Friday, May 31, 2013

<<< സ്കൈപ്പ് >>>
 
31 ഡിസംബർ 2012 : സമയം 11.15 PM

സണ്ണി : വയസ്സ് 36

മലയാളി പ്രവാസി.

“അഴിച്ചുപണി നടന്നുകൊണ്ടിരുന്ന പ്രമുഖ ഫാഷൻ കമ്പനിയുടെ മുഖച്ഛായ തീർത്തും മാറ്റിക്കൊടുക്കുവാനും തന്റെ മിടുക്ക് തെളിയിക്കുവാനുമായിരിക്കുന്നു..”

സ്വയം പുകഴ്ത്തിക്കൊണ്ട് സണ്ണി ആനന്ദിച്ചു..

മാസങ്ങളായുള്ള പ്രഫഷണൽ ടെൻഷനുകളിൽ നിന്നും പാടേ മോചനം….ആഹ്..

വഴിയോരത്തെ അപരിചിതർക്കുനേരെ കണ്ണുയർത്തിനോക്കുക പോയിട്ട്, തന്റെ അടച്ചിട്ട മുറിയിലെന്തു നടക്കുന്നു എന്ന വിചാരം  പോലുമില്ലാതെ ജോലിഭാരം ജീവിതത്തെ ആക്രമിച്ചുകൊണ്ടിരുന്ന ദിനങ്ങൾ..

ഏതോ ഒരു അജ്ഞാതദേശത്തിൽ നിന്നിറങ്ങി വന്നപോലെ..

കയ്പ്പുകളില്ലാത്ത അദ്ധ്വാനഫലങ്ങൾ മാധുര്യമേറിയവ തന്നെ..എങ്കിലും ഇനി വയ്യ..

തിരക്കുകളില്ലാത്ത  വരുംദിനങ്ങളിലേക്ക് ഊര്‍ന്നിറങ്ങുവാൻ സണ്ണി തയ്യാറായി.

പൂർവ്വകാലം തിരികെ ലഭിച്ച സണ്ണി കതക് തുറന്ന് ഇരുട്ടിനെ സ്നേഹിക്കുന്നവനെപ്പോലെ  ഇരുന്നു..എപ്പോൾ വേണമെങ്കിലും  താനുമായി സം‍വദിക്കാൻ പ്രിയം കാണിക്കുകയും തന്റെ ഏകാന്തതയെ തട്ടിയുണർത്തുകയും ചെയ്യുന്ന സംഗീതത്തേയും പുസ്തകങ്ങളേയും ഈയിടെയായി പൂർണ്ണമായല്ലെങ്കിലും അവഗണിച്ചുതുടങ്ങിയിരിക്കുന്നുവെന്ന് സണ്ണി ബോധവാനാണ്.

തനിക്കു ചുറ്റുമുള്ള ഈ ലോകം ഏറെ പ്രാധാന്യമർഹിക്കുന്നു എന്ന ചിന്തയിൽ സണ്ണി അവർക്കു നേരെ നിസ്സംഗതയോടെ പുഞ്ചിരിച്ചു.

നിശ്ചലരായിനിന്ന് തന്നെ വീക്ഷിക്കുന്ന   വർണ്ണച്ചുവരുകൾക്കുള്ളിൽ പൊട്ടിച്ചിരികളും ബഹളങ്ങളും കൊണ്ട്   വിരസതയേറിയ കഴിഞ്ഞ നാളുകളെ ജീവസ്സുറ്റതാക്കിയ ഐപാഡിലേക്ക്  ‘ദാ വരുന്നൂ’ എന്ന് കൈവീശിക്കൊണ്ട് സണ്ണി കുളിമുറിയിലേക്ക് പ്രവേശിച്ചു.

തന്നേയും പ്രതീക്ഷിച്ച്   കീപാഡിൽ മായാജാലങ്ങൾ കാണിച്ച് ആർച്ച ഇരിപ്പുണ്ടായിരിക്കുമെന്ന് സണ്ണിക്കറിയാം.

സ്വദേശത്തും വിദേശത്തുമുള്ള ബന്ധുമിത്രാദികൾക്കിടയിൽ അനേകം പെൺസൗഹൃദങ്ങളുള്ള വ്യക്തിത്വമാണ്  സണ്ണിയുടേത്.

വെളുത്ത വസ്ത്രങ്ങൾ മാത്രം ധരിക്കുന്ന, ഭംഗിയായി സംസാരിക്കുകയും സംഭാഷണങ്ങൾക്കിടയിൽ അപ്രതീക്ഷിതഭാവങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്യുന്ന  ആർച്ച അയാളുടെ വരണ്ട രാപകലുകൾ പകുത്തെടുത്തിരിക്കുന്നു.

സ്കൈപ്പിലൂടൊഴുകുന്ന ദൃശ്യസംഭാഷണവേളകളിലൂടെ സണ്ണി അവൾക്കായി സ്നേഹം വിളമ്പിക്കൊണ്ടേയിരുന്നു.

മനസ്വാസ്ഥ്യവും ആനന്ദവും നൽകിയ സ്നേഹരാത്രികളായിരുന്നു അവർക്കിടയിൽ കൊഴിഞ്ഞുവീണുകൊണ്ടിരുന്നത്.

കുളിച്ച് ഫ്രഷായ സണ്ണിയിൽനിന്ന് ഉറക്കച്ചടവുകൾ തീർത്തും മാഞ്ഞു പോയി.

“പുതുവർഷ പിറവിക്ക്  ഇനി ഏഴ് മിനിറ്റ് കൂടി..." സണ്ണി തന്റെ ഐപാഡുമായി ടെറസ്സിലേക്ക് ഓടിക്കയറി സ്കൈപ്പ് ലോഗ് ഇൻ ചെയ്തു.

നിലാവിനെ സ്നേഹിക്കുന്ന ആർച്ചയ്ക്ക് പുതുവർഷ പിറവിയിൽ താൻ നൽകുന്ന ദൃശ്യവിരുന്ന്  ഇരുൾ നിറഞ്ഞ അന്തരീക്ഷത്തിലെ  അമ്പിളിവെട്ടമായിരിക്കണമെന്ന് സണ്ണിക്ക് നിർബന്ധമുണ്ടായിരുന്നു.

ആ കൂടിച്ചേരലിന്റെ ലയം പുതിയ ആദർശങ്ങളുടെ കൈകൾ കോർത്ത്  ബന്ധിച്ചതായിരുന്നു.

അവളുടെ മിനുമിനുത്ത കവിളുകളിലെ മുഖക്കുരുപാടുകളെ   തന്റെ ചുണ്ടുകളുടെ വിരൽസ്പർശം അറിയിക്കുന്ന സണ്ണിയ്ക്കോ, അനുഗൃഹീത നിമിഷങ്ങളെ തടവിലാക്കാതെ  പൂർണ്ണമായും സ്വീകരിക്കുന്ന ആർച്ചയ്ക്കോ തങ്ങൾക്കു നേരെയുള്ള ലോകനിയതി എന്തായിരിക്കുമെന്ന ചിന്തകൾ ഒരിക്കൽപ്പോലും തടസ്സമായില്ല.

പുതുവർഷസന്ദേശം കൈമാറി സ്കൈപ്പ് ലോഗ് ഓഫ് ചെയ്ത് അവർ ജനുവരി ഒന്നിന്റെ സ്നേഹരാത്രിക്കായി വിടപറഞ്ഞു.

ഡിസംബർ 31: സമയം : 9.10 PM

മിനി : 29 വയസ്സ്

സണ്ണിയുടെ ഭാര്യ

“മിനിയേച്ചീ.. പാതിരാ കുർബാനയ്ക്കു ശേഷം സണ്ണിച്ചായൻ വിളിക്കുമ്പൊ എനിക്ക് പ്രോമിസ് ചെയ്ത  ‘Apple’ന്റെ  കാര്യം പറയാൻ മറക്കല്ലേ..“

“ഇല്ല പെണ്ണേ.. ഞാൻ നിന്റെ ഇച്ചായനെ ഓർമ്മിപ്പിച്ചോളാം “ എന്ന മിനിയുടെ ഉറപ്പ് കിട്ടിയതും റീന കതകടച്ച് ജെയിംസിനു ടെക്സ്റ്റ് ചെയ്തു, “I expect your wake up call @ 12, Good night.”

“റിച്ചുമോൻ റീനയുടെ കൂടെ ഉറങ്ങിക്കോളും അമ്മച്ചീ.. അവനിഷ്ടമാണ് അവളുടെ മുറിയിലെ പാട്ട് കേട്ടുറങ്ങാൻ..

നമുക്കിറങ്ങാം, ഇനിയും വൈകിയാൽ പള്ളിയിൽനിന്നിവിടെ തിരിച്ചെത്തുംവരെ അപ്പച്ചന്റെ  വായിലുള്ളത് കേൾക്കേണ്ടി വരും..”

വീട് സുരക്ഷയ്ക്കായി കതക് വെളിയിൽനിന്ന് പൂട്ടി  ഡിസംബറിന്റെ മഞ്ഞുപാതയിലൂടെ മിനിയും അമ്മച്ചിയും പള്ളിയിലേക്ക് നീങ്ങി.

 

ജാനുവരി : 1 സമയം : 11 PM

ആർച്ച : വയസ്സ് : 24

മുംബൈയിൽ ഫാഷൻ ഡിസൈനർ

സണ്ണിക്കാവശ്യം വരുന്ന ഫാഷൻ ഡിസൈനിംഗ് അപ്ഡേറ്റുകൾ നൽകുന്ന ജോലിയിൽ നിയോഗിക്കപ്പെട്ടതോടെയാണ് അവർ തമ്മിൽ പരിചയമാകുന്നത്.

എപ്പോഴും ജോലിസന്നദ്ധയായി കാണുന്ന ആർച്ചയുടെ ആത്മാർത്ഥതയും ചുറുചുറുക്കും നിഷ്കളങ്കതയും സണ്ണി ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.

തന്റെ കഴിവുകൾ സ്വയമവൾ പ്രൊജക്റ്റ് ചെയ്ത് കാണിക്കുവാൻ ഉത്സാഹിക്കുന്നത്  സണ്ണിക്ക് അറിയാമായിരുന്നിട്ടും അയാളവളെ സ്നേഹത്തോടെ ആദരിച്ചു.

“ആർച്ച ഈസ് സംതിംഗ് ഡിഫറന്റ് “ എന്ന മനോവിചാരം സണ്ണിയിൽ വളർന്നുകൊണ്ടേയിരുന്നു.

അവളുടെ വാർഡ്രോബിൽ തൂക്കിയിട്ടിരിക്കുന്ന വിവിധ പാറ്റേണിലുള്ള വെളുത്ത  തുണിത്തരങ്ങൾ സ്കൈപ്പിലൂടെ കണ്ടാനന്ദിക്കുന്നതിൽ സണ്ണി താത്പര്യം കാണിച്ചു പോന്നു.

വളരെ സാവധാനത്തോടെയുള്ള ആർച്ചയുടെ ചലനങ്ങളും സംഭാഷണങ്ങൾക്കിടയിലെ കരുതലുകളും, ഇടക്കിടെയുള്ള കുഷ്യനിൽ തലചായ്ച്ച് മയങ്ങുന്ന ശീലവുമൊക്കെ തന്റെ കൈവെള്ളയിൽ കിടന്നാണവൾ ഉറങ്ങുന്നതെന്ന്  സണ്ണിയെ തോന്നിപ്പിച്ചു.

അവളുടെ  കൂമ്പുന്ന കണ്ണുകൾ മിഴിയുന്നുവെന്ന് കണ്ടാൽ തന്റെ കോസടിക്കുള്ളിൽ മുളഞ്ഞ് അവളെക്കൊണ്ട് തന്നെ തിരയിക്കുന്ന വിനോദം ബാല്യകാലരംഗങ്ങൾ കണ്ണുകളിൽ പെട്ട പോലെ സണ്ണി ആസ്വദിച്ചറിഞ്ഞു.

“നമ്മൾ കള്ളനും പോലീസും കളിക്കാണോ..?” രഹസ്യമെന്നോണം അവൾ നിഷ്കളങ്കതയോടെ ചോദിക്കുന്നത് കേൾക്കുവാനുള്ള അടവുകൂടിയായിരുന്നു സണ്ണിക്കാ  വിനോദം.

അവളോടുള്ള ഇഷ്ടം മൂക്കുമ്പോഴെല്ലാം അവളുടെ കവിളുകളിൽ തന്റെ ചുണ്ടുകളുടെ വിരല്‍ സ്പർശം അറിയിച്ചുകൊണ്ടേയിരുന്നു.

“എന്റെയുള്ളിലെ തീയണയ്ക്കുവാനായി വീശുന്ന കാറ്റ് തണുപ്പിക്കുന്ന പോലെ അനുഭവപ്പെടുന്നു സണ്ണിയുടെ ഈ കുട്ടിത്തം.”

അവൾ കണ്ണുകൾ വിടർത്തി ചിരിച്ചു.

എന്നിട്ടവൾ അയഞ്ഞ പൈജാമയുടെ പോക്കറ്റിൽ നിന്ന് ച്യൂയിംഗം കവറഴിച്ച് വായിലേക്കിടുന്നതും അതിലെ മധുരം ഊറ്റിക്കുടിച്ച് നിമിഷങ്ങൾക്കകം തന്നെ തുപ്പികളയുന്നതുമായ കാഴ്ച സണ്ണിയെ എന്നത്തേയും പോലെ പൊട്ടിച്ചിരിപ്പിച്ചു.

പലപ്പോഴും  മധുരം വലിച്ചെടുത്ത ചണ്ടി നാവിന്റ്റെ അറ്റത്തേക്ക് നീട്ടി “വേണോ സണ്ണീ” എന്ന് ചോദിക്കുന്നതും  അവൾ ശീലമാക്കി കഴിഞ്ഞിരിക്കുന്നു.

അയാൾ പുഞ്ചിരിയോടെയത് നിഷേധിക്കുകയോ ടിഷ്യുവെടുത്ത് സ്ക്രീനിൽ തൊടുവിച്ച് അവളുടെ നാവിൽ നിന്നെടുക്കുന്നതായി ഭാവിച്ച്  ഡസ്റ്റ് ബിന്നിൽ കളയുകയോ ചെയ്താൽ  അവൾ കൊച്ചുകുഞ്ഞിനെപ്പോലെ സന്തോഷിച്ചു..

അപ്പോഴെല്ലാം   കണ്ണുകൾ നിറഞ്ഞൊഴുകും വിധം പൊട്ടിച്ചിരിച്ചുകൊണ്ടവൾ സോഫയിൽ വീണുമറിഞ്ഞു.

ആർച്ച മനസ്സ് നിറയുംവിധം സംസാരിക്കുകയും ആഹ്ലാദിക്കുകയും ചെയ്തുവെന്ന് ബോധ്യമായാൽ ആ നെറുകയിൽ ചുംബിക്കാനെന്നോണം സ്ക്രീനിൽ ചുണ്ടുകൾ അമർത്തി നിദ്രയിലേക്കുള്ള അച്ചടക്കനീക്കങ്ങൾ സണ്ണി തുടങ്ങുകയായി.

തന്റെ  നനുത്ത കോസടിയെടുത്ത് അവളെ പുതപ്പിക്കുകയാണെന്ന വ്യാജേന അവളുടെ കാല്‍പാദത്തിൽ നിന്നും മാറുവരെ പുതപ്പിക്കുകയും, മയക്കത്തിൽ വീണുകൊണ്ടിരിക്കുന്ന അവളുടെ അയഞ്ഞ വിരലുകളെ കോർത്തുപിടിച്ച് സാമിപ്യം അറിയിക്കുകയും ചെയ്ത് അവൾ ഉറങ്ങുന്നതിനായി കാത്തിരുന്നു.

“സണ്ണീ, നീ നിന്റെ വിരലുകൾ സ്ക്രീനിൽ തൊടുവിച്ച് എന്റെ വിരലുകളെ കോർക്കുകയാണെന്ന ധാരണ നൽകുമ്പോൾ വല്ലാത്തൊരു സുരക്ഷിതത്വബോധം ഞാൻ അനുഭവിക്കുന്നു..”

പാതിയടഞ്ഞ കണ്ണുകളിലൂടെ അയാളെ നോക്കി അവൾ പിറുപിറുത്തു.

“ഞാൻ നിന്നെ പ്രണയിക്കുകയാണെന്ന ഭയം നിനക്കുണ്ടായിരുന്നുവല്ലേ..?”

സണ്ണി അവളുടെ മയക്കത്തെ തടസ്സപ്പെടുത്തികൊണ്ട് പൊട്ടിച്ചിരിച്ചു..

കോസടിയിൽ നിന്ന് ദേഹം പുറത്തേടുക്കുകയാണെന്ന വ്യാജേന അവൾ സോഫയിൽ ചടഞ്ഞിരുന്ന് സണ്ണിയെ നിരീക്ഷിച്ചു.

“ആയിരുന്നു ആർച്ച…പറഞ്ഞറിയിക്കാനാവാത്ത രീതിയിലുള്ളൊരു വികാരം എനിക്ക് നിന്നോടുണ്ടായിരുന്നുവെന്നത് നേരാണ്..പക്ഷേ..നീ എന്ന മുയൽകുഞ്ഞിന്റെ ഓമനത്വം മനസ്സിലാക്കി ഞാനെന്റെ അവിവേകബുദ്ധിയെ കീഴ്പ്പെടുത്തി.“

അവളുടെ മുയൽക്കണ്ണുകളിൽ നിന്ന് നിശ്ശബ്ദമായി ഒഴുകിവരുന്ന കണ്ണീർ തുടക്കുവാനായി സ്ക്രീനിലേക്ക് ആഞ്ഞുവെങ്കിലും  തുടച്ചുകൊടുക്കാവാനാവാതെ സണ്ണി പെട്ടെന്നു തന്നെ സ്കൈപ്പിൽ നിന്ന് ലോഗ് ഓഫ് ചെയ്തു..!

ഇല്ലെങ്കിലവൾ തങ്ങളുടെ സംഭാഷണങ്ങൾക്ക്  തുടർച്ചയെന്നോണം ഇനിയും  കുഷ്യനിൽ നെഞ്ചമർത്തി കിടന്ന്  തോരാതെ സംസാരിച്ചുകൊണ്ടിരിക്കും..

മുഖത്തേക്ക് വീണുകൊണ്ടിരിക്കുന്ന അഴിഞ്ഞ മുടിയിഴകളെ ചുണ്ടുകൾകൊണ്ട് കടിച്ചുപിടിച്ച് വേഗം വേഗം ശ്വാസോച്ഛ്വാസം ചെയ്യാൻ തുടങ്ങും..

ഒരുതരം അസാധാരണത്വവും സംഭവിക്കാത്തപോലെ സണ്ണി ഉടനെതന്നെ ഇന്റർനെറ്റ് ബാങ്കിംഗ് വഴി  മുംബൈ അപ്പോളൊ ഹോസ്പിറ്റലിലേക്ക് ആർച്ച എന്ന ഹൃദ്രോഗിക്ക്  ആ മാസത്തിൽ ആവശ്യം വരുന്ന ചികിത്സാതുക ട്രാൻസ്ഫർ ചെയ്തു.

“എന്റെ മുയൽക്കുഞ്ഞിനെ എനിക്കു വേണം..”

അവളുടെ ജീവൻ നിലനിർത്തുവാന്‍ താന്‍ പണം അയയ്ക്കുന്നത്  അവൾ അറിയരുതേയെന്ന് പ്രാർത്ഥന

.

നേർത്ത ചിരിയുടെ തുടർച്ചയായി സണ്ണി വീണ്ടും ചിരിക്കുവാൻ ശ്രമിച്ചു.

പകുതി കണ്ട മായാസ്വപ്നങ്ങളുടെ തുടർച്ചയെന്നോണം ആർച്ചയും പുഞ്ചിരിച്ചു. ഉറക്കത്തിനിടയിൽ ആർച്ച നീണ്ടുനിവർന്ന് തിരിഞ്ഞുകിടക്കുന്നതും  പൈജാമ വലിച്ചിറക്കുന്നതും സ്കൈപ്പിൽ ലോഗ് ഇൻ ചെയ്യാതെ തന്നെ സണ്ണിക്ക് കാണാമായിരുന്നു..

അവളുടെ  ഹൃദയഭാഗത്ത് പതറാതെ പതിഞ്ഞ് കിടക്കുന്ന ആത്മവിശ്വാസം എന്നും അയാൾക്ക് അത്ഭുതമായിരുന്നു…!

.............................

<<< സ്കൈപ്പ്  >>> മെയ് ലക്കം “ മഴവില്ല് “ ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...