Saturday, February 9, 2013

ചിത്തഭ്രമം..
ചിന്തകൾക്ക്‌ മേൽക്കൂര പൊങ്ങിയിട്ടും ഒരക്ഷരം പോലും കടലാസ്സിൽ പതിയാൻ
കൂട്ടാക്കുന്നില്ല. എഴുതുവാനുള്ള ആവേശം കെട്ടടങ്ങിയതോ അതോ, 'അശ്രീകരം' എന്ന ആക്ഷേപങ്ങൾക്കുമുന്നിലെ നിസ്സംഗതയോ..?

ജീവിതത്തിൽ ആദ്യമായി ഏകാന്തതയുടെ കുരുക്കിൽ അകപ്പെട്ട പ്രതീതി....

എനിക്കറിയാം, നീ എന്നെക്കുറിച്ചാണ് ഓർക്കുന്നതെന്ന്... അല്ലെടീ പാറുപ്പെണ്ണേ..

ഇരുമ്പുജനലഴികളിലൂടെ ശബ്ദശകലങ്ങൾക്കൊപ്പം വേഗതയിൽ തെറിച്ചുവീണ
വിയർത്തുനനഞ്ഞ ബലമുള്ള ഒരു കൈ വിരിച്ചിട്ടിരിക്കുന്ന മുടിയിൽ
പിടിച്ചു വലിച്ച്‌ വേദനിപ്പിച്ചപ്പോൾ ആന്തിപ്പോയി.
നാഡീഞരമ്പുകളിലൂടെ ഒരു വൈദ്യുതിതരംഗം ഇടിമിന്നലായ് പാഞ്ഞ പോലെ..

ഹൊ, ഈ ബാലമ്മാമൻ ന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ, ഞാൻ അമ്മയോട്‌ പറഞ്ഞുകൊടുക്കും ട്ടൊ.. "

പാതി കരച്ചിലിന്റെ വക്കിൽ അരിശവും സങ്കടവും പ്രകടിപ്പിക്കുമ്പോഴേക്കും ബാലമ്മാമൻ തലതാഴ്ത്തി ജനൽച്ചുവരിന് ഓരം പിടിച്ച്‌ ഓടിപ്പോയിരുന്നു. നഗ്നമായ കാലടികൾ വളപ്പിലെവിടെയോ മറഞ്ഞു.

നാലുനാൾ അടുപ്പിച്ച്‌ അവധി കിട്ടിയ ആശ്വാസത്തിൽ വീട്ടിൽ ഓടിക്കയറിയതും
നേരിടേണ്ടിവന്നത്‌ സമനില തെറ്റി ബഹളം കൂട്ടുന്ന ബാലമ്മാമന്റെ നിലവിട്ട പ്രകടനങ്ങളെയായിരുന്നു.
പൊതുവെ ശാന്തപ്രകൃതനായി മാത്രം കണ്ടിട്ടുള്ള ബാലമ്മാമനെ പട്ടം കണക്കെ നിയന്ത്രണമറ്റ് ഉയർന്നു താഴ്ന്നും കൊണ്ടുള്ള അവസ്ഥയിൽ കണ്ട് പരിസരം മറന്ന് പൊട്ടിക്കരഞ്ഞു.
അതിനിടയാക്കിയ സംഭവം അറിഞ്ഞപ്പോൾ തരിച്ചിരുന്നുപോയി.


വീട്ടിനുള്ളിലൊരു സ്വപ്നലോകം കെട്ടിപ്പടുത്ത് , ജനൽ ചതുരത്തിലൂടെ കാണുന്ന സ്വർണ്ണംപൂക്കും കൊന്നമരച്ചുവട് വരെ മാത്രം തന്റെ ആശയുടെ വർണ്ണത്തൂവലുകൾക്ക് നിറപ്പകർച്ചയേകി കഴിയുകയായിരുന്ന ബാലമ്മാമന്റെ പതിനേഴ് കഴിഞ്ഞ മകൾ ഉമ സ്വകാര്യ ഗർഭം ധരിച്ചിരിക്കുന്നു.
അവളുടെ ശ്വസിക്കുന്ന വയർ ഉടുതുണികളെ മറികടന്ന് കണ്മുനകൾക്ക്‌ കാഴ്ചയായപ്പോഴാണ് വിവരം വെളിപ്പെടുന്നത്‌.
പേറ്റുനോവ് സഹിക്കാനോ മാതൃസ്നേഹം വിളമ്പാനോ പാകതയെത്താത്ത ഒരു പെൺകുട്ടിയുടെ ദുർവ്വിധിയെ പഴിച്ച്, മകളുടെ പാഴായിപ്പോയ ഭാവിയെ ഓർത്ത്, അവളെ പെറ്റ സ്വന്തം വയറിനെ ശപിച്ച് കുഞ്ഞമ്മ പകൽ മുഴുവൻ കരഞ്ഞു.
കോപം കത്തുന്ന നനഞ്ഞ കണ്ണുകളോടെ പഠിച്ച പണികളെല്ലാം പയറ്റിയിട്ടും മകളെ ചതിച്ചവൻ ആരെന്നറിയാനുള്ള കുഞ്ഞമ്മയുടെ ശ്രമങ്ങൾ നിർവ്വീര്യമായിക്കൊണ്ടിരിക്കെയാണ് ബാലമ്മാനിൽ മതിഭ്രമത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
ചോദ്യം ചെയ്യലുകൾക്കും കലഹങ്ങൾക്കും നടുക്ക് ബാലമ്മാമൻ ഉറക്കം നടിച്ച്‌ അങ്ങനെ കിടന്നു.
തലയ്ക്കും കണ്ണുകൾക്കും മൂടാപ്പ്‌ വന്നുപെട്ടതുപോലെ അകത്തളങ്ങളിലും തൊടിയിലും പിറുപിറുത്തും ബഹളം വെച്ചും ഓടി നടന്നു.
തളരുമ്പോൾ ഒരു കുഞ്ഞെന്ന പോലെ കുഞ്ഞമ്മയുടെ മടിയിൽ വന്നണഞ്ഞു..


 കുഞ്ഞമ്മയുടെ മാനസികപീഢനങ്ങൾ താങ്ങാനാവാതെ ഒരു മരപ്പാവയായി തീർന്ന ഉമ ഒരു വെളിപ്പെടുത്തലിന് ഒരുമ്പെടുന്ന നിമിഷത്തിലാണ് ബാലമ്മാമനിൽ അതുവരെ കാണാത്ത രോഷഭാവങ്ങൾ പെട്ടെന്ന് പ്രകടമായത്‌.

"കൊല്ലും ഞാനവളെ..." വാക്കത്തിയേന്തി അയാൾ അലറി വിളിച്ചു.

 തെറ്റുകാരിയെങ്കിലും മകളെ കുരുതി കൊടുക്കുവാനും ഭർത്താവിനെ കൊലപ്പുള്ളിയാക്കി തീർക്കാനുമുള്ള മനോധൈര്യം ഇല്ലാത്തത് കൊണ്ട്‌ ഉമയെ ഇപ്പോൾ കൺവെട്ടത്തു നിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
ഉമയുടെയും ബാലമ്മാമയുടെയും ദീനങ്ങൾക്കിടയിൽ ഉരുകി നീറിക്കൊണ്ടിരുന്ന കുഞ്ഞമ്മ ഭർത്താവിനെ നിഴലായി നിന്ന് പരിചരിച്ചു.
  

പോകെപ്പോകെ ബാലമ്മാമയുടെ വികൃതികൾ തൂലികക്ക്‌ തടയിട്ടു കൊണ്ടിരിക്കുന്നു. ചിലപ്പോൾ മടുപ്പിക്കുന്ന സ്നേഹപ്രകടനങ്ങൾ,
ചിലപ്പോൾ ഒരു നീരാളിയെപ്പോലെ കഴുത്തിന് ചുറ്റും ഇറുക്കി ആനന്ദിക്കുന്ന പേക്കൂത്തുകൾ...,
ഉത്തരം തേടിക്കൊണ്ടിരിക്കുന്ന കെട്ടുപിണഞ്ഞ വിചാരങ്ങളിൽ നിന്നും മോചനം നേടാൻ എന്റെ തൂലികയ്ക്കാവേണ്ടിയിരിക്കുന്നു...
ആ വ്യക്തിത്വം ഈ പേനത്തുമ്പിൽ പതിഞ്ഞുവെന്നറിഞ്ഞാൽ അമ്മ ശകാരിച്ചേക്കാം ,
മൗനമായാണെങ്കിലും കുഞ്ഞമ്മ പ്രാകാനും മതി.


ചിന്തകൾ പിന്നേയും കൂടുകൂട്ടുന്നു....
ഭാവനകൾക്കും ആശയങ്ങൾക്കും പിടി തരാതെ അക്ഷരക്കൂട്ടങ്ങൾ ഓടിയൊളിക്കുന്നു.
ഇത്തരം ശപിക്കപ്പെട്ട നിമിഷങ്ങൾ ആരേയും ഭ്രാന്ത് പിടിപ്പിക്കും..
തലയ്ക്കകത്ത്‌ ആരവങ്ങൾ..
രാവേറുന്തോറും ഉള്ളിൽ ഇരുട്ടേറുന്നു..
സ്വതന്ത്രമായി ശ്വസിക്കാൻ അനുവദിക്കാത്തവണ്ണം ഓരോ നിശ്വാസത്തിലും ചൂട്‌ പടരുന്ന പോലെ..
നേർത്ത പനിക്കുളിരു കാൽപാദങ്ങളിലൂടെ മാറിലേക്കെത്തിപ്പെട്ടിരിക്കുന്നു.
ആശങ്കകളില്ലാത്ത കാമുകനെ പോലെ  പനിച്ചൂട്  പതിയെ  നെറ്റിത്തടത്തിലും വ്യാപിച്ച് തുടങ്ങിയിരിക്കുന്നു.
പനിയുടെ ഈറൻസ്പർശം എനിയ്ക്കിഷ്ടമായിരുന്നു എന്നും.
പ്രണയാർദ്രമായ ശരീരത്തെ ചുംബിച്ചുണർത്തുന്ന ഒരു അനുഭൂതി മെല്ലെ തലോടുന്നതുപോലെ..
അന്തരീക്ഷം പനി മണത്താൽ ശരീരം കിടക്കയിൽ നിന്നുയരാതെ  അവശത കാണിക്കുമെങ്കിലും പുലർക്കാലെയുള്ള ഒരൊറ്റ മുങ്ങിക്കുളി കൊണ്ട്‌ ഈ രാപ്പനിയെ മുക്കിത്താഴ്ത്താവുന്നതേയുള്ളു..


തണുത്തുമരവിച്ച മനസ്സിനെ വീണ്ടും തളർത്തിക്കൊണ്ടിരിക്കുകയാണ് നാഡീഞരമ്പുകൾ..,
കൺപോളകൾക്ക്‌ വിശ്രമം ആവശ്യപ്പെടുന്നത് പോലെ മിഴികൾ കൂമ്പിയടയുന്നു, തളർന്നുറങ്ങാൻ അത്യാഗ്രഹിക്കുന്ന ശരീരത്തെയും പാതിയടയുന്ന കണ്ണുകളെയും ചൂഴ്‌ന്നെടുക്കാനെന്ന പോലെ രാവിന്റേതല്ലാത്ത തറക്കുന്ന ദൃഷ്ടിയും പരിചിതഗന്ധവും...,
നെറ്റിമേൽ പരുപരുത്ത ഒരു വിരൽസ്പർശം..,
അഴിഞ്ഞ്‌ മാറിൽ വിതറിക്കിടക്കുന്ന മുടിയിഴകൾ വകഞ്ഞുമാറ്റുന്ന കരലാളനകൾ, ഇരുളിന്റെ മുറിയിൽ പനിയുടെ മറവിൽ പരിചിതമായ വിയർപ്പിന്റേയും കാച്ചിയ കുഴമ്പിന്റെയും ഗന്ധം..

എന്താണിത്...?

അവശത മറന്ന്  ഉടൽ ഇരുളിലേക്ക്‌ കുതിച്ചുയർന്നു. 

"അമ്മേ....."

പാതിയറ്റ പ്രാണനിൽ വരണ്ട വായ് അലറി നിലവിളിച്ചു..
വാടിത്തളർന്ന ശരീരത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്ന കൈകളൊന്ന് അയഞ്ഞു..!


 " പാറോ..പാറുക്കുട്ട്യേ.... വെർതെ നിലവിളിച്ച്‌ അമ്മടേത്ത്ന്ന് വഴക്ക്‌ കിട്ടണ്ടാ ട്ടൊ..
വയ്യേയ്ച്ചാൽ നിനക്കത്‌ പറഞ്ഞാൽ മതീല്ലേ..എന്തിനാപ്പൊ നെലവിളിച്ച്‌ എല്ലാരേം ഉണർത്തണത്‌..
ങാ..ദാ..നെന്റെ അമ്മ വന്നിരിക്കുണൂ.. ഇനി മുണ്ടാണ്ട്‌ ഒറങ്ങാൻ നോക്ക്‌..
നീ ന്റേം ഉറക്കം കളഞ്ഞൂ ട്ടൊ..."

 
ഇരുളിൽ ബന്ധുത്വത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെത്തിയ ഒരു ഭ്രാന്തന്റെ ക്രൂരമായ സാന്ത്വനം..

"ഇപ്പഴും കുട്ടിയാന്നാ വിചാരം നോക്ക്‌ ഏടത്തിയേ , ഒന്നു പനിക്കുമ്പോഴേക്കും പനിച്ചൂടിൽ അലമുറകൂട്ടുന്ന  ഈ പെണ്ണിന്റെയൊരു കാര്യം..
ചുക്ക്‌ കാപ്പി കുടിച്ചാൽ ബേധാവില്ലേ... , ഒണ്ടാക്കി കൊട്ക്കാർന്നില്ലേ.. "

ബഹളം കേട്ട്‌ ഓടിയെത്തി ലൈറ്റിട്ട അമ്മയോട്‌ വിവരം പറഞ്ഞ്‌ ബാലമ്മാമൻ മുറിവിട്ടിറങ്ങി.
കണ്ണുകളിൽ തുളച്ചു കയറുന്ന ബൾബിന്റെ മഞ്ഞ വെളിച്ചം ഒരു തീച്ചൂളയായി അനുഭവപ്പെടുന്നു.


അമ്മയ്ക്ക് പിറകിൽ മറഞ്ഞു നിന്ന കുഞ്ഞമ്മ ആ തോളിലേക്ക്‌ വീണു വിതുമ്പി..


"ക്ഷമിക്ക്യ..പൊറുക്കെന്റെ കുഞ്ഞേ....."

കതകിന് ചാരി നിശ്ശബ്ദയായി കുത്തിയിരിക്കുന്നു, അമ്മ. 


ഉമ്മറത്തെ വാതിൽ ശക്തിയായി തള്ളിത്തുറന്ന് ആരോ പുറത്ത് പോകുന്നു..


പോക്കുവരവുകളെ തടയുവാൻ ത്രാണിയില്ലാതെ രണ്ടു സ്ത്രീകൾ അതേ ഇരുപ്പിരുന്നു..!


'നീ കഥ എഴുതിക്കൊ ന്റെ പാറോ...'
'എഴുതി തുടങ്ങേച്ചീ....'
ഭ്രാന്തനും മരപ്പാവയും പ്രചോദനത്തിന്റെ സാക്ഷയിളക്കി വഴിയൊരുക്കുന്നു.

 
"അരുതു മോളേ.." അമ്മയും കുഞ്ഞമ്മയും കണ്ണീർത്തടം തീർത്ത് കുറുകെ....

 

ലജ്ജയും അമർഷവും വെറുപ്പും വിദ്വേഷവും കലർന്ന ആർത്തലക്കുന്ന വികാരങ്ങൾക്കിടയിൽ തൂലിക പ്രകമ്പനം കൊണ്ടു.
ഓർമ്മകളുടെ ഇരച്ചുകയറ്റം പോലെ പുറത്ത് മഴയുടെ ആരവം.
പുലർക്കാലം വരെ കാത്തുനിൽക്കാതെ പനി ഒഴിഞ്ഞുപോയിരിക്കുന്നു. തനിയാവർത്തനങ്ങൾ ഇനിയുമുണ്ടായിക്കൂടാ, അശ്രീകരം എന്ന് ലോകം വിധിക്കുമെങ്കിലും വിളിച്ചുപറയേണ്ടിയിരിക്കുന്നു എല്ലാം...


ആശയത്തിന്റെ പാൽവെളിച്ചം വീണ കടലാസിൽ ഉമ്മവെച്ചുകൊണ്ട് പാർവ്വതി എഴുതാനിരുന്നു. 

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...