Monday, May 30, 2011

ജീവിത യാത്രയില്‍..പുറപ്പെടുമ്പോള്‍ കുളിയ്ക്കാനൊന്നും ഒരുമ്പെട്ടില്ലാ, എത്രയും പെട്ടെന്ന്  റെയില് വേ സ്റ്റേഷനില്‍  എത്തണം..
തിരക്കിനിടയില്‍ കണ്ടുപ്പിടിയ്ക്കാന്‍ ബുദ്ധിമുട്ടിയാല്‍ അവള്‍ കരഞ്ഞെന്നിരിയ്ക്കും,
വീട്ടുകാരില്‍ നിന്ന് രക്ഷപ്പെട്ട് ഓടി വരുന്ന പെണ്ണാണ്‍..
ആ സ്നേഹസമ്പന്നരായ അച്ഛനേയും അമ്മയേയും എന്തു കൊണ്ട് ഉപേക്ഷിച്ചിറങ്ങി എന്ന ചോദ്യമുനകള്‍ സമുദായത്തില്‍ നിന്നും ഭയന്നോടി  വരുന്നവളാണ്‍..
എന്നെ കാണേണ്ട താമസം അവള്‍ ഈ മാറിലേയ്ക്ക് പൊട്ടിക്കരഞ്ഞ് വീണേയ്ക്കാം..
ആശ്വാസിപ്പിയ്ക്കാനെന്നോണം ആ മെലിഞ്ഞ മേനി ഞാന്  ഈ കൈകള്‍ക്കുള്ളില്‍ ചുറ്റുമ്പോള്‍ അവള്‍ക്ക് നോവുമോ..?
ആ കണ്ണുനീര്‍ത്തുള്ളികളെ ഒപ്പിയെടുക്കാന്‍ എന്‍റെ നിറം മങ്ങിയ തൂവാലയ്കാകുമോ..?
ആ അവസരത്തില്‍ അവള്‍ അപ്രീതി കാണിയ്ക്കുമോ..?
മനസ്സിലെ ആവലാതികളുടെ നീളം കൂടുന്നു..

വളരെ വര്‍ഷങ്ങളായി ഞങ്ങള്‍ മാത്രം ആഘോഷിച്ച് കൊണ്ടു നടന്ന പ്രണയം..
പ്രേമ സങ്കൽപ്പങ്ങള്‍ക്കും, ദിവാസ്വപ്നങ്ങള്‍ക്കും കൂടുതല്‍ നിറപ്പകിട്ടുകള്‍ നല്‍കാതെ , അക്ഷരങ്ങളിലൂടേയും സ്വരങ്ങളിലൂടേയും മാത്രം ഞങ്ങള്‍ കൊട്ടിയാഘോഷിച്ച പ്രണയം..
അവളുടെ അക്ഷരങ്ങളില്‍ ആത്മാവിന്‍റെ വേദന ഞാനറിയാതെയറിഞ്ഞു..
അവളുടെ കനത്ത പൊട്ടിച്ചിരികളില്‍  കനത്ത ഏകാന്തത ഞാനറിഞ്ഞു..
രണ്ടോ  മൂന്നോ സംഭാഷണങ്ങള്‍ക്ക് ശേഷം അവള്‍ പറഞ്ഞു, ഞാന്‍ നിന്നില്‍ അനുരാഗവതിയായിരിയ്ക്കുന്നൂ..
ആ ചുണ്ടുകള്‍ വിറയ്ക്കുന്നതും, ആ നിശ്വാസങ്ങള്‍ എന്‍റെ ചെവിയില്‍ സ്പര്‍ശിയ്ക്കുന്നതും പ്രത്യേകമൊരു വികാരവുമില്ലാതെ ഞാനറിഞ്ഞു..
പക്ഷേ അന്നു മുതല്‍
ജനല്‍ വാതില്‍ മേല്‍ അവള്‍ എന്നേയും കാത്തിരിയ്ക്കുന്ന മനോഹര ചിത്രം മനസ്സില്‍ വിരിഞ്ഞു.
ഒരിയ്ക്കല്‍ പോലും നേരിട്ട് കാണാത്ത ആ ചിത്രം ഇന്നെന്‍റെ മുന്നില്‍ വണ്ടിയിറങ്ങും.
'നിന്നെ കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ നീ സുന്ദരിയായിരിയ്ക്കുന്നു..
നിനക്ക് കവിള്‍ വന്നിരിയ്ക്കുന്നൂ..കൂടുതല്‍ നിറം വെച്ചിരിയ്ക്കുന്നു..'
ഇതൊന്നും എനിയ്ക്ക് പറയേണ്ടി വരില്ല..
ആദ്യമായ് കാണുകയല്ലേ
സ്വയം ചിരിച്ചു പോയി..
വിദൂരതയില്‍ നില്‍ക്കുന്ന പഴയ ചിത്രങ്ങള്‍ മാത്രമാണ്‍ ഞങ്ങള്‍ അന്യോന്യം കണ്ടിട്ടുള്ള നിഴല്‍ ചിത്രങ്ങള്‍.
ചിന്തകള്‍ക്കിടയില്‍ പ്ലാറ്റ് ഫോമില്‍ നിന്ന് അനൌണ്‍സ്മെന്‍റ്
മുഴങ്ങി കേട്ടു..
പ്ലാറ്റ് ഫോം ടിക്കറ്റ് എടുത്ത് ഓടി എത്തിയതും ആ ചക്രങ്ങള്‍ ഒരമര്‍ച്ചയോടെ മുന്നില്‍ നിര്‍ത്തിയതും ഒരുമിച്ചായിരുന്നു..
എന്‍റെ പ്രാണനെ തേടി അധികം ഓടേണ്ടി വന്നില്ല,
ചെറിയ കിതപ്പോടെ എന്‍റെ കാലുകളെ പിടിച്ചു നിര്‍ത്തിയത് അവളുടെ നിശ്വാസം തന്നെ.
സ്വയം വിയര്‍പ്പ് മണക്കുന്നു..
അവള്‍ എന്ത് കരുതുമോ ആവോ..
സ്നേഹത്തിന്‍റെ,സ്വാതന്ത്ര്യത്തിന്‍റെ മേഖലയിലേയ്ക്ക് പറന്നുയരാന്‍ വെമ്പുന്ന ഞങ്ങള്‍ക്കിടയില്‍ ഇനി എന്ത്
സ്വയം പരിഹാസം തോന്നി..
'നീ ഇങ്ങടുത്ത് വാനീ ഇനി എന്‍റേതാണ്‍..
ഞാന്‍ നിന്നെ എന്തു വേണമെങ്കിലും ചെയ്തു കൊള്ളും…'
തെല്ലമ്പരപ്പോടെ വന്നിറങ്ങിയ അവളെ എന്‍റെ കൈകള്‍ അവളുടെ നീണ്ട കൈവിരലുകള്‍ക്കായി തേടുമ്പോള്‍ അറിയാതെ പുലമ്പി..
ആ കണ്ണുകള്‍ ജ്വലിച്ചു..
ആ ചുണ്ടുകളില്‍ പുഞ്ചിരി  വിരിഞ്ഞില്ലാ..
വിശ്വാസം ആദ്യമായി തകര്‍ന്നുവോ..?
കാണണ്ട നിയ്ക്ക് നിന്നെ..
അവള്‍ ആ തീവണ്ടിയില്‍ തിരിഞ്ഞോടി കയറുന്നത്  ഞാന്‍ നോക്കി നിന്നു..
എന്തിനവള്‍ എന്നോട്..
അൽപം വഷളായ എന്‍റെ വാക്കുകളോ..
ആദ്യമായ് കണ്ട എന്‍റെ രൂപമോ..
അതോ.. നാടും വീടും ഓര്‍മ്മപ്പെടുത്തിയോ..?

സ്വന്തം നാവിനെ മാത്രം പഴിച്ച് തിരിച്ച് നടക്കുമ്പോള്‍ അറിയാതെ കേണു..
എന്‍റെ കുട്ടി..
നീ എന്നെ എത്രമാത്രം മനസ്സിലാക്കിയിരിയ്ക്കുന്നൂ എന്ന് ഞാന്‍ അറിയുന്നൂ..
പക്ഷേ..
നീ അറിയുന്നില്ലല്ലോ.. ഞാന്‍ നിന്നെ എത്രമാത്രം മനസ്സിലാക്കിയിരിയ്ക്കുന്നു എന്ന്..
ഞാന്‍ ഇപ്പോഴും നിന്നെ ഇഷ്ടപ്പെടുന്നു..


24 comments:

 1. അൽപം വഷളായ എന്‍റെ വാക്കുകളോ..ആദ്യമായ് കണ്ട എന്‍റെ രൂപമോ..അതോ.. നാടും വീടും ഓര്‍മ്മപ്പെടുത്തിയോ..?

  അല്ലാ......ശരിക്കും എന്തായിരുന്നു കാരണം. അതൂടി അറിയാനൊരു ആകാംഷീണ്ടാര്‍ന്നു. പറഞ്ഞേച്ചും പോ :)

  സാധാരണ ആദ്യകാഴ്ചയില്‍തന്നെ പ്രണയം തോന്നുക എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഓണ്‍‍ലൈന്‍ പ്രണയങ്ങളില്‍ അത് ആദ്യകാഴ്ചയില്‍ അവസാനിക്കുന്നോ? എന്തായാലും തീവണ്ടിയാപ്പീസിലെ കൂടികാഴ്ചയും വിചാരങ്ങളും നന്നായി അവതരപ്പിച്ചു.

  ആദ്യ അഭിപ്രായത്തോടൊപ്പം ആശംസകള്‍! :)

  ReplyDelete
 2. ഇങ്ങനെ കോട്ടയത്ത് ഒരു പെണ്ണിന് സംഭവിച്ചു .. ഫോണില്‍ സംസാരിച്ചു മൊട്ടിട്ട പ്രേമം പിരിയാന്‍ കഴിയാത്ത ബന്ധമായി ഒടുവില്‍ നേരിട്ട് കാണാന്‍ തീരുമാനിച്ചു .കണ്ടപ്പോള്‍ പെണ്‍കുട്ടി ഞെട്ടി പ്പോയി . കിടക്കയില്‍ നിന്ന് എഴുനേ ല്‍ക്കാന്‍ പോലും പരസഹായം വേണ്ടി വരുന്ന വികലാംഗന്‍ ! പക്ഷെ അവള്‍ കഥയിലെ പെണ്‍കുട്ടിയെ പോലെ ഓടിപ്പോയില്ല ....:-)

  ReplyDelete
 3. കഥയിലെ ക്ലൈമാക്സ് എന്തായാലും നല്ല ഭാഷയില്‍ പറഞ്ഞ ഭംഗിയുള്ള കഥ.
  ഓരോ വാക്കുകളും ഹൃദ്യം.
  ഇഷ്ടായി വര്‍ഷിണീ ...
  അഭിനന്ദനങ്ങള്‍

  ReplyDelete
 4. ഇത്തരം പ്രണയങ്ങള്‍ പൂര്‍ണ്ണമായും വിജയമെന്ന് കരുതാനാവില്ല, ഈ ഓട്ടം പിന്നീടും സംഭവിക്കാം.

  എഴുത്ത് നന്നായി, ആശംസകള്‍....

  ReplyDelete
 5. കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

  ReplyDelete
 6. കാണാപ്പുറത്തെ പ്രണയത്തിനു ആയുസ്സ് അത്രക്കേ ഉള്ളു ല്ലേ സഖീ....?
  എന്തു രസായിട്ടാ നീ എഴുതിയിരിക്കണേ, നന്നായിരിക്കണൂ ട്ടോ....

  ReplyDelete
 7. പ്രണയത്തിന്റെ വേറൊരു മുഖം...നന്നായി പറഞ്ഞു സഖീ

  ReplyDelete
 8. ഓടി രക്ഷപ്പെട്ടെന്നോ !
  ഹിഹിഹി ...
  അത് നന്നായി !
  ഇല്ലെങ്കില്‍ ബാക്കി എന്തൊക്കെ കാണേണ്ടിവന്നേനെ...!
  വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു .
  അഭിനന്ദനങ്ങള്‍ വര്‍ഷിണി ...

  ReplyDelete
 9. അകലെയിരുന്ന കാഴ്ചകളുടെ ആകാംക്ഷ.

  ReplyDelete
 10. നായകൻ കുറച്ചു കൂടി നല്ല ഭാഷ ഉപയോഗിച്ചിരുന്നെങ്കിൽ, ഒന്ന് കുളിച്ചിട്ടു വന്നിരുന്നെങ്കിൽ ഇത്‌ ശുഭകരമായി അവസാനിയ്ക്കുമായിരുന്നോ, വർഷിണീ? എനിയ്ക്കെന്തോ അതാണു ഇഷ്ടം! എന്തായാലും, അവതരണം വളരെ നന്നായിട്ടുണ്ട്‌!

  ReplyDelete
 11. ആശ്വാസിപ്പിയ്ക്കാനെന്നോണം ആ മെലിഞ്ഞ മേനി ഞാന് ഈ കൈകള്‍ക്കുള്ളില്‍ ചുറ്റുമ്പോള്‍ അവള്‍ക്ക് നോവുമോ..?
  ആ കണ്ണുനീര്‍ത്തുള്ളികളെ ഒപ്പിയെടുക്കാന്‍ എന്‍റെ നിറം മങ്ങിയ തൂവാലയ്കാകുമോ..?
  good.

  ReplyDelete
 12. മൊബൈൽ പ്രണയത്തിന്റെ പര്യവസാനം,.... നന്നായിട്ടുണ്ട് വർഷിണീ.. നമ്മുടെ പെൺകുട്ടികൾ എന്തേ ഇങനെ? ഒട്ടും വീണ്ടുവിചാരമില്ലാതെ, എടുത്തുചാട്ടം മുഖമുദ്രയാക്കുന്നവർ ആകാൻ....

  ReplyDelete
 13. വായിച്ചു ..ഒട്ടും ബോറടിച്ചില്ല .നന്നായി എഴുതി ............ ഞാന്‍ ആദ്യമാണിവിടെ ..


  രണ്ടു മാസം മുന്‍പ് കൊച്ചിയില്‍ ..വയ്കിട്ടു നാല് മണി മുതല്‍ ഇവിടെ അടുത്തൊരു ബസ്സ്‌ സ്റ്റോപ്പില്‍ കരച്ചിലും പിഴിച്ചിലും തര്‍ക്കങ്ങളുമായി നിന്ന ഒരാണിനെയും പെണ്ണിനേയും നാട്ടുകാല്‍ കയ്യോടെ പോലീസിനെ ഏല്‍പ്പിച്ചു , ചോദിച്ചപ്പോള്‍ ..പെണ്ണ് കോട്ടയംകാരി ചെറുക്കന്‍ സമീപ വാസി .. സ്ഥാനം തെറ്റി വന്ന ഒരു കോളിലൂടെ ഉരുത്തിരിഞ്ഞ പ്രണയം , നേരിട്ട് കണ്ടിട്ടില്ല ,പരസ്പ്പരമുണ്ടായിരുന്ന വര്‍ണനകളില്‍ , രണ്ടു പേരും ഐശ്വര്യാ റായിയും ,അഭിഷേക് ബച്ചനും ആയിരുന്നു അത്രേ .. പയ്യന് കൂലിപ്പണി ആണ് .. ഒരു ദിവസം പെണ്നിങ്ങു പോന്നു ..പയ്യന്റെ നാട്ടിലേക്ക് .. കാമുകനെ കാണാന്‍ ..കൂടെ ജീവിക്കാന്‍ ..
  ഇവിടെ എത്തി പയ്യന്‍ പെണ്ണിനെ കണ്ടപ്പോള്‍ പുള്ളിക്കാരന് വേണ്ടത്രേ ..പെണ്ണിനോട് തിരിച്ചു പോയ്ക്കോളാന്‍ അവന്‍ പറഞ്ഞു ..അവളൊട്ടു പോകുന്നുമില്ല ..പിന്നെ നടു റോട്ടില്‍ നിന്ന് കരച്ചിലും തുടങ്ങി .. ആകെ ബഹളം ..
  പെണ്ണിന്റെ വീട്ടുകാര്‍ പാവങ്ങള്‍ മകളെ കാണഞ്ഞു ഓട്ടം തന്നെ ഓട്ടം .ഒടുക്കം പോലീസെ രണ്ടു വീട്ടുകാരെയും വിളിച്ചു ഉപദേശിച്ചു വിട്ടു .. ആ പ്രേമം അങ്ങനെ കലങ്ങി ..പേപ്പറില്‍ വന്നു ...നാട്ടിലും നാറി ....
  എങ്ങനുണ്ട് ... ഇതിനെ പ്രണയം എന്ന് വിളിക്കണോ അതോ രോഗം എന്ന് വിളിക്കണോ ..? അതോ പുതിയ വികലപ്രണയങ്ങളോ ,..?
  ...............
  ഭാവുകങ്ങള്‍...!

  ReplyDelete
 14. ആദ്യ അഭിപ്രായം നല്‍കിയ ചെറുതിന്‍ ന്റ്റെ സന്തോഷം അറിയിയ്ക്കുന്നൂ...
  രമേശ്, ഷമീറ്,കുഞ്ഞൂസ്,അഞ്ചു, സുധി...യാദാര്‍ത്ഥ്യങ്ങളോട് അടുക്കുമ്പോള്‍ പ്രണയ വര്‍ണ്ണങ്ങള്ക്കും മങ്ങലേല്‍ക്കുന്നൂ...അതല്ലേ സത്യം..
  ചെറുവാടി, pushpamgad, റംജി, ബിജു..ആശംസകള്‍ സ്വീകരിയ്ക്കുന്നൂ...സന്തോഷം.

  ReplyDelete
 15. വര്‍ഷിണീ, welcome back.
  ഒരു പ്രണയവും ഇങ്ങിനെ അവസാനിക്കുന്നത്‌ എനിക്കിഷ്ടമല്ല. ഇതിനെ പ്രണയമെന്നു വിളിക്കാനാവില്ല.
  ഒരു തരം മിഥ്യാഭ്രമങ്ങള്‍..

  എഴുത്ത്‌ നന്നായിട്ടുണ്ട്‌.

  ReplyDelete
 16. ഇതു പോലുള്ള പ്രണയം ഇപ്പോൾ ഒരു വാർത്തയേ അല്ലാതായിരിക്കുന്നു.
  അവതരണശൈലി വളരെ ഇഷ്ടമായി.അഭിനന്ദനങ്ങൾ

  ReplyDelete
 17. പ്രണയത്തിന്‍റെ ദുരന്തമുഖം.. പതിവുപോലെ ഹൃദ്യാവതരണം കൊണ്ട് പിടിച്ചിരുത്തി വര്‍ഷിണീ.. ആശംസകള്‍..

  ReplyDelete
 18. ഒട്ടുമിക്ക മൊബൈല്‍ ഫോണ്‍ പ്രണയങ്ങളുടെയും അന്ത്യം ഇങ്ങനെ തന്നെ ആവും ... എന്റെ ഒരു ഫ്രണ്ടിന്റെ ഒരു മൊബൈല്‍ ഫോണ്‍ പ്രണയവും അതിന്റെ പരിസമാപ്തിയും ഒരു കോമഡി രൂപത്തില്‍ ഞാന്‍ ഉടനെ എഴുതുന്നുണ്ട്..നല്ല അവതരണം..ഒട്ടും ബോറടിച്ചില്ലാട്ടോ..ആശംസകള്‍

  ReplyDelete
 19. എന്‍റെ കുട്ടി..
  നീ എന്നെ എത്രമാത്രം മനസ്സിലാക്കിയിരിയ്ക്കുന്നൂ എന്ന് ഞാന്‍ അറിയുന്നൂ..
  പക്ഷേ..
  നീ അറിയുന്നില്ലല്ലോ.. ഞാന്‍ നിന്നെ എത്രമാത്രം മനസ്സിലാക്കിയിരിയ്ക്കുന്നു എന്ന്..

  ന്നാലും എന്തിനായിരിക്കും ആ കുട്ടി തിരിച്ച് നടന്നത്..
  എന്നത്തേയും പോലെ ഈ കഥയും നല്ല വായനാസുഖം ണ്ട് വര്ഷിണീ..
  ആശംസകള്‍

  ReplyDelete
 20. കൊള്ളാം.....അവളെന്തൊരു പണിയാ കാണിച്ചേ..!!

  ReplyDelete
 21. പെങ്കുട്ടികള്‍ മുന്നും പിന്നുംനോക്കാതെ ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ ഒളിച്ചോടുന്നത് തീരെ അംഗീകരിക്കാനാകില്ല. ഈ കഥയില്‍ അവര്‍ തമ്മില്‍ യഥാര്‍ത്ഥ പ്രണയം ഇല്ല അല്ലെ. ഒരു തരം ഫാസിനേഷന്‍. അത് നേരില്‍ കണ്ടപ്പോള്‍ തീര്‍ന്നു. എന്തായാലും നന്നായി .പെണ്ണ് തിരിച്ച് വീട്ടിലെത്തീന്ന് കരുതുന്നു.

  ആശംസകളോടേ

  ReplyDelete
 22. തിരിച്ചറിയാതെ പോയ ഒരു ഇഷ്ടത്തിന്റെ വേദന....
  നന്നായി അവതരിപ്പിച്ചു....
  ന്റെ വര്‍ഷിണിക്ക് അഭിനന്ദനങ്ങള്‍....

  ReplyDelete
 23. പലയിടത്തും വായിച്ച ഒരുകഥ എന്നാണ് മദ്ദ്യത്തില്‍ (കള്ളല്ല ) എത്തിയപ്പോള്‍ തോന്നിയത് എന്നാല്‍ അവസാം ക്ലൈമാക്സായപ്പോള്‍ സംഗതി കലക്കി
  കൊമ്പന് ഇപ്പോളും മനസിലാവാത്തത് അതല്ല എന്താവും അവള്‍ക്ക് അവനെ മനസിലാവാതിരിക്കാനുള്ള കാരണം

  ReplyDelete
 24. നൊമ്പര കഥകളായ് മറയും പ്രണയം...ആര്‍ക്കും നിര്‍വചിയ്ക്കാനാവാത്ത എന്തോ, അതി ഗാഡമായ ആത്മ ബന്ധം..പ്രണയം.
  ജീവിതയാത്രയിലെ പ്രണയ നൊമ്പരങ്ങളെ തൊട്ടറിഞ്ഞ ന്റ്റെ കൂട്ടുകാര്‍ക്ക് സന്തോഷം അറിയിയ്ക്കുന്നൂ..നന്ദി.

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...