Friday, March 23, 2012

പൊട്ടിച്ചിരിയ്ക്കുന്നവൾ - “ ജിന്ന “


കഴുത്തു നിറയെ മണിമുത്തുമാലകൾ അണിഞ്ഞവൾ - “ജിന്ന “
മണിമുത്തുമാലകൾ പൊട്ടിച്ചിതറിയ പോൽ ചിരിയ്ക്കുന്നവൾ…ജിന്ന..!
രാത്രികാലങ്ങളിൽ പോലും അവൾ ആ മണിമുത്തുമാലകൾ അഴിച്ചു വെയ്ക്കാറില്ലത്രെ…,
“നിന്റെ തന്നെ കൈകൾക്കുള്ളിൽ പെട്ട് അവ പൊട്ടിച്ചിതറി നിന്റെ ഉറക്കം അസ്വസ്ഥമാക്കുകയില്ലേ “..?

ജിന്ന പൊട്ടിച്ചിരിച്ചു,,

“ എന്റെ മണി മുത്തു മാലകൾ എന്റെ തന്നെ കരങ്ങൾക്കുള്ളിൽ കെട്ടു പിണഞ്ഞ് പൊട്ടി പോകാതിരിയ്ക്കാൻ എന്റെ കണ്ണുകൾ ഞാൻ രാത്രി കാലങ്ങളിൽ പോലും തുറന്നു വെയ്ക്കുന്നു..
കാക്കക്കൂട്ടത്തിൽ കല്ലെറിഞ്ഞപ്പോഴത്തെ പോലെ ചിതറി തെറിച്ചു പോയ എന്റെ സ്വപ്നങ്ങളെ നോക്കി രസിയ്ക്കുകയാണ് എല്ലാവരും,,
മങ്ങിയ വെട്ടത്തിൽ ഞാനവയെ മുത്തുകളാക്കി പെറുക്കിയെടുത്ത് കോർത്തണിയുന്ന മാലകളാണ് എന്റെ അലങ്കാരം...
എന്റെ മെത്തയെ പോലും നോവിപ്പിയ്ക്കുന്നത് പൊട്ടിച്ചിതറി പോയ വൈകാരിക ബന്ധങ്ങളാണ്..
മുത്തുമണി മാലകൾ അണിയുമ്പോൾ ഞാൻ തനിച്ചാണ്..
ജിന്ന പൊട്ടിച്ചിരിച്ചു…!

“ഇവളാണ് പൊട്ടിച്ചിരിയ്ക്കുന്നവൾ ജിന്ന…! “


ഒരിയ്ക്കൽ ജിന്ന വീട്ടു തടങ്കലിൽ പെട്ട് മരിയ്ക്കാറായപ്പോൾ ആരൊ വന്ന്
 “ദാ…ഇവിടെ ഞാനുണ്ട് “ എന്ന ആശ്വാസ വചനങ്ങൾ കൊണ്ട് അഴികൾ നീക്കി അകത്തു കയറി…!
കടുത്ത അന്ധകാരം നിമിത്തം ആ മുഖം അവ്യക്തമായിരുന്നു..
വിരൽത്തുമ്പുകളിൽ മഴത്തുള്ളി സ്പർശം..
കാതുകളിൽ തേങ്ങലുകളും, ഇരമ്പുലുകളും..
മണിമുത്തുകൾ ചിതറി കളിയ്ക്കുന്ന ഇക്കിളികളും ഒന്നിടവിട്ടങ്ങനെ..
അതെ, രാമഴയുടെ അരങ്ങേറ്റം തന്നെ..
എങ്കിലും സ്പർശനത്താൽ ആ നിഴൽ രൂപം വ്യക്തം..
"ഇരുട്ടറയിൽ വരയ്ക്കുന്ന ചിത്രങ്ങൾ വ്യക്തമാവില്ല..”
വ്യക്തമാക്കു എന്ന് ആവർത്തിച്ചവരോട് അവൾ ശഠിച്ചു..
“മാത്രമല്ല, മനുഷ്യ രൂപങ്ങൾ വരയ്ക്കുവാനും, വരയ്ക്കപ്പെടുവാനും ഉള്ളതല്ല..“
ജിന്ന പൊട്ടിച്ചിരിച്ചു…!


“ജിന്ന ഗർഭം ധരിച്ചിരിയ്ക്കുന്നു..“
പിന്നാമ്പുറ മുറ്റത്ത് ആരൊ പാത്രം മോറിയൊഴിച്ച വെള്ളം മണ്ണ് നനച്ചപ്പോൾ മുതൽക്ക് അവൾ പറയുന്നൂ,
“ഹായ്…പുതു മണ്ണിന്റെ മണം..
നിയ്ക്ക് ഉരുളയുരുട്ടി കഴിയ്ക്കാൻ തോന്നുന്നു..”
കൂട്ടാൻ തിളച്ച് വാങ്ങി വെച്ചപ്പോൾ അവൾ മൂക്ക് ചുളിച്ചു..
ഇച്ഛകളും, ഗൊഷ്ടികളും , വാക്കുകളാലും പ്രവൃത്തികളാലും അവൾ തിട്ടപ്പെടുത്തി.,
“അവൾക്ക് സന്താന സൌഭാഗ്യം തരമായിരിയ്ക്കുന്നു..”


ഒമ്പത് തികഞ്ഞു..
“ജിന്നാ.. നീ പ്രതിമ പോലെ നിൽക്കാതെ നിന്നെ കൂട്ടി കൊണ്ടു പോകാൻ വന്നവരുടെ  കൂടെ ഇറങ്ങി കൊള്ളു..
ഇനിയങ്ങോട്ട് ഭക്ഷണത്തിനോട് വല്ല്യേ മോഹവും, ആശയുമൊന്നും വേണ്ട..
കിടപ്പും, മയക്കവും മതിയാക്കൂ..”
“ഇന്നത്തെ പരിപ്പും കുമ്പളങ്ങയും കൂട്ടി വെച്ച കൂട്ടാനിൽ അരപ്പ് ശരിയായിട്ടില്ല..
തികട്ടി വരുന്നു,,
അതോണ്ടാണെന്ന് തോന്നുന്നു…മയക്കം തരായില്ല…”
ജിന്ന പൊട്ടിച്ചിരിച്ചു…!


പാതിരായ്ക്ക് ഉയിർത്തെഴുന്നേൽക്കും പോലെ വിയർപ്പിൽ കുളിച്ച് കട്ടിലിനു കീഴെ പായ വിരിച്ച് കിടക്കുന്നവരെ കൈ നീട്ടി തട്ടിയുണർത്തി..
നിഴലുകളും, കാൽപ്പെരുമാറ്റങ്ങളും ധൃതിയിൽ നീങ്ങുന്നു,
നെടുവീർപ്പുകളും…വെപ്രാളങ്ങളും..
ഞരക്കങ്ങളും, മൂളലുകളും…
പിന്നെ സാവകാശം മുഖം തിരിച്ച് സാവധാനം നിദ്രയെ എത്തിപ്പിടിയ്ക്കുമ്പോഴേയ്ക്കും,,
തുടുത്ത കനിയെ തുണിയിൽ തുടച്ചെടുത്തു,,
“ഇവന് മുല കൊടുക്കുന്നുണ്ടോ ജിന്നാ…
അരികിൽ കുത്തി തിരുകി സ്ഥലം ഉണ്ടാക്കി കിടത്തിയിര്യ്ക്കുന്നു അതിനെ,,
നിയ്ക്കൊന്ന് ഉറങ്ങണ്ടെ..???
ജിന്ന പൊട്ടിച്ചിരിച്ചു…!


“തൊണ്ണൂറ് തികയാൻ നിക്കണൊ..?
ഒരുക്കങ്ങൾ തുടങ്ങിക്കൊള്ളു…
അത്യാവശ്യം വരുന്ന പ്രത്യേക സാധനങ്ങളുടെ മാത്രം ലിസ്റ്റ് ഉണ്ടാക്കി കൊള്ളു..”
കുറച്ചു ദൂരയാണ്..
അറുപത്തൊന്നിൽ തന്നെ വണ്ടിപ്പിടിച്ച് കെട്ടുകൾ കെട്ടി പെട്ടിയൊരുക്കി യാത്രയായി..
വലതു വശത്തെ അങ്ങാടി പിന്നിട്ടാൽ പിന്നെ അവിടെ എത്തും വരെ പരന്നു കിടക്കുന്ന നെൽപ്പാടങ്ങളും പച്ച കുന്നുകളും മാത്രം..
ഇടതു വശത്ത് പെട്ടി കടകളും ആളനക്കമില്ലാത്ത കട തിണ്ണകളും, വെട്ടിയിട്ട മരത്തടി കൂട്ടങ്ങൾ നിറഞ്ഞ മരമില്ലും പരന്ന വൃക്ഷ കൂട്ടങ്ങളും,,പാമ്പിനേയും ചേമ്പിനേയും ഭയക്കുന്ന തൊടികളും…!
എവിടേയും നിർത്താതെയുള്ള യാത്ര..
എന്നാലെന്താ..അലച്ചലുകളൊന്നും ഇല്ലല്ലോ...!
ജിന്ന പൊട്ടിച്ചിരിച്ചു….!


കണ്ടതും ‘എത്തിയോ…’ എന്ന് അതിശയപ്പെട്ടു തുറന്നിട്ട ജനൽ വാതിലുകൾ..
“വാ മോളേ..അവനെ ഇങ്ങു തരൂ…”
ആശ്ചര്യ കണ്ണുകൾ കൊഞ്ചിച്ചും ലാളിച്ചും വിചിത്ര ശബ്ദങ്ങൾ പുറപ്പെടുവിച്ചും കുഞ്ഞി ചുണ്ടുകൾ പിളർപ്പിയ്ക്കുവാൻ ശ്രമിപ്പിച്ചു.
“ഭാരം കൂടുതലാ..
അവളുടെ പിരു പിരുത്ത മുടി..
അവളുടെ മെലിഞ്ഞ വിരലുകൾ..
അവളുടെ നീണ്ട മൂക്ക്..
അവളുടെ തുടുത്ത കവിളുകൾ..
അവളുടെ ചത്ത കണ്ണുകൾ..
ങാ…എല്ലാം അവൾ തന്നെ,
അവൾ വരയ്ക്കാത്ത ചിത്രത്തിന്റെ മുഖം ഇവിടെ എവിടേയോ കറങ്ങുന്നൂ..
ലോക ബന്ധങ്ങൾ..കുടുംബ കണ്ണികൾ.. അറ്റു പോവാതിരിയ്ക്കട്ടെ..”
ജിന്നയുടെ നിറം മങ്ങിയ സാരി ചുഴിഞ്ഞു നോക്കിയവർ പിറുപിറുത്തു..
“പുതിയതാ..ഒറ്റ ഉടുക്കലിൽ ഛായം പോയി..“
മുടി വാരിക്കെട്ടി കതകു തള്ളി കിടപ്പുമുറിയ്ക്ക് ചുറ്റും കണ്ണുകൾ പായിച്ചു,,
“അവന് തുറസ്സായി ഉറങ്ങണം..
ഇല്ലെങ്കിൽ ഉറക്കം കളയും,
പിന്നെ കുടിച്ചു കൊണ്ടേ കിടക്കണം..
ഭയങ്കര ശാഠ്യക്കാരനാ..”
ജിന്ന പൊട്ടിച്ചിരിച്ചു…

“നിനക്ക് എന്തു പ്രതിഫലമാണ്‍ ഞാൻ നൽകേണ്ടത്..?
എനിയ്ക്ക് ഒന്നും നിശ്ചയമില്ല…എങ്കിലും നിന്നെ വിമുക്തയാക്കുബാൻ എനിയ്ക്ക് താത്പര്യമില്ല..
നീ വരയ്ക്കാത്ത ചിത്രങ്ങൾക്ക് ഇരുളിലിരുന്ന് നിറം പിടിപ്പിയ്ക്കൂ നീ..“
കുപ്പായം തള്ളികയറ്റുന്നതിനിടെ പല്ലുകൾ കടിച്ച് വായ് തുറന്നപ്പൊ സിഗരറ്റിന്റെ മണം..
“അവന് ഈ മണങ്ങൾ നല്ലതല്ല..”
ജിന്ന പൊട്ടിച്ചിരിച്ചു..!


ജിന്ന വീണ്ടും തടങ്കലിലായി …!


നൃത്തവും, ഗാനവും അവന്റേയും താത്പര്യങ്ങളായിരിയ്ക്കുന്നു..
എവിടെയിരുന്നാലും ആ ദിക്കിലേയ്ക്ക് തല തിരിയ്ക്കും..
ജിന്ന കാതോര്ത്തു ,,
പിച്ച വെയ്ക്കുന്ന കുഞ്ഞു കാൽ പെരുമാറ്റങ്ങൾ..
അതാ….ഓടി കളിയ്ക്കുന്നു..
ജിന്നയ്ക്ക് ചിരി അടക്കാനായില്ല..മിടുക്കൻ..!
മണിമുത്തുകൾ ചിന്നി ചിതറുന്ന ചാറ്റൽ മഴകൾ…രാമഴകൾ
ഈറൻ മണക്കുന്ന,, അന്ധകാരം ഭയക്കാത്ത,, വരയ്ക്കാത്ത മുഖം…
തെളിയാത്ത നിഴൽ അപ്രത്യക്ഷമായിരിയ്ക്കുന്നു…!


രാപകലുകൾ എന്നില്ലാതെ ജിന്ന മണിമുത്തുകൾ പെറുക്കി കൂട്ടി കണ്ണുകൾ കൂർപ്പിച്ച് മാലകൾ കോർത്തു കൊണ്ടേയിരുന്നു..
“ഹൊ…എത്ര മണി മാലകൾ…
ഇനി ഞാൻ ഇവയെ എവിടെ അണിയും..?
എന്റെ മെലിഞ്ഞ കഴുത്തിൻ ഭാരം കൂടുന്നു..
ഹ ഹ…എനിയ്ക്കെന്റെ സ്വപ്നങ്ങളെ ചുമക്കാൻ വയ്യെന്നോ…??? “
ജിന്ന പൊട്ടിച്ചിരിച്ചു…!


ആ ഇടയ്ക്ക് ജിന്നയുടെ ആങ്ങള വിവാഹിതനായി…
അന്ധകാരത്തിൽ പിടഞ്ഞ് മരിയ്ക്കാറായ ജിന്നയ്ക്ക് താത്കാലിക മോചനം തരമായി..
“എന്തിനവളെ അഴിച്ചു വിട്ടു..”..?
ഏടത്തിയുടെ ഭർത്താവും, വല്ല്യമ്മാവനും, വേണ്ടപ്പെട്ടവരല്ലാത്ത കാർന്നവന്മാരും നെറ്റി ചുളിച്ചു..
“മുറിയ്ക്ക് ദീനങ്ങലുടെ മണം..
ഒരു പരീക്ഷണം..,
അവൾ നല്ല പോലെ ആടും…പാടും…പിന്നെ പൊട്ടിച്ചിരിയ്ക്കും..
നല്ല പോലെ കുളിച്ചാൽ സുന്ദരിയാണ് താനും..
കുട്ടികളുടെ കളികൾക്കും ചിരികൾക്കും അപ്പുറം ഒരു മംഗള കർമ്മം നടക്കാൻ പോണു എന്ന വിളംബരം ഇവൾക്ക് നൽകാനാവും..
ഒരു സർക്കസ് കൂടാരത്തിൽ ഒരു കോമാളി നിർബന്ധം..
ഒരു കൌതുക വസ്തു എന്നതിനപ്പുറം ഒരു കോമാളിയായി ഇവൾ തന്നെ സൽക്കാര കർമ്മങ്ങൾ നടത്തട്ടെ..”
“നോക്കൂ….ഞാൻ വെടുപ്പയി തേച്ചുരച്ച് കുളിച്ചു
എന്നെ കാണാൻ ഇപ്പോൾ ചന്തം വെച്ചുവോ..? “
എന്റെ മണിമുത്തുമാലകൾ എന്നെ സുന്ദരിയാക്കുന്നുവല്ലേ…?

ജിന്ന പൊട്ടിച്ചിരിച്ചു…! 
ജിന്നയ്ക്ക്   ജീവൻ നൽകിയത് “കഥയാണ് “..
ജിന്നയെ പുറം ലോകം കാണിയ്ക്കൂ എന്ന് ആവശ്യപ്പെട്ട “ സിയാഫിന് “നന്ദി!
നിങ്ങൾ ജിന്നയെ ഉറ്റു നോക്കുമ്പോഴും ജിന്ന പൊട്ടിച്ചിരിയ്ക്കുകയാണ്
കണ്ടില്ലേ...ജിന്ന എത്രമാത്രം മണിമുത്തുമാലകൾ അണിഞ്ഞിരിയ്ക്കുന്നൂ..…!
Friday, March 9, 2012

അളിവേണി…!


“നിന്റെ മുടിയിഴകളിൽ ഞാൻ ചുംബിയ്ക്കുന്നു..
ഈ പട്ടു നൂലുകൾക്കിടയിലൂടെ വിരലുകൾ ഒഴുകുമ്പോൾ ഓരോ ഇഴകളേയും വേറിട്ട് എണ്ണിയെടുത്ത് കണ്ണുകളിൽ തൊട്ട് ചുംബിപ്പിയ്ക്കുവാൻ തോന്നിപ്പിയ്കുകയാണ്.”

“എന്തിനാ അങ്ങനെ തോന്നിപ്പിയ്ക്കുന്നത്…പെൺകുട്ടികളുടെ മുടിയിഴകൾ എവിടെയെങ്കിലും കണ്ടാൽ ‘അശ്രീകരം’ എന്നേ അച്ഛൻ തുടങ്ങൂ..
അത്രയ്ക്ക് ദേഷ്യാണ്…കണ്ണു തുറിയ്ക്കും..
ഭക്ഷണത്തിൽ എങ്ങാനും ഒരിഴ പെട്ടാൽ….ഈശ്വരാ…പറയും വേണ്ട…
എനിയ്ക്കാണേൽ അത് കാണുന്നതേ പേടിയാ…!
കുഞ്ഞു നാളുകൾക്ക് മുതലുള്ള എന്റെ ധാരണ ആണുങ്ങൾക്കൊന്നും പെണ്ണുങ്ങളുടെ മുടിയഴക് കാണുന്നത് ഇഷ്ടല്ലാന്നാ..
അതു കൊണ്ടല്ലേ അമ്മ എപ്പോഴും പറയുന്നത്..
പെൺകുട്ടികൾ എണ്ണ തേച്ച് മിനുക്കി മുടി ഒതുക്കി കെട്ടി വെയ്ക്കണമെന്ന്..
തലയിൽ പൂ ചൂടുന്നത് മുടിയഴക് കൂട്ടാനല്ല മുടിയിഴകൾ മറയ്ക്കാനാണെന്നു പോലും അമ്മ ഇടയ്ക്കിടെ ഓർമ്മിപ്പിയ്ക്കും..
‘കണ്ടിട്ടില്ലേ…മുടി മറച്ചു നടക്കണ മുസ്ലീം പെൺകുട്ട്യോളെ…എന്തു ചേലാ…‘അതാണ് അമ്മ പറയുന്ന ന്യായം..!
ഇന്നേവരെ ഞാനെന്റെ തലമുടിയിഴകൾ സ്പർശിയ്ക്കാൻ ആരേയും അനുവദിച്ചിട്ടില്ല..
കളികൾക്കിടയിൽ അനിയൻ കുട്ടി വന്ന് തലയിൽ തൊട്ടാൽ പൊലും ഞാൻ ഈർഷ്യ കാണിയ്ക്കും.
എന്നാൽ എന്റെ തലമുടിയുടെ അഴക് ഞാൻ സ്വയം ആസ്വാദിയ്ക്കുമായിരുന്നു..
എങ്ങനെയെന്നോ..
കിടക്കാൻ നേരം അമ്മ പറയും..
“കുട്ട്യേ മുടിയിലെ കെട്ട് കളഞ്ഞ് മുടി കേറ്റി കെട്ടി ഉറങ്ങാൻ കിടക്കണം ട്ടൊ” എന്ന്..
അത് കേൾക്കണ്ട താമസം ചുവരിൽ തൂക്കിയിട്ടിരിയ്ക്കുന്ന കൊച്ച് കണ്ണാടിയുടെ മുന്നിൽ നിന്ന് ഞാൻ മുടിയുടെ കെട്ടുകൾ തീർത്ത് ലൈറ്റണയ്ക്കും..
ആരും കാണാതെ ഇരുട്ടിനാണൊ അതൊ എന്റെ മുടിയ്ക്കാണൊ കൂടുതൽ നിറവും തിളക്കവും എന്ന് പരീക്ഷിച്ച് സ്വയം ആനന്ദിയ്ക്കും..
അപ്പോഴേയ്യ്ക്കും അമ്മ വന്ന് ശാസിയ്ക്കും..
“കറന്റിൽ കളിച്ച് നിക്കാണ്ട് പോയി കിടക്ക് കുട്ട്യേ “എന്ന്..
പാവാണ് അവർക്ക് അറിയില്ലല്ലോ രഹസ്യായി ഞാൻ എന്തെല്ലാം കളികൾ കളിയ്ക്കുന്നുവെന്ന്..
ഞാൻ ഒരു വല്ലാത്ത നാണക്കാരി പെൺകുട്ടിയാണെന്ന ധാരണയൊന്നും അവർക്കില്ലാ ട്ടൊ..
എന്നാലും ഉദാസീനയായി ചെമ്പക മരത്തിന്റെ ചുവട്ടിൽ ഇരിയ്ക്കുന്നതു കണ്ടാൽ അവർ ആകുലരാകും..
പക്ഷേ, അവർക്കുണ്ടോ അറിയുന്നോ ആ ചെമ്പക മണം എന്റെ മുടിയഴകളിൽ ഭദ്രമാണെന്ന്..“
നിന്നോടൊത്ത് അധിക നാളുകൾ ചിലവഴിയ്ക്കാൻ എനിയ്ക്കായിട്ടില്ല..
ഈ നിമിഷങ്ങൾ എന്റെ ആശകൾ നിറവേറാനുള്ള നിമിഷങ്ങൾ മാത്രമാണെന്ന് ഞാൻ മനക്കൂട്ടി വെച്ചിരിയ്ക്കുകയാണ്..
ഈ സ്പർശനത്തിൽ ഞാൻ ആഗ്രഹിച്ച സകല സുഖങ്ങളും നേടിയെടുത്തുവെന്ന ഗർവ്വോടെ ജീവനുള്ള ഒരു പാവയായി ഈ മടിയിൽ തല ചായ്ക്കുകയാണ് ഞാൻ…!

“അണിവേളി എന്തു ചെയ് വൂ
ഹന്ത മാമക ദയ്തൻ എന്നെ മറന്നോ..”
എന്റെ കൂട്ടുകാരി അവളുടെ വിരഹം അറിയിച്ചപ്പോൾ ഞാൻ അവളെ കളിയാക്കി..
എന്നാൽ ഞാൻ ഇപ്പോൾ ഭയക്കുന്നു,,
ഈ വരികൾ ഞാൻ ഏറ്റു ചൊല്ലേണ്ടി വരുമോ…
അവളുടെ കളിയാക്കലുകളേയും ഞാൻ ഭയക്കുന്നു..
ഹൊ..അന്നെന്റെ അന്ത്യം...!”“നാരി തൻ അഴക് കേശം എന്നത് നേര് തന്നെ …
എന്നാലത് അലിഖിതമാണ് താനും..
അവൻ പുഞ്ചിരിച്ചു..
നാളെ ഈ നേരം കൊണ്ട് നിനക്ക് നഷ്ടമാകും കേശ ഭാരത്തെ കുറിച്ചോർത്ത് നിന്റെ ഉണ്ട കണ്ണുകൾ ഈറനണിയിയ്ക്കേണ്ട..
ദീനം വന്നാൽ ചില ചെയ്തികൾ അനിവാര്യമെന്ന് നീ അറിയുക…!
ഇന്ന് ഞാൻ ഒരു വനത്തിലെ പടുവൃക്ഷത്തെ വെട്ടി മാറ്റി എന്റെ വീട്ടു മുറ്റത്ത് നട്ടു എന്ന് കരുതുക നീ..
ഏകാന്തത സഹിയ്ക്കാൻ വയ്യാതാകുമ്പോൾ അവൻ വിരഹാർത്തിയാൽ ചുരുങ്ങി ഒരു ചെടിയാകുന്നു..
പിന്നേയും മനോഭാരത്താൽ ചുരുങ്ങി ഒരു വിത്തായി മണ്ണിൽ പതിയ്ക്കുന്നു..
എന്നാൽ അല്പം സം രക്ഷണവും നനവും ലഭിച്ചാൽ ആ വിത്ത് കിളിർത്ത് മണ്ണിനു മുകളിൽ രണ്ട് തളിർ ഇലകളുടെ ഗമയാൽ എത്തി നോക്കുമ്പോൾ നീയും ഞാനും മണ്ണും മരവും സന്തോഷിയ്ക്കുന്നു..
നിനക്ക് നാളെ നഷ്ടമാകും ഈ കൂന്തൽ ഭാരവും ഏതാനും ദിനങ്ങൾക്കകം നിനക്ക് കോതി മിനുക്കാനായി തഴച്ചു വളരും..എന്നേയും നിന്നേയും നമ്മുടെ ഭാവിയേയും ഭദ്രമാക്കാൻ..!“

“ഇന്ന് ഞാൻ നിന്റെ കൂന്തലിനോട് കാണിയ്ക്കാത്ത മതി മറക്കും അഭിനിവേശവും മതിപ്പും അന്നു ഞാൻ നിന്നെ അമ്പരിപ്പിയ്ക്കും വിധം പ്രകടമാക്കും..
നീലഭൃംഗാതി എണ്ണ മുടിയിയകളുടെ വേരിൽ പിടിപ്പിച്ച് ,ചെമ്പരത്തി താളിയാൽ മെഴുക്ക് കളഞ്ഞ് പട്ട് നൂലുകൾ സംരക്ഷിയ്ക്കും പോലെയുള്ള ആ ജോലി എന്റേതു മാത്രമായിരിയ്ക്കും..
നീ നാട്ടുവഴിയോരത്തിലൂടെ നടന്ന് നീങ്ങുമ്പോൾ നിന്റെ കേശാലങ്കാരത്തെ നോക്കി അസൂയ കൊള്ളുന്ന ചിലരോടെങ്കിലും ഞാൻ പറയും ആ അഴക് എനിയ്ക്ക് സ്വന്തമാണെന്ന്..
അവരുടെ പരിഹാസത്തെ ഞാൻ അമർഷം കൊണ്ട് കുത്തി കീറും..
നിന്റെ ഈറൻ മുടി ഉണക്കാനായ് പിന്നാമ്പുറ മുറ്റത്ത് നീ ഇളംവെയിൽ കായുമ്പോൾ എത്തി നോക്കും അയൽക്കാരി പെണ്ണുങ്ങളുടെ കണ്ണിന് ഉപ്പും മുളകും ചുറ്റിയിടാൻ ഞാൻ അമ്മയോട് സ്വകാര്യം പറയും..
പിന്നെ നമുക്ക് ഈശ്വരൻ കനിയുന്ന പൊന്നോമന അച്ഛനെ തേടി മുട്ടിലിഴഞ്ഞ് കൊഞ്ചി വരുമ്പോൾ അകത്തള ഊഞ്ഞാലിൽ മാസിക വായിച്ച് കിടക്കുന്ന നിന്റെ ഒഴുകുന്ന മുടിയഴകിൽ ഒരു കള്ളനെ പോലെ ഒളിച്ചിരിയ്ക്കും ഞാൻ..
ഇനി ഒരു രഹസ്യം കൂടി..
നമ്മുടേതായ നിമിഷങ്ങളിൽ എന്നെ ഭ്രാന്തു പിടിപ്പിയ്ക്കും നിന്റെ ചെമ്പകം മണക്കും കൂന്തൽഭാരം അഴിച്ച് ഒരു മെത്തയാക്കി അതിൽ ശയിയ്ക്കും ഞാൻ..
അപ്പോഴേയ്ക്കും എന്റെ ജീവിത താളുകളിൽ നിന്റെ മുടി ചുരുളുകൾ നിർബന്ധമായി തീർന്നിരിയ്ക്കും..
നീ എന്റെ അളിവേണി…
കറുത്ത വണ്ടുകളെ പോലെ ചുരുണ്ട മുടിയഴക് ഉള്ളവൾ..
“അണിവേളി എന്തു ചെയ് വൂ
ഹന്ത മാമക ദയ്തൻ എന്നെ പുണർന്നൂ..“
നിന്റെ സഖിയോട് നിനക്കും കിന്നരിയ്ക്കാം..

എല്ലാം മറന്നൊരു ഗീതം അവൾക്കായ് പാടി തീർത്തു..
നെറുകയിൽ കുങ്കുമവും ചുണ്ടുകളിൽ പുഞ്ചിരിയും നീണ്ട വിരലുകൾക്കുള്ളിൽ മുടി കെട്ട് ഭദ്രമാക്കി അവൾ ഉറങ്ങി..!

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...