റ്റോറി റൈറ്റിംഗ്..!!'

  നിറവയറുമായി പ്രസവം കാത്തു കഴിയുന്ന 'മേഹു' എന്ന കഥാനായിക തന്‍റെ
  അമ്മയില്‍ നിന്നും പകര്‍ന്നുകിട്ടിയ, മിത്തുകളിലൂടെയും,സങ്കല്‍പലോകത്തിലൂടെയും, തീച്ചൂളയില്‍ പ്രയാണം തുടര്‍ന്ന് കഥയുടെ ആദ്യഭാഗങ്ങളിലൂടെ മുന്നോട്ട് പോകുമ്പോള്‍,
  ഭര്‍ത്താവായ 'ആദിത്യ' സാമ്പത്തികലക്ഷ്യം മനസ്സില്‍ കണ്ട് സുഹൃത്തുമായി
  തന്‍റെ ഭാര്യയുടെ പ്രസവരംഗത്തിന്‍റെ തല്‍സമയ ചിത്രീകരണത്തിന്
  പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.
  വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന, ഏറെ ചര്‍ച്ചാവിഷയമായ ഒരു
  സമകാലിക സംഭവത്തിന്‍റെ ചുവടുപിടിച്ചു മുന്നേറിയ കഥയില്‍ ഇനിയും
  ഉത്തരം കിട്ടിയിട്ടില്ലായിരുന്ന അനവധി ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തു
  കൊണ്ട് നവജാതശിശു നാഗരൂപത്തില്‍ ഭൂജാതനായി കഥാനായകനായ
  പിതാവിനെ വകവരുത്തുമ്പോള്‍, വിഷ്വല്‍മീഡിയയിലൂടെ പ്രസവരംഗം
  കണ്ടിരുന്ന ആകാംക്ഷകള്‍ക്കും, സ്ഫോടനങ്ങള്‍ക്കുമുപരിയായി കഥയുടെ
  ക്ലൈമാക്സിലെ 'ദി-ഫണ്ടാസ്റ്റിക് ഡെലിവറി' എഴുത്തുകാരി വരികളിലൂടെ
  സൃഷ്ടിച്ചെടുത്തപ്പോള്‍ നിര്‍വചിക്കാനാവാത്ത അനുഭൂതിയിലൂടെ വായനാസുഖം അതിന്‍റെ പാരമ്യതയിലെത്തി.

  വര്‍ഷിണി-വിനോദിനിയുടെ എഴുത്തുകളില്‍, മികച്ച കഥകളുടെ പട്ടികയില്‍
  ഒന്നായി ഞാന്‍ ഈ സൃഷ്ടിയെ വിലയിരുത്തുന്നതോടൊപ്പം, കഥാകാരിക്ക്
  നിറഞ്ഞമനസ്സോടെ അഭിനന്ദനങ്ങളും രേഖപ്പെടുത്തുന്നു. -

  -അക്കാകുക്ക-

  ReplyDelete
 2. വായിച്ചു
  ഒന്നൂടെ വായിച്ചു
  എവിടെക്കൊക്കെയാ ന്നെ കൊണ്ട് പോയത് ...
  ഗർഭിണി ആയിരിക്കുമ്പോൾ പെണ്ണിന്റെ കണ്ണ്
  നിറയാതെ നോക്കണം ന്നു പഴമക്കാർ പറയുന്നത് ഓർത്തു...
  ചിന്തകള് മാത്രം കൂട്ടിനായി ഒറ്റപ്പെട്ടു പോയ ഒരമ്മ..
  അരളി മരവും പൂക്കളും കൂട്ടുകാർ
  അസമയത്തെ ചെക്കന്റെ ചൂളമടി
  മിത്തുകളിലെ നാഗങ്ങൾ ...
  എല്ലാറ്റിലും ഒരു പാട് കഥാപാത്രങ്ങളുണ്ട്
  അല്ലെങ്കിൽ എല്ലാ കഥാ പാത്രങ്ങളിലും നാഗങ്ങളുണ്ട്
  വിഷമുള്ളവയും ഇല്ലാത്തവയും

  ഇത്രയൊക്കെയേ എനിക്കറിയൂ

  ReplyDelete
 3. ഇത്രയും ഭംഗിയില്‍ ഒരു വര്‍ണ്ണന !!
  മനോഹരം തന്നെ !!

  ReplyDelete
 4. അതുവരേക്കും പരസ്പരം അറിയാത്തവരെപോലെയെങ്കിലും പരസ്പരം മനസ്സിലാക്കി പരിഭവങ്ങളില്ലാതെ പുണ്യദിനത്തിനായി കാത്തിരിക്കുന്നവർ ഒരുപോലെ സന്തോഷം പങ്കിടുന്ന നിമിഷങ്ങൾ" അവർണ്ണനീയം ആയ ഉൾപുളകം ഉണ്ടാകുന്ന നിമിഷങ്ങളിൽ ഒന്ന്! good job

  ReplyDelete
 5. മനസ്സിന്‍റെ ഉള്ളില്‍ നടക്കുന്ന കഥ, വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.

  ReplyDelete
 6. ചില കാര്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കിട്ടാറില്ല. അപ്പോള്‍ അതിനു മനുഷ്യന്‍ കണ്ടെത്തുന്ന ചില വഴികളുണ്ട്. അതിലൊന്നാണ് ഇങ്ങിനെ വേണമെന്ന് ആഗ്രഹിക്കുന്ന മനസിന്റെ ചിന്തകളെ അങ്ങിനെ സ്വപ്നങ്ങള്‍ പോലെ ചിന്തിച്ച് അങ്ങിനെ അങ്ങിനെ നീണ്ടു പോകുക....എന്നിട്ട് ആ സ്വപ്നത്തില്‍ നിന്നും അനുഭവിക്കുന്ന ഒരു തരം സുഖം ആസ്വദിക്കുക എന്ന രീതി.

  ഈ കഥയെ വായിച്ചപ്പോള്‍ ഞാനെത്തിയത് അങ്ങിനെയാണ്. ശീലിച്ച ശീലങ്ങളിലെ ശരികള്‍ കണ്ടെത്താനാവാതെ അതെല്ലാം മനസ്സില്‍ ഒരു തരം വിഭ്രാന്തി സൃഷ്ടിക്കുമ്പോള്‍ നാഗങ്ങളും കഥകളും നിലനില്‍ക്കുന്ന സാമുഹ്യ പശ്ചാത്തലവും എല്ലാം കൂടിക്കുഴഞ്ഞ് സംഭവിക്കുന്ന/സംഭവിക്കേണ്ടുന്ന ഒന്നിന്റെ ആഗ്രഹമോ ചിന്തയോ ഒക്കെ...കഥ പറഞ്ഞ രീതിയും അവസാനവും ഈ കഥയെ വര്‍ഷിണിയുടെ മറ്റു കഥകളില്‍ നിന്ന് വേറിട്ട്‌ നിറുത്തുന്നു. വളരെ തന്മയത്വത്തോടെ പറഞ്ഞ കഥ നന്നായി ഇഷ്ടമായി.

  ReplyDelete
 7. വായിച്ചു... വിങ്ങല്‍.. വിഷമം.. എന്തൊക്കേയോ ... കേമമായിട്ട് എഴുതീ... വര്‍ഷിണി അഭിനന്ദനങ്ങള്‍ കേട്ടോ..

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. സുഹൃത്തുക്കളായ റാംജിയും, അലിയും പറഞ്ഞ അഭിപ്രായങ്ങളോട് യോജിക്കുന്നു. കഥയിൽ നിന്ന് വായിച്ചെടുത്തത് അവർ പറഞ്ഞ അതേ കാര്യങ്ങൾതന്നെ - കൂടുതൽ പറയാൻ അറിയില്ല. നാഗങ്ങളോടും, കന്യകകളോടും ചേർത്ത് നാട്ടിൻ പുറങ്ങളിൽ നിലനിന്നിരുന്ന ചില വിശ്വാസങ്ങൾ , നാട്ടിൻ പുറത്തുനിന്ന് നഗരത്തിലേക്ക് പറിച്ചുനടപ്പെട്ട മേഹുവിന്റെ ഗർഭാവസ്ഥയിലുള്ള ആത്മസംഘർഷങ്ങൾ . ഭർത്താവിനോട് തോന്നുന്ന അടുപ്പവും അകലവും, ഫാന്റസിയും, യാഥർത്ഥ്യവും വിളക്കിച്ചേർത്ത കഥാന്ത്യം - എല്ലാം നന്നായി - ടീച്ചറുടെ നല്ല കഥകളിൽ ഒന്ന്.

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. വായിച്ചു.... ആശംസകൾ

  ReplyDelete
 12. കലക്കന്‍.. കുറെയൊന്നും മനസ്സിലായില്ലെങ്കിലും എഴുത്ത് സൂപ്പെറായിട്ട്ണ്ട്..

  ReplyDelete
 13. നന്നായിട്ടുണ്ട് ടീച്ചറെ...

  ഏറെ കരുതല്‍ വേണ്ട സമയ ത്ത് തനിച്ചാക്കപെടുമ്പോള്‍ ഉണ്ടാവുന്ന വേദനയും സംഭ്രമവും.. പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നതിന്‍റെ എല്ലാ ഭാവവും.. വിശ്വാസക്കേടില്‍ നിന്നുമുണ്ടാകുന്ന അമര്‍ഷവും, മാനസികവ്യാപാരവും, പ്രതികാരവും.. മേഹു എന്ന അമ്മയിലൂടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ടീച്ചര്‍....

  ജീവിതത്തോടൊപ്പം തന്നെ മനസ്സിന്‍റെ മനസ്സിലാവാത്ത സഞ്ചാരവും മനോഹരമായി എഴുതിയിരിക്കുന്നു... അക്കാകുക്കയുടെ അഭിപ്രായം വായന കുറച്ചു കൂടി സുഗമമാക്കുന്നു... ഞാന്‍ വായിച്ചിട്ടുള്ള ടീച്ചറുടെ രചനകളില്‍ നിന്നും വ്യത്യസ്തമായ ഒന്ന്...

  ഏറെ ഇഷ്ടമുള്ള വരികള്‍ എടുത്തുപറയുമ്പോള്‍ ആദ്യം പറയുക ഇത് തന്നെയാവും.... "ജീവിതത്തിൽ സുഖസൗകര്യങ്ങൾ നേടിയെടുക്കുവാനുള്ള ത്വര കൂടുതൽ കാണുന്നവരെ അവരവരുടെപാട്ടിനു വിടുന്നതാണു നല്ലത്‌, അല്ലെങ്കിലതൊരു വിസ്ഫോടനമാകും" ചിന്തനീയമാണത്...

  ആശംസകളോടെ....
  ശുഭരാത്രി, നല്ല സ്വപ്‌നങ്ങള്‍....

  ReplyDelete
 14. വളരെ നന്നായി എഴുതി ,,
  അഭിനന്ദനങ്ങള്‍ അറിക്കാൻ വാക്കുകള്‍ കിട്ടുന്നില്ല,,,
  തുടർന്നും ഇത്തരം രചനകൾക്കായി കാത്തിരിക്കുന്നു,,

  ReplyDelete
 15. ഒറ്റപ്പെട്ട മനസ്സിന്റെ ഭ്രാന്തന്‍ ചിന്തകള്‍ നന്നായി അവതരിപ്പിച്ചു.ഇടക്കെവിടെയോ ഒഴുക്ക് പോകുന്ന പോലെ തോന്നിയെങ്കിലും കഥാവസാനം ഗംഭീരമായി.

  ReplyDelete
 16. ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഉത്ക്കണ്ഠകള്‍ നിറഞ്ഞ കാലഘട്ടമാണ് അവളുടെ ഗര്ഭകകാലം.. ഉണര്ന്നി രിക്കുമ്പോഴും ഉറങ്ങുമ്പോഴും പലവിധ ചിന്തകള്‍ മനസ്സിനെ മഥിച്ചു കൊണ്ടിരിക്കും.. ഗര്‍ഭകാലത്തെ ചിന്തകള്‍ ഗഗര്‍ഭസ്ഥശിശുവിനെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ പഴമക്കാര്‍ക്കും ആധുനിക വൈദ്യശാസത്രത്തിനും തര്‍ക്കമില്ല . അതുകൊണ്ട് തന്നെയാവാം പണ്ട് മുത്തശ്ശിമാരും അമ്മമാരും പറയാറുണ്ടായിരുന്നു, ഗര്‍ഭകാലത്ത് നല്ല കാര്യങ്ങളെ കുറിച്ചേ ചിന്തിക്കാവൂ, രാമായണം തുടങ്ങിയ പുണ്യഗ്രന്ഥങ്ങള്‍ വായിക്കണം എന്നൊക്കെ.. സന്ധ്യാദീപം തെളിയിച്ചു കഴിഞ്ഞാല്‍ ഗര്‍ഭിണികള്‍ ഉമ്മറക്കോലായില്‍ ഇരിക്കുന്നതിനു പോലും ഇന്ന് നാട്ടിന്‍ പുറത്തു വിലക്കുകള്‍ ഉണ്ട്.. യക്ഷിയും, ഗന്ധര്‍വ്വനും ഒക്കെ യാത്രക്കിറങ്ങുന്ന സമയമാണത്രേ അത്..

  ഭര്‍ത്താവിന്റെ സാമീപ്യം ഒരു സ്ത്രീ ഏറെ കൊതിക്കുന്ന കാലഘട്ടമാണ് അവളുടെ ഗര്‍ഭാവസ്ഥ. ഇവിടെ കഥാനായിക മേഹുവിനു നഷ്ട്ടമാവുന്നത്, മറ്റൊരുതരത്തില്‍ ആദിക്കു ഭാര്യയുടെ ആഗ്രഹം അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നത് ഒക്കെയാവാം, അവളുടെ ചിന്തകള്‍ അമ്മ പറഞ്ഞു കേട്ട നാഗക്കാവും കുളക്കടവും ഒക്കെ തേടിപ്പോയത്..
  മനുഷ്യമനസ്സ് അത് സങ്കല്‍പ്പങ്ങള്‍ക്കും എത്രയോ അപ്പുറത്താണ്..

  പിടികിട്ടാതലയുന്ന മേഹുവിന്റെ ഉപബോധമനസ്സില്‍ നാഗക്കാവും കുളവും ഒക്കെ നിറഞ്ഞു നിന്നതിനാലാവാം, ഇത്തരം വിഭ്രാമക ചിന്തകള്‍ അവളെ വരിഞ്ഞു മുറുക്കിയത്.. ഈ കാലഘട്ടത്തില്‍ ഇങ്ങനൊക്കെ സംഭവിക്കാന്‍ സാദ്ധ്യതയുണ്ടോ ഇല്ലയോ എന്നാലോചിച്ചു വായനക്കാരെ വിഷമവൃത്തത്തിലാക്കാന്‍ കഥാകാരിയുടെ ചിന്തകള്‍ക്ക് കഴിഞ്ഞു എന്നതാണ് ഈ രചനയുടെ സവിശേഷത.

  ഏതൊരു വായനക്കാരനും പുനര്‍വായന ആഗ്രഹിച്ചു പോവുന്ന വര്‍ഷിണിയുടെ മികച്ച സൃഷ്ട്ടികളില്‍ ഒന്ന്..

  തുടരുക പ്രിയ സഖീ... ഹൃദയത്തില്‍ നിന്ന് എല്ലാ ആശംസകളും .!!!!

  ReplyDelete
 17. അക്കാകുക്കയുടെ ആദ്യ കമെന്‍റ് കഥയെ വേറൊരു തലത്തില്‍ വീക്ഷിക്കുവാന്‍ പ്രാപ്തമാക്കും. ഗൌരവമേറിയ വായന അര്‍ഹിക്കുന്ന കാല്പനികത നിറഞ്ഞ കഥ.

  ReplyDelete
 18. ഗര്‍ഭിണിയുടെ മാനസികവ്യപാരങ്ങള്‍ വളരെ
  മനോഹരമായി സന്നിവേശിപ്പിച്ച് ,
  വലിയ വിഷമങ്ങളും
  ചെറിയ സങ്കടങ്ങളും ഭര്‍ത്താവ് അറിയുകയെന്ന
  ഉത്തരവാദിത്തം നിറവേറ്റപ്പടാനാവാത്തതിനെതിരെ
  ഒരു പ്രതികാര നിര്‍വ്വഹണം പോലെയുള്ള
  പ്രസവം.. അതിനെച്ചുറ്റിപ്പറ്റിയുള്ള ഫാന്‍റസിയുമെല്ലാം
  അക്ഷരങ്ങളിലൂടെ അനസ്യൂതം പ്രവഹിക്കുന്നു..!

  മനസ് , അതിന്‍റെ വ്യാപാരങ്ങള്‍
  മനുഷ്യന്‍റെ വ്യാപാരങ്ങളെക്കാള്‍
  ആഴവും വ്യാപ്തിയുമുള്ളതാണെന്ന് അടിവരയിടുന്ന രചന..

  എഴുത്തിനു നമോവാകം..!
  അഭിവാദ്യങ്ങള്‍ ..

  ReplyDelete
 19. വളരെ നന്നായിരിക്കുന്നു....

  ReplyDelete
 20. വളരെ നന്നായിരിക്കുന്നു....

  ReplyDelete
 21. വായിച്ചു -ശ്രദ്ധാപൂര്‍വ്വം! ഇനിയെന്ത് പറയണമെന്നു മനസ്സൊന്നു കലങ്ങിപ്പിടയുന്ന പോലെ ..മനോഹരമായ ആഖ്യാനമെന്നു ആദ്യം പറയട്ടെ .സ്ത്രീ ,അവളുടെ അദമ്യമായ ജീവിതാഭിലാഷത്തിന്‍റെ മഹാ ധര്‍മ്മം സമൂഹത്തിനു സമര്‍പ്പിക്കുന്ന പ്രസവമെന്ന ദിവ്യാത്ഭുദം സത്തും മിത്തും കലത്തി അവതരിപ്പിച്ചിട്ടുണ്ട്.സ്ത്രൈണ ഭാവങ്ങളുടെ ഉള്‍പ്രേരണകളും സ്നേഹോഷ്മള സന്നിവേശങ്ങളും രതിഭാവങ്ങളുടെ സൗന്ദര്യം തുളുമ്പുന്ന ആസ്വാദനമായി....

  ReplyDelete
 22. ഈയടുത്ത് ബ്ലോഗുകളില്‍ വായിച്ചതില്‍ വെച്ച് ഏറ്റവും മികച്ച കഥ .. വര്‍ഷിനിയുടെ സ്ഥിരം ദൌര്‍ബ്ബല്യങ്ങളില്‍ നിന്ന് എല്ലാം മുക്തമായ കഥ .അഭിനന്ദനങ്ങള്‍ !

  ReplyDelete
 23. വായനയില്‍ പലയിടങ്ങളിലും ഒന്നൂടി വായിപ്പിച്ചു... നന്നായിരിക്കുന്നു ടീച്ചര്‍! അവസാനം ഗംഭീരമാക്കി.. ഗര്‍ഭാവസ്ഥയില്‍ മനസ്സില്‍ കടന്നു പോകുന്നത് പലപ്പോഴും സാധാരണ ചിന്തയില്‍ മനസിലാക്കാന്‍ പ്രയാസം ആണ്.... ആശംസകള്‍ :)
  അധികം പറയാന്‍ അറിയില്ല

  ReplyDelete
 24. ഈ എഴുത്തിനു അഭിപ്രായം പറയാന്‍ പോലും ആളല്ല .....വല്ലാത്ത എഴുത്ത് ..
  ആശംസകള്‍ ആശംസകള്‍ ആശസകള്‍

  ReplyDelete
 25. ഈ കഥയ്ക്ക്‌ ഇങ്ങനെയേ ഒഴുകാൻ കഴിയൂ. അങ്ങനെ തന്നെ ഒഴുകി. അഭിനന്ദനങ്ങൾ.

  ReplyDelete
 26. മേഹുവിനോപ്പം അവളുടെ ഫാന്റസിയുടെ ലോകത്തിലേയ്ക്ക് അറിയാതെ ഒഴുകിനടന്നു പോയീ.. ഭർത്താവിന്റെ സ്നേഹവും കരുതലും വാത്സല്യവും ഏറ്റവും കൂടുതൽ ആഗ്രഹിച്ചുപോകുന്ന ഗർഭാവസ്ഥയിൽ ഒറ്റപ്പെട്ടു പോകുന്ന വെറും ശുദ്ധയായ ഒരു നാട്ടിൻപുറത്തുകാരി പെണ് മനസ്സ് .. അവളിലെ വിഹ്വലതകളും വിഭ്രാന്തിയും നിറഞ്ഞ മനസ്സ് ഒടുവിൽ അഭയം പ്രാപിക്കുന്ന ..പഴയ അമ്മ മണവും ,കുളക്കടവും ,നാഗ കഥകളും കൂടി ചേരുന്ന സാങ്കല്പിക ലോകം .. ഫാന്റസി.. !!
  "പുത്ര വീര്യം ഞരമ്പുകളിൽ തിളക്കുന്നു..." മനസ്സില് തൊട്ടതു ഈ വരിയാണ്.. ഭാര്താവിനാല് പോലും അവഗണിക്കപ്പെടുമ്പോൾ സ്ത്രീ മനസ്സ് അറിയാതെ ആശിച്ചു പോകുന്ന അഭയം ,ഏതു അവഹേളനത്തിൽ നിന്നും തന്നെ കാത്തു രക്ഷിക്കാൻ വീര്യമുള്ളവൻ എന്റെ പുത്രൻ എന്ന അമ്മ മനസ്സിറെ അഭിമാനം , പ്രതീക്ഷ ,,വിശ്വാസം.. ഒടുവിൽ അവനിലൂടെ സാധ്യമാകുന്ന നിശബ്ദ പ്രതികാരത്തിന്റെ നിർവൃതിയില് സംതൃപ്തമാകുന്ന അമ്മ മനസ്സ് .. മാതൃപർവ്വം..!
  തന്റെ ചെറിയ ആഗ്രഹങ്ങളെ പോലും അറിയാൻ ശ്രമിക്കാതിരിക്കുന്ന
  ഭർത്താവിനെ അതിന്റെ പാട്ടിനു വിടുന്നതാണ് നല്ലതെന്ന ചിന്തയിൽ തന്നിലേയ്ക്കു തന്നെ ഒതുങ്ങി മിത്തുകളിൽ അഭയം തേടുന്ന മേഹു ..ഒടുവിൽ താൻ താലോലിച്ചു വളര്ത്തുന്ന പ്രിയപ്പെട്ട നിമിഷങ്ങളെ കൂടെ ആദി തന്റെ സാമ്പത്തിക നേട്ടത്തിന് വേണ്ടി ഉപയോഗിക്കാൻ പോകുന്നു എന്നറിയുമ്പോൾ ഒരു ദുര്ബ്ബല മനസ്സ് അത് വരേയ്ക്കും അടക്കി വെച്ചിരുന്ന അമര്ഷങ്ങളും വിഹ്വലതകളും പകയും അതിന്റെ വീര്യ രൂപത്തിൽ ഒരു വിസ്ഫോടനത്തിലൂടെന്നോണം പുറത്തേയ്ക്ക് പ്രവഹിയ്ക്കുമ്പോൾ ..ഒരു പരസ്പര ധാരണയിലെന്നപോലെയുള്ള ആ സുഖകരമായ പകവീട്ടലിൽ വായനക്കാരിലും നിറയുന്നു നിശ്ശബ്ദ പ്രതികാരത്തിന്റെ സംതൃപ്തി...
  ടീച്ചര്ക്ക് അഭിനന്ദങ്ങൾ.. സ്ത്രീ മനസ്സിന്റെ ആഴത്തിലേയ്ക്ക് ഇത്രയും താദാത്മ്യത്തോടെ ഒരു സംവേദനം..!! വളരെ മനോഹരമായി ഒരു ഫാന്റസി മുഴുനീളെ നിറച്ചു വായനക്കാരെ ആസ്വാദനത്തിന്റെ വേറിട്ട ഒരു തലത്തിലേയ്ക്ക് കൈ പിടിച്ചു കൊണ്ടുപോകുന്ന ഒരു വായനാനുഭവം സമ്മാനിക്കാൻ ടീച്ചറിന് കഴിഞ്ഞു ..

  ReplyDelete
 27. ഒരു നിറ വയറിന്‍റെ ആദിയും ആകാംഷയും ആഗ്രഹങ്ങളും എല്ലാം പാടെ ചേര്‍ന്ന ഒരു അസ്സല്‍ ഗരഭം ആശംസകള്‍

  ReplyDelete
 28. കുറെ എഴുതാനുണ്ട് ..എന്നാലും ഒരു ആവര്ത്തന
  വിരസത കമന്റുകളിൽ വരും..അതു കൊണ്ട്
  അഭിനന്ദനങ്ങളിൽ നിർത്തുന്നു .
  ക്ലൈമാക്സ്‌ അപ്രതീക്ഷിതം ആയിരുന്നു.ഇനിയും
  ഇത് പോലെ രചനകൾക്കായി കാത്തിരിക്കുന്നു

  ReplyDelete
 29. പെണ്മനസ്സിനുള്ളിലെ വിങ്ങൽ -വിഷമം -സംഘർഷം-
  അടുപ്പം-അകലമെന്നിവയെല്ലാം ഫാന്റസിയിൽ ചാലിച്ച് എഴുതിയിരിക്കുന്നൂ...

  ReplyDelete
 30. എത്താന്‍ വൈകിയെങ്കിലും ഒരസ്സല്‍ കഥ വായിച്ചു മടങ്ങുന്നു. കഥാന്ത്യം ഏറെ ഗംഭീരം. ബൂലോകത്ത് ശ്രദ്ധിക്കപ്പെടുന്ന കഥകളുടെ ശ്രേണിയില്‍ ഈ കഥ ഇടം നേടും എന്നതില്‍ സംശയമില്ല. ആശംസകള്‍ ടീച്ചറെ ....

  ReplyDelete
 31. വായിച്ചു ടീച്ചർ. മേൽ പറഞ്ഞവരുടെ അഭിപ്രായം തന്നെയാണ് എനിക്കും. വളരെ നന്നായി എഴുതി. വളരെ മികച്ച കഥ....
  ആശംസകൾ...

  ReplyDelete
 32. വായിച്ചു,വ്യത്യസ്ഥത ഇഷ്ടപ്പെട്ടു.

  ReplyDelete
 33. അല്പം വൈകിയാണ് എത്തിയത് . ശരിയായ വിലയിരുത്തലുകൾ മുകളില വന്നു കഴിഞ്ഞു . ചടങ്ങിനു വേണ്ടി ആവര്ത്തിക്കുന്നില്ല .. നല്ല കഥ - എഴുത്ത് കൊണ്ട് .
  ഇമ്മാതിരി വിശ്വാസങ്ങളെ ഉള്ക്കൊല്ലാൻ പാടാണ് - കഥയുടെ യുക്തിയെ കഥയ്ക്ക് വേണ്ടു - അഭിനന്ദനങ്ങൾ -
  ഒരേ പോലത്തെ തുടർച്ചയിൽ നിന്നും വേറിട്ട്‌ മാറി എഴുതിയത് ശ്രദ്ധേയം !
  നന്ദി

  ReplyDelete
 34. മേഹുവിന്റെ ഗർഭാവസ്ഥ ഞാനും അനുഭവിക്കുകയായിരുന്നു...പലപ്പോഴും അവളുടെ മാനസിക പിരിമുറുക്കങ്ങളിലൂടെ അക്ഷരങ്ങൾ സഞ്ചരിക്കുമ്പോൾ അവളുമായി സംവാദിക്കുകയും ഉണ്ടായിട്ടുണ്ട്‌..കഥയിലെ ചില വരികൾക്ക്‌ ഞാനറിയാതെ ജീവൻ വെച്ചതും അങ്ങനെയായിരിക്കാം..
  ന്റെ സൃഷ്ടികൾ പലപ്പോഴും വായനാ സുഖം നൽകുന്നില്ലെന്നും ഗ്രഹിയ്ക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമുള്ള അഭിപ്രായങ്ങൾ നിലനിൽക്കെ ന്റെ മനസ്സിൽ തട്ടുന്ന വായനകൾ വാക്കുകളാൽ തെളിയുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സംതൃപ്തി മനസ്സ്‌ നിറയ്ക്കുന്നു..

  പെണ്ണിന്റെ ഗർഭാവസ്ഥയെ രോഗവസ്ഥയാക്കി അനുഭവിപ്പിക്കുന്ന സ്ത്രീ പ്രവണതകൾ ഏറി വരുന്ന ചുറ്റുപാടുകൾക്കിടയിൽ ഒറ്റപ്പെട്ട്‌ ശ്വാസം മുട്ടുന്ന മേഹുവിനു തുണയാകുന്നത്‌ അവളുടെ അമ്മ കഥകൾ.
  പ്രായപൂർത്തിയാകുന്നതോടെ ഒരു പെൺകുട്ടി പൂർണ്ണതയിൽ എത്തുന്നുവെന്ന അമ്മപാഠങ്ങളിൽ നിന്ന് മേഹുവെന്ന പെൺകുട്ടി പഠിക്കുന്ന വൃത്തിയും ചിട്ടകളും മനസ്സിൽ തങ്ങി നിൽക്കുന്നത്‌ അന്ധമെന്ന് നമ്മൾ വിശ്വസിക്കുന്ന പല ആചാരങ്ങളും വിശ്വാസങ്ങളിലൂടെയുമാണ്.
  അതിൽനിന്നാണ് ആർത്തവ നാളുകളിൽ ഉപയോഗിക്കുന്ന തുണിപോലും അലസതയിൽ മണ്ണിൽ പെട്ടുപോകുവാനൊ ശുചിത്വ കുറവുകൊണ്ട്‌ ഗന്ധം ഇഴജന്ധുക്കളിൽ പോലും താത്പര്യം ഉളവാക്കുവാൻ ഇടയുണ്ടാക്കരതുമെന്ന പാഠങ്ങൾ മനസ്സിൽ അടിത്തറപാകിയിരിക്കുന്നത്‌.
  ഗർഭാവസ്ഥയിൽ വിശ്വാസങ്ങളും ആചാരങ്ങളും ചിന്തകളും നാടും വീടും അമ്മയും മേഹുവിനൊരു ആശ്വാസമാവുകയാണ്..
  മണ്ണിൽ പിറക്കും മുന്നെ തന്നെ പുത്രനെയും കൂട്ടുപിടിച്ച്‌ എല്ലാവിധ മാനസിക ആർഭാഡങ്ങളോടെ ഗർഭാവസ്ഥ ആഘോഷിക്കുന്ന അമ്മയും പുത്രനും ഏൽക്കുന്ന ആഘാതം വായനക്കാർക്ക്‌ ഉൾക്കൊള്ളാനായി എന്നറിയ്മ്പോൾ വല്ലത്ത നിർവ്വൃതി തോന്നുന്നു..
  സ്നേഹത്തിൽ പൊതിഞ്ഞ നന്ദി അറിയിക്കട്ടെ പ്രിയരേ..

  ReplyDelete
 35. പ്രസവം ദൃശ്യവല്‍ക്കരിക്കപ്പെടുന്നതിനോടുള്ള വിയോജിപ്പ് ഇവിടെ കാണാന്‍ കഴിഞ്ഞു. ഗര്‍ഭാവസ്ഥയില്‍ അവള്‍ ആഗ്രഹിക്കുന്ന കൂട്ടുകാരന്റെ കരുതലും സ്നേഹവുമൊക്കെ നഷ്ടപ്പെടുമ്പോഴുള്ള വ്യഥകളും ഭംഗിയായി അവതരിപ്പിച്ചു. ആ പുണ്യദിനത്തിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ അമ്മയ്ക്കും കുഞ്ഞിനുമിടയിലുണ്ടായ സംവേദനങ്ങളാണോ അവനെ ഇങ്ങനെ സുഗമമായി വരുവാന്‍ പ്രാപ്തനാക്കിയതെന്ന് ഞാന്‍ വിസ്മയിച്ചു.

  ReplyDelete
 36. Good

  http://novelcontinent.blogspot.com/

  ReplyDelete
 37. വായിച്ചു.. എന്ത് പറയണം എന്നറിയില്ല. വരികളിലെവിടെയോ അനുഭവത്തിന്റെ സ്വരം..

  ReplyDelete
 38. പുതുമുഖമാണ്. ആദ്യവായനയാണ് ഓരോ വരികളും എന്നിൽ കൌതുകമാണ് ഉണർത്തിവിട്ടത്. "കൊച്ചു കൊച്ചു സ്നേഹങ്ങൾക്കായുള്ള കാത്തിരുപ്പ് , വാത്സല്യതലോടലുകൾക്കായുള്ള അതിയായ മോഹം." "ഉറക്കെ കരയുവാൻ ആഗ്രഹിച്ചു. കുഞ്ഞിന്റെ വളർച്ചയെ അതുപോലും ബാധിക്കുമെന്ന താക്കീതിനാൽ അതും മാറ്റിവച്ചു.". ഗർഭാവസ്ഥയിലെ മേഹുവിന്റെ മാനസിക സംഘർഷങ്ങൾ എത്ര മനോഹരമായാണ് കഥാകാരി പറഞ്ഞിരിക്കുന്നത്. അമ്മമാരും,മുത്തശ്ശിമാരും പറയാറുള്ളതും ഇപ്പോഴും അവർ പാലിച്ചു പോന്നതുമായ ചില വിശ്വാസങ്ങൾ, ആചാരങ്ങൾ... പ്രിയ കഥാകാരിക്ക് എന്റെ എല്ലാവിധ ആശംസകളും. ഇനിയും ഇതുപോലെ നല്ല കഥകൾ വായിക്കാമല്ലോ അല്ലെ.

  ReplyDelete
 39. വായിച്ചു തീർന്നപ്പോൾ നല്ല വിഷമമായി.
  ഗർഭാവസ്ഥയിൽ ആണോ സ്ത്രീകൾ ഏറ്റവും ഒറ്റപ്പെട്ടു പോകുന്നത്‌?
  കഥയേക്കുറിച്ച്‌ ഒന്നും പറയുന്നില്ല.
  അത്ര നന്നായിട്ടുണ്ട്‌.
  ഭാവുകങ്ങൾ!!!!!

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...