Friday, June 8, 2012

ശങ്കു....ഉണ്ണി....

പാർട്ടി തുടങ്ങി മണിക്കൂറുകൾ ആവും മുന്നെ യാത്ര പറഞ്ഞ് വണ്ടിയിൽ കയറാൻ തുടങ്ങിയപ്പോഴേയ്ക്കും ഡോക്ടറുടെ ഭാര്യ ഓടിയെത്തി....

എന്തോ ഓർമ്മിപ്പിയ്ക്കുവാനാണെന്ന് തോന്നിപ്പിച്ചു .

നിങ്ങളോട് എനിയ്ക് അനുകമ്പ തോന്നുന്നു....” - അവർ തുടങ്ങി

അതെസ്വതസിദ്ധമായ ലജ്ജ എന്നെ മറ്റുള്ളവരിൽ നിന്ന് അകലാൻ പ്രേരിപ്പിയ്ക്കുന്നു. അതാണ്  ഞാൻ ഇങ്ങനെ...”
  
ഇവളുടെ കണ്ണുകൾക്കും ചുണ്ടുകൾക്കും മാത്രമല്ല നാവിനും ലജ്ജയോ- ആ സ്ത്രീ അതിശയപ്പെട്ടു..

നീ എത്ര ഭാഗ്യം ചെയ്തിരിക്കുന്നു....?!
നിനക്ക് കുട്ടികളില്ല നീ എത്ര സ്വതന്ത്രയാണ്
നിനക്ക് തോന്നുമ്പോഴെല്ലാം കിടന്നുറങ്ങാം....
സിനിമകൾ മാറുമ്പോഴെല്ലാം കാണാൻ പോകാം...
കടകളിൽ കയറി ഇറങ്ങാം...
സുഹൃത്തുക്കളുടെ  വീടുകൾ സന്ദർശ്ശിയ്ക്കാം...
സൽക്കാരങ്ങളിൽ പങ്കെടുക്കാം...
ശകാരങ്ങളും സങ്കടങ്ങളും  കൊണ്ട്  രക്തസമ്മർദ്ദം കൂടണ്ട..."

നിനക്ക്…...,

"ഒരു കനത്ത സ്വരത്തെ മാത്രം ഭയന്നാൽ മതിയല്ലോ...
ഭംഗിയുള്ളതോ അല്ലാത്തതോ., - ഒരു മുഖത്തെ മാത്രം ഭംഗിയുള്ള പല്ലുകൾ കാണിച്ച് ചിരിച്ചാൽ മതിയല്ലോ..
ഇഷ്ടക്കേടെങ്കിലും ഒന്നിച്ച് ഒരു സായാഹ്ന സവാരിയിൽ ഏർപ്പെട്ടാൽ മതിയല്ലോ..”

തുറന്നു വിട്ട അണക്കെട്ടിലെ വെള്ളപ്പാച്ചിൽ പോലെ അവർ കണ്ണുകൾ വിടർത്തി കൈകലാശങ്ങൾ കാട്ടി നിർത്താതെ പുലമ്പുന്നു..

"സുപ്രസിദ്ധമായ  ഒരു അപരനാമത്തിൽ നിന്നെ പോലെയുള്ള സ്ത്രീകൾ ആക്ഷേപിയ്ക്കപ്പെടുന്നുവെങ്കിലും നീ  അത് കാര്യമാക്കണ്ട..
നിന്റെ സ്വതന്ത്ര ജീവിതത്തോടുള്ള  അസൂയയും വെറും പരിഹാസവുമാണതെന്ന് കണക്കാക്കി  ഈ സുന്ദര ജീവിതം ആസ്വാദിയ്ക്കു......"

ആശ്രിതർക്ക് അപരനാമ സംബോധനയോ..?
കേട്ട മാത്രയിൽ ഹൃദയം വിങ്ങുന്നു.. വേദന ത്രസിയ്ക്കുന്നു..

നിസ്സഹായതയുടെ അധീനതയിൽ പെട്ടു പോയ ആശ്രിത......

ബോധപൂർവ്വമല്ലെങ്കിലും  വർദ്ധിച്ച ദുഃഖഭാരം അറിഞ്ഞിടാത്തതെന്ത്..?
.. നിങ്ങൾ തെറ്റിദ്ധരിയ്ക്കപ്പെട്ടിരിയ്ക്കുന്നു....
ഉണ്ണികളില്ല എന്ന ഒരൊറ്റ കാരണത്താൽ ഞാൻ പല വീടുകളിലും അപരിചിതയായി  തീർന്നിരിയ്ക്കുന്നു..
എന്റെ ലജ്ജയെ പുഷ്ടിപ്പെടുത്തി  വളർത്തി കൊണ്ടുവരുന്നതും ഈ ഒരു നിസ്സഹായ അവസ്ഥ തന്നെ..

കല്ലുകളും മരങ്ങളും കൊണ്ട് തീർത്ത ഒരു ചെപ്പിൽ ഒളിച്ചു  കഴിയുകയാണ് ഞാൻ പലപ്പോഴും..
എന്റെ പ്രയാസം ഞാൻ  കനത്ത ചുമരുകളോട്  ക്ഷോഭിച്ച് അവരുടെ നെഞ്ചിൽ തന്നെ  എന്റെ മുദ്രകൾ പതിപ്പിച്ച് തീർക്കുകയാണ്

മതി സുന്ദരീ..നിർത്തിക്കൊള്ളു..
നിന്നെ ഞാൻ ബുദ്ധിമുട്ടിച്ചതിൽ ഖേദിയ്ക്കുന്നു..
നിനക്ക് സ്വാതന്ത്ര്യം പ്രകടിപ്പിയ്ക്കാൻ വശമില്ലെന്ന്  തോന്നുന്നു...“

ചായം പൂശിയ ചുണ്ടുകൾ കോട്ടി  അരണ്ട വെളിച്ചത്തിലേയ്ക്ക്  അവർ തിരിഞ്ഞു നടന്നു...

അമ്മേ....."

ഒരു പിൻവിളി....!

"അമ്മയ്ക്ക് അറിയില്ലേ കാലം മാറിയിരിയ്ക്കുന്നൂന്ന്..
രണ്ട് കുട്ടികളെ ഒക്കത്തും രണ്ട് കുരുന്നുകളെ വിരൽ തുമ്പുകളിലും തൂക്കി നടക്കുന്ന കാലം മാറിയിരിയ്ക്കുന്നൂട്ടൊ.. “

കാർ ഗേറ്റ് കടക്കുമ്പോള്‍ പിന്നേയും തിരിഞ്ഞു നോക്കി..
- അത്ശങ്കു  ആയിരുന്നില്ലേ..
- അവന്‍ ഇവിടേയും എത്തിയോ..?

എന്നും പാതി ഉറക്കത്തില്‍ തന്നെ വിളിച്ചുണര്‍ത്തുന്ന ഉണ്ണി..
ഏത് ഗാഢ നിദ്രയിൽ നിന്നും തന്നെ തട്ടിയുണർത്തി കളി പറഞ്ഞ് കൊഞ്ചി തരാട്ട് കേട്ടുറങ്ങുന്ന ശങ്കു..
ഉണർന്നാലും അവന്റെ മണം അനുഭവപ്പെടാറുണ്ട്..
അദൃശ്യനായി അവൻ തന്റെ സാരിത്തുമ്പ് വലിച്ച് മുറിയിൽ കൊണ്ടു പോയി കഥകൾ പറയിയ്ക്കാറുണ്ട്..

താനത് കൊച്ചു കഥകളാക്കി രൂപം കൊടുത്ത്  പുസ്തകം ആക്കാനുള്ള ശ്രമത്തിലാണ്..
കള്ളക്കണ്ണന്റെ കഥകൾ മ്യൂറൽ പെയിന്റിങ്ങായി ചുവരിൽ തൂങ്ങി കിടക്കുന്നൂ..
ചുവരിൽ ആണി തറയ്ക്കാൻ ഇടം ഇല്ലാത്ത വിധം നിറഞ്ഞു തുടങ്ങി.....

എല്ലാം അവളുടെ ഹോബികൾ..
ഒരു എക്സിബിഷൻ സംഘടിപ്പിയ്ക്കാൻ ആലോചനയുണ്ട്..
ഇപ്പോൾ സംഗീതത്തിലും കമ്പം കേറിയിട്ടുണ്ട്..
അകലെയുള്ള ഒരു സംഗീത ക്ലാസ്സിൽ പോയി തുടങ്ങിയിട്ടുണ്ട് അവൾ..”

അദ്ദേഹം കൂടെയുള്ള സ്നേഹിതർക്ക് പരിചയപ്പെടുത്തി കൊടുത്തത് ഓർക്കുന്നു..

താൻ ഒരു അനുസരണയുള്ള കുട്ടിയെ പോലെ അദ്ദേഹത്തെ മൌനിയായി അനുഗമിച്ച്  മറ്റുള്ളവരിൽ നിന്ന് വിട്ടകന്ന്  ഒരു ഇരിപ്പിടം സ്വന്തമാക്കി.... 

ആൾക്കൂട്ടത്തെ ഭയക്കാൻ തുടങ്ങിയപ്പോൾ ശങ്കുവിന്റെ അരികിലേയ്ക്ക് തിടുക്കപ്പെട്ട്  പുറപ്പെടുകയായിരുന്നു..
അവനെ താരാട്ട് പാടിയുറക്കാൻ..

അമ്പാടി തന്നിലൊരുണ്ണി..
അഞ്ജന കണ്ണനാം ഉണ്ണീ..
ഉണ്ണിയ്ക്ക് നെറ്റിയിൽ ഗോപിപ്പൂ..
ഉണ്ണിയ്ക്ക് മുടിയിൽ പീലിപ്പൂ..
……………..ഉറങ്ങുറങ്ങൂ എൻ ഉണ്ണീ
പീലി കണ്ണുകൾ പൂട്ടിയുറങ്ങെൻ കണ്ണേ
അവൻ ഓടി വന്ന് മടിയിൽ ചാഞ്ഞുറങ്ങുമപ്പോൾ..!

ശങ്കുവിനു പതിനാറ് തികഞ്ഞിരിയ്ക്കുന്നു.....
തന്റെ പുസ്തകങ്ങളുടെ എണ്ണവും മ്യൂറൽ പെയിന്റിങ്ങുകളുടെ എണ്ണവും കൂടി വന്നു..
പലയിടങ്ങളിലായി എക്സിബിഷനുകൾ
അവസരം കിട്ടിയപ്പോഴെല്ലാം സംഗീത വിരുന്നുകളിലും സാന്നിദ്ധ്യം അറിയിച്ചു.

നീ ഇനി പ്രായോഗിക ജീവിതം നയിയ്ക്കാൻതയ്യാറായിക്കോളൂ..
നീ ഒന്നു മനസ്സിലാക്കുക
ശങ്കു ജന്മം കൊണ്ടിട്ടില്ല അവൻ  വളർന്നിട്ടില്ല..
അവൻ ജനിച്ചതും വളർന്നതും നിന്റെ കാല്പനികതയിൽ..
നിനക്ക് സുപരിചിതമായിരിയ്ക്കുന്ന ശങ്കുവിന്റെ സ്വരവും ഗന്ധവും നീ എന്നന്നേയ്ക്കുമായി തൂടച്ചു മാറ്റേണ്ടിയിരിയ്ക്കുന്നു..“

ഞെട്ടി തിരിഞ്ഞു നോക്കി പോയി....

അദ്ദേഹം 'ഉണ്ണിയെ എതിരേൽക്കുവാനുള്ള  തയ്യാറെടുപ്പിലാണ്..
എന്റെ ശങ്കുവിനെ ഇല്ലാതാക്കാനുള്ള യത്നത്തിലും....

ഇത്രയും നാൾ എന്നേയും എന്റെ ശങ്കുവിനേയും എന്റെ  കലകളേയും  സ്നേഹിച്ചയാൾ…...
എന്റെ ശങ്കു ഇല്ലെങ്കില്‍ ഞാൻ ഇല്ല എന്റെ കലകളില്ല എന്ന്  മനസ്സിലാക്കിയിട്ടുള്ള ആൾ....

കൈയ്യെത്തും ദൂരത്തു നിന്ന്  ശങ്കു ചിരിയ്ക്കുന്നു..

അമ്മേ നിങ്ങള്‍ എത്ര സ്നേഹ നിധിയാണ്..
വാത്സല്ല്യ നിറകുടം..
ഈ സുന്ദര മുഖം വ്യസനപ്പെടുന്നത് കാണാൻ എനിയ്ക്ക് ആവില്ലമ്മേ..
നിങ്ങളുടെ സ്നേഹം ഒന്നു മാത്രമാണ്  എന്റെ ജീവൻ ഇത്രയും നാൾ നില നിർത്തിയത്..
ഇന്ന് ഞാൻ  ഈ സുന്ദര ജീവിതത്തിൽ നിന്ന് ഓടി പോവുകയാണ്..
വരും കാല മനോഹര ദിവസങ്ങളിൽ എന്റെ കൂടപ്പിറപ്പിന്  സ്നേഹം വിളമ്പുമ്പോൾ  അതെനിയ്ക്ക് കൂടി എന്ന് ഞാൻ കരുതി കൊള്ളാം..
അവനെ ചുംബിയ്ക്കുമ്പോൾ  ആ മുത്തം എന്റെ നെറുകയിൽ പതിഞ്ഞതായി അറിഞ്ഞു കൊള്ളാം..
ഇനി അമ്മയുടെ  സ്നേഹവും വാത്സല്ല്യവും 'ഉണ്ണിയ്ക്ക് ' മാത്രമാണ്..."

ഇടറാത്ത സ്വരത്തിൽ  അവൻ യാത്ര പറയുന്നു..!

പതിനാറാം പിറന്നാൾ  ദിനത്തിൽ മാർക്കണ്ഢേയൻ  തന്റെ ജീവൻ എടുക്കാൻ സന്നദ്ധനായി നിൽക്കുന്ന  യമരാജനോട് തന്റെ ജീവനുവേണ്ടി യാചിയ്ക്കുന്നു..
 
ഇവിടെ എന്റെ ശങ്കു  പതിനാറാം പിറന്നാൾ ദിനത്തിൽ  തന്റെ അമ്മയോട്  ജീവൻ എടുക്കുവാനായി യാചിയ്ക്കുന്നു....

ഈശ്വരാ..എന്നെ പരീക്ഷിയ്ക്കരുതേ......

 

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...