Tuesday, June 21, 2011

നിശാഗന്ധീ....ഞാന്‍ എത്ര ധന്യ...


നനഞ്ഞ അന്ധകാരം..
നേര്‍ത്ത നിലാവ്..
അടക്കി വെയ്ക്കാനാവാത്ത അഭിനിവേശം..
ഗന്ധര്‍വ്വ സ്പര്‍ശനത്തിനായുള്ള വെമ്പല്‍..
പാതിര പുലര്‍ന്നു
ഇതവളുടെ അനുരാഗ കാലം..
പ്രണയ തളിരിത നിമിഷം..
നേര്‍ത്ത സംഭ്രമത്തിലും,ശ്രുതിയേറ്റു പാടും നേര്‍ത്ത രാമഴ പാട്ടിലും അവനെ അരികില്‍ ചേര്‍ത്തു നിര്‍ത്തി കൊണ്ടവള്‍ പതുക്കെ പാടും,
“വിശുദ്ധയായ് ഞാന്‍ പൂക്കും പ്രിയനേ..
അതിരറിയാ പ്രേമത്തിന്‍ മൂക സാക്ഷിയായ്.. “
ഉന്മാദിപ്പിയ്ക്കും സുഗന്ധം എങ്ങും പരന്നിരിയ്ക്കുന്നൂ..
ഇളം കാറ്റ് അവയെ വഹിച്ചു കൊണ്ടങ്ങനേ പരിലസിയ്ക്കുന്നൂ..
അവളെ കണ്ടില്ലെന്ന് നടിയ്ക്കാനും, അനുഭവിച്ചിട്ടില്ലെന്ന്  മൊഴിയുവാനും ആര്‍ക്കാണാവുക..?
അവളേക്കാളേറെ  സൌന്ദര്യം അവകാശപ്പെടുന്ന നിറമാര്‍ന്ന അപരിചിത ഗന്ധങ്ങളേറെ..എന്നാല്‍,
പാതിരാ കുളിരില്‍ പ്രണയ ചേല ചുറ്റി  വാത്സല്ല്യ നെഞ്ചിലമരാന്‍
നേരിന്‍ നിലാവില്‍ ഒളിച്ചിരിയ്ക്കാന്‍
രാമഴ കൂട്ടില്‍ പുതച്ചിരിയ്ക്കാന്‍ അവള്‍ നിര്‍ബന്ധിതയാണ്‍..
അംഗീകരിയ്ക്കപ്പെട്ടവളും..
നിശാഗന്ധീ.നീയെത്ര ധന്യ!

ഓരോ രാത്രി മഴയിലും ആരെല്ലാമൊ മറന്നിട്ടു പോകുന്ന പ്രണയം..
ചിരപരിചിത ഇടവഴിയിലൂടെയുള്ള അലച്ചിലുകള്‍ കിതപ്പിയ്ക്കുന്നൂവിയര്‍പ്പ് പൊടിയ്ക്കുന്നൂ..
പിന്നെ പിന്നെ ആര്‍ക്കും കാത്ത് നില്‍ക്കാതെയായി..
“നിന്നെ പ്രതീക്ഷിച്ചു ഞാന്‍ പ്രണയമേ “ എന്ന് പറയാനാവാതെ നഗര വിളക്കിന്‍ ചുവട്ടില്‍ മഞ്ഞ വെളിച്ചം വിരിച്ച പാതകളില്‍ സ്വയം സദ്ഗുണ  സമ്പന്നയായി ,സന്തോഷവതിയായി, സ്വകാര്യ ചിന്തകളില്‍ നിന്നകന്ന്  കാത്ത് നിന്നു..
മനം മടുപ്പിയ്ക്കും പ്രവര്‍ത്തികളും, കുളിര്‍കോരിയ്ക്കും സ്നേഹ വചനങ്ങളും, നിന്നോടൊത്ത് കഴിഞ്ഞില്ലേ എന്ന കുത്തി കീറും നോട്ടങ്ങളും
വിദൂര ദൃഷ്ടിയാലൊ , സ്പര്‍ശനത്താലൊ പോലും രോമാഞ്ചം കൊള്ളാനാവാത്ത  യാഥാര്‍ത്ഥ്യങ്ങള്‍..
പ്രണയമെന്ന് താത്പര്യപ്പെടാന്‍ പോലും അര്‍ഹതയില്ലാത്ത വികാരങ്ങള്‍ ..
അവയ്ക്കു പോലും കളങ്കം വരുത്തുവാനെന്ന പോലെയുള്ള ജീവിതം..
ഒരു പിടി ചോറുണ്ണാനാവാത്ത വിശപ്പില്ലായ്മ..
ഒരു നിശാ സ്വപ്നം കാണാന്‍ ആവുന്നില്ലല്ലോ എന്ന സംഭ്രമം..
ഒരു പ്രിയ കൂട്ടുകാരി പോലും ഇല്ലല്ലോ എന്ന അനാഥത്വം..
സുന്ദരിയെന്ന് അവകാശപ്പെടാന്‍ മാത്രം യാതൊരു അഴകും  സ്വന്തമായിട്ടില്ലാതെ..
അംഗീകാരങ്ങളില്ലാതെ
നിശാഗന്ധീ.ഞാനെത്ര ധന്യ!

Saturday, June 11, 2011

വേനല്‍ മഴ...!


വരൂഎന്നോടൊത്ത് പങ്ക് ചേരൂആശങ്കകള്‍ കൊണ്ട് എന്നെ നേരിടേണ്ട.
പല സമയങ്ങളിലും പല ഇടങ്ങളിലുമായി ഉള്ളു തുറന്നിട്ടുള്ള വിഷയം തന്നെ  മഴ..!
അരുത് ..ഓടി ഒളിയ്ക്കരുത്ഇട്ടെറിഞ്ഞ് ഓടരുത്മനസ്സിലാക്കാവുന്നതേ ഉള്ളു-
ഒരു മഴത്തുള്ളിയോട് പ്രേമത്തിൽ പെട്ടാല്‍ പിന്നെ മോചനമില്ല, എങ്കില്‍ മഴയോടുള്ള പ്രണയാഭിനിവേശം ഊഹിയ്ക്കാവുന്നതല്ലേ ഉള്ളൂ..?
കഴിഞ്ഞ വേനല്‍ അവധി എനിയ്ക്ക് നല്‍കിയത് ഒരു ആഘോഷമാണ്‍, ഒരു ഉത്സവം.മനം കുളിര്‍ക്കും വേനല്‍ മഴ..!
നോവിയ്ക്കും ഓര്‍മ്മകള്‍  തത്തി കളിച്ച് മുന്‍പന്തിയില്‍ നിരന്നുവെങ്കിലും,
മധുരിയ്ക്കും സ്മൃതികള്‍ ഉന്തു വണ്ടിയില്‍ ഉരുണ്ട് നീങ്ങിയെങ്കിലും,
തള്ളി കയറി വന്ന മഴ ഏറ്റത്തിനു മുന്‍പില്‍ എല്ലാം ശൂന്യം..
തുള്ളിത്തുളുമ്പി  ചിതറി വീഴും ഓരോ മഴത്തുള്ളികളും കൈകുമ്പിളില്‍ ഒതുക്കുവാനും, ചേമ്പില താളുകളില്‍ നിന്നും ഉരുണ്ട് വീഴും മണി മുത്തുകള്‍ക്ക് ചാല്‍ തീര്‍ത്ത് ഒഴുക്കുവാനുള്ള ശ്രമങ്ങളും..
എല്ലാം ഇത്തവണയും വിഫലം.

രാവിലെ വെള്ളം കോരാന്‍ വന്ന സുഭദ്ര അടക്കം പറഞ്ഞു,
;ഏടത്തി അറിഞ്ഞോ..ഇങ്ങനെ മഴ പെയ്യാണെങ്കില്‍ നാട്ടില്‍ പ്രളയം വരുംത്രെ..അങ്ങനേയ്ച്ചാല്‍ ഇവിടെ സുനാമി ഉണ്ടാവോന്നാ ന്റ്റെ പേടി..’
പെണ്ണിന്‍റെ തലയ്ക്കിട്ടൊര്‍ മേട്ടം കൊടുത്ത് ഭ്രാന്തന്‍ സുനാമിയെ കുറിച്ച് ഒരു ചെറു വിവരണം കൊടുത്ത് തീര്‍ന്നില്ലാ, അപ്പോഴേയ്ക്കും അതാ  വരുന്നു അടുത്ത സുനാമി..!
‘ഏടത്തീ..മൂന്നാമതൊരു സുനാമി വരുംന്ന് പറയണത് നേരാ..?
സുനാമി ഭൂതത്താന്‍ നമ്മളെ ചുഴറ്റി എറിയാണെങ്കില്‍ അപ്പൊ നമ്മടെ മനസ്സ് പറയുംത്രെ, ഇതാണ്‍  മനുഷ്യാ ലോകവസാനംന്ന്..
ഇന്നലത്തെ രാമഴയില്‍ ന്റ്റെ പേടി അതായിരുന്നു,
ന്തായാലും കടല്‍  കാണണംന്ന ന്റ്റെ മോഹം കെട്ടടങ്ങി
ന്താ..എപ്പഴാന്നൊന്നും പറയാന്‍ വയ്യല്ലോ..ന്റ്റെ ഭഗവതീ..ഉള്ള് പിടയ്ക്കാണ്‍ ഓരോന്ന് ഓര്‍ക്കുമ്പൊ..

സുഭദ്ര അച്ഛന്‍ ഇല്ലാത്ത കുട്ട്യാണ്‍.
വീട്ട് പണിയെടുത്ത് അമ്മയെ സഹായിയ്ക്കണ പാവം കുട്ടി.
വേനല്‍ അവധിയ്ക്ക് വന്നാല്‍  മാത്രെ അവളെ കയ്യില്‍ കിട്ടൂ, അല്ലാത്തപ്പോള്‍ അപ്പുറത്തെ ടീച്ചറേച്ചിയുടെ ഒന്നര വയസ്സുകാരിയെ ഒക്കത്ത് വെച്ച് നടക്കലാണ്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള അവളുടെ ജോലി..
ഏടത്തീ്അവളുടെ ചീറല്‍ ഞെട്ടിച്ചു..
പിന്നേയ് ഒരൂട്ടം കൂടി പറയാന്‍ വിട്ടു..
മാറിലേയ്ക്ക് വീണ്‍ കിടക്കുന്ന ഈറന്‍ മുടിയിഴകള്‍ പിന്നിലേയ്ക്ക് വലിച്ചെറിഞ്ഞ് അവള്‍ കിണറ്റിന്‍ തിണ്ണയില്‍ ചാടിക്കയറി ഇരുന്നു.
ഏടത്തി കേട്ടായിരുന്നോ ഇന്നലെ പാതിരായ്ക്ക് പൊട്ടിയ ഇടി..?
ന്റ്റെ അമ്മോ..ന്തായിരുന്നൂനമ്മടെ ശിവന്‍റെ ക്ഷേത്രത്തിലെ വെടി വഴിപ്പാടിനേക്കാള്‍ മതിയ്ക്കും..വെള്ളി മിന്നല്‍ ഏതാണ്ട് പള്ളിപെരുന്നാളിന്‍ ലൈറ്റിട്ട പോലെ മിന്നി തിളങ്ങ്യോണ്ടിരുന്നു..
വീട്ടിന്ന് ഇറങ്ങി ഓട്യാലോന്ന് വരെ തോന്നി..ന്നിട്ട് എന്തിനാ ചെകുത്താന്‍റെ വായിലേയ്ക്കല്ലേ എടുത്ത് കാല്‍ വെയ്ക്കണേ..ന്റ്റെ ഓരോ പൊട്ട ബുദ്ധികളേ..
ആ വായാടി പെണ്ണ് ഓര്‍ത്തോര്‍ത്ത്  ചിരിച്ചു..
പകലൊടുങ്ങുമ്പോള്‍ സുഭദ്രയുടെ  മനസ്സ് തിരയുന്നത്  രാമഴയുടെ തൊന്നിവാസങ്ങളാണെന്ന് തോന്നി പോകും അവളുടെ മട്ടും ഭാവവും കണ്ടാല്‍..
പിന്നല്ലേഏടത്തീ..തത്തമ്മ പെണ്ണ് ചിലച്ചോണ്ടേ ഇരിയ്ക്കുന്നൂ..
ഈ മഴേടെ മനസ്സ് ആണിന്‍റേതായിരിയ്ക്കോ, പെണ്ണിന്‍റേതായിരിയ്ക്കോ..?
ഈശ്വരാ..ഈ പെണ്ണിനെ കൊണ്ട്  ഞാന്‍ തോറ്റു.. അറിയാതെ മനസ്സ്  കളി പറഞ്ഞു..
ഒരു സ്വപ്നത്തിലെന്നോണം പിന്നെ അവളോട് മന്ത്രിച്ചു..,
“വീഴാത്ത ആലിപ്പഴങ്ങളെ വീഴ്ത്തുവാനായി ആശയോടെ മിഴികളെ മേൽപ്പോട്ടുയര്‍ത്തി നില്‍ക്കും നേരം വെള്ളി കൊലുസ്സുകളണിഞ്ഞ പാദങ്ങളില്‍ ഒരു നനവായ് പൊടിയുന്ന മഴ..!
പിന്നെ മുറ്റത്തിറങ്ങി മഴ വെള്ളം കെട്ടി നിന്ന തെളി നീരില്‍ കണ്ണാടി നോക്കാനെന്നോണം മുഴു പാവാട എടുത്ത് കുത്തി  ഏന്തി നോക്കുമ്പോള്‍  മുതുകത്ത് ഒരു ഏറ് കൊള്ളും പോലുള്ള മുഴുത്ത തുള്ളികളെറിഞ്ഞ് വികൃതി കാണിയ്ക്കുന്ന മഴ..!
പിന്നീടെപ്പോഴോ കൊട്ടും കുരവയുമൊന്നുമില്ലാതെ കാമുക വേഷങ്ങള്‍ തിമിര്‍ത്താടിയ മഴ..!
ഇപ്പോള്‍മഴഅവളെന്‍റെ കൂട്ടുകാരി,എന്‍റെ മനസ്സറിഞ്ഞ്  എനിയ്ക്കൊത്ത് ചലിയ്ക്കുന്ന എന്‍റെ സ്വാര്‍ത്ഥ മനസ്സിന്‍റെ സൂക്ഷിപ്പുകാരി
അവളെന്‍റെ മഴ!
ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു തീര്‍ന്നുവെങ്കിലും ഉള്ളു തുറന്ന്  ചിരിച്ചു പോയി.
സുഭദ്ര വായ് പിളര്‍ന്നിരിയ്ക്കുന്നൂ..അവളുടെ ചോദ്യത്തിന്‍ ഉത്തരം കണ്ടേ പറ്റൂ..
സുഭദ്ര കേട്ടിട്ടില്ലേ നമ്മുടെ കാര്‍ന്നവന്മാരുടെ പറച്ചില്‍,
രംഗ ബോധമില്ലാത്ത കോമാളിയാണ്‍ മഴയെന്ന്അടക്കവും ഒതുക്കവും ഇല്ലാത്ത ഒരു തോന്നിവാസി..
അപ്പോള്‍ ആണിന്‍റെ മനസ്സാവാനെ തരമുള്ളൂ..കാര്യായി പറഞ്ഞെങ്കിലും ഉള്ളില്‍ ചിരിയ്ക്കായിരുന്നു.
പറഞ്ഞു തീര്‍ന്നില്ലാ, സുഭദ്ര കിണറ്റിന്‍ തിണ്ണയില്‍ നിന്ന് ചാടി ഇറങ്ങി കണ്ണുകളുരുട്ടി മുന്നോട്ടാഞ്ഞു,
പോ ഏടത്തി..ഈ ഏടത്തിയ്ക്കെന്താ..
ഞാന്‍ കാണണ കിനാക്കളിലെല്ലാം മഴ ന്റ്റെ അച്ഛനാണ്‍..
മാനത്ത് കാര്‍മേഘ കൂട്ടങ്ങള്‍ കിടന്നുരുളാന്‍ തുടങ്ങുമ്പോഴേയ്ക്കും അച്ഛന്‍റെ മൊഖം തെളിയണത്  ഞാന്‍ കാണാറുള്ളതാ..
രാത്രീല്‍ മാനം പെരുമ്പറ കൊട്ടിയാല്‍ അച്ഛന്‍ പറയും അത് നമ്മടെ കാര്‍ന്നോരുടെ വീട്ടിലെ നെല്ല് പത്തായം തൊറക്കണ ശബ്ദാണെന്ന്..
മഴയത്ത് ചൂട്ട് കെട്ടടങ്ങിയാല്‍ വഴിയാത്രികള്‍ക്ക് ഇഴ ജന്തുക്കളെ പേടില്ല്യാണ്ട് വരമ്പിലൂടെ നടക്കാനുള്ള വെട്ടാണത്രെ മിന്നല്‍ പിണരുകള്‍..
പുലരും വരെ ന്റ്റെ അച്ഛന്‍ കാതോര്‍ത്ത് കിടക്കും..
ഈ മഴ തോരല്ലേ തമ്പ്രാനേ എന്നു മാത്രായിരിയ്ക്കും ആ വരണ്ട ചുണ്ടുകളിലെ പ്രാര്‍ത്ഥന..
നേരം പുലര്‍ന്നാല്‍ അച്ഛനെ കാണാതാകും..
ചാഞ്ഞും ചെരിഞ്ഞും നിക്കണ പച്ച നെല്‍ക്കതിരുകള്‍ തലോടി ആഹ്ലാദത്തോടെ ആഞ്ഞ് നടക്കണ അച്ഛനെ ജനലഴികളിലൂടെ ഞാന്‍ കാണാറുണ്ട്..
അങ്ങനേ നെല്‍പ്പാടത്തിന്‍റെ അങ്ങേയറ്റത്തുള്ള തെങ്ങിന്ത്തോപ്പിലൂടെ അപ്രത്യക്ഷനാകുന്നതും
ന്നാലും മാനം ഒന്ന്  കറുത്താല്‍  മഴയൊന്ന്  തുള്ളിയാല്‍ നമ്മടെ പാടത്തിന്‍റെ എതിര്‍വശത്തുള്‍ല കരിങ്കല്ലിന്മേല്‍ കാലന്‍ കുടയും ചൂടി അച്ഛന്‍ കാവലിരിയ്ക്കണത് ന്റ്റെ കണ്ണുകള്‍ക്ക് പതിവ് കാഴ്ച്ചയാണ്‍.
കഴകള്‍ പൊട്ടിയിരിയ്ക്കോ, കുരുന്ന് ഞാറുകള്‍ വെള്ളം കുടിച്ച് അവശരായിരിയ്ക്കോ  എന്നൊക്കെയുള്ള ഭയായിരിയ്ക്കും ആ ശുദ്ധ മനസ്സില്‍..
അച്ഛന്‍ പറയാറുണ്ട്,മോളേ..നമ്മടെ ഭൂമിയുടെ ജീവന്‍ നിലനിര്‍ത്തണത് മഴയാണ്‍..
മഴയെ നമ്മള്‍ നിന്ദിച്ചു കൂടാ,
മഴ നമ്മളെ വ്യസനിപ്പിച്ചേയ്ക്കാം..അത് ദൈവ നിശ്ചയം, ദൈവ കോപത്തിന്‍റെ മുന്‍ വിധി..
പാപത്തിന്‍റെ മാറാപൂക്കള്‍ വഹിയ്ക്കണ വരണ്ട ഭൂമീടെ നനവാണ്‍ മഴ.
സുഭദ്ര പറഞ്ഞു നിര്‍ത്തി..
അച്ഛന്‍റെ ഓര്‍മ്മകളില്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകി..
ആ കണ്ണുനീര്‍ത്തുള്ളികള്‍ കാണാതിരിയ്ക്കാന്‍ ഒരു മഴ പെയ്തിരുന്നെങ്കില്‍ എന്നെനിയ്ക്ക് ആഗ്രഹിയ്ക്കേണ്ടി വന്നില്ലാ..
പൊടുന്നനെ ഇറ്റിറ്റു വീണു ..ശിരസ്സുകളില്‍  പതിഞ്ഞു വീണു..  തുള്ളിത്തുളുമ്പും ആഘോഷം..
മനസ്സറിഞ്ഞ്, സ്വയം മറന്ന് ഞങ്ങള്‍ ആര്‍ത്ത് ചിരിച്ചു പോയി..
മൂക്കിന്‍ തുമ്പുകളില്‍ നിന്ന് ഇറ്റി വീണ നീര്‍ത്തുള്ളികളെ അറിയാതറിയാതെ കുടിച്ച് തീര്‍ത്തു..
അയ്യോഏടത്തീ
.അയയില്‍ കിടക്കണ്‍ അലക്കിയ തുണികള്‍..
എല്ലാം ഉണങ്ങ്യേതായിരുന്നൂ..സുഭദ്ര ഉമ്മറ മുറ്റത്തേയ്ക്ക് പാഞ്ഞു..

ഈ കുട്ടി പനി പിടിയ്ക്കാനായിട്ടാ ആ നിൽപ്പ്..ഏത് നേരോം  മഴാന്ന് പറഞ്ഞ് തെക്കും വടക്കും ഓടുന്നത് കാണാം..
എന്തിന്‍റെ കേടാ കുട്ട്യേ നിനക്ക്, ഒരു നുള്ള് രാസ്നാദി നെറുകേല്‍ തിരുമ്മാന്‍ പറഞ്ഞാല്‍ അതും കൂട്ടാക്കില്ലാ..
അടുക്കള ജനലിലൂടെ ഒഴുകി വരുന്നൂ അമ്മയുടെ  സ്ഥിരം പാട്ട്..
മഴ കൊണ്ടില്ലമ്മേദാ വന്നൂ..
സാരിത്തലപ്പ് കൊണ്ട് മുടി തുവര്‍ത്തുന്നതിനിടെ ഒരു കൊച്ച് കള്ളം പറഞ്ഞ്  അകത്തളത്തിലേയ്ക്ക്  ഒരോട്ടം..
പഴയ പത്തു വയസ്സുകാരീടെ മനസ്സാലേ..
ആലിപ്പഴം വീണു കാണോ?

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...