Sunday, October 23, 2011

വിഭ്രമം..

“പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ രാത്രികാലങ്ങളില്‍ കവിത എഴുതിക്കൂട..
ചിത്തഭ്രമത്തിന്‍റെ ലക്ഷണങ്ങളാണത്രെ..
ദിക്കില്ലാതെ സഞ്ചരിച്ചാല്‍ ഗന്ധര്‍വ്വന്‍ പിടികൂടാനും മതി.
കവിതകളില്‍ ആസക്തിയുള്ള പെണ്‍കുട്ടികള്‍ക്ക് അത്തരം ബന്ധങ്ങളിലും താത്പര്യം കാണുമത്രെ..
ഒരു തരം ആരാധനാ മനോഭാവം.
അത്തരം വികാരങ്ങള്‍ക്ക് അമിതമായി അടിമപ്പെട്ടാലാണ്‍ പെണ്‍കുട്ടികളുടെ മുഖത്ത് മുഖകുരുക്കള്‍ പൊട്ടി മുളയ്ക്കാ..
മോഹകുരുക്കള്‍ എന്നാണത്രെ ശരിയ്ക്കും പറയേണ്ടത്..
അവരുടെ മോഹങ്ങള്‍ മുന്‍ കൂട്ടി അറിയിയ്ക്കുന്ന ഒരു ദൂരക്കാഴ്ച്ച.
ഈ സമയത്ത് അവര്‍ക്ക് എന്തിനോടും ഭ്രമം തോന്നാം..
ഭംഗിയുള്ള വസ്തുക്കളോടും,ഭംഗിയുള്ള വാക്കുകളോടും, ഒരു പോലെ ആസക്തി തോന്നാം.
സുഗന്ധദ്രവ്യങ്ങള്‍ പൂശി സ്വയം അലങ്കരിച്ച് നടക്കാനുമുള്ള ത്വര കൂടാം..
അനുരാഗ ചേഷ്ടകളും, നുണക്കുഴികളും പ്രദര്‍ശന വസ്തുക്കളാകാം.”

“ഇത്തരം കൊള്ളരുതായ്മകള്ക്കൊന്നും കൂട്ടു നില്‍ക്കാതെ തറവാട്ടില്‍ പിറന്ന പെണ്‍കുട്ടിയാണെന്ന്  വിളിച്ചു പറയിയ്ക്കുന്ന രീതിയിലുള്ള അടക്കവും ഒതുക്കവും പെരുമാറ്റങ്ങളും ശീലമാക്കാതിരുന്നാല്‍ ഒരു മോഹക്കുരു മതി എല്ലാം കളഞ്ഞ് കുളിയ്ക്കാന്‍..
ഒരു കുരു പൊട്ടിയ്ക്കാനായി കാണിയ്ക്കുന്ന കോപ്രാട്ടി മതി കുടുംബത്തിന്‍റെ അടിത്തറ ഇളക്കാന്‍..”
“മനസ്സിലായോ നിനക്ക്..”
“ഇപ്പോള്‍ സത്യസന്ധതയോടെ എല്ലാം തലയാട്ടി കേള്‍ക്കും..
ഒന്നും മറച്ചു വെയ്ക്കില്ലാന്ന് ഭഗവതിയെ തൊട്ട് സത്യം ചെയ്യും..
എന്നാലും കാണാം പാതിരായ്ക്ക്  ജനല്‍ത്തിണ്ണയിന്മേല്‍ താടിയ്ക്ക് കൈയ്യും കൊടുത്തിരിയ്ക്കണതും, മഷിപ്പേന തപ്പി പുസ്തകത്തിനിടയില്‍ തിരുകുന്നതും..
രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം നട്ടപ്പാതിരായ്ക്ക് വിടര്‍ന്ന കണ്ണുകളില്‍ നിന്നും നെഞ്ചില്‍ നിന്നും ചിറകടിച്ചിറങ്ങുന്നത്,
തലയില്‍ പൂ തിരുകി കൊടുത്തവനേയൊ, പുസ്തകത്താളുകള്‍ക്കുള്ളില്‍ മയിൽപ്പീലി തുണ്ട് ഒളിപ്പിച്ച് വെച്ചോടിയവനേയോ, അമ്പലമുറ്റത്ത് പ്രസാദം തട്ടിയെടുത്ത് കൊണ്ടോടിയവനേയൊ,ചാറ്റല്‍ മഴയില്‍ കൂടെ നനഞ്ഞവനേയൊ കുറിച്ചുള്ള ധീര പരാക്രമ ഓര്‍മ്മക്കുറിപ്പുകളായിരിയ്ക്കും.
നാല്‍ ചുവരുകള്‍ക്കുള്ളില്‍ നിന്ന് തലയിലൂടെ വെള്ളം പാര്‍ന്ന് ഒലിപ്പിയ്ക്കുമ്പോള്‍ അവളില്‍ നിന്ന് മൂളിപ്പാട്ടുകള്‍ ഉയര്‍ന്നാല്‍ നിശ്ചയം അവളില്‍ ഗന്ധര്‍വ്വന്‍ കേറിയിരിയ്ക്കുന്നു എന്ന്..
പിന്നെ ആ കണ്ണുകളില്‍ അദൃശ്യ നൃത്തങ്ങളും..അനുരാഗ പരവേശങ്ങളും..സാഹസ ഭാവങ്ങളും..അഭിനിവേശങ്ങളും.. അവനിലൂടെ അവളിലു കുടിയേറുകയായി..“

“പ്രേമത്തിന്‍റെ അപകട മേഖലയിലേയ്ക്ക് ഇറങ്ങി ചെല്ലരുത്..”..കര്‍ക്കശമായ സ്വരങ്ങളും താക്കീതുകളും..
നെഞ്ചിനകത്തെ പ്രേമ ഗീതങ്ങളെ നിശ്ശബ്ദമായി മൂളി തീര്‍ത്തു.
ബാലിശമെന്ന് പറഞ്ഞു പഠിപ്പിച്ചു തന്ന പ്രേമ വാക്യങ്ങള്‍ സ്വന്തം പേരില്‍ തപാലിലയച്ചു..
എന്‍റെ മോളെങ്കിലും അതിര്‍ വരമ്പുകള്‍ കടന്നില്ലല്ലോ..
മുതു മുത്തച്ഛന്‍ മുതല്‍ ഉണ്ണിയേട്ടന്‍ വരെ അഭിനന്ദിച്ചു..“

**********************     ***********************************   *************************

“രാവേറെ ആയിരിയ്ക്കുന്നു..
നിന്‍റെ ഭര്‍ത്താവ് കൂര്‍ക്കം വലിച്ചുറങ്ങുന്നു..ഈ അസമയത്ത് അടുക്കളയില്‍ എന്ത് ചെയ്യുകയാണ്‍ നീ..?
ഇരുട്ടിന്‍റെ മറയില്‍ നിന്ന് പുഞ്ചിരിയ്ക്കുന്ന ചെറുപ്പക്കാരന്‍ അരികിലേയ്ക്ക് വന്നു..
“നിനക്കിപ്പോള്‍ ഏഴ് തികഞ്ഞു കാണും അല്ലേ..?
സകല ഞാഡി ഞരമ്പുകള്‍ക്കും വിശ്രമം ആവശ്യപ്പെടുന്ന ഘട്ടം..
ഇങ്ങനെ ഉറക്കമുളയ്ക്കുന്നത് നിന്‍റെ ആരോഗ്യത്തെ ബാധിയ്ക്കും
ഈശ്വരനെ ധ്യാനിച്ച് കണ്ണും പൂട്ടി ഉറങ്ങിക്കോളൂ..
പറയുന്നത് അനുസരിയ്ക്കു കുട്ടീ..
ങാ..ഇപ്പോഴാണ്‍ എന്‍റെ ശ്രദ്ധയില്‍ പെട്ടത്,
നിന്‍റെ നനുത്ത രോമങ്ങളുള്ള കവിളില്‍ ഒരു മുഖക്കുരു ഉയര്‍ന്നിട്ടുണ്ട്..
അത് നിന്നെ കൂടുതല്‍ സുന്ദരിയാക്കും പോലെയുണ്ട്..
നിന്‍റെ കൈ ഇടയ്ക്കിടെ അതിനെ തൊട്ട് തലോടുന്നത് നീ അറിയുന്നുണ്ടോ..
നിന്‍റെ നീണ്ട വിരല്‍ത്തുമ്പുകളിലെ നഖങ്ങള്‍ കൊണ്ടതിനെ പൊട്ടിച്ച് കളയാന്‍ നോക്കല്ലേ..
മരുന്ന് കടയില്‍ ലഭ്യമാകുന്ന ഏതെങ്കിലും മരുന്ന് പുരട്ടി നിര്‍വീര്യമാക്കു അതിനെ..”

നേര്‍ത്തു വന്ന ചിരി ഒരു പൊട്ടിച്ചിരിയിലേയ്ക്ക് വഴിമാറി..
“ഉംഇല്ല ഞാന്‍  അടിത്തറ ഇളക്കില്ല..
പിന്നെ ഒരു കാര്യംനീ ഇത്രയും സ്നേഹം പുരട്ടിയ വാക്കുകളാല്‍ എന്നോട് സംസാരിയ്ക്കരുത്..
അത് എന്നെ നിന്നിലേയ്ക്ക് അടുപ്പിയ്ക്കുവാനും, അനുസരിപ്പിയ്ക്കുവാനും പ്രേരണയാകും..
നീ അറിയുന്നില്ലേപുലരാന്‍ ഇനി നേരമേറെയില്ല..
എനിയ്ക്കിനി ഉറങ്ങാന്‍ എന്‍റെ കണ്ണുകളില്‍ ഉറക്കമില്ല..
ഇനിയുള്ള ദിനങ്ങള്‍ക്കായി ഞാന്‍  കണ്‍പ്പാര്‍ത്തിരിയ്ക്കുന്നത് ഈ വയറും..നീ കാണുന്ന മുഖക്കുരുവും  കൊണ്ടു മാത്രം.
അതു പോട്ടെനീ പറയൂ..
ഇത്രയും നാള്‍ എവിടെയായിരുന്നു നീ..?
പണ്ടൊരിയ്ക്കല്‍ നിന്നെ എവിടേയൊ കണ്ട ഓര്‍മ്മയില്‍ ഞെട്ടി ഉണര്‍ന്നതാണ്‍ ഞാന്‍..
ഓര്‍ക്കുന്നോ നീ..
രാത്രി കാലങ്ങളിലും ആഹാരമായി ഞാന്‍ നെയ്യും പഞ്ചാരയും പുരട്ടിയ ചുരുള്‍ ദോശ കഴിയ്ക്കുമെന്ന് പറഞ്ഞത്..
അന്നേരം നിന്‍റെ കണ്ണുകള്‍ ചുവക്കുന്നത് ഞാന്‍ കണ്ടിരുന്നു..
അതെന്തിനാണെന്ന് എത്ര തവണ ചോദിച്ചിട്ടും നീ പറഞ്ഞില്ല..
‘എന്നെ കൊണ്ട് ഒന്നും പറയിയ്ക്കല്ലേ കുട്ടീ..‘
ഇതായിരുന്നു നിന്‍റെ മറുപടി.
‘ഇയാള്‍ക്ക് ദോശയും വേദനിയ്ക്കുന്ന ചിന്തയോ..?‘
ഞാന്‍ ആദ്യം അത്ഭുതപ്പെട്ടു..,പിന്നെ മൌനം പൂണ്ടു.
അതിനു ശേഷം ദോശയെ കുറിച്ച് ഞാന്‍ ഒന്നും തന്നെ ചൊദിയ്ക്കുകയുണ്ടായിട്ടില്ല..ഇല്ലേ..?
പക്ഷേനീ അറിയാത്ത ഒന്നുണ്ട്,
ഉരുകിയൊലിയ്ക്കുന്ന നെയ്യിലും പഞ്ചാരയിലും നിന്‍റെ വേദനയും ഉരുകിയൊഴുകുന്നത് ഞാന്‍ രുചിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആരുമറിയാതെ ഞാന്‍ ആ പലഹാരം നീക്കി വെച്ചു.
കാലം പിന്നെയും ചുരുള്‍ ദോശയില്‍ എത്തിച്ചു.
ഒരുപാട് ചുരുള് ദോശകള്‍ പാത്രങ്ങളില്‍ വിളമ്പി..
പക്ഷേ ഒന്നു പോലും വായില്‍ വെയ്ക്കാന്‍ തോന്നിപ്പിച്ചിട്ടില്ല..“

“എന്തെന്നറിയില്ല, ഈ രാത്രി മുഴുവന്‍ എന്‍റെ ഹൃദയം തകരുന്നതായി തോന്നി..
ആ ഉരുകുന്ന നെയ്യും പഞ്ചാരയും എന്നെ ഓര്‍മ്മിപ്പിച്ചു എന്‍റെ ഉറക്കം ഇല്ലാതാക്കി.
ഇത്രയും നാള്‍ എനിയ്ക്ക് മനസ്സിലാക്കി തരാത്ത ആ പൊരുള്‍ ഈ അന്ധകാരം എനിയ്ക്ക് പറഞ്ഞു തരുമെന്ന് മനസ്സ് മന്ത്രിച്ചു..
ഗര്‍ഭിണികളുടെ ആശ ഈശ്വരന്‍ നടപ്പിലാക്കുമത്രെ..
എനിയ്ക്കാണെങ്കില്‍ നല്ല വിശപ്പുമുണ്ട്..
രണ്ട് ചുരുള്‍ ദോശ കഴിയ്ക്കുന്വാനുള്ള ആശയും പെരുത്തു വരുന്നു..
അതു പോട്ടെഇനി നീ പറയൂ.നിനക്ക് സുഖമല്ലേ..?“

“ഉംസുഖമാണ്‍..
എന്‍റെ മൂക്കിലും ഒരു മുഖക്കുരു മുളച്ചിരിയ്ക്കുന്നത് നീ കാണുന്നില്ലേ..
അന്നു മുതലുള്ള ആശയാണ്‍ നിന്നെയൊന്ന് കാണണമെന്ന്..
ഇനി ഞാന്‍ ഇറങ്ങട്ടെ,
ഞാന്‍ വന്നതിനെ കുറിച്ച് നീ ആരോടും പറയരുത്പറയുമോ..?
അരുത് കേട്ടോ.നിന്‍റെ മുഖക്കുരു നീയായി പൊട്ടിയ്ക്കരുത്..
അത് തനിയെ ചുരുങ്ങി നിന്‍റെ മിനുത്ത കവിളില്‍ അലിഞ്ഞു ചേരട്ടെ..“


‘ഉംഇല്ല, ഞാന്‍ ആരോടും പറയില്ല..
ഇനി എന്നാണ്‍ നമ്മള്‍ കാണുക..?‘
‘അറിഞ്ഞുകൂടഅതിന്‍ വ്യക്തമായ ഉത്തരമില്ല..
ഒരു പക്ഷേ.നിനക്ക്  ഇനിയും ചുരുള് ദോശ കഴിയ്ക്കാനുള്ള ആശ തോന്നുമ്പോഴായിരിയ്ക്കും..‘
‘വേണ്ടഞാനെന്‍റെ ആശ മാറ്റി വെച്ചു.
ഞാന്‍ ഉണര്‍ന്നപ്പോള്‍ എന്‍റെ ആശ  വെറുമൊരു ദു:സ്വപ്നമായി മാറി കഴിഞ്ഞിരിയ്ക്കുന്നു..
നീ പോയി വരൂ..ഞാന്‍ കാത്തിരിയ്ക്കാം…‘

ധൃതിയില്‍ ഉമ്മറവാതിലിന്‍റെ അഴികള്‍ നീക്കി കൊടുത്തു..
ആ പുഞ്ചിരിയ്ക്കുന്ന ചെറുപ്പക്കാരന്‍ നേര്‍ത്തു നേര്‍ത്ത് അവ്യക്തതയിലേയ്ക്ക് നീങ്ങി കൊണ്ടിരിയ്ക്കുന്നത് നോക്കി നിന്നു ഞാന്!


Monday, October 10, 2011

വീണ പൂവ്...!


ഞാനിന്ന് കണി കണ്ടുണര്‍ന്ന പൂവ്..
കാഴ്ച്ചയില് അവള് വളരെയേറെ സുന്ദരിയാണ്.
അരണ്ട വെട്ടത്തില് അവളെ വ്യക്തമായി കാണാന് കഴിയാതെയാണ്.
അവള് വിവാഹിതയാണൊ എന്നൊന്നും അറിവില്ല
പക്ഷേ അവള് സ്വന്തം പേരില് തന്നെയും സുപരിചിതയാണ്..
അവളുടെ മത്തുപിടിപ്പിയ്ക്കുന്ന ഗന്ധത്താലും.
ചെമ്പകത്തിന്‍റേയും ചന്ദനത്തിന്‍റേയും മിശ്രിതം.
പിന്നെ ആ കണ്ണുകളില് പൊടി പിടിച്ചെന്ന പോലെ പറ്റി കിടക്കുന്ന സുറുമയിലെ കര്‍പ്പൂര മണവും തിളക്കവും..
ഇതില് കൂടുതല് ചേരുവകള് അവളെ വേറിട്ടറിയിയ്ക്കാന് ആവശ്യമില്ല.
അവള്‍ക്ക് മുപ്പത് തികഞ്ഞിരിയ്ക്കാം..
പ്രഥമ ദൃഷ്ടിയില് ഇരുപത്തി രണ്ടിന്‍റെ അഴകുള്ളവള്.
ഓരോ രാത്രികളിലും സമ്പന്ന പുത്രന്മാരുടെ ആര്‍ഭാടങ്ങളില് പങ്ക് ചേരുന്നവള്..
ഒത്ത ശരീരവും.. മോഹിപ്പിയ്ക്കുന്ന ചിരിയും.. ഒഴുക്കന് നാട്യങ്ങളും കൊണ്ട് അവളാല് അവര് വശീകരിയ്ക്കപ്പെട്ടു..
നഗരത്തിലെ ധൂര്‍ത്ത് കരങ്ങളുടെ അംഗീകാരവും ലാളനയും നേടാന് അവള്‍ക്ക് വേറെ ഉപായങ്ങള് വശമാക്കണ്ടതായും വന്നിട്ടില്ല..
നാട്ടില് അവളായി സ്വയം ഉണ്ടാക്കി തീര്‍ത്ത അപമാനത്തിന്‍റെ സമൃദ്ധിയില് നിന്നുള്ള ഒളിച്ചോട്ടമാണ് മഞ്ഞവെളിച്ചം കുത്തിയൊഴുകുന്ന ഈ നഗരത്തിലെ സുരക്ഷിത വാസമെന്ന് അപവാദമുണ്ട് അവളെ കുറിച്ച് പലരുടേയും നാവുകളില്..

അവള് ‘മറുപടി ‘പറയും വരേയ്ക്കും..അല്ലെങ്കില്,
പുരികങ്ങളുയര്‍ത്തി ‘എന്തിന് ‘ എന്ന് ചോദിയ്ക്കുംവരേയ്ക്കും..അല്ലെങ്കില്,
കയ്യുയര്‍ത്തി’പൊയ്ക്കൊള്ളു’ എന്ന് ആജ്ഞാപിയ്ക്കും വരേയ്ക്കും..അല്ലെങ്കില്,
ചുവരില് ചാരിയിരിയ്ക്കുന്ന ആ നിഴല് ‘ചലിയ്ക്കും‘ വരേയ്ക്കും..അല്ലെങ്കില്,
ചുംബിയ്ക്കാന് തോന്നിപ്പിയ്ക്കുന്ന ആ ചുണ്ടുകള് ‘അനങ്ങും‘ വരേയ്ക്കും... നിശ്ശബ്ദനാകാം.
അവളുടെ ദൌര്‍ബല്യങ്ങള് അറിഞ്ഞു കൊണ്ടവളെ തന്നിലോട്ട് ആകര്‍ഷിപ്പിച്ചെടുക്കാം..
ആ തീരുമാനത്തെ സ്വയം അഭിനന്ദിച്ച് മൌനം പാലിച്ചു..

ഞാനൊരു ദാസിയാണ്..
അവള് ഇരിപ്പിടത്തില് നിന്നുയര്‍ന്ന് തുടര്‍ന്നു,
അത് നിനക്കറിയാം..നിന്‍റെ കൂട്ടുകാര്‍ക്കും അറിയാം..
നിന്‍റെ വീട്ടുകാര്‍ക്കും, കാമുകിയ്ക്കും അറിയില്ല എന്നതും സത്യം..
തെരുവിലെ മഞ്ഞ വിളക്കുകള് കെട്ടാലും പുലര് വെട്ടം എതിരേല്‍ക്കാത്ത ഈ കുടുസ്സു മുറിയിലെ ഏകാന്തത എന്നെ അലസോലപ്പെടുത്തുന്നില്ലെ എന്ന് ശബ്ദമില്ലാതെ നീ ചോദിയ്ക്കുന്നത് ഞാന് കേട്ടു…
നീ തന്നെ പറയൂ..ഞാനെന്തിന് ഭയക്കണം..?
ഒരിയ്ക്കല് ആരവങ്ങളുടെ സമ്പന്നതയില് കളിച്ചു വളര്‍ന്നവളാണ് ഞാന്..
വേദനിപ്പിയ്ക്കുന്ന ഉള്ളമെങ്കിലും അഹന്ത കൈമുതലെങ്കിലും തെരുവിലെ ഈറന് മണ് തരികളില് തട്ടി കളിയ്ക്കാനുള്ളതല്ല എന്‍റെ കഥ..
ഒടുങ്ങാത്ത രാമഴ ഇപ്പോഴും പുലര്‍മഴയായി തിമിര്‍ക്കുന്നത് അറിയുന്നില്ലേ നീ..?
ആ മഴയില് നനഞ്ഞ് കുളിരാന് നിനക്ക് താത്പര്യം ഇല്ലെങ്കില് ആ നീറുന്ന കനലിന്നരികില് കാവലിരിയ്ക്കു നീ…ഞാന് ഉണരും വരേയ്ക്കും..
അത് നിന്നില് കിളിര്‍ക്കും പ്രണയത്തെ അസ്തമിപ്പിയ്ക്കും..
ചത്തു കിടക്കും വിരഹത്തെ അനുസ്മരിപ്പിയ്ക്കും..
ആ വികാരം നിന്നില് ഉണര്‍ത്തുവാനും ഉന്മേഷവാനാക്കുവാനും വേണമെങ്കില് ഒരു കപ്പ് വെള്ളത്തില് തേയില ഞാന് തിളപ്പിയ്ക്കാം..

മതിപ്പിയ്ക്കുന്ന സ്വരം..അവളുടെ സംസാരത്തിലും കര്‍പ്പൂരം മണക്കുന്നൂ..
സ്വപ്നം കണ്ടുണരാന് മോഹിപ്പിയ്ക്കുന്ന ആ മുഖം തെളിഞ്ഞ് വരുന്നൂ..
ഒരു പൂ വിടരും പോലെ..
ആ പൂവിന്‍റെ നിഴലിനേയും ആശ്ലേഷിയ്ക്കാന് തോന്നുന്നൂ..
“കടന്ന് പോ വൃത്തികെട്ടവനേ”..അവള് ആക്രോശിയ്ക്കുമോ..?
ആ പൂവ് കൂടുതല് വിടരും വരേയ്ക്കും കാത്തിരിയ്ക്കാം..

അവള് നീട്ടിയ തേയില വെള്ളം ഊതി കുടിയ്ക്കുമ്പോള് അവളറിയാതെ തന്നിലേയ്ക്ക് അടുക്കുന്നതും..ആ സ്വരം ചെവിയില് പതിയുന്നതും അറിഞ്ഞു,
അവള് തുടരുകയാണ്..
ജാതക വശാലെന്ന് പറയാം..സമയ ദോഷ വശാലെന്നും പറയാം..
എനിയ്ക്ക് പടരാന് പറ്റിയൊരു മാവ് എന്‍റെ ദേശത്ത് പൊങ്ങിയില്ല..
ഊരും പേരുമുള്ളൊരു പടു വൃക്ഷം വീട്ടു പടിയ്ക്കല് ഉയര്‍ന്നപ്പോള് ഞാനൊരു കൊടുവാള് കൊണ്ടത്തിനെ മിറ്റത്ത് വെട്ടിയിട്ടു..
പിന്നെയൊരു പേരില്ലാ മരം ഊരു തെറ്റി വന്നപ്പോള് ആരെല്ലാമോ കൂടി എന്നെയതിന്മേല് പടര്‍ത്തി കയറ്റാന് വമ്പ് കാട്ടി..
ഞാനെന്‍റെ കൈകള് കൊണ്ടവനെ വരിഞ്ഞ് മുറുക്കി പടര്‍ന്നില്ലെങ്കില് ചുരുങ്ങിയ നാളുകള്‍ക്കകം ശ്വാസം മുട്ടി മരിയ്ക്കുമെന്ന് എനിയ്ക്ക് ബോധ്യപ്പെട്ടു..
മധുവിധു രാവുകളിലും ഞാനെന്‍റെ ദു:സ്വപ്നങ്ങളെ ന്യായം പിടിച്ച് അബോധാവസ്ത്ഥയില് എന്ന പോലെ പുലമ്പി കൊണ്ടിരുന്നു.
സഹനത്തിന്‍റെ തീച്ചൂളയില് വെന്തമര്‍ന്ന് രക്തസമര്‍ദ്ദം കൂട്ടാതിരിയ്ക്കാനും..
കറുത്ത മേഘ കൂട്ടുകള് കൊണ്ട് കുറുക്കിയൊഴിച്ച മരിച്ച സ്വപ്നങ്ങളെ എതിരേല്‍ക്കുവാനുമുള്ള തന്‍റേടം എനിയ്ക്കുണ്ടായിരുന്നു..
പക്ഷേ ഒരു വിധവാലങ്കാര പദവി ഒരിയ്ക്കലും ഞാന് പ്രാര്‍ത്ഥിച്ചിട്ടില്ല,
ആ മരത്തില് നിന്നടര്‍ന്ന് ഭൂമിയില് പടര്‍ന്നലിയുവാനും ഒരിയ്ക്കല് പോലും ആഗ്രഹിച്ചിട്ടില്ല.
എന്നിട്ടും ഉടയ തമ്പുരാന് ബോധപൂര്‍വ്വമോ അശ്രദ്ധയാലോ എന്നെ ഒരു വിധവയാക്കി..
“നിന്‍റെ വിധി.. തലേലെഴുത്ത്..വീട്ടുകാര് വിലപിച്ചു,
നിര്‍ഭാഗ്യവതി..കൂട്ടുകാര് മൂക്കത്ത് വിരല് വെച്ചു,
ഉടുത്തൊരുങ്ങി നടക്കുന്നൂ.. ലജ്ജയില്ലാത്തവള്..നാട്ടുകാര് ആക്ഷേപിച്ചു..
ലോകമെന്നെ മാനസ്സികമായി ആക്രമിയ്ക്കാന് തുനിഞ്ഞപ്പോള് ഒരു നട്ടപാതിരായ്ക്ക് വണ്ടി കയറി ഞാന്..
പഠിപ്പോ പത്രാസോ കൈവശമില്ലാതെ.. ഒരു തെരുവ്കാരിയെ പോലെ..


“നീ ഒരു വിധവയോ..“
ചുണ്ടുകള് ചലിച്ചു..
കയ്യിലെ കപ്പ് വിറച്ചു..
നിന്‍റെ മണിയറ പുലമ്പലുകള് നിന്നെ ഒരു വിധവ ആക്കിയെന്നോ..?
ഞാന് ഈ വിവരം അറിഞ്ഞിരുന്നില്ലാ…
ഞാനെന്നല്ല…ആരും..
എനിയ്ക്ക് നിന്നോട് വെറുപ്പ് തോന്നുന്നൂ..
നീ സര്‍വാംഗ സുന്ദരിയല്ല.. യക്ഷിയാണ്..
പുരുഷ രക്തം ഊറ്റി കുടിയ്ക്കുന്ന യക്ഷസ്സ്..
നിന്നെ നിന്‍റെ ദേശം വെറുതെ വിട്ടതെന്തിന്..?
നിന്നെ ആരും ഇരുട്ടത്ത് പൊട്ട കിണറ്റില് തള്ളിയിടാഞ്ഞതെന്ത്..?“

“കടന്നുപോ വൃത്തികെട്ടവനേ..
സമയം മറന്ന് നേരമ്പോക്ക് തേടി നടക്കുന്നവനേ..
ഞാന് ശിക്ഷയ്ക്ക് അര്‍ഹയെന്ന് ലോകം പഴിയ്ക്കുന്നുവെങ്കില് എന്‍റെ ശിക്ഷയ്ക്കര്‍ഹനാണ് നീ..
മാന്യതയുടെ പരിവേഷം അണിഞ്ഞ് സ്നേഹം നടിയ്ക്കുന്നവന്..
നീ ഒരുത്തനില് ഞാന് അട്ടഹസിയ്ക്കുന്ന സമൂഹത്തെ കാണുന്നു..”

അവള് കിതച്ചു..
കതക് കൊട്ടിയടച്ച് തിരിഞ്ഞ് മെത്തയിലേയ്ക്ക് തിരിയുമ്പോള് അവള് വിളര്‍ത്തിരുന്നു..
അവളുടെ കണ്ണുകളില് ചുവപ്പ് നിറം പടര്‍ന്നിരുന്നു..
പക്ഷേ അവളുടെ ഹൃദയം തണുക്കാന് അവള് അനുവദിച്ചില്ല…!

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...