Monday, May 30, 2011

ജീവിത യാത്രയില്‍..പുറപ്പെടുമ്പോള്‍ കുളിയ്ക്കാനൊന്നും ഒരുമ്പെട്ടില്ലാ, എത്രയും പെട്ടെന്ന്  റെയില് വേ സ്റ്റേഷനില്‍  എത്തണം..
തിരക്കിനിടയില്‍ കണ്ടുപ്പിടിയ്ക്കാന്‍ ബുദ്ധിമുട്ടിയാല്‍ അവള്‍ കരഞ്ഞെന്നിരിയ്ക്കും,
വീട്ടുകാരില്‍ നിന്ന് രക്ഷപ്പെട്ട് ഓടി വരുന്ന പെണ്ണാണ്‍..
ആ സ്നേഹസമ്പന്നരായ അച്ഛനേയും അമ്മയേയും എന്തു കൊണ്ട് ഉപേക്ഷിച്ചിറങ്ങി എന്ന ചോദ്യമുനകള്‍ സമുദായത്തില്‍ നിന്നും ഭയന്നോടി  വരുന്നവളാണ്‍..
എന്നെ കാണേണ്ട താമസം അവള്‍ ഈ മാറിലേയ്ക്ക് പൊട്ടിക്കരഞ്ഞ് വീണേയ്ക്കാം..
ആശ്വാസിപ്പിയ്ക്കാനെന്നോണം ആ മെലിഞ്ഞ മേനി ഞാന്  ഈ കൈകള്‍ക്കുള്ളില്‍ ചുറ്റുമ്പോള്‍ അവള്‍ക്ക് നോവുമോ..?
ആ കണ്ണുനീര്‍ത്തുള്ളികളെ ഒപ്പിയെടുക്കാന്‍ എന്‍റെ നിറം മങ്ങിയ തൂവാലയ്കാകുമോ..?
ആ അവസരത്തില്‍ അവള്‍ അപ്രീതി കാണിയ്ക്കുമോ..?
മനസ്സിലെ ആവലാതികളുടെ നീളം കൂടുന്നു..

വളരെ വര്‍ഷങ്ങളായി ഞങ്ങള്‍ മാത്രം ആഘോഷിച്ച് കൊണ്ടു നടന്ന പ്രണയം..
പ്രേമ സങ്കൽപ്പങ്ങള്‍ക്കും, ദിവാസ്വപ്നങ്ങള്‍ക്കും കൂടുതല്‍ നിറപ്പകിട്ടുകള്‍ നല്‍കാതെ , അക്ഷരങ്ങളിലൂടേയും സ്വരങ്ങളിലൂടേയും മാത്രം ഞങ്ങള്‍ കൊട്ടിയാഘോഷിച്ച പ്രണയം..
അവളുടെ അക്ഷരങ്ങളില്‍ ആത്മാവിന്‍റെ വേദന ഞാനറിയാതെയറിഞ്ഞു..
അവളുടെ കനത്ത പൊട്ടിച്ചിരികളില്‍  കനത്ത ഏകാന്തത ഞാനറിഞ്ഞു..
രണ്ടോ  മൂന്നോ സംഭാഷണങ്ങള്‍ക്ക് ശേഷം അവള്‍ പറഞ്ഞു, ഞാന്‍ നിന്നില്‍ അനുരാഗവതിയായിരിയ്ക്കുന്നൂ..
ആ ചുണ്ടുകള്‍ വിറയ്ക്കുന്നതും, ആ നിശ്വാസങ്ങള്‍ എന്‍റെ ചെവിയില്‍ സ്പര്‍ശിയ്ക്കുന്നതും പ്രത്യേകമൊരു വികാരവുമില്ലാതെ ഞാനറിഞ്ഞു..
പക്ഷേ അന്നു മുതല്‍
ജനല്‍ വാതില്‍ മേല്‍ അവള്‍ എന്നേയും കാത്തിരിയ്ക്കുന്ന മനോഹര ചിത്രം മനസ്സില്‍ വിരിഞ്ഞു.
ഒരിയ്ക്കല്‍ പോലും നേരിട്ട് കാണാത്ത ആ ചിത്രം ഇന്നെന്‍റെ മുന്നില്‍ വണ്ടിയിറങ്ങും.
'നിന്നെ കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ നീ സുന്ദരിയായിരിയ്ക്കുന്നു..
നിനക്ക് കവിള്‍ വന്നിരിയ്ക്കുന്നൂ..കൂടുതല്‍ നിറം വെച്ചിരിയ്ക്കുന്നു..'
ഇതൊന്നും എനിയ്ക്ക് പറയേണ്ടി വരില്ല..
ആദ്യമായ് കാണുകയല്ലേ
സ്വയം ചിരിച്ചു പോയി..
വിദൂരതയില്‍ നില്‍ക്കുന്ന പഴയ ചിത്രങ്ങള്‍ മാത്രമാണ്‍ ഞങ്ങള്‍ അന്യോന്യം കണ്ടിട്ടുള്ള നിഴല്‍ ചിത്രങ്ങള്‍.
ചിന്തകള്‍ക്കിടയില്‍ പ്ലാറ്റ് ഫോമില്‍ നിന്ന് അനൌണ്‍സ്മെന്‍റ്
മുഴങ്ങി കേട്ടു..
പ്ലാറ്റ് ഫോം ടിക്കറ്റ് എടുത്ത് ഓടി എത്തിയതും ആ ചക്രങ്ങള്‍ ഒരമര്‍ച്ചയോടെ മുന്നില്‍ നിര്‍ത്തിയതും ഒരുമിച്ചായിരുന്നു..
എന്‍റെ പ്രാണനെ തേടി അധികം ഓടേണ്ടി വന്നില്ല,
ചെറിയ കിതപ്പോടെ എന്‍റെ കാലുകളെ പിടിച്ചു നിര്‍ത്തിയത് അവളുടെ നിശ്വാസം തന്നെ.
സ്വയം വിയര്‍പ്പ് മണക്കുന്നു..
അവള്‍ എന്ത് കരുതുമോ ആവോ..
സ്നേഹത്തിന്‍റെ,സ്വാതന്ത്ര്യത്തിന്‍റെ മേഖലയിലേയ്ക്ക് പറന്നുയരാന്‍ വെമ്പുന്ന ഞങ്ങള്‍ക്കിടയില്‍ ഇനി എന്ത്
സ്വയം പരിഹാസം തോന്നി..
'നീ ഇങ്ങടുത്ത് വാനീ ഇനി എന്‍റേതാണ്‍..
ഞാന്‍ നിന്നെ എന്തു വേണമെങ്കിലും ചെയ്തു കൊള്ളും…'
തെല്ലമ്പരപ്പോടെ വന്നിറങ്ങിയ അവളെ എന്‍റെ കൈകള്‍ അവളുടെ നീണ്ട കൈവിരലുകള്‍ക്കായി തേടുമ്പോള്‍ അറിയാതെ പുലമ്പി..
ആ കണ്ണുകള്‍ ജ്വലിച്ചു..
ആ ചുണ്ടുകളില്‍ പുഞ്ചിരി  വിരിഞ്ഞില്ലാ..
വിശ്വാസം ആദ്യമായി തകര്‍ന്നുവോ..?
കാണണ്ട നിയ്ക്ക് നിന്നെ..
അവള്‍ ആ തീവണ്ടിയില്‍ തിരിഞ്ഞോടി കയറുന്നത്  ഞാന്‍ നോക്കി നിന്നു..
എന്തിനവള്‍ എന്നോട്..
അൽപം വഷളായ എന്‍റെ വാക്കുകളോ..
ആദ്യമായ് കണ്ട എന്‍റെ രൂപമോ..
അതോ.. നാടും വീടും ഓര്‍മ്മപ്പെടുത്തിയോ..?

സ്വന്തം നാവിനെ മാത്രം പഴിച്ച് തിരിച്ച് നടക്കുമ്പോള്‍ അറിയാതെ കേണു..
എന്‍റെ കുട്ടി..
നീ എന്നെ എത്രമാത്രം മനസ്സിലാക്കിയിരിയ്ക്കുന്നൂ എന്ന് ഞാന്‍ അറിയുന്നൂ..
പക്ഷേ..
നീ അറിയുന്നില്ലല്ലോ.. ഞാന്‍ നിന്നെ എത്രമാത്രം മനസ്സിലാക്കിയിരിയ്ക്കുന്നു എന്ന്..
ഞാന്‍ ഇപ്പോഴും നിന്നെ ഇഷ്ടപ്പെടുന്നു..


Monday, May 16, 2011

പുനര്‍ജ്ജനി..


എടീ ശോഭേവാതില്‍ തുറക്കടീ..
തുറക്കാനാ പറഞ്ഞത്,
അതോ ഞാന്‍  ചവിട്ടി തുറക്കണൊ..

ആഗതന്‍റെ അട്ടഹാസം കേട്ട് ഞെട്ടി പോയി
എന്‍റെ കൃഷ്ണാ..നേരം ഒന്ന് പുലര്‍ന്നുവെങ്കില്‍..
എങ്ങും സൂര്യ വെളിച്ചം ഒന്ന് പരന്നെങ്കില്‍..
എന്‍റെ മകളേ..നീ ആ കതകൊന്ന് തുറന്ന് കൊടുക്കൂ..
കളികൂട്ടുകാരനെ തേടി അലഞ്ഞു നടന്ന നിന്നെ ഈശ്വരന്‍ തുണച്ചതാണ്‍..
പുറകില്‍ നിന്ന് മറ്റൊരു ശബ്ദം..
എല്ലാവരും കൂടി എന്നെ ഭ്രാന്ത് പിടിപ്പിയ്ക്കുകയാണൊ..?
എന്തായാലും, ഇന്നില്ലാ..നാളെയാകട്ടെ ,ഇരു കൈകളേയും സ്വയം തടഞ്ഞു വെച്ച് നെടുവീര്‍പ്പിട്ടു..

പാതിയില്‍ വെച്ച് വിട്ടു പോകുന്ന സൌഹൃദങ്ങളുടേയും  ബന്ധങ്ങളുടെയും വേര്‍പ്പാട്..അത് ജീവിത മോടികളെ നശിപ്പിയ്ക്കുന്നൂ..ശൂന്യമാക്കി തീര്‍ക്കുന്നൂ..
നിസ്സഹായ അവസ്ഥകളേക്കാള്‍ എത്രയോ സ്വസ്ഥമല്ലേ സ്വന്തം നിഴലിനോട് കഥ പറഞ്ഞിരിയ്ക്കല്‍..
സ്വന്തം മുറിയില്‍ മൌനത്തെ വാചാലമക്കി, നിരാകരിയ്ക്കപ്പെടുന്നുവോ എന്ന ആശങ്കകളെ തട്ടിത്തെറിപ്പിയ്ക്കല്‍..
ആ കളിയില്‍ ഞാന്‍ എപ്പോഴും വിജയിയായി..

പകല്‍ മുഴുവന്‍ പുറം പൊട്ടിപ്പൊളിയ്ക്കുന്ന പൊള്ളുന്ന ചൂട്..
നടന്നു നടന്ന് രാത്രിയായപ്പോള്‍ ശൈത്യം ചുറ്റിനും പടര്‍ന്നിരുന്നിരിയ്ക്കുന്നു..
വിജന മനസ്സിന്‍റെ സ്ഥിരം ഉല്ലാസ യാത്രയ്ക്കിടയില്‍ വീണ്ടും കതക് മുട്ടുന്നൂ..
അല്പ സമയത്തിനുള്ളില്‍ എനിയ്ക്ക് ധ്യാനത്തില്‍ ഏര്‍പ്പെടേണ്ടതാണ്‍..
ഇപ്പോള്‍ അന്യന്‍റെ കടന്ന് കയറ്റം എന്‍റെ സ്വകാര്യതയ്ക്ക് തടസ്സം സൃഷ്ടിയ്ക്കില്ലേ..
ചിന്തിച്ചു നില്‍ക്കാന്‍ സമയം കിട്ടിയില്ലാ..പുറകില്‍ നിന്ന് ആരോ തള്ളി വിട്ട പോലെ വാതില്‍ പാളികള്‍ മലര്‍ക്കെ തുറന്നു.
കൈവിട്ടു പോയ പ്രിയരുടെ മുഖങ്ങള്‍ ഛായാ ചിത്രങ്ങളായി കണ്ണുകളില്‍ വീണു..
ഇല്ലാ ഈ നയകനെ എവിടേയും കണ്ടിട്ടില്ലാ..പക്ഷേ ഈ രൂപം വ്യക്തമാണ്‍, അതെ ഇതവനാണ്‍
വെട്ടിയിട്ട കവുങ്ങിന്‍ പാലത്തിനക്കരെ ഞാന്‍ എന്നും ദര്‍ശ്ശിയ്ക്കുന്ന രൂപം..
എന്‍റെ കളിത്തോഴന്‍..എന്‍റെ ബാല്യ  ദശ മുതല്‍ എന്നോടൊത്ത് വളര്‍ന്ന് എനിയ്ക്കായി അക്കരെ കാത്തു നില്‍ക്കുന്നവന്‍..
രാത്രിയുടെ മൂളിപ്പാട്ടുകള്‍ അലസോലപ്പെടുത്തി തുടങ്ങി.. മോചനത്തിനായി അവനോടൊത്ത് കുറേ നേരം സംസരിച്ചിരുന്നു..
വിഷയ ദാരിദ്ര്യം അനുഭവിച്ചറിഞ്ഞിട്ടും മിണ്ടികൊണ്ടേ ഇരിയ്ക്കാന്‍ എന്തോ ഒന്ന് പ്രേരിപ്പിച്ചു..
പിന്നെ അന്തമില്ലാത്ത നിശ്ശബ്ദതയില്‍ ചൂഴ്ന്നിറങ്ങിയെങ്കിലും ആഹ്ലാദകരമായ ആ ഒത്തു ചേരല്‍ വീണ്ടും വീണ്ടും കഥകള്‍ കേള്‍ക്കാനും പറയാനും പ്രേരിപ്പിച്ചു..
കഥകളും, കവിതകളും സംഗീതവും  പുലര്‍ക്കാലങ്ങളെ വിരിയിച്ചു തന്നു..
അദ്ഭുതമായിരിയ്ക്കുന്നൂ..മൂന്നാം നാള്‍ ഞാന്‍ അവനോടൊത്തുള്ള യാത്രയ്ക്ക് തയ്യാറെടുത്ത് കഴിഞ്ഞിരുന്നൂ..
എടീ മണിക്കുട്ടീ..നീ ഈ കാണുന്നതൊന്നുമല്ല ലോകം..ഈ പച്ചപ്പുകള്‍ക്കും മാമലകള്‍ക്കുമപ്പുറത്തുള്ള പറുദീസ നിന്നെ ഞാന്‍ കാണിയ്ക്കാം..
നെഞ്ചുഴിഞ്ഞ് തല വെട്ടിച്ച് അവന്‍ അഹങ്കാരം പറഞ്ഞു..
നേരായ വഴിയില്‍ ലോകം എന്നെ തേടി വരുമെന്ന പ്രതീക്ഷകളെ രാത്രിയുടെ ഇരുട്ടറയില്‍ ബന്ധിപ്പിച്ച്  ആ കൈകള്‍ കോര്‍ത്ത് പിടിച്ച് നടത്തം തുടര്ന്നു..
മാനത്തു ഞങ്ങള്‍ക്കായി പടുത്തുയര്‍ത്തിയ പാത എന്ന്  തോന്നിച്ചു ആ നഗര പാതയിലെ പാതകള്‍പിന്നെ കണ്ണും പൂട്ടി  ഒരു ഓട്ടമായിരുന്നൂ..
മഞ്ഞ വെളിച്ചത്തില്‍ അഭയം പ്രാപിച്ചിരിയ്ക്കുന്ന തെരുവുകള്‍ തീര്‍ത്തും ശൂന്യമായിരുന്നില്ലാ..
കൂടെ ഓടി എത്താന്‍ ശ്രമിച്ച അമ്പിളി മാമന് ഞങ്ങള്‍ കൂട്ടു നിന്നൂ..പൂത്തുലഞ്ഞ് നില്‍ക്കുന്ന നക്ഷത്ര കൂട്ടങ്ങളെ നോക്കി മന്ദഹസിച്ചു..
അവനൊരിയ്ക്കല്‍ അവയെ എണ്ണാനിരുന്നപ്പോള്‍ അരുതെന്ന് ഞാന്‍ വിലക്കി..
പൂത്തുലഞ്ഞു നില്‍ക്കും പൂക്കളെ നാം എണ്ണാറില്ലല്ലോ..തുള്ളി വീഴും മഴത്തുള്ളികളെ എണ്ണി തിട്ടപ്പെടുത്താറില്ലല്ലോ..അവയുടെ സൌന്ദര്യം ആസ്വാദിയ്ക്കൂ..
എണ്ണിത്തിട്ടപ്പെടുത്തി സമയം കളയല്ലേ..നമുക്ക് ഒരുപാട് സഞ്ചരിയ്ക്കാനുള്ളതല്ലേ
വിരലുകളില്‍ എണ്ണാനുള്ള ദിവസങ്ങള്‍ മാത്രം ബാക്കി.
സര്‍പ്പങ്ങള്‍ ചുറ്റി പുണര്‍ന്ന് കിടക്കും പോലുള്ള വള്ളികള്‍ കെട്ടു പിണഞ്ഞ ആല്‍മരങ്ങള്‍..വള്ളികളില്‍ ഊഞ്ഞാലാടി കളിയ്ക്കാന്‍ എന്തു രസം..
മഞ്ഞ വെട്ടത്തില്‍ കൂടുതല്‍  ശോഭിച്ച്  സുന്ദരിയായ കുടമുല്ല പൂക്കളും, മണ്ണിന്‍റെ മടിത്തട്ടില്‍ വീണുറങ്ങുന്ന ഗുല് മോഹര്‍പൂക്കളും, ഞാവല്‍ പഴങ്ങളും..
വിടര്‍ന്ന് നില്‍ക്കും അരളിപ്പൂക്കളും
എല്ലാം നിശയുടെ യാത്രയിലെ വഴിയോര കാഴ്ച്ചകള്‍..
തീര്‍ത്തും വ്യത്യസ്ത രീതിയില്‍  രൂപ കല്പന ചെയ്തു പണി തീര്‍ത്ത ക്ഷേത്രങ്ങള്‍..
കെട്ടിടങ്ങള്‍, ചുവരെഴുത്തുകള്‍..ചാണക കുഴി.ചിന്തിച്ചും ചിരിപ്പിചും കൊണ്ടുള്ള യാത്രകള്‍..
തീവണ്ടിയുടെ കട കട ശബ്ദമില്ലാത്ത യാത്രകളും, ഞാന്‍ പോലുമറിയാതെ ചാടികേറി ഇറങ്ങിയ ബസ്സ് യാത്രകളും..
എണ്ണ തേച്ച് കെട്ടിയിട്ട മുടിയിഴകളിലെ മുല്ലപ്പൂ ഗന്ധം ഞങ്ങള്‍  നടന്ന വഴികള്‍ പിന്നീട് വന്നവര്‍ക്ക് കാണിച്ച് കൊടുത്തു..

 ചില ദിവസങ്ങളില്‍ അര്‍ദ്ധ രാത്രികളിലെ ഓട്ടം പുലര്‍ക്കാലങ്ങളില്‍ കഠിനമായ പരവേശം അനുഭവിപ്പിച്ചു..
ഒന്ന് തളര്ന്നുറങ്ങി വീഴാന്‍ വെമ്പല്‍ കൊണ്ടു..നിദ്രാ ദേവി അവളുടെ ബലിഷ്ഠ കരങ്ങള്‍ കൊണ്ട് എന്നെ ഇറുക്കും പോലെ അനുഭവപ്പെട്ടു.
എന്താ കുട്ടീ ഇത്, നേരം പരപരാന്ന് വെളുത്തത് കണ്ടില്ലേ..എണീയ്ക്കാറായില്ലേ..
പടികള്‍ കയറി ശകാരം തട്ടിന്‍ മുറിയില്‍ എത്താതിരിയ്ക്കാന്‍ സൂര്യവെട്ടം കാണും മുന്നെ കുളിച്ച് കുറി തൊട്ടു..
എന്‍റെ കള്ളത്തരങ്ങളില്‍ നിന്നും എന്നെ രക്ഷിയ്ക്കണേ കൃഷ്ണാന്ന് പ്രാര്ത്ഥിച്ചു.
കണ് പ്പോളകള്‍ അടഞ്ഞ് പോകാതിരിയ്ക്കാന്‍ കണ്ണുകള്‍ ഉയര്‍ത്തി സംസാരിച്ചു,
വാക്കുകള്‍ ആസ്ഥാനത്ത് വീഴാതിരിയ്ക്കാന്‍ നാവിനും ചുണ്ടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി, പകലുകളില്‍ ഒന്നുറങ്ങാന്‍ കൊതിച്ച് മുറിയുടെമൂലകളെ പ്രാപിച്ചു,
കണ്ണാരം പൊത്തും പോലെ കണ്ണടച്ച് ഇരുന്നാല്‍ ഞാന്‍ ഉറങ്ങുകയാണെന്ന് ആരും അറിയില്ലല്ലോ..
കുളിമുറിയില്‍ വെള്ളം തുറന്നു വിട്ട് നനഞ്ഞ  തറയിലേയ്ക്ക് ചുവരിലൂടെ ഊര്‍ന്നിറങ്ങി ഉറങ്ങി പോയി..
ടാങ്കിലെ വെള്ളം തീര്‍ന്നാലെങ്കിലും ഒന്നു പുറത്തു വന്നു കൂടെ കുട്ടീവാക്കുകളെ ശകാരങ്ങളായി ഭയക്കാന്‍ തുടങ്ങി..
എന്‍റെ ദിനചര്യകള്‍ക്ക് ഞാന്‍ പൊലുമറിയാത്ത മാറ്റങ്ങള്‍ വന്നു തുടങ്ങി.

സന്ധ്യയ്ക്ക് നിറം മങ്ങുമ്പോള്‍ മനം തുടിയ്ക്കും..നിഴലും നിലാവും പരക്കുന്ന രാവിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി..
ഒരു കെട്ട് പുസ്തകങ്ങള്‍ മെത്ത മേല്‍ നിരത്തി, അതിലെ ഒന്നു പോലും ഈ രാത്രികളില്‍ വായിച്ച് തീര്‍ത്തില്ലല്ലോ എന്ന് ദു:ഖിച്ചില്ലാ.. കുറ്റബോധം
തോന്നിപ്പിച്ചില്ലാ..
എന്‍റെ നിദ്ര അവനെ ഒറ്റപ്പെടുത്തില്ലേ..ഏതാനും ദിനങ്ങള്‍ മാത്രമുള്ള ഈ സന്തോഷം നഷ്ടപ്പെടുത്താന്‍ വയ്യാത്ത പോലെ..
ഒരിയ്ക്കലും കാണാന്‍ സാധിയ്ക്കും എന്ന് നിനയ്ക്കാത്ത വഴികളിലൂടെ അവനെന്നെ കൈപ്പിടിച്ച്  നടത്തി..ഒരു കൊച്ചു കുഞ്ഞിനെ പോലെ നടപാതകളിലൂടെ എന്‍റെ കൈ പിടിച്ചോടി..
എത്രയെത്ര കഥകള്‍ പറഞ്ഞ് തന്നൂ..
ഒരിയ്ക്കല്‍ അവനെനിയ്ക്കൊരു വേനല്‍ക്കാല പ്രണയ കഥ പറഞ്ഞു തന്നു,
നായകനും നായികയും വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുകയും അവര്‍ തങ്ങളുടെ നല്ല നാളുകളില്‍ പറഞ്ഞതു പോലെ ഒരുപാട് അരയന്നങ്ങളുള്ള തടാകത്തില്‍,
കൊച്ച് വള്ളത്തില്‍ യാത്ര ചെയ്യുകയും ചെയ്തു
അവര്‍ ഒന്നും ഉരിയിടാതെ പരസ്പരം കണ്ണുകളില്‍ നോക്കി ഇരുന്നു..
അവരുടെ മൌനത്തെ മുറിച്ച് കൊണ്ട് ആകാശത്തില്‍ നിന്ന് മഴത്തുള്ളികള്‍ ഭൂമിയിലേയ്ക്ക് പതിച്ചു..അതവരുടെ മനസ്സുകളിലേയ്ക്കാണ്‍ പൊഴിഞ്ഞ് വീണത്..
ആ രാത്രിയില്‍ ഞാന്‍ നിലാവില്‍ വീണു മയങ്ങിയുറങ്ങി..
അങ്ങനെ പതിമൂന്ന് സുന്ദര രാത്രികള്‍..
യഥാര്‍ത്ഥ  ജീവിത പട്ടികള്‍ക്കിടയില്‍ വാര്‍ത്തെടുത്ത ഒരു സങ്കല്പ ജീവിത കഥ..

പതിന്നാലാം നാള്‍ പെട്ടികളെടുത്ത് മുറി വിടുമ്പോള്‍ അറിയാതെ തേങ്ങിപ്പോയി..

ഞാന്‍ ഇങ്ങ് എത്തിയില്ലാ..
എന്‍റെ തപാൽപ്പെട്ടിയില്‍ ഒരു കത്ത് വന്നു വീണു,
പേടിയ്ക്കണ്ടാ..വ്യസനിയ്ക്കണ്ടാ..ഞാനിവിടേയും ഉണ്ട് നിന്‍റെ കൂടെ..
ഞാന്‍ പുഞ്ചിരി തൂകി..
വെറുതെയല്ലാ അമ്മ പറയുന്നത്,
അവന്‍ കള്ളകൃഷ്ണനാണ്,
അവനുമായുള്ള സമ്പര്‍ക്കം പെണ്‍ക്കുട്ടികള്‍ക്ക് നൊമ്പരങ്ങളും നിരാശകളും സമ്മാനിയ്ക്കും..
പ്രണയവശരായി അവര്‍ അലഞ്ഞ് കൊണ്ടേയിരിയ്ക്കും..

കണ്ണാ..നിന്‍റെ ഈ വിനോദം ക്രൂരമായിപ്പോയി..
എന്‍റെ കളിത്തോഴനെ, എന്‍റെ ആദര്‍ശ കാമുകനെ നിന്നില്‍ കണ്ടതിനാണോ ദു:ഖത്തിന്‍റെ ആയങ്ങളില്‍ നീ എന്നെ ആഴ്ത്തിയത്..
ഈ ചോദ്യത്തിന്‍റെ ഉത്തരം നിനക്ക് മാത്രം അറിയാം കണ്ണാ..
ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...