Saturday, May 24, 2014

പരിണയം

കടുത്ത തുലാവർഷത്തിലൊരു പരിണയം
നനവാർന്ന സന്ധ്യയ്ക്കിത്  പ്രണയസാഫല്യം.
ഉമ്മറക്കോലായിലൊരു ആട്ടുകട്ടിൽത്തൊട്ടിലിൽ
കൊലുസ്സിന്റെ കിലുക്കം  പ്രണയജപമായുരവേ
പടരുന്നു, ഉടലിഴയുന്നു....,
നെഞ്ചകം  ചേര്‍ത്തു വെച്ചൊരു ജീവിതം പണിയാന്‍.......
കടുത്ത തുലാവര്‍ഷത്തിലൊരു പരിണയം...

 വിറക്കും  വിരലുകൾ തുന്നുന്നു  കുപ്പായം,
 മിടിക്കും  നെറുകയില്‍  രാസ്നാദി ഗന്ധവും
 കിനാക്കള്‍ മുളയ്ക്കുന്ന  നാട്ടുമണ്‍പച്ചയും
 മഴയുറങ്ങാത്ത രാവിന്‍ വിഭ്രമകഥകളും
 ഞരക്കങ്ങൾ വീഴ്ത്തുന്നു, തേക്കുമരത്തൊട്ടിലിൽ
 ഇവിടെയീ  മേൽക്കൂരയെത്ര ഭദ്രമാകിലും..!

കടുത്ത തുലാവർഷത്തിലൊരു പരിണയം
നനവാർന്ന സന്ധ്യയ്ക്കിത്  പ്രണയസാഫല്യം. എങ്കിലുമേന്തേയോർമ്മകൾ പായുന്നു,
സൗധങ്ങളൊക്കെയും താണ്ടി, 
തട്ടിട്ട ഒരു മച്ചിൻപുറം തേടി...

 നാട്ടുവരമ്പും ചായക്കടയും
 അരഞ്ഞാണം കെട്ടിയ നബീസുമ്മയും
 മഴവഴുക്കലിൽ വീണു തീര്‍ന്നുപോയ കിട്ടുവക്കയും
 മറക്കല്ലേ പൊന്നേയെന്നോതി
 എന്തേ .. തേടിയണയുന്നു..
 പൂമുഖവാതിൽ തള്ളിത്തുറന്നങ്ങനെ....

 കടുത്ത തുലാവർഷത്തിലായിരുന്നു  പരിണയം
 നനവാർന്ന സന്ധ്യയ്ക്ക് അന്ന്  പ്രണയസാഫല്യം.
 നിൻ മഴ പെയ്തു തോർന്നാലും..
എൻ മനം നിന്നിൽ പെയ്തുകൊണ്ടേയിരിക്കും..

 
   ആലാപനം : ബാബു മണ്ടൂർ      

Saturday, May 3, 2014

പുറപ്പാട്‌..

" എന്താണെന്നറിയില്ലാ, ഇത്രയും മാസങ്ങളിലുണ്ടാവാതിരുന്ന ഛർദ്ദി ഇന്നുണ്ടായി.
ഇനിയിപ്പൊ പ്രാതൽ മുതൽ അത്താഴം വരെ ഒന്നും  കഴിക്കാനാവുമെന്ന് തോന്നണില്ലാ..
ഓരൊ ഛർദ്ദിയിലും തൊണ്ട പൊട്ടി നീറ്റലുണ്ടാക്കുന്നുമനസ്സാലെ. 
ഉമിനീരുപോലും ഇറക്കാനാവണില്ല "

ഇരുമ്പ്‌ കട്ടിലിന്റെ അഴികളിൽ മുറുക്കിപ്പിടിച്ച്‌ എട്ട്‌ തികഞ്ഞ വയറിന്റെ ഭാരം താങ്ങി ഒന്നാകെ കട്ടിലിലേക്ക്‌ ചെരിയുമ്പോൾ ഇനിയൊരക്ഷരം മിണ്ടാനാവാത്തവിധം  ക്ഷീണിച്ചിരുന്നു മേഹുവിന്റെ ശബ്ദവും ശരീരവും.

" അപ്പോൾ ഇന്ന് പ്രാതലിനുണ്ടാക്കാൻ പറഞ്ഞ വെജിറ്റബിൾ സ്റ്റ്യൂ ഉണ്ടാക്കണ്ടാല്ലേ.. എങ്കിൽ ഞാൻ പോണൂ " എന്നു പറഞ്ഞുക്കൊണ്ട്‌ അടുക്കളക്കാരി മുറിവിട്ടു പോകുന്നതും മുൻവശത്തെ കതകു ചാരുന്ന ശബ്ദം കേട്ടതും ഓർമ്മയുണ്ട്‌.. 

ക്ഷണിക്കാതെ വിരുന്നുവന്ന അതിഥിയെപോലെ മയക്കം വീണ്ടും കൺപോളകളെ വശീകരിച്ചിരുന്നു അപ്പോഴേക്കും.

"ഞാൻ രോഗാവസ്ഥയിലല്ല.. നിനയ്ക്കാതെ വന്നുചേർന്ന അവസ്ഥാന്തരങ്ങളെങ്കിലും ആസ്വദിച്ചീടേണം ദുര്യോഗമെന്ന് വിളിച്ചിടാതെ.."
സ്വന്തം സന്തോഷങ്ങളുമായി ഉല്ലാസം പകർന്ന് ജീവിതം പടുക്കുന്ന ഒരു ഗർഭിണിയുടെ വരണ്ട ചുണ്ടുകൾ മേഹുവിന്റെ മുഖത്തെ തളർച്ചയിൽ നിശ്ശബ്ദമായി പുഞ്ചിരിച്ചു .

ആകാശത്ത്‌ മഞ്ഞ പരന്നു തുടങ്ങിയിരുന്നു ഉറക്കമുണർന്നപ്പോൾ.. 
അതുവരേക്കും ശരത്കാല ദൃശ്യങ്ങളുമായി ചുറ്റിക്കറങ്ങുകയായിരുന്നു. എങ്ങുനിന്നോ വന്ന ശീതക്കാറ്റ്‌ ഒഴിയാബാധപോലെ വസന്തത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. 

സുപരിചിത ഗന്ധങ്ങളാണവിടെ.,
നാടിന്റെ..മണ്ണിന്റെ..മനുഷ്യന്റെ.. 
താത്പര്യത്തോടെ മണ്ണിനെയറിഞ്ഞ്‌ വസന്തം വിരിയിക്കാൻ ഒരുമ്പെട്ടിറങ്ങി.. 
ഉയരങ്ങളിൽനിന്നിറങ്ങിവന്ന വനദേവതകൾ  കൈപിടിച്ചുകൊണ്ടവരുടെ
പൂങ്കാവനത്തിലേക്ക്‌ ക്ഷണിച്ചു.
റോഡിൽനിന്നുയർന്ന ശബ്ദകോലാഹലങ്ങൾ ഞെട്ടിയുണർത്തി. 
ഇനിയും ഉറങ്ങിയേനെ.. 
അപ്പോഴേക്കും ഉദ്യാനദേവതകൾ കൺവെട്ടത്തുനിന്ന് മറഞ്ഞുപോയിരുന്നു.

ഗർഭാവസ്ഥയുടെ ആരംഭം മുതൽക്കേ ഇങ്ങനെയാണു.. 
പലപ്പോഴും ഞങ്ങൾ അന്യരാവുന്നു..

" ഇന്നും പ്രാതൽ കഴിക്കാതെ നേരംവെളുത്തതും സ്ഥലം കാലിയാക്കുവാണൊ ?" 

ആദിത്യ കുടിച്ചുവെച്ച ഗ്ലാസ്സിലെ പകുതി ചായയിലേക്ക്‌ എത്തിനോക്കി മനസ്സമാധാനക്കേടോടെ മേഹു ചോദിച്ചുവെങ്കിലും ചുമലുയർത്തി തലകൊണ്ടെന്തോ മറുപടി നൽകി അയാൾ പോയിക്കഴിഞ്ഞിരുന്നു.
ഇന്നുവരെ കാണാത്തതൊ പുതിയതോ ആയ പെരുമാറ്റമല്ലാത്തതിനാൽ പരിഭവമൊന്നും തോന്നിയില്ല..

"വിശപ്പില്ലെങ്കിൽ ഭക്ഷണം എന്തിനു കഴിക്കുന്നു " എന്ന് കേൾക്കാറുള്ള സ്ഥിരം പല്ലവി ഇന്നുണ്ടായില്ല..ഭാഗ്യം. 
ഇതാണീ ആദിയുടെ സ്വഭാവം, സംസാരിക്കേണ്ട അത്യാവശ്യ സമയങ്ങളിൽപോലും ചുമരുചാരി കണ്ണടച്ചിരിക്കുന്ന പ്രകൃതം..

ആദിയുടെ അധീനത്തിൽ നടക്കുന്ന കുറ്റ വിചാരണകളുടെ അന്ത്യത്തിൽ സ്നേഹവും അനുകമ്പയും ഉയർന്നുകൊണ്ടിരിക്കുന്നതിനുള്ള ന്യായം ഇനിയും വ്യക്തമാകുന്നില്ല.. 
പുരാണങ്ങളറിയുന്ന ഇഹലോക ജ്ഞാനമുള്ള മനുഷ്യൻ, വർഷങ്ങളിതുവരെയും താൻ ആസ്വദിച്ചനുഭവ്യമാക്കിക്കൊണ്ടിരുന്ന സുഖങ്ങളെ തല്ലിക്കെടുത്തിവരുന്നു. 
തറയിൽ ചുരുണ്ടുകൂടി കിടന്നുറങ്ങുന്നത്‌ കണ്ടാലും ഭയമാണ്.. 
ഈ അവസ്ഥയിലെ മനക്ലേശങ്ങൾ അകറ്റുവാനായി ഗർഭിണികൾ സാധാരണയായി അരയിൽ കെട്ടുന്ന നൂലിനോടും പുച്ഛം പ്രകടിപ്പിക്കുന്ന ഒരു സാധു.
ഒരു കിണ്ണത്തിൽ നിറയെ പലഹാരങ്ങളുമായി ഇടക്ക്‌ നേരം കൊല്ലുന്ന ആദിയുടെ ചുമലിൽ തലചായ്ച്ച്,‌
" ഇന്നത്തെ ഭക്ഷണത്തിനൊന്നും രുചി തോന്നണില്ലാ " എന്ന് കൊഞ്ചിക്കരയുന്ന താനും , തറയിലെ തണുപ്പ്‌ പോലും സഹിക്കാനാവാത്ത തന്റെ കാലിലെ നീരും , പെട്ടെന്ന് കണ്ടുവന്ന വെരിക്കോസ്‌ ഞരമ്പുകളുടെ ഉന്തിത്തള്ളലുകളും, മുഖത്തെ വിളർച്ചയും ക്ഷീണവുമൊക്കെ ആദിയുടെ കണ്ണിൽപ്പെടാത്ത രോഗലക്ഷണങ്ങളാണ്.
സമയാസമയങ്ങളിലുള്ള ടെസ്റ്റുകൾക്കും മരുന്നുകൾക്കും ആദി പ്രാധാന്യം കൊടുത്തുവന്നത്‌ ഇരുപതിയൊന്നാമത്തെ ആഴ്ച്ചയിലെ അൾട്രാസ്കാനിൽ ദൈവാനുഗ്രഹത്താൽ കുഞ്ഞിനു കുഴപ്പമുന്നുമില്ലെന്ന് അറിയിപ്പ്‌ കിട്ടുംവരേക്ക്‌ മാത്രം.. 
മരുന്നും ആഹാരവും  സംബന്ധിച്ച ഒരു ഉപദേശവും ചോദിക്കാറില്ല ഇപ്പൊ.. 
ജീവിതത്തിൽ സുഖസൗകര്യങ്ങൾ നേടിയെടുക്കുവാനുള്ള ത്വര കൂടുതൽ കാണുന്നവരെ അവരവരുടെപാട്ടിനു വിടുന്നതാണു നല്ലത്‌, അല്ലെങ്കിലതൊരു വിസ്ഫോടനമാകും.

കൊച്ചുകൊച്ചു സ്നേഹവചനങ്ങൾക്കുള്ള കാത്തിരിപ്പ്‌, വാത്സല്യ തലോടലുകൾക്കുള്ള അതിയായ മോഹം.. എല്ലാം അടിച്ചമർത്തപ്പെട്ടിരിക്കുന്നു.. എല്ലാമെല്ലാം ഈ അവസ്ഥയെ ആശ്രയിച്ചുയരുന്ന മനോവ്യാഥികളാണെന്നറിഞ്ഞിട്ടും.. 
ചിലപ്പോഴൊക്കെ സ്വയമൊരു രോഗിയാണെന്ന് വരുത്തിത്തീർക്കുവാനായി
അനക്കമില്ലാതെ കട്ടിലിന്റെ ഓരത്തായി പതുങ്ങി കിടക്കും..
ഈ വീട്ടിൽ താനൊരു ആവശ്യകരമായ ഒരാളായിത്തീരണമെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാവാം. 
ചിലപ്പോഴെല്ലാം ഉറക്കെ കരയുവാൻ ആഗ്രഹിച്ചു..
കുഞ്ഞിന്റെ വളർച്ചയെ അതുപോലും ബാധിക്കുമെന്ന ആദിയുടെ താക്കീതുകളെ പരിഗണിച്ച്‌ അതും മാറ്റിവെച്ചിരിക്കുന്നു.

ആദി എത്താനിനിയും മണിക്കൂറുകളുണ്ടെന്ന് അറിയിച്ചുക്കൊണ്ട്‌ സമയം പരിഹസിക്കുന്നു.
പതുക്കെ കട്ടിലിനെതിരുള്ള ആൾകണ്ണാടിയിലേക്ക്‌ ഉറ്റുനോക്കി.. 
" അമ്മയുടെ മകൾക്ക്‌ സുഖം തന്നെ..കുഴപ്പങ്ങളൊന്നുമില്ല..
പിന്നെയും നല്ലപോലെ ഒന്നു നോക്കി,
മുന്നത്തേക്കാളും ചടച്ചിരിക്കുന്നു.. മുഖവിളർച്ച എടുത്തുകാണിക്കുന്നു.. കുഴിഞ്ഞ കണ്ണുകളിലെ പ്രകാശം അസ്തമിച്ചു വരുന്നു... എങ്കിലും ഞാൻ ആരോഗ്യവതി തന്നെ.."

അഞ്ചിന്റെ ആരംഭം മുതൽക്കുതന്നെ അലസതയുടെ പ്രതീകമായി മടുപ്പ്‌ സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്നു.
ഇടവിട്ടിടവിട്ട്‌ കട്ടിലിൽനിന്ന് ഊർന്നിറക്കുന്ന നിയന്ത്രിക്കാനാവാത്ത മൂത്രശങ്ക  എന്തൊക്കെയോ ചെയ്യണമെന്ന ഇച്ഛാശക്തിയേയും നിരുത്സാഹപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
അതിൽപ്പിന്നെയാണു ജനലിനു തൊട്ടരികിലുള്ള അരളിമരവുമായി സമ്പർക്കം തുടങ്ങിവെച്ചത്‌..
പൊൻചാർത്തേറ്റ്‌ തുടുത്തുനിൽക്കുന്ന അരളിപ്പൂക്കളുമായി തുടരെ തുടരെ സംവേദിച്ചു. 

"ആരെന്തു പറഞ്ഞാലും എനിക്ക്‌ നിങ്ങളോട്‌ മിണ്ടിയും പറഞ്ഞുമിരിക്കുവാൻ ഇഷ്ടമാണു." 
മണ്ണിനെ പുൽകാൻ കാക്കുന്ന നൊമ്പരപ്പൂക്കൾക്ക്‌ വിഷാദം നിറഞ്ഞ യാത്രയയപ്പുകൾ നൽകി.
"നിനക്കെന്റെ പൊന്നോമനയെ ഒരുകുറി കാണാനാവില്ലല്ലോ എന്ന ദുഃഖമേറെ അലട്ടുന്നുണ്ട്‌ ."

മൂല്യങ്ങൾ കാഴ്ച്ചക്കു പോലും പിടിതരാത്ത ഈ വൻനഗരത്തിൽ അന്തിയുറങ്ങുമ്പോൾ വേട്ടയാടുന്ന സ്വപ്നങ്ങളിലെപ്പോഴും പടർന്ന് പന്തലിച്ച പൊന്തക്കാടുകളും പടുമരങ്ങളും ഇരുൾമൂടിയ മുറ്റവും അരിപ്പൊടി വിതറിയ പോലത്തെ നനുത്ത മണ്ണിൽ കൊത്താംകല്ല് കളിക്കുന്ന അമ്മയുടെ ബാല്യവും എവിടെനിന്നോ ഓടിയടുക്കുന്നു. ക്രമേണ ആ പരിസരവും അന്തരീക്ഷവും ഏതൊ ഇച്ഛാശക്തിക്ക്‌ വഴങ്ങുന്നുവെന്ന പോലെ ആകർഷിപ്പിച്ചുകൊണ്ടിരിക്കുന്നു.
മുറിയിൽ വെട്ടമില്ലാത്തതിനാൽ ആ പ്രലോഭനങ്ങൾക്ക്‌ വഴങ്ങി നിദ്രയറിയാത്ത സ്വപ്നക്കൂടിൽ ലയിക്കുമ്പോൾ വല്ലാത്ത സുഖം തോന്നും. പറമ്പിന്റെ അങ്ങേയറ്റത്തായി മാസക്കുളികൾക്ക്‌ മാത്രമായി പെരുമാറുന്ന കുളക്കടവിൽ മനസ്സാലെ അമ്മയെന്ന പതിനഞ്ച്‌ വയസ്സുകാരിയോടൊപ്പം ഇരുപത്തിയഞ്ചുകാരി ഗർഭിണിയായ മകളും കാഴ്ച്ചകണ്ട്‌ കുളക്കടവിലിരിക്കും. 
ചിലരാത്രികളിൽ അവൾ ഊളിയിട്ടുയരുമ്പോൾ അവളുടെ മെല്ലിച്ച മേനിയിൽ അവൻ ചുറ്റിപ്പുളഞ്ഞവളെ സ്നേഹിക്കുന്നത്‌ കാണാം.. ചുറ്റുവട്ടത്തുള്ളവർ ഒച്ചവെച്ചോടുന്നതിനിടയിൽ മുറവിളി കൂട്ടുന്നുണ്ട്‌..

"സാധനം വെറുമൊരു ചേരയാണെങ്കിലും ഉഗ്രനാണെന്നാ വെപ്പ്‌..കന്യകളെ പ്രസവിപ്പിക്കാനുള്ള പ്രാപ്തിയുള്ള ഇനങ്ങാളാത്രെ " 

ചേരയിൽ ആൺവർഗ്ഗക്കൂട്ടർ മാത്രമേയുള്ളൂന്നും ,അല്ലല്ലാ പെൺവർഗ്ഗക്കൂട്ടരുമുണ്ടെന്ന തർക്കങ്ങൾ ദൂരെയല്ലാതെ നടക്കുന്നുണ്ട്‌. മുതിർന്ന സ്ത്രീകൾക്കും പ്രായംകൂടിയവർക്കും വാർത്ത കൗതുകമായിരുന്നില്ല..

"അതെയ്‌..അവനവളെ വലിഞ്ഞുമുറുക്കീട്ടുണ്ടെങ്കിൽ തക്കതായ കാരണോം കാണും..
പെൺക്കുട്ടിയായ്ച്ചാൽ ആർത്തവനാളുകളിൽ അടക്കോം ഒതുക്കോം പാലിക്കണം.. 
കറ പൊരണ്ട തുണികൾ മുറ്റത്തും തൊടിയിലും മണ്ണിനോടിഴകിയാൽ ഈ ജാതിക്കൂട്ടരു പിടിവിടില്ലാ..
ചെത്തോം ചൂരും തേടിയണയാനുള്ള വ്യഗ്രത കൂടും.
പെൺക്കുട്ടീടെ അരക്കെട്ട്‌ ഒതുക്കേംവരേക്കും ഇവറ്റകൾ പരതി നടക്കും,"

ഇന്നലത്തെ സ്വപ്നസഞ്ചാരത്തിലും അവൻ വന്നിരുന്നു..

കാൽപ്പാദങ്ങളിലൂടെ ചുറ്റിപ്പുളഞ്ഞ്‌ മേൽപ്പോട്ടു കയറി അവളുടെ ഉയർന്ന സ്തനങ്ങളിലെ വിയർപ്പിൽ തലചായ്ച്ചവൻ ചുറ്റിനും നിരീക്ഷിക്കുന്നു..
ആ കണ്ണുകളിലെ ലഹരി നാൾക്കുനാൾ ഏറിവരുന്നുണ്ട്‌..
അവളവനെ ആഗ്രഹിക്കുംവരേക്കും അങ്ങനെ കാത്തു കിടക്കുമത്രെ.. അല്ലായ്ച്ചാൽ  നാൽപ്പത്‌ വീട്ടുകിണറ്റിൽനിന്ന്  ഒച്ചയും അനക്കവുമില്ലാതെ നാൽപ്പത്‌ പാട്ട വെള്ളംകോരി അശുദ്ധമാവാതെ അതിൽ മഞ്ഞൾ കലക്കി മന്ത്രമോതി തലയിലൂടെ പാർന്ന് അവളെ അവനിൽനിന്ന് വിമുക്തയാക്കണം പോലും..
ഇത്‌ ഏഴുനാൾ തുടർന്നാൽ അവനവനെ വിട്ടകലുമത്രെ, പക്ഷേ ഓടിച്ചാടി കളിച്ചു നടന്നിരുന്ന പെൺക്കുട്ടി ഇതിനകം ചിത്തരോഗിയായി തീർന്നിരിക്കും..
വലിയ മുറ്റോം കുറെ മുറികളും തട്ടിട്ട വീടുമുള്ള അത്തരം പെൺക്കുട്ടികളെ  സാമ്പത്തികശേഷി ഒട്ടുമില്ലാത്ത കുടുംബക്കാരു കെട്ടിക്കൊണ്ടുപോയി ചങ്ങലക്കിടുകയാണത്രെ പതിവ്‌..
നാഗകോപം ഏറ്റുവാങ്ങിയാൽ പിന്നീടൊരിക്കലുംഅവൾക്ക്‌ ഗർഭം ധരിക്കാനാവുകയില്ല..
നാഗങ്ങളോടുള്ള കടുത്ത ഭ്രമം അപ്പോഴേക്കും അവളിൽ മൊട്ടിട്ടിരിക്കും..

കിടപ്പുമുറിയിലെ നാഗസ്വപ്നവേട്ടകളെടുത്തു നിവർത്തി പറയുവാൻ ഒരുമ്പെടുമ്പോൾ ഒട്ടും സംസാരിക്കാൻ ശ്രമിക്കാതെ ഏതാനും കടലാസ്സുകൾ വാരിക്കൂട്ടി ആദി മുറി കാലിയാക്കും..

നാഗസ്വപ്നങ്ങൾ നിലക്കാൻ പല പ്രതിവിധികളും നടത്തീട്ടും ഫലമൊന്നുമില്ലാ..
എങ്ങനെയുണ്ടാവാൻ.. ചിന്തകൾ  മേൽക്കൂരകെട്ടിക്കൊണ്ടിരിക്കയല്ലേ..

മഞ്ഞലപ്പെയ്ത്ത്‌ പടരുന്നു..
കയ്പ്പിൻ വേപ്പിലയുടെ കൊത്തിയരിഞ്ഞപോലത്തെ വെളുത്ത പൂക്കൾ അടുക്കളക്കാരി തോട്ടിയിട്ട്‌ വലിക്കുന്നത്‌ ജനലയിലൂടെ  കാണാം..
ആ പൂക്കൾകൊണ്ട്‌ അത്താഴത്തിനു തേങ്ങവിതറിയ വിഭവമുണ്ടാക്കാൻ പറഞ്ഞുകൊടുത്തിട്ടുണ്ട്‌.. പല അടുക്കളകളിലും കേറിയിറങ്ങുന്നുണ്ടെങ്കിലും അവൾക്കിത്‌ പുതുമയായിരുന്നു..
ങാ..അത്താഴമെങ്കിലും ഒരുപിടി ഉണ്ണണം..ഉച്ചയ്ക്കും ഒരു വറ്റിറക്കാനായിട്ടില്ല..

പ്രിയമുള്ള ഓരോന്നും ചികഞ്ഞെടുത്ത്‌ സ്വയം പുതപ്പിക്കുവാൻ ശ്രമിച്ചു. വെട്ടിപ്പൊളിക്കുന്ന വെയിൽ ഒന്നിനും അനുവദിക്കാത്ത വിധം അരളിമരത്തിന്റെ ഉച്ഛിയിൽനിന്നുക്കൊണ്ട്‌ അർമാദിക്കുന്നു..

" ഈ പൊരിവെയിലത്തുകൂടി തൊണ്ട നനച്ചാൽ മൂത്രശങ്ക ശല്യം ചെയ്യുന്നു.രാപ്പകലുകളില്ലാത്ത ഉലാത്തലുകൾ തുടങ്ങിയിട്ടിപ്പൊ മാസങ്ങളായല്ലൊ..!" 

നിയന്ത്രണമില്ലാത്ത പായ്ച്ചിൽ പോലെ ശങ്കയ്ക്ക്‌ ശമനം കിട്ടി.. എത്രതവണ എന്നുവെച്ചാ കുളിമുറിയിൽകേറിയിറങ്ങിക്കൊണ്ടിരിക്കാ...ഇനിയത്തെ മാനസിക പ്രവർത്തനങ്ങൾ ഇവിടെയാകാം.. മനസ്സാൽ ചിരിച്ചുപോയി..

ടാപ്പ്‌ നിർത്തിയപ്പോൾ അയൽവാസി താന്തോന്നിപ്പയ്യന്റെ ചൂളമടി കേൾക്കാം..
സന്ധ്യ മയങ്ങാറാകുമ്പോ ഇതൊന്നുമായിക്കൂടാന്ന് പറഞ്ഞു കൊടുക്കാൻ വീട്ടിലുള്ളവർക്കെവിടെ സമയം?..
കുളിമുറിയിലെ വെന്റിലേറ്റർക്കുറ്റികള്‍ ഭദ്രമെന്നുറപ്പിക്കേ ആത്മഗതമെന്നോണം അവരെയും പഴിച്ചു..
പയ്യന്‍റെ ചൂളമടിയിൽ വിശ്വസിച്ച്‌ ഇഴജന്തുക്കൾ ചുവരുകയറുമോ എന്ന ഭയം ഈയിടെയായി വല്ലാതുണ്ട്‌, പച്ചിലക്കൂട്ടങ്ങൾക്കിടയിൽ ഒരു പച്ചിലപാമ്പിന്റെ തല കണ്ടതിൽപ്പിന്നെയാണത്‌..
അന്നുമുതൽ ആദിയുടെ നിർബന്ധം ചെടികളെല്ലാം വെട്ടിനിരപ്പാക്കണമെന്ന്, 
തന്റെ ഒരേയൊരു നിർബന്ധം..അല്ലാതെന്ത്‌..
ഈ കൂട്ടുകളുമില്ലേയ്ച്ചാൽ മൊട്ടമുറ്റം നോക്കി കിടക്കുന്ന കാര്യം,ഹൊ...!

തലമുടിയിഴകളിലൂടെ ഒലിച്ചിറങ്ങിയ പൈപ്പുവെള്ളം നീർച്ചാലുകളായി കഴുത്തിലൂടൊലിച്ച്‌ മാറിലും വരമ്പുകൾ വെട്ടിയുണ്ടാക്കി.
പിന്നെയും താഴോട്ടിറങ്ങാൻ താത്പര്യം കാണിച്ച കൈത്തോട്‌വെള്ളം കുഞ്ഞിനെയും കുളിപ്പിച്ചെടുത്തുക്കൊണ്ട്‌ മഞ്ഞപ്പൂക്കളുടെ കൂട്ടത്തിൽ ഒഴുകിപ്പോയി.
പൊതുവെ ശാന്തത കൈവിടാത്ത അവൻ വെള്ളം തട്ടിയാൽ  അടിവയറ്റിനും താഴോട്ടിറങ്ങി വന്ന് അർമാദിക്കും..
അതുവരേക്കും പരസ്പരം അറിയാത്തവരെപോലെയെങ്കിലും പരസ്പരം മനസ്സിലാക്കി  പരിഭവങ്ങളില്ലാതെ പുണ്യദിനത്തിനായി കാത്തിരിക്കുന്നവർ ഒരുപോലെ സന്തോഷം പങ്കിടുന്ന നിമിഷങ്ങൾ..

"സ്ത്രീകളുടെ ഈ അവസ്ഥയിലുള്ള കുളി കാണുവാൻ ഏതെങ്കിലുമൊരു പുരുഷൻ ആഗ്രഹിച്ചുകാണുമോ..?
അവളുടെ ആലിലവയറിനെയും തുടുത്ത മാറിടങ്ങളെയും അത്യാഗ്രഹിക്കുന്ന അവനിൽ വീർത്ത വയറും നിറഞ്ഞ മാറിടവും എന്തു അനുഭവ വികാരമായിരിക്കാം നൽകുന്നത്‌..?"

മനസ്സിനുള്ളിൽ വെറുതെ തിരികൊളുത്തുന്ന ആത്മഗതങ്ങൾ..!

" പാപം പുരണ്ട വർത്തമാനങ്ങൾ ചിന്തിച്ചതുപോട്ടെ..പറയുന്നതെന്തിനു..? മാപ്പില്ലാത്ത പാപവചനങ്ങൾ.." - അമ്മയുടെ സ്വരം പെട്ടെന്നുവന്ന് കാതിലലച്ചു..
മനസ്സാൽ മാപ്പപേക്ഷിച്ച്‌ നിദ്രയെ പുൽകാനുള്ള സ്നാനം നൽകുന്ന ലഹരിയിൽനിന്നുണർന്ന് കരിമ്പടച്ചുരുളിന്റെ ചൂടിലേക്ക്‌ ഊർന്നുകേറി കിടന്നു.
ഞാനൊറ്റയ്ക്കല്ല എന്നറിയിപ്പുകൾ നൽകിക്കൊണ്ടിരുന്ന അടുക്കളക്കാരി അത്താഴം മൂടിവെച്ചിറങ്ങി.
ഈ കൂരയിലിപ്പോൾ നമ്മളൊറ്റക്കല്ല എന്നറിയിച്ചുക്കൊണ്ട്‌ പുണ്യദിനം കാത്തു കിടക്കുന്നവൻ പാടിക്കൊണ്ടിരിക്കുകയാണെന്ന് തോന്നിപ്പിച്ചു..

"ഇല്ലാ..കത്തിയമരുന്ന സങ്കടങ്ങളില്ലാ.. കരകവിഞ്ഞൊഴുകാൻ നദീതടങ്ങളില്ലാ.."

അവന്റെ പതിഞ്ഞ താളലയരാഗങ്ങളിൽ നിദ്ര അവളുടെ വിരൽസ്പർശമറിയിച്ച്‌ കണ്ണുകളിൽ തലോടി..

ചിന്തകളും മിഴികളും കീഴ്‌മേൽമറിഞ്ഞ്‌ അവളിലേക്ക്‌  ലയിച്ചങ്ങനേ ഒഴുകവേ ആദിയുടെ നിഴലും അനക്കങ്ങളും തനിക്ക്‌ ചുറ്റും വലയം ചെയ്യുന്നതായി അറിഞ്ഞുവെങ്കിലും ശബ്ദമോ ശരീരമൊ  സാന്നിദ്ധ്യം അറിയിക്കുവാൻ വിസമ്മതിച്ചു. 
ഫോൺസംഭാഷണത്തിൽ നിരതനായ ആദിയുടെ സ്വരം നിശ്ശബ്ദതയേയും അന്ധകാരത്തേയും വെട്ടിമാറ്റി തന്നെ തട്ടിയുണർത്തിക്കൊണ്ടേയിരിക്കുന്നു..
വളരെ ഉച്ചത്തിൽ സംഭാഷണങ്ങളിൽ മുഴുകുന്ന വ്യക്തിയാണദ്ദേഹം..എത്ര പറഞ്ഞാലും മനസ്സിലാക്കാത്ത പ്രകൃതവും.

" യെസ്‌  വിവേക്‌ ,അതിനെന്താ..താനിങ്ങനെയൊരു സംരംഭത്തിനൊരുങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ നിനക്കെന്റെ പിന്തുണ ഉറപ്പിച്ചതായിരുന്നല്ലൊ..
മനുഷ്യനും മൃഗങ്ങൾക്കും ഒട്ടേറെ സമാനതകൾ ഗർഭാവസ്ഥയിലും ജന്മം നൽകുന്നതിലുമുണ്ടെന്നല്ലെ നിന്റെ ന്യായം..
കാലം തികയാതെയുള്ള പ്രസവവും ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ മരണവുമെല്ലാം മൃഗങ്ങളിലുമിപ്പോൾ ഏറിവരുന്നുവെന്ന നിന്റെ പഠന റിപ്പോർട്ട്‌ വായിച്ചപ്പോൾ ചിരിപൊട്ടിയെങ്കിലും എത്ര വസ്തുനിഷ്ടമായ വാർത്തയാണു നീ അവതരിപ്പിച്ചിരിക്കുന്നതെന്ന് അതിശയം തോന്നി. പോരാത്തതിനു താനിന്നലെ പ്രസവിക്കുന്ന പാമ്പുകളെ കുറിച്ചുള്ള ഫീച്ചർ തയ്യാറാക്കിയെന്ന് അറിഞ്ഞപ്പൊ വല്ലാതെ എക്സൈറ്റഡ്‌ ആയി, ഐ വുഡ്‌ ലൈക്‌ ടു സീ ദാറ്റ്‌ വിഷ്വൽസ്‌.
നിനക്കറിയാമൊ മേഹുവിനു ഈവക ജന്തുക്കളോട്‌ വലിയ കാര്യമാ..ഇടക്കിടെ ഓരൊ കഥകൾ തട്ടിക്കൂട്ടി പറയുന്നത്‌ കേൾക്കാം.."

അട്ടഹസിച്ച്‌ സംസാരിക്കുന്ന ആദിയോട് വല്ലാത്ത ദേഷ്യം തോന്നി..

നീണ്ടുപോകുന്ന സംസാരശകലങ്ങളിൽ ചിലത്‌ മാത്രം പിടിച്ചെടുത്ത്‌ അലസമായി കണ്ണുകളിറുക്കി കിടന്നു. സംഭാഷണമിപ്പോൾ ഇഴഞ്ഞിഴഞ്ഞ്‌  ജന്തുക്കളിൽനിന്ന് ഹ്യൂമൻ ബെർത്തിലേക്ക്‌ നീങ്ങുന്നത്‌ ബോധാവസ്ഥയിൽ വേർതിരിച്ചറിയാനായി.

" ഓഹ്‌..അതിനെന്താ വിവേക്‌,ഐ വിൽ ട്രൈ ടു കൺവിൻസ്‌‌ ഹേർ,, ദിസ്‌ ഇസ്‌ നോട്ട്‌ എ മേജർ ഇഷ്യു.
മേഹുവിന്റെ ഡേറ്റ്‌ അടുക്കാറായി.. അവളുടെ ഗൈനിക്കുമായി ഞാൻ നാളെ തന്നെ കോൺഡാക്റ്റ്‌ ചെയ്യാം, 
ആ പ്രധാനദിവസത്തിനു വേണ്ടിവരുന്ന ഒരുക്കങ്ങൾ നിനക്ക്‌ ചെയ്തുതീർക്കുവാനുള്ളത്‌ ചെയ്യൂ.."

തല കറങ്ങുന്നപോലെ തോന്നി..
തലക്കുള്ളിൽ കറുപ്പ്‌   ആവരണം ചെയ്യപ്പെട്ട പോലെ..
കണ്ണുകളിലും അന്ധകാരം പടരുന്നു.. തൊണ്ട വരളുന്നു..
വെള്ളം എന്നാവശ്യപ്പെടുന്നത്‌ തൊണ്ടയിൽതന്നെ തറച്ചു നിൽക്കുന്നതൊ അതൊ സംസാരത്തിനിടയിൽ  ആദി കേൾക്കാത്തതൊ..?
മനസ്സും ശരീരവും പിടി തരാതെ മുറുകുകയാണു.. അതോടൊപ്പം വയറിനകത്ത്‌ ഇരമ്പലുകൾ,

" എന്നെയൊന്ന് വേഗം പുറത്തു വിടൂ അമ്മേ " 

എന്ന രോദനം ഉന്തലുകളും തട്ടലുകളും ചവിട്ടുകളുംകൊണ്ട്‌ ആവശ്യപ്പെടുന്നു.
അവനെ ശാന്തനാക്കാനാവുന്നില്ല..
ഞങ്ങളെ വെച്ചൊരു ക്രൂര ഫലിതം അരങ്ങേറാൻ പോകുന്നു..
ആ പുണ്യദിനത്തിനായി ഞങ്ങളെ തീച്ചൂളയിൽ അമർത്തി കിടത്തിയിരിക്കുകയാണു.. 
ഇപ്പോൾ ഞങ്ങളെ വിഷ്വൽ മീഡിയകൾക്കിടയിൽ കിടത്തി വിലപേശുകയാണു അയാൾ..

തിരിഞ്ഞുനിന്ന് ചുവരുചാരി സംസാരിക്കുന്ന അയാൾക്കുനേരെ കാലുയർത്തി അവഹേളിക്കുവാൻ ഗുണവതിയായ തനിക്കാവുമെന്ന് ഉദരത്തിൽ കിടന്നവൻ ആജ്ഞാപിക്കുന്നു....
ആ ശാപമേൽക്കുവാനും അവൻ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.
ഞരമ്പുകളിലൂടെ പുത്രരക്തം തിളക്കുന്നു..
കണ്ണുകളിൽ അപമാനിക്കപ്പെടുന്നതിന്റെ കോപാഗ്നി ജ്വലിക്കുന്നു.. നിർബന്ധബുദ്ധിക്കാരനായ അയാളുടെ പുത്രൻ കാലുയർത്തി അയാളെ മർദ്ദിക്കുന്നതറിഞ്ഞു..
മുറിയിലെ അരണ്ട വെളിച്ചത്തിൽ അയാൾ നിലത്തു വീണു..
എന്നിട്ടും മതിവരാതെയവൻ അയാളെ നിലത്തിട്ട്‌ തൊഴിക്കുന്നു..
ചീത്ത വിളിക്കുന്നു..പ്രാകുന്നു..

ഇടയ്ക്കത്‌ സംഭവിച്ചു, മൂത്രം പോവുകയാണെന്ന ധാരണയെ മാറ്റികൊണ്ട്‌ ഒഴുക്ക്‌ കൂടുന്നു.. 
പ്രളയമാകുമെന്ന് ഭയന്നു.. വെള്ളപ്പാച്ചിൽ നിലയ്ക്കുന്നില്ല..
തുറന്നുവിട്ട ഒഴുക്ക്‌ പോലെ..
അതെ, ന്റെ കുഞ്ഞിനു സുഗമമായി വെളിയിലേക്ക്‌ നയിക്കുന്ന ഒഴുക്ക്‌ തുറക്കപ്പെട്ടിരിക്കുന്നു.. 
അവൻ ഓടിയിറങ്ങാൻ തിടുക്കം കൂട്ടുന്നു..
ശക്തിയേറിയ ഒഴുക്കിലൂടെയവൻ പുളച്ചൊഴുകി വീഴുമ്പോൾ അവന്റെ പകയാർന്ന കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു..
നാവിൻ തുമ്പിൽനിന്ന് വിഷത്തുള്ളികൾ ഇറ്റുന്നുണ്ടായിരുന്നു.. അയാളുടെ അരക്കെട്ടിനെ ചുറ്റി കഴുത്തിൽ വരിഞ്ഞുമുറുക്കുവാൻ അവൻ അയാളിലേക്ക്‌ ഇഴഞ്ഞ്‌ നീങ്ങുന്നത്‌ പരസ്പര ധാരണയിലെന്ന പോലെ മേഹു നോക്കി കാണുന്നുണ്ടായിരുന്നു.

അന്നവൾ കുളക്കടവിൽ കണ്ട കാഴ്ച്ചകൾക്ക്‌ കൂട്ടുപ്പിടിച്ചവൻ അയാളുടെ  കണ്ണുകളിൽ വിഷപ്പല്ലുകൾ കൊണ്ടുമ്മ വെക്കുമ്പോൾ അവളുടെ പ്രസവം സംഭവിച്ച്‌ അര മണിക്കൂറിലേറെയായി കഴിഞ്ഞിരുന്നു.

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...