Monday, December 24, 2012

അതിശയപ്പൂവ്..*
നന്മയുടെ മാർത്തടം പിളർന്ന് ചോര നീരാക്കുന്ന മാധവിക്ക്‌ കൂരാകൂരിരുട്ടും പച്ചവെളിച്ചവും ,കടുത്ത വേനലും, തകർത്തു പെയ്യുന്ന വർഷവും താൻ ഒറ്റയ്ക്കല്ലെന്ന ആരവം തലക്കു ചുറ്റും തളം കെട്ടി നിർത്തി...

പുഞ്ചക്കോളുകൾ കൊയ്യാൻ അവൾ ഒറ്റയ്ക്ക് അക്കരെ വഞ്ചിയിൽ തുഴഞ്ഞ്‌
എത്തിപ്പെട്ടിരുന്നത്, താൻ തനിച്ചല്ല എന്ന വിശ്വാസവും..
ഭഗവതിയുമായുള്ള ഉറച്ച ഇടപെടുലുകളും  കൊണ്ടുമാത്രമാണ് ..
ചെളിയും ചേറും കാൽമുട്ടു വരെ മറച്ച്‌ വിത്ത്‌ വിതച്ചിരുന്നതും ആ ശക്തിയുടെ സാന്ത്വന സ്പർശങ്ങൾ തന്നെ തലോടുന്നുണ്ടെന്ന പിൻബലത്തിൽ തന്നെയായിരുന്നു..
കൊയ്യലും മെതിക്കലുകൾക്കുമപ്പുറം മണ്ണിനോടും കുടുംബത്തോടുമുള്ള അർപ്പണബോധം പത്തായപുരയിൽ കുമിഞ്ഞ നെല്ലിനെ അരിയാക്കി മാറ്റി.
അരിമണികളെ ഇടിച്ച്‌ വറുത്ത്‌ സ്റ്റീൽ അണ്ഡാവുകളിൽ തുണിക്കീറുകൾ കൊണ്ട്‌ വായ്ക്കെട്ടി ഭദ്രമാക്കി തന്റെ തൊഴിലിനെ വിനോദമാക്കി അവൾ  വളർത്തിയെടുത്തു.


കത്തിപ്പടരുന്ന സൗന്ദര്യം ഒന്നു കൊണ്ട്‌ മാത്രം ഒരു പെണ്ണിനും
കാര്യപ്രാപ്തിയുള്ളവളാവാനൊക്കത്തില്ല..
നല്ല ആരോഗ്യത്തോടൊപ്പം മുറിഞ്ഞും തെറിച്ചും പോവാതെ മാനം കാത്തു സൂക്ഷിക്കുവാനുള്ള ചങ്കൂറ്റവും തന്റേടവും വേണം.."

കരക്കാർക്ക്‌ മാധവി ഒരു അതിശയപ്പൂവായി മാറി..

അവൾ അവൾക്കു മൂത്ത രണ്ട്‌ സഹോദരികളുടെ മാത്രമല്ല അന്യ വീട്ടീന്ന് കയറി വന്ന നാത്തൂന്റേയും പ്രസവ ശുശ്രൂഷകൾക്ക് ഒരു കോട്ടവും തട്ടാതെ അതിന്‍റേതായ ചിട്ടകളിലല്ലേ ചെയ്തു പോന്നത്‌ ..

എത്ര തിരക്കുള്ള വേലായുധനും മാധവിയുടെ വിളിപ്പുറത്ത്‌ ഹാജർ..
പൂക്കുലകൾ വെട്ടി താഴെ വീണാൽ പിന്നെ മാധവി ആയിക്കൊള്ളും,
ഒരു തരി നാരോ കമ്പോ തൊണ്ടയിൽ തട്ടി പെണ്ണുങ്ങൾ തുപ്പി കളയാതിരിക്കാനായി അവൾ സ്വയം പൂക്കുല ഇടിച്ച്‌ അരച്ച്‌ കുഴമ്പ്‌ പരുവത്തിലാക്കി കുപ്പികളിൽ നിറച്ച്‌ പ്രസവിച്ചു കിടക്കുന്ന പെണ്ണുങ്ങളുടെ തലക്കാഭാഗത്ത്‌ നിരത്തുക മാത്രല്ല,
അവരുടെ തൊണ്ടയിലൂടെ കുത്തി ഇറക്കുന്ന അദ്ധ്വാനവും  ചെയ്തു പോന്നു.

തുടുത്ത മുഖശ്രീലാവതി അങ്ങനെ പ്രവൃത്തി ഗുണം കൊണ്ടും കുടുംബക്കൂറു കൊണ്ടും നാട്ടാരുടെ മനസ്സുകളിൽ നിറമുള്ള അതിശയപ്പൂവിന്റെ ചിത്രമായി പൊടി പറ്റാതെ തിളങ്ങി കിടന്നു...!


ഏതു ദിശയിലും സഞ്ചരിക്കാൻ പ്രിയം കാണിക്കുന്ന താന്തോന്നിക്കാറ്റിനെ അനുകൂലിച്ച്‌ ഒറ്റയ്ക്ക്‌ തുഴഞ്ഞു പോയിക്കൊണ്ടിരുന്ന കളിവഞ്ചിക്ക്‌ ദിഗ്ഭ്രമം സംഭവിച്ചു..

വിളർച്ചയും തളർച്ചയും ബാധിച്ചു..

പവിത്രന്റെ കരുത്തേറിയ കൈത്തണ്ടകൾ തുഴകളായതിൽ പിന്നെയാണതെന്നും.. ഈ കളി വഞ്ചിയുടെ ഗതിയറ്റ്‌ വേലിയേറ്റങ്ങളിൽ ആഴ്ത്തി കൊണ്ടുപ്പോകുവാന്‍ ആ കൈകള്‍ക്ക് പങ്കുണ്ടെന്നും മാധവി അന്ധമായ്‌ വിശ്വസിച്ചു..


നന്മകൾ തോറ്റ്‌ പൊറുതികേടിന്റെ ദിനങ്ങൾ വഴിയൊരുങ്ങി തുടങ്ങിയെന്ന് ബോധ്യപ്പെട്ട അതിശയപ്പൂവ് ഇനിയുള്ള ദിനങ്ങൾ താൻ പണ്ടു പാടാൻ മറന്ന പാട്ടുകൾക്ക്‌ താളങ്ങൾ നൽകിയും,
തന്‍റെ ആളിക്കത്തുന്ന സൗന്ദര്യത്തിനു മാറ്റു കൂട്ടിയും,
ജ്വാലാമുഖിയായി ഉജ്ജ്വലിച്ചു നിൽക്കുവാനുമുള്ള തീരുമാനത്തിലെത്തി..

പവിത്രന്റെ അമ്മ കമലമ്മയുടെ നേരിയ തോതിലായിരുന്ന കലമ്പലുകൾ പുലമ്പലുകളായി ഉച്ഛത്തിൽ ഉയർന്നു തുടങ്ങി..

" അവൾക്കിപ്പോൾ ഒരു മുറം നെല്ല് ഏറ്റാൻ വയ്യാണ്ടായിരിക്കുന്നൂന്നു വെച്ചാൽ കഷ്ടം തന്നെ..
എന്തിന്, ഒരു കുടം വെള്ളം ഒക്കിൽ വെച്ചാൽ തേഞ്ഞു പോകും മട്ടിലാണു അവളുടെ കാട്ടിക്കൂട്ടലുകള്‍... ഒരുമ്പെട്ടോള്‍... 
സ്വന്തം വീട്ടിലും പറമ്പിലും പാടത്തും പണിയെടുത്ത്‌ തളർച്ച മാറ്റാനായിട്ടാ ഇങ്ങട്ട് കെട്ടിയെടുത്തിരിക്കണത്
ന്റേം ന്റെ കുട്ടീടേം സ്വൈര്യം കളയാനായിട്ട്‌ മൂധേവി.. "

അപ്പോഴത്തെ അവരുടെ ഭാവപ്രകടനങ്ങൾ മനുഷ്യസ്ത്രീകളുടെതല്ലെന്ന് മാധവി കൗതുകപൂർവ്വം നോക്കി കണ്ടു..

" മൂധേവി മഹാറാണീടെ എഴുന്നള്ളത്ത്‌ ഞങ്ങടെ കുലം മുടിക്കാനായിട്ടാ.."
കേൾവിക്കാർ സഹതാപം വെച്ച്‌ താടിയിൽ കൈകൊടുത്ത്‌ശ്ശോഎന്ന് ചുണ്ടുകൾ കൂർപ്പിച്ചാൽ കമലമ്മക്ക്‌ തൃപ്തിയാകും..
അന്നത്തെ തന്റെ ദിനം പൂർണ്ണമായെന്ന ആശ്വാസവും


വെളുത്ത്‌ മെലിഞ്ഞ നീളൻ കഴുത്തിലെ കറുത്ത ചരടിൽ കോർത്ത ആലില കൃഷ്ണനേയും തലോടി മാധവി പകൽ വെട്ടത്തിൽ അന്തിയാവോളം അങ്ങനേ കിടക്കും..

കടത്തു തോണിക്കു വേണ്ടി വിജനമായ നദിയോരത്ത്‌ സ്വർണ്ണ മരീചിക കൺക്കുളിർക്കെ കണ്ടാസ്വാദിക്കും..
ആകാശ തെളിമയിൽ സ്വർണ്ണം പടരുന്ന സന്ധ്യകളിൽ കടത്തു വള്ളവുമായി വരുന്ന ഒരു സുമുഖൻ..
എടുത്താൽ പൊങ്ങാത്ത ഇരുമ്പു പെട്ടിയും നിറഞ്ഞ അട്ടപ്പെട്ടികളുമായി കരയടുക്കുന്നവൻ..
അവനുമായുള്ള ലോകത്തില്‍  വൈക്കോലും ഓടുല്ലാത്ത കൂടാരത്തിൽ ചോറും കൂട്ടാനും വെച്ച്‌ സ്വന്തം കുഞ്ഞുങ്ങളെ ഊട്ടിയുറക്കി അന്തിമയക്കം..

സ്വപ്നങ്ങൾ വിതച്ച്‌ സമ്പത്ത്‌ കൊയ്യുന്ന സ്വപ്ന ഹൃദയത്തിലേക്കാണു പവിത്രൻ കയറിയിറങ്ങി മെതിച്ചതും വൈക്കോൽ കുണ്ടയിൽ തീയിടും പോലെ തീയിട്ട്ചാമ്പലാക്കിയതും..


സന്ധ്യ പുലർന്നാൽ കുഞ്ഞിനു ചോറൂട്ടി ഉറക്കിയ ശേഷം നിലാവത്ത്‌ അഴിച്ചു വിട്ട കോഴിയെ പോലെ നിലാവെട്ടത്തുള്ള ഉലാത്തലും ഒരു ശീലമാക്കി കഴിഞ്ഞു മാധവി..
പവിത്രൻ എത്താറായി എന്ന് ഉമ്മറത്തെ വട്ടസുപ്രനെ നോക്കി ബോധ്യപ്പെട്ടാൽ വീട്ടിന്നകത്ത്‌ ഓടികേറി മുറിയടച്ച്‌ മകനേയും വാരിപ്പിടിച്ച് കണ്ണിറുക്കി കിടക്കും..

" പെണ്ണ് ഇന്നും ചെക്കൻ വരുമ്പോഴേക്കും ഒറങ്ങാൻ കെടന്നു..
അവനു ലേശം വറ്റ് വെളമ്പി കൊടുത്താൽ മൂധേവീടെ വള ഊരി പോവോലോ.."
അപ്പുറത്ത്‌ കമലമ്മ കഥ പറച്ചിൽ തുടങ്ങും..

പവിത്രൻ എത്തിയെന്നത്തിന്റെ ആരവങ്ങളാണ്..

ഇനിയങ്ങോട്ട്‌ നെഞ്ചിടിപ്പിന്റെ പടപടപ്പ്‌ പാഞ്ഞു തുടങ്ങും..
പാപബോധം നെഞ്ചിലേറ്റി, ചുവരു തുരന്ന് വരുന്ന പവിത്രന്റെ മുഴക്കങ്ങളെ കാതോർത്ത്‌ മാധവി  തലകുമ്പിട്ട്‌ കിടക്കും..

" മകനിന്ന് അമ്മയുടെ മുറിയിൽ ചുരുളുമോ അതോ...
 ചേറു മണക്കുന്ന ഭാര്യയുടെ തുടിക്കുന്ന മാറിടവും,
വിശപ്പേറെ കണ്ടുറങ്ങിയിട്ടുള്ള ഒന്നു പെറ്റ ആലില വയറും,
എത്രയറിഞ്ഞാലും മതിവരാത്ത ഉടലിനേയും തേടി എത്തുമോ..?

പുതിയൊരു വിത്ത്‌ മുള പൊട്ടാതിരിക്കാനുള്ള ശ്രമങ്ങളിൽ രതി മനം പുരട്ടി തുടങ്ങിയിരിക്കുന്നു..
അയാളുടെ അടക്കാനാവാത്ത ആവേശം താങ്ങാനാവാത്ത ഭാരമായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു..
ഉറക്കത്തിനിടയില്‍ കുഞ്ഞിന്റെ കൈയ്യോ കാലോ തന്നെ വലിഞ്ഞു മുറുക്കിയാലും,
 ഒരിക്കലും സൂര്യവെളിച്ചം കടന്നു ചെല്ലാൻ ആഗ്രഹിക്കാത്ത അവളുടെ മനസ്സിനെ തട്ടിയുണർത്തിയ ഞെട്ടലുകള്‍ രാവിനു കാവലാളാക്കി..


നേരം പുലർന്നാൽ ഉടുതുണികൾ വാരിക്കെട്ടി കുളക്കടവിലേക്ക്‌ ഉത്സാഹിച്ച്‌ പോകുന്ന മാധവിയുടെ ഓരോ ചുവടിനേയും കമലമ്മ പ്രാകി..
" കുലം മുടിക്കാൻ ഒരുമ്പട്ടോള്..
പൊന്നും പണോം വേണ്ടോളം കൊണ്ടോന്നാളായ്ച്ചാലും സഹിക്കാൻ പറ്റാത്തത്ര തോന്നിവാസങ്ങളല്ലേ മൂധേവി ചെയ്തുകൂട്ടണത്‌..

മാധവിയുടെ ഓരോ ചലനവും കമലമ്മയിൽ അമർഷം ഉണ്ടാക്കി..
അതിനനുകൂലിച്ച്‌ ഇടതു കൈ ഉയർത്തി കാൽമുട്ടു മടക്കി പവിത്രൻ അരിശം പ്രകടിപ്പിച്ചു..

ഞാനൊന്നും കണ്ടില്ലാ കേട്ടില്ലാ മട്ടിൽ മകനെ ഊട്ടിയുറക്കി പവിത്രന്റെ രഹസ്യ പരസ്യ വേഴ്ച്ചകൾ വേലിക്കപ്പുറത്തു നിന്നും ശേഖരിച്ച് ഞെട്ടലുകളില്ലാത്ത പകലുകളെ ചേര്‍ത്തുവെച്ച്‌ മാധവി ദിനങ്ങൾ തള്ളി..


മറക്കാനും പൊറുക്കാനുമാവാത്ത വേലിയേറ്റങ്ങൾക്ക്‌ ഒരു അറുതിയില്ലേ..?

വാളും ചിലമ്പും വീശി ആളിക്കത്തുന്ന കണ്ണുകളോടെ ഉമ്മറപ്പടിയിൽ കമലമ്മ നാട്ടാർക്കു മുന്നിൽ കലി തുള്ളി..
 പുരികങ്ങളുയർത്തി മൂക്കു വികസിപ്പിച്ച്‌ എന്തിനും തയ്യാറായി പവിത്രൻ നെഞ്ചുവിരിച്ച് നിന്നു..
മകനെ ഒക്കത്തിരുത്തി  കാക്കയെ കാണിച്ച്  മാധവി അവനു മാമൂട്ടി..
രണ്ടര വർഷത്തെ തന്റെ ദാമ്പത്യ പരമ്പരകൾക്ക്‌ പരിഹാരം നിർദ്ദേശിക്കാനായി എത്തിയിരിക്കുന്ന തന്റെ കൂടപ്പിറപ്പുകളെ മാധവി കണ്ടില്ലെന്നു നടിച്ചു..

" അഹങ്കാരത്തിനു ജീവൻ വെച്ചവൾ, മാധവി അവർക്കും എതിരഭിപ്രായം ഇല്ല..കമലമ്മയുടെ പക്ഷം നോക്കി കൂടപ്പിറപ്പുകള്‍ അങ്ങോട്ട്‌ ചേർന്നു നിന്നു..

പഴികളും ശകാരങ്ങളും വാദ വിസ്താരങ്ങളും പകലിനെയുറക്കി നേരം ഇരുട്ടിച്ചു..

"ഇനി അവൾക്കു പറയാനുള്ളതു പറയട്ടെ.."
ചെറുതും വലുതുമായ കണ്ണുകൾ മാധവിയിലേക്ക്‌ തിരിഞ്ഞു..

" ന്റെ നയം ഞാൻ വ്യക്തമാക്കാം.."
മാധവിയുടെ ചുണ്ടുകളിലേക്ക്‌ഏവരുടേയും കണ്ണുകൾ തറച്ചു,

"ഈ വീട്ടിലെ സകലമാന പണികളെടുക്കാനും കെട്ട്യോന്റെ കൂടെ അന്തിയുറങ്ങാനും നിയ്ക്ക്‌ സമ്മതമാണ്..
പക്ഷേങ്കി ഒരു വ്യവസ്ഥയിന്മേല്‍..
നിയ്ക്ക്‌ ഭാര്യാ ഉദ്യോഗത്തിനു ശമ്പളം കിട്ടണം.."


അമിട്ട്‌ പൊട്ടിത്തെറിക്കും പോലെ കൂട്ടംകൂടിയവരൊന്നു ഞെട്ടി..
പിന്നെ അന്യോന്യം അടക്കം പറഞ്ഞു,

" മിടുക്കി പെണ്ണു മുളച്ചു പൊങ്ങി വിഷവിത്തു പാകിയിരിക്കുന്നു..
നെല്ലിനും അരിക്കും വില കുറഞ്ഞത്‌ പെണ്ണു മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നൂ.."


കരക്കാരു മുറ്റം കാലിയാക്കി..
കൂടപ്പിറപ്പുകൾ തിരിച്ചു പോകുവാനുള്ള ബസ്സിന്റെ സമയം നോക്കി പടിയിറങ്ങി.
വീടിന്നകവും പുറവും ശുദ്ധി വരുത്താനായി കമലമ്മ കിണ്ടിയിൽ വെള്ളം നിറക്കാൻ കിണറ്റിന്‍ കരയിലേക്ക്‌ ആഞ്ഞു നടന്നു..
വിദേശം മണക്കുന്ന മാറുകൾക്കിടയിൽ അന്തിയുറങ്ങാൻ പുത്തനിട്ട്‌ പവിത്രനും ഇറങ്ങി..

വരണ്ട മണ്ണിനു പുതു വിത്തുകൾ പാകാനായി മാധവിയും പുറപ്പെട്ടു..
വേനലിൽ പടവെട്ടാനൊരുങ്ങുന്ന ഭടനായികയെ പോലെ..
പോർവിളി കാഹളം മുഴങ്ങി..
കനൽക്കാറ്റുകൾ വീശി..

തീക്കളികൾക്കു തുടക്കം കുറിച്ചിരിക്കുന്നു..!**              **              **                   **

അതിശയപ്പൂവി'ന്റെ തുടർവായന ഇരിപ്പിടം വാരികയിൽ....
വായനയുടെ പുതുവഴികളുടെയും സാധ്യതകളുടെയും അന്വേഷണം ...നന്മകൾ നാടുനീങ്ങുംവിധം ...!

സ്നേഹം..ന്റ്റെ പ്രിയ സ്നേഹിതനു..ഗസല്‍..!

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...