Friday, April 1, 2011

യാത്രയില്ലാ...


മതി അമ്മേ..നിയ്ക്കിനി നടക്കാന്‍ വയ്യാ..
എത്ര ദൂരായി കാല്‍ കഴയ്ക്കുണൂ..
കുട്ടിക്കാലങ്ങളില്‍ ബന്ധു വീടുകളില്‍ പോകുമ്പോള്‍ സ്ഥിരം കരച്ചിലാ..
എവിടേം വീടിന്‍റെ ഉമ്മറത്ത് നിര്‍ത്തണ ബസ്സുണ്ടായിരിയ്ക്കില്ലാ, പിന്നേം കുറെ ദൂരം നടക്കണം..
അച്ചോടാ അമ്മേടെ മോള്‍ പിടയ്ക്കാതെ,
ദാ , അത് കണ്ടോ..ആ പാടം മുറിച്ച് കടന്നാല്‍ നമുക്ക് ഒത്തിരി വഴി ലാഭിയ്ക്കാം..അമ്മയുടെ ആശ്വാസ വചനങ്ങള്‍..
അപ്പുറവും ഇപ്പുറവും പച്ചത്തലപ്പുകള്‍ തല പൊക്കി നിക്കണ ചെളി പൂഴ്ന്ന വരമ്പിലൂടെ കാല്‍ വഴുതുമോ എന്ന പേടിയില്‍ ചെരിപ്പൂരി കൈയ്യില്‍ പിടിച്ചു കൊണ്ടുള്ള നടത്തം.
അത്രയും നേരം അസഹ്യത പ്രകടിപ്പിച്ച മുഖങ്ങളില്‍ വരമ്പിന്‍റെ പൊത്തുകളിലൂടെ എത്തി നോക്കണ  ഞണ്ടുകള്‍ കണങ്കാലില്‍ ഇറുക്കുമോ എന്ന ഭീതി..
ഹാവൂ..! കടമ്പ കഴിഞ്ഞേ എന്ന് മനസ്സും മുഖവും ആഹ്ലാദിച്ച് ചെരിപ്പുകള്‍ ധരിയ്ക്കുമ്പോഴായിരിയ്ക്കും അമ്മയുടെ ദീന സ്വരത്തിലുള്ള ഒരു അപേക്ഷ എന്നോണമുള്ള മുന്നറിയിപ്പ്..
ദാ, ആ കൈത്തോട് കൂടി ഒന്ന് മുറിച്ച് കടന്നാല്‍ മതി നമുക്ക് അക്കരെ വീട്ടില്‍ എത്താം,ട്ടൊ..
ഉള്ളിലൂടെ ഒരു മിന്നല്‍ പിളര്‍പ്പ് ആളും, പിന്നെ ഉറക്കെ ചീറും..
അയ്യോ..നിയ്ക്ക് തിരിച്ച്  വീട്ടില്‍ പോണേ.. ഇതിലൂടെ നടക്കാന്‍ നിയ്ക്ക് പേടിയാ..
വെള്ളത്തില്‍ വീണാല്‍ നിയ്ക്ക് നീന്താന്നറിയില്ലാ..
അമ്മയ്ക്കും അറിയില്ലല്ലോ..ആര്‍ക്കും അറിയില്ലല്ലോ.. വെള്ളത്തില്‍ മുങ്ങി മരിയ്ക്കാന്‍ നിയ്ക്കു പേടിയാ..
വിതുമ്പി തുളുമ്പുന്ന പേടിയാര്‍ന്ന കണ്ണുകള്‍ അമ്മയില്‍ സഹതാപം ഉണ്ടാക്കുമെങ്കിലും അന്നേരം കര്‍ശനമാകും, പിന്നെ വഴക്ക് പറയും..
ധരിയ്ക്കാനായ് മണ്ണിലിട്ട ചെരുപ്പുകള്‍ വീണ്ടും കൈയ്യില്‍ തൂക്കി തേങ്ങിയുള്ള സാഹസയാത്ര
മെലിഞ്ഞ മരപ്പലകകളും,പിടിയ്ക്കാനായ് കയര്‍ കെട്ടിയ അയയുമുണ്ടേല്‍ ഇച്ചിരി സമാധാനമായിരുന്നു..കൂട്ടിന്‍ അമ്മേടെ സാരിത്തലപ്പ് കൂടി മതി..
എന്നാല്‍ വിളറി വെളുത്ത മുഖവും മിടിയ്ക്കുന്ന നെഞ്ചും പേടിപ്പിയ്ക്കുന്ന ഒരനുഭവവുമാണ്‍ ഇതൊന്നും ഇല്ലാതെ വെട്ടിയിട്ട കവുങ്ങിന്‍റെ ഉരുളന്‍ തടിയുടെ മീതെയുള്ള ഒറ്റയടി വെച്ചുള്ള നടത്തം..
ദുഷ് കര്‍മ്മം ചെയ്താല്‍ ദൈവം തരുന്ന ശിക്ഷകളുടെ നീണ്ട പട്ടികയാണ്‍ മനസ്സില്‍ തെളിയാ..അതിലെ ഒന്നെങ്കിലും തരണം ചെയ്യണമെങ്കില്‍ ഇങ്ങനെയൊരു അനുഭവം നല്ലതാണെന്ന മനോബലത്തില്‍ രണ്ടും കൽപ്പിച്ച് എങ്ങനെയെല്ലാമോ അക്കരെ എത്തിപ്പെടും..
പക്ഷേ തിരിച്ചു വരവ് കുറുക്ക് വഴിയിലൂടെ ആയിരിയ്ക്കില്ലാ എന്ന ശാഠ്യത്തിന്മേല്‍ മുതിര്‍ന്നവര്‍ക്ക് അനുസരിയ്ക്കേ തരമുള്ളൂ..
അപ്പോഴൊന്നും ആസ്വാദിയ്ക്കാത്ത, മെനക്കെട്ടാലും ഭീതിയാല്‍ ശ്രദ്ധിയ്ക്കാന്‍ സാധിയ്ക്കാത്ത പച്ചപ്പിന്‍റെ മനോഹാരിത
ആ കുഞ്ഞ് അരുവിയുടെ നിശ്ശബ്ദ ഒഴുക്ക്.. കൈതപ്പൂക്കളുടെ മണം പേറി വിളയാടുന്ന ഇളം കാറ്റിന്‍റെ സൌമ്യത ..പൊങ്ങി നീന്തി കളിയ്ക്കുന്ന നീര്‍കുമിളകള്‍..ചുറ്റും വിടര്‍ന്ന് നില്‍ക്കുന്ന പേരറിയാത്ത പൂക്കള്‍.. പടര്‍ന്ന് ചാഞ്ഞ് നില്‍ക്കുന്ന തടിയന്‍ മരംഎല്ലാം നഷ്ട കണക്കുകളുടെ കൂട്ടത്തില്‍ കുറയ്ക്കാനാവാതെ കൂടി കൊണ്ടേ ഇരിയ്ക്കുന്നൂ..
ഇന്നലെകളുടെ ഈ കൊച്ച് സന്തോഷങ്ങളെ ഓര്‍മ്മകളുടെ കൊച്ച് സങ്കേതങ്ങളില്‍ നിന്നും  പലപ്പോഴും വീണ്ടെടുക്കാന്‍ ശ്രമിയ്ക്കുന്നത് വളരെ പഴയ ചലച്ചിത്രങ്ങളിലൂടെ മാത്രം..
ആരാരും അറിയാതെ ഒളിച്ചിരുന്നോണം കൈത്തോടിന്‍റെ അക്കരയും ഇക്കരയും നില്‍ക്കുന്ന ഇണകളും അവരുടെ പ്രേമ കടാക്ഷങ്ങളും, പാലത്തിന്‍റെ നടുക്കെത്തുമ്പോഴുള്ള തൊട്ടു തൊട്ടില്ലാ എന്ന് കളിപറയുന്ന നിഷ്കളങ്ക മേനികളും, ഗന്ധങ്ങളും..വെറുതനേ നഷ്ട സ്വപ്നങ്ങളിലേയ്ക്ക് കൂട്ടി കൊണ്ട് പോകും പോലെയുള്ള കാഴ്ച്ചകള്‍..
അങ്ങനെ ഏതോ നഷ്ടപ്പെടലുകളിന്‍റെ ദു:ഖ ഭാരവും പേറി അമ്മയുടെ ചുക്ക് കാപ്പി മോഹിച്ച ഒരു പനി നാളില്‍..
മുറിയിലാകെ ചൂട് വ്യാപിച്ച പോലെ.. ചുടുവായു ശ്വസിയ്ക്കും പോലെ..ആരോടെങ്കിലും ഒന്ന് മിണ്ടാന്‍..
ഫോണ്‍ ചിലയ്ക്കുന്നൂ,ദൈവം ന്റ്റെ മനസ്സറിഞ്ഞ പോലെ..
വളരെ നാളുകള്ക്ക്  ശേഷം അവന്‍ന്റ്റെ കളികൂട്ടുകാരന്‍!
എന്നത്തേയും പോലെ കുറെ ബാല്യകാല രസങ്ങള്‍, സംഭവങ്ങള്‍, കൂട്ടുകാര്‍.. അങ്ങനേ നീണ്ട് പോകുന്നു അവന്‍റെ വാചക കസര്‍ത്ത്..കൂടെ ചിരിപ്പിയ്ക്കാനുള്ള പാഴല്ലാത്ത ശ്രമങ്ങളും..
പനി മറന്ന് ഫോണ്‍ ചെവിയോടടുപ്പിച്ച് കുറേ നേരം ഉലാത്തി..
വളരെ പഴക്കമുള്ള ഒരു ചലചിത്രവും, ബാല്യ കാലം ഉണര്‍ത്തുന്ന ഓര്‍മ്മകളും, അമ്മയുടെ സാമിപ്യം കൊതിയ്ക്കുന്ന പനി ചൂടും, കുഞ്ഞു നാളിലെ കൂട്ടുകാരനും..
മനസ്സ് പിടയും പോലെ..ശ്വാസം മുട്ടും പോലെ..
ഞാനിപ്പോള്‍ ആ കവുങ്ങ് പാലത്തിന്‍റെ ഇപ്പുറത്തല്ലേ പേടിച്ച് കണ്ണ് പൊത്തി നില്‍ക്കുന്നത്..?
അപ്പുറത്ത് എന്‍റെ നഷ്ടങ്ങളും, മോഹങ്ങളും, സ്വപ്നങ്ങളും..ഒരു നിമിഷത്തെ ശൂന്യത..
വീണ്ടെടുത്ത ബോധത്തോടെ എന്തിനുള്ള മറുപടി എന്നില്ലാതെ അവന്‍റെ ചെവിയില്‍ പിറുപിറുത്തു,
ഞാന്‍ ഒളിച്ചോടുന്നൂ..
കാത്ത് നില്‍ക്കേണ്ടി വന്നില്ലാ..എങ്ങോട്ടാ , മറു ചോദ്യം..
എങ്ങോട്ടെങ്കിലും..ലക്ഷ്യമില്ലാത്ത യാത്ര..ദൂരെഅങ്ങ് ദൂരേ..
നില്‍ക്കൂ.. ഞാനും വന്നോട്ടെ..?
ഒട്ടും പ്രതീക്ഷിയ്ക്കാത്ത ചോദ്യം,
എനിക്ക് വേണ്ടി ജീവിയ്ക്കാന്‍ ഞാനും മറന്നു..
എന്തെല്ലാമോ നഷ്ടപ്പെടുത്തിയുള്ള ജീവിതയാത്ര..എന്തിനേറെ,പ്രേമിയ്ക്കാന്‍ പോലും മറന്നൂ..
നീ ഒരു വഴികാട്ടിഞാനും വന്നോട്ടെ..?
മരവിച്ച മനസ്സ്,ശോഷിച്ച ദേഹം..ചുറ്റും നിസ്സംഗത.കളിയ്ക്കു പോലും ആലോചിച്ച് ഒരുത്തരം നല്‍കാന്‍ വയ്യാ..
ഇല്ലാ, എന്‍റെ യാത്രകള്‍ തനിച്ചാണ്‍..നയിയ്ക്കാനും നയിയ്ക്കപ്പെടാനും ആഗ്രഹമില്ലാത്തവള്‍..
ആരാലൊക്കെയോ നയിയ്ക്കപ്പെടുന്നൂ എന്ന് മാത്രംഎന്നെ വെറുതെ വിടൂ
എന്‍റെ ചിന്തകളിലെങ്കിലും ഞാന്‍ തനിയെ സഞ്ചരിച്ചോട്ടെ.. ആരുമില്ലാത്ത,ആരുമറിയാത്ത ഒരു ലോകത്തിലേയ്ക്ക് ..
ഉം..നിനക്കതിനാകും..എനിയ്ക്കെന്‍റെ ചിന്തകളില്‍ പോലും കുടുംബത്തെ വിട്ടുപിരിയാനാകില്ലാ, നീ പോയി വരൂ..നിന്‍റെ ഭ്രാന്തന്‍ ചിന്തകളുമായി അലഞ്ഞ് തിരിഞ്ഞ് വരുമ്പോള്‍ അറിയിയ്ക്കൂ..
പോ ചെറുക്കാപനിയില്‍ കുതിര്‍ന്ന ഒരു ചിരി നല്‍കി അവനെ യാത്രയയച്ചു..
വീണ്ടും ചുട്ടു പൊള്ളുന്ന മെത്തയിലേയ്ക്ക്..
അവിടെ നിന്ന്  ഞാനെന്‍റെ യാത്ര തുടരുന്നൂ..
വഴിയോരത്തെ വെളുത്ത പൂക്കളോട് കിന്നരിച്ച് , മഴപ്പാട്ടുകള്‍ മൂളി
വഴികാട്ടികളായി മിഴിവേറും സ്വപ്നങ്ങളും, അഴകേറൂം മോഹങ്ങളുമായി.
എന്‍റെ പാട്ടിന്റ്റെ പൊരുളറിയുന്ന ദിക്കിലേയ്ക്ക്..!


 പ്രിയരേ.ഒരു കൊച്ച് ഇടവേളയ്ക്കു ശേഷം കാണാം ട്ടൊ..
ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...