Thursday, March 24, 2011

കൂടപ്പിറപ്പ്..


അറിയാതെ വീണോരു മുഴുത്ത നെല്ലിക്ക
മരത്തീന്നല്ലാ ഒരോട്ട പോക്കറ്റീന്ന്
പെറുക്കിയെടുത്തോടുന്നിടെ ഇരടി വീണു
പിടഞ്ഞെഴുന്നേല്‍ക്കുന്നിടെ രണ്ട് കടി കൂടി
ശ്ശൊ ,മുഴുത്തതാണേലും എന്തൊരു കശപ്പ്
തിരിഞ്ഞു നോക്കാതോടി കിണറ്റിന്‍ കരയില്‍
ഹാവൂ ഒരു പെണ്ണിന്‍ തല പോലുമില്ലവിടം.

ഇഴകള്‍ പിരിച്ചെടുത്ത കയറിന്നറ്റം തള്ളി
ഒന്നാഞ്ഞു വലിച്ചതും അര പാള വെള്ളം
കുടു കുടേ മോന്തി കുടിച്ചോരോ മുടുക്കിലും
രുചിച്ചു ഹായ് എന്തൊരു നറു മധുരം.

പ്ലാവില പൊങ്ങി നീന്തുമാ തെളിനീരില്‍
വെറുതനെയൊന്ന് എത്തി നോക്കി
വാല് പോലുമില്ലാത്ത മാക്രി പടകളും
ജാരനായ്  തല കാട്ടും നീര് ക്കോലി കുഞ്ഞും
പിന്നെ പുളയ്ക്കും പരല്‍ മീന്‍ കൂട്ടങ്ങളും
മിഴികള്‍ കണ്ടേന്‍ തുളുമ്പും വിനോദം
സ്വയം മറന്നങ്ങനെ നിന്നു പോയി.

പൊടുന്നനെ മുതുകിലൊരു ഏറ് കൊണ്ടു
അമ്മേന്നറിയാതെ വിളിച്ചു പോയി
ഉന്നം പിടിച്ചവന്‍ നില്‍ക്കുന്നു പിന്നേം
എടുക്കടീ ന്റ്റെ നെല്ലിക്ക എന്നഹങ്കാരം
അപ്പുറത്തൊരു നിഴലാട്ടം കണ്ടതും
രക്ഷയ്ക്കായ് ഓടിയാ തണലില്‍ അഭയത്തിനായ്.


എന്‍റെ സഹോദരന്‍റെ കാര്യാണ്‍...ഭയങ്കര പോക്കിരിയായിരുന്നു.
ഒരു അവധി കാലത്ത് ചെറിയമ്മേടെ വീട്ടില്‍ പോയപ്പോള്‍ ഉണ്ടായ സംഭവമാ..
ഓര്‍ത്തപ്പോള്‍ രസകരമായി തോന്നി..
മാത്രല്ല അവന്‍റെ പിറന്നാള്‍ അടുക്കുന്നൂ..
ഒരു കുഞ്ഞ് ഓര്‍മ്മ കുറിപ്പ് സമ്മാനം ന്റ്റെ വക..:)

Friday, March 18, 2011

വിചാരണ..


നിഴലെന്നു വെച്ചാല്‍ എന്താമ്മേ..?
എട്ടു വയസ്സുകാരന്‍ വിച്ചൂന്‍റെ ചോദ്യം..
എപ്പഴും എന്നെ വേട്ടയാടുന്ന, തട്ടിയുണര്‍ത്തുന്ന ആ നിഴല്‍ രൂപാണ് മനസ്സില്‍ തെളിഞ്ഞത്..
പക്ഷേ അവനുണ്ടോ എന്റ്റെ പ്രാന്തുകള്‍ പറഞ്ഞാല്‍ മനസ്സിലാവുണൂ..
നിഴലെന്നു വെച്ചാല്‍‍…
നിഴലിനെ കുറിച്ച് അമ്മേടെ മോന്‍ എന്താ അറിയാ..?
ഒരു ചോദ്യത്തിന്‍ മറു ചോദ്യം,ഇഷ്ടല്ലാത്തതാണ്..പക്ഷേ, ഇപ്പൊ ആ രൂപത്തില്‍ നിന്നൊരു മോചനം..അതിന്‍ ഇതേ തരമുള്ളൂ..
അവന്‍ തലയാട്ടിയും തല ചൊറിഞ്ഞും ആ കൊച്ചു തലയ്ക്കുള്ളില്‍ ശേഖരിച്ച് കൂട്ടിയിരിയ്ക്കണ അറിവുകള്‍ അതേ പടി വിളമ്പാണ്..
ഇതെല്ലാം മോന്‍ എങ്ങനേയാ അറിഞ്ഞേ..?
കൌതുകം തോന്നി അവന്‍റെ വിശദീകരണങ്ങള്‍ കേട്ടപ്പോള്‍..
അതമ്മേ..മോന്‍റെ ടീച്ചറും പിന്നെ മോന്‍റെ കൂട്ടുകാരും പറഞ്ഞതാമ്മേ..
മുറിയ്ക്കകത്തെ ലൈയ്റ്റ് അണപ്പിയ്ക്കുന്നതിന്നിടെ അവന്‍ കൊഞ്ചി.
പിന്നെ മെഴുകുതിരി വെട്ടത്തില്‍ കൈത്തണ്ട വെച്ചും വിരലുകള്‍ കൊണ്ടും കുഞ്ഞു രൂപങ്ങള്‍  ഉണ്ടാക്കി കാണിച്ച് ഓരോന്നിനെ കുറിച്ചും വിവരിച്ചോണ്ടിരുന്നൂ..
നിഴലിനെ കുറിച്ച് അവന്‍ ഒരുപാട് അറിഞ്ഞു കഴിഞ്ഞിരിയ്ക്കുണൂ..ഇനി അവന്‍ അമ്മയില്‍ നിന്നറിയാനായി ഒന്നും ഇല്ലാ..
അവന്‍ തുടര്‍ന്നു കൊണ്ടേ ഇരിയ്ക്കാണ്..
താത്പര്യമുള്ള ഒരു വിഷയം കിട്ടിയാല്‍ അവന്‍ അതില്‍ പിടിച്ചു കേറി കൊള്ളും,
ങാ..അവനെ എന്തിന് പറയുന്നൂ..ഞാനും അങ്ങനെയാ..വായ് തോരാതെ  സംസാരിച്ചോണ്ടിരിയ്ക്കും, എന്തിനെ കുറിച്ചും..
പഠിയ്ക്കണ കാലത്ത് ഞാന്‍ പറയണത് കേട്ടോണ്ടിരിയ്ക്കാനൻ കൂട്ടുകാരികള്‍ക്കും നല്ല ഇഷ്ടായിരുന്നൂ..
വിച്ചൂന്‍റെ അച്ഛനുമതെ,….ഇപ്പഴില്ലാ..
ഇപ്പഴ്….ഒന്ന് നിര്‍ത്തുണുണ്ടോന്ന് കണ്ണ് തുറിപ്പിച്ച് നോക്കും, അപ്പഴയ്ക്കും ഞാന്‍ നിര്‍ത്തും, എന്തിനാ വെറുതെ..

മോന്‍  സംസാരിച്ചോണ്ടങ്ങനേ ആ മെഴുകുതിരി വെട്ടത്തില്‍ ഉറങ്ങിപോയി.
പാവം, ഇപ്പൊ അമ്മ കുട്ടിയായിരിയ്ക്കുണൂ..

പ്രണയമെന്ന പെരുവെള്ള പാച്ചലില്‍ കെട്ടിപ്പടുത്ത നാലു ചുവരുകള്‍ക്കുള്ളില്‍ ഒരു പണ തൂക്ക താലിയില്‍ കൊരുത്ത രണ്ടാത്മാക്കളും, അവര്‍ക്കിടയിലെ എട്ടു വയസ്സുകാരനും..പത്തു വര്‍ഷത്തെ ദാമ്പത്യ ജീവിതം ഒറ്റ വരിയില്‍..
ഒരു പ്രണയകാലത്തിന്‍റെ ഔദാര്യം..


ഉറക്കം കിട്ടുന്നില്ലാ.. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി..ഊഹും, ഇല്ലാ…എന്നത്തേയും പോലെ തന്നെ ഇന്നും ആ  നിഴല്‍ ചുറ്റി പുണരുന്ന പോലെ..വലിഞ്ഞു മുറുക്കുന്നൂ..ശ്വാസം മുട്ടിച്ച് ഇറുക്കുന്നൂ..
അറിയാതെ ചുമച്ചു പോയി, തൊണ്ട വരളുന്നു..മോന്‍റെ കൈകള്‍ മാറ്റി ഭിത്തിയിലോട്ട് തിരിഞ്ഞ് കിടന്നൂ..
അതാ അവന്‍, ആ നിഴല്‍..ഇപ്പോഴവനെ വളരെ വ്യക്തമായി കാണാം..
എന്തൊരു അഹങ്കാരമാണ് ആ മുഖത്ത്,
അഹന്തയോടെ കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് പരിഹാസ ചുണ്ടുകള്‍ കോട്ടുന്നൂ..
ആ കണ്ണുകളിലെ തിളക്കം കണ്ടില..അത് ഈ കണ്ണുകളിലെ ഉറക്കം കെടുത്തുന്നതിന്‍റെ പ്രകാശമാണ്..
അസഹ്യമയി തോന്നുന്നൂ, വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍..
ഇരമ്പുന്ന ഫാനിന്‍റെ ശബ്ദത്തില്‍ നല്ല പോലെ കേള്‍ക്കാനാകാം അവന്‍റെ ശബ്ദമില്ലാത്ത സ്വരം..
നീ തോറ്റിരിയ്ക്കുന്നൂ..
പൂര്‍വ്വാധികം ശക്തിയോടെ ഞാന്‍ നിന്നില്‍ പ്രവേശിക്കാന്‍ പല വട്ടം ശ്രമിച്ചു,
പക്ഷേ നിന്നിലെ പ്രണയത്തിന്‍റെ നിറം മങ്ങിയിരിയ്ക്കുന്നൂ..
 എന്‍റെ ഓരോ വിരല്‍ സ്പര്‍ശനത്തിലും സ്വപ്ന സാമ്രാജ്യം കെട്ടിപ്പടുത്തിയിരുന്ന നിന്നില്‍ ഇപ്പോള്‍ ഞാന്‍ എന്ന വികാരം അന്യമായിരിയ്ക്കുന്നൂ..
പ്രണയമെന്ന വികാരം അസ്തമിച്ചിരിയ്ക്കുന്നൂ..
എന്നെ കൈവെടിയരുതേ എന്ന് യാചിച്ചിരുന്ന നാളുകളെ നീ കുഴിച്ചു മൂടിയിരിയ്ക്കുന്നൂ..
ഈ കണ്ട നാളുകള്‍ ഞാന്‍ നിനക്കു വേണ്ടി പൊരുതി, ഇനി വയ്യാ..
നീ നിനക്കു ചുറ്റും സ്വയം എടുത്തണിഞ്ഞിരിയ്ക്കുന്ന വെറുപ്പെന്ന ആവരണത്തെ എടുത്ത് ദൂരേയ്ക്കെറിയൂ..സ്വയം മോചിതയാകൂ, ആ കവചത്തില്‍ നിന്നും..
ആ നിഴല്‍ അട്ടഹസിയ്ക്കുകയാണ്..
അവന്‍റെ കണ്ണുകളില്‍ ചോര പൊടിയും പോലെ, ക്രമേണ തീ ജ്വാലകളായി ആളി കത്തും പോലെ..
ഭീതിയാല്‍ ചുറ്റും നോക്കി..
മോന്‍ സുഖ നിദ്രയില്‍, ..ആ കുഞ്ഞു മുഖത്ത് പുഞ്ചിരി വിരിയുന്നൂ..
അച്ഛാ, മോനൂന്‍ കളിപ്പാട്ടം കൊണ്ട് എപ്പഴാ വരാമോനൂനെ പാര്‍ക്കിലും, സിനിമയ്ക്കുമൊക്കെ കൊണ്ടു പോകില്ലേ..അവന്‍ തലയാട്ടി പിറുപിറുക്കുന്നൂ
പാവം എന്റ്റെ മോന്‍, അവന്‍റെ മനസ്സില്‍  സമ്മാനങ്ങളുമായി ഓടി വരുന്ന അച്ഛന്‍ മാത്രേ ഉള്ളൂ..

ആ കുഞ്ഞു മനസ്സിന്‍റെ സങ്കടം എനിയ്ക്കു അറിയാന്‍ കഴിയുന്നിലല്ലോ ദൈവമേ..
എന്റ്റെ കുഞ്ഞിനു വേണ്ടി നിയ്ക്ക് എന്തു ചെയ്യാനാകും..മനസ്സ് പിടയ്ക്കുന്നൂകൈ കാലുകള്‍ തളരുന്നൂ..ദാഹിയ്ക്കുന്നൂ..
ഈശ്വരാ, കിടന്നിടത്തു നിന്ന് എണീയ്ക്കാന്‍ ആകുന്നില്ലല്ലോ..
അതെ, എനിയ്ക്കാ ആവരണത്തെ ഊരി കളയണംഓരോ നിമിഷവും എന്നെ ചുറ്റി മുറുക്കന്ന അവനില്‍ നിന്നും മോചിതയാകണം..
ഏകാന്തതയില്‍ എന്നെ കീഴ്പ്പെടുത്താന്‍ ശ്രമിയ്ക്കുന്ന ആ രൂപത്തെ, നിഴലിനെഎന്‍റെ ചൊൽപ്പടിയില്‍ കൊണ്ടു വരണം..
എന്‍റെ പ്രണയത്തെ തിരിച്ചു പിടിയ്ക്കണം..
എന്തിന്
ഈ നാല്‍ ചുവരുകള്‍ക്കുള്ളില്‍ സന്തോഷം വിതറാന്‍

പുറത്ത് രാമഴ അരങ്ങേറുന്നൂ
മുറ്റത്തെ നനവിലോട്ട് ഒന്നിറങ്ങി നിന്നു..
ഞാനറിയാതെ എന്‍റെ മുഖത്ത് വന്നു തലോടിയ ആ മഴത്തുള്ളികള്‍ നീര്‍ ചാലുകളായി ഒലിച്ചിറങ്ങുന്നൂ..
ഈ മഴ രാപകലില്ലാതെ പെയ്തിരുന്നെങ്കില്‍.
ഞാന്‍  കരയുന്നത് എന്‍റെ മകന്‍ കാണാതിരിയ്ക്കാന്‍, ഒരു പ്രാര്‍ത്ഥന..!

Saturday, March 12, 2011

വേളി വേണ്ടമ്മേ..
പെണ്ണേ ...നീ മൊഞ്ചത്തി പെണ്ണായിരിക്കുന്നൂ
എന്‍ ഖല്‍ബിനുള്ളിലെ ഹൂറിയായിരികുന്നൂ
ആ ചേലൊത്ത കരിവള കൈകളില്‍ ഞാന്‍
മൈലാഞ്ചി ചോപ്പണിയിച്ച് കൂട്ടിക്കോട്ടേ..?
ഇല്ലാ..നീയൊരു തന്നിഷ്ടക്കാരനാണ്‍
ഞാനില്ലാ ഇരുനില മണിമാളികയിലോട്ട്
ആ മുഹബത്തിന്‍ പുരയില്‍ മാറാലയാകാന്‍
നിന്‍റെ കൂടപ്പിറപ്പെന് പ്രിയ സഖിയാണേലും.

ഓമനേ ....എന്നുള്ളിലെ തൊട്ടാവാടി പെണ്ണേ
മാസ്മര കണ്ണുകളെന്‍റെ മസ്തിഷ്കത്തില്‍ തറയ്ക്കുന്നൂ
ആ നീണ്ടു മെലിഞ്ഞ കഴുത്തിലൊരു മിന്നു കെട്ടി
തിരി കൊളുത്താനൊരു തുളസിത്തറ ഒരുക്കിക്കോട്ടെ ഞാന്‍..?
നോക്കു..എനിക്ക് നിന്നെ ഭയമാണ്
എന്തെന്നറിയില്ലാ,വെറുപ്പിക്കുന്നതെന്തോ ഒന്ന്
ഞാന്‍ വരില്ലൊരിക്കലുമാ മുറ്റം കുതിര്‍ക്കാന്‍
എന്‍റെ കൂടപ്പിറപ്പു നിന് ഉറ്റ മിത്രമാണേലും.

മോളേ...നീ പ്രായമായ പെണ്ണായിരിക്കുന്നൂ
ഇങ്ങനെ നിന്നാല്‍ ഞങ്ങടെ ഉള്ളം വേവും
എത്ര പറ കൃഷിയും പൊന്‍ പണം കൊടുത്താലും
നിന്നെയൊരുത്തന്‍റെ കൈയ്യില്‍ ഏൽപ്പിച്ചിടണ്ടേ..?
അരുതേ..അങ്ങനെ പറയല്ലെന്നമ്മേ -
ഇന്നും നിന്നെ പെണ്ണു കാണാന്‍ കൂട്ടരു വന്നോ..
ഒക്കത്ത് കുഞ്ഞിനേം കൊണ്ടവള്‍ ചിരിച്ചിടുമ്പോള്‍
ഉവ്വ്..പറഞ്ഞത്രേം നെല്ലും പണോം പോരാത്രെ-.
ഇതു പറയുമ്പോള്..
നെഞ്ചകം പൊട്ടി പിളരാണെന്നമ്മേ.

പെണ്ണുങ്ങള്‍ എന്തും പറഞ്ഞിടട്ടേ,
നാട്ടാരു പിണങ്ങി പിരിഞ്ഞിടട്ടേ,
കീഴ് നടപ്പുകളോടെനിക്ക് മുഷിപ്പാണമ്മേ..
അഴുക്കുകള്‍ അടിഞ്ഞു കൂടിയാ ചരിത്രം മാച്ചു ഞാന്‍,
മലയുടെ താഴെ...വയലിനക്കരെ...കരിങ്കല്ല് പാകിയാ..
കിനാക്കൂടും കെട്ടി കാത്തിരുന്നോളാം ഞാന്‍.

Tuesday, March 8, 2011

ഓര്‍മ്മകളിലെ പൊന്നോമന..

രാഘവേട്ടന്‍  കാഴ്ച്ച ഇല്ല ..
ഉഷ ചേച്ചീടെ തോളും രാകി മയപ്പെടുത്തിയ ഒരു നീളന്‍ ഊന്നു വടിയുമാണ്‍ പര്യടനങ്ങള്‍ക്കുള്ള ആശ്രയങ്ങള്‍.നല്ല ചുറു ചുറുക്കാണ്‍ നടത്തത്തിലും സംസാരത്തിലും..ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവില്ല രാഘവേട്ടന്‍ കാഴ്ച്ചയില്ലെന്ന്..
പക്ഷേ എന്തു വേല ചെയ്യാന്‍, അതോണ്ടായിരിയ്ക്കാം കൂട്ടിനകത്തെ തത്തയും ഒരു പിടി കാര്‍ഡുകളും പാരമ്പര്യമായി ലഭിച്ച കഴിവല്ലാതെ തന്നെ ഉപജീവനത്തിനുള്ള  തൊഴിലായി തിരഞ്ഞെടുത്തത്.
അമ്മ എപ്പഴും പറയും രാഘവേട്ടന്റ്റെ  വിരല്‍ തുമ്പുകളിലൂടെ കൈ രേഖകള്‍ മനകണ്ണില്‍ തെളിയുമെന്നും ,അത് നാക്കിന്‍ തുമ്പിലൂടെ ഭാവിയും ഭൂതവും, വര്‍ത്തമാനവുമായി പരിണമിച്ചു പോവുകയാണെന്ന്..
ഒരു ഉദ്യോഗസ്ഥന്‍റെ മട്ടാണ്‍ രാഘവേട്ടന്‍ എപ്പഴും..സ്യൂട്ട് കേസ് പോലെ തോന്നിയ്ക്കുന്ന ഒരു കറുത്ത ബാഗും, അലക്കി തേച്ച വെളുത്ത വസ്ത്രങ്ങളും, എണ്ണ തേച്ച് മിനുക്കിയ മുടിയും..എല്ലാം കൂടി പുള്ളിയെ കാണാന്‍ നല്ല ഗെറ്റപ്പാ..
ഉദ്യോഗസ്ഥന്‍റെ ഭാര്യയായ ഉഷ ചേച്ചിയും കുറ്റം പറയിയ്ക്കാത്ത രീതിയില്‍ തന്നെ ഒരുങ്ങിയാണ്‍ കൂട്ട് പോയിരുന്നത്.
തന്റ്റെ ഇടത് കൈ തത്ത കൂടിനും, വലതു തോള്‍ രാഘവേട്ടന്‍റെ കൈ താങ്ങിനുമുള്ള ഇടവുമായി എന്നെന്നേയ്ക്കുമായി തീറെഴുതി ഒപ്പിട്ട പോലെ പ്രവര്‍ത്തിയ്ക്കും, സംസാരിയ്ക്കും..
രാഘവേട്ടന്റ്റെ  കയ്യാളായി സ്യൂട്ട് കേസ് ബാഗിനകത്തെ സാധനങ്ങള്‍ നിരത്തുക ,ഭര്‍ത്താവിനെ നിശ്ചിത സ്ഥലങ്ങളില്‍ എത്തിയ്ക്കാ.. എന്നതിനപ്പുറം ഒരു പണിയും ചെയ്യാത്ത പാവം സ്ത്രീ.
ഈ വരുമാനമുണ്ടോ ഇവര്‍ക്ക് ജീവിയ്ക്കാന്‍ തികയുണൂ അമ്മിണീ അമ്മ എപ്പഴും അമ്മിണിയേടത്തിയോട് ചോദിയ്ക്കണത് കേള്‍ക്കാം.അമ്മിണിയേടത്തി ഉഷ ചേച്ചീടെ അമ്മയാ, ഞങ്ങടെ വീട്ടില്‍ വീട്ടു പണിയ്ക്ക് വരും. സ്ഥിരമായിട്ടൊന്നുമല്ലാ ഇടയ്ക്ക്..
അവര്‍ക്ക് പൈസയുടെ അത്യാവശ്യം വരുമ്പോള്‍ ഓടി വന്ന് രണ്ട് പാത്രം കഴുകാനും,തൊടിയില്‍ പയര്‍ നടാനും, പൂന്തോട്ടത്തില്‍ തല പൊക്കി നിക്കണ പുല്ലു പറിയ്ക്കാനും, പല ചരക്ക് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാനും അമ്മയെ സഹായിയ്ക്കും അത്രന്നെ...
ഹൈസ്കൂളില്‍ പഠിയ്ക്കണ ചേച്ചീടെ നിത്യ പണിയായിരുന്നു അകങ്ങള്‍ മുഴുവന്‍ അടിച്ചു തുടയ്ക്കണത് . നാല്  ക്ലാസ്സിന്‍ താഴെയുള്ള എന്‍റെ പണിയായിരുന്നു ഉമ്മറവും, വീടിന്‍ ചുറ്റും അടിച്ചു വാരാന്നുള്ളതും.അത് എന്നും ആവശ്യപ്പെടാതെ തന്നെ ചെയ്തിരിക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു..
വീട്ടില്‍ വെറുതെ ഇരിയ്ക്കണ എനിയ്ക്കെന്തിനാ ഒരു വേലക്കാരി , ഞാനും ന്റ്റെ പെണ്മക്കളും മതീലോന്ന്  അമ്മ എപ്പഴും അവരോട് പറയണത് കേള്‍ക്കാം.
പറഞ്ഞു വന്നത് എന്തായ്ച്ചാല്‍, അമ്മ പറയണ അതേ രീതിയില്‍ തന്നെ അമ്മിണിയേടത്തിയും പറയും, ഞാന്‍ ആര്‍ക്കു വേണ്ടിയാ പണി എടുക്കണത് രമണീ, ന്റ്റെ മോള്‍ക്കും അവളുടെ കെട്ട്യോനും വേണ്ടീട്ടല്ലേന്ന്..
എന്തൊക്കെയായാലും ആ കുടുംബത്തെ സന്തോഷത്തോടെ മാത്രേ കണ്ടിട്ടുള്ളൂ..വീട് വീടാന്തരം കേറി ഇറങ്ങാതെ  മനസ്സിന്‍ പിടിയ്ക്കണ , അംഗീകാരം കിട്ടണ തിരഞ്ഞെടുത്ത  വീടുകളില്‍ മാത്രം പ്രവചനങ്ങള്‍ നടത്തി പോന്നു അവര്‍..
അന്നു രാഘവേട്ടന്‍  ഞങ്ങടെയെല്ലാം കൈരേഖകള്‍  നോക്കി പറഞ്ഞതു വെച്ച് നോക്കാണെങ്കില്‍ ,കുഞ്ഞു കുട്ട്യോളൊത്ത് കളിച്ചു നടക്കണ ഞാനൊരു വക്കീലും, ഊണു കഴിയ്ക്കാന്‍ പോലും നേരമില്ലാതെ ബിസിനസ്സ് എന്നും പറഞ്ഞ് ഓടി നടക്കണ ചേച്ചി ഒരു വീട്ടമ്മയും ആവണായിരുന്നൂ. രാഘവേട്ടനേം കുറ്റം പറയാന്‍ പറ്റില്ലാട്ടൊ,ഓരൊ കുനുഷ്ട് ചോദ്യങ്ങള്‍ ചോദിച്ച് അത്രയ്കിട്ട് വെള്ളം കുടിപ്പിച്ചിട്ടുണ്ട് അന്നു ഞാന്‍..
അന്നും ഇന്നും അമ്മയ്ക്ക് അതില്‍ തര്‍ക്കമില്ല, ഈ കുട്ടിയെ വാക്കേല്‍ തോൽപ്പിയ്ക്കാനാവില്ലെന്ന് എപ്പഴും പറയും.
അങ്ങനെ ഒരു അവധി ദിവസം , ഉച്ചയൂണും കഴിഞ്ഞ് ചുവന്ന കാവി വിരിച്ച നിലത്ത് അമ്മേടെ കുട്ടിക്കാല കഥകള്‍ കേട്ടു മടിയില്‍ കിടക്കായിരുന്ന ഒരു വെയില്‍ മങ്ങിയ വൈകുന്നേരത്ത് ആ കുടുംബം ഗെയിറ്റ് തുറന്ന് വരണത് കണ്ടതും,  രാഘവേട്ടന്റ്റെ കഥകളും പ്രവചനങ്ങളും കേള്‍ക്കാനുള്ള തയ്യാറെടുപ്പെന്നോണം, മുടി വാരി കെട്ടി താ അമ്മേന്നും പറഞ്ഞ് മുന്നില്‍ ചമ്രം പടിഞ്ഞ് ഇരുന്നു ഞാന്‍.
അവര്‍ അടുത്തെത്തിയപ്പോഴാണ്‍ ശ്രദ്ധിച്ചത് ഉഷ ചേച്ചീടെ കയ്യില്‍ തത്ത കൂടും, രാഘവേട്ടന്‍റെ കയ്യില്‍  സ്യൂട്ട് കേസ് ബാഗും ഇല്ലാന്ന്.. പകരം അമ്മിണിയേടത്തീടെ കയ്യില്‍ ഒരു തുണി കെട്ട് ഉള്ളതായും..
എന്താപ്പൊ ഇങ്ങനെ, തത്തമ്മ ഇല്ലായ്ച്ചാല്‍ ഇന്നു ഉഷ ചേച്ചി ആയിരിയ്ക്കൊ  കാര്‍ഡ് എടുക്കണത്..? സാധാരണ തത്ത എടുത്ത് ഏട്ടന്‍റെ കയ്യില്‍ കൊടുക്കാണ്‍ പതിവ്..അതു നിരത്താനായി വിരിയ്ക്കാറുള്ള തോര്‍ത്തുമുണ്ട് ഇന്ന് ഇവിടുന്ന് കൊടുക്കേണ്ടി വരോ..അങ്ങനെ ഒരു നൂറായിരം ചോദ്യങ്ങള്‍ മനസ്സില്‍ കേറി ഇറങ്ങി കൊണ്ടിരുന്നൂ..
ഉമ്മറ കോലായില്‍ അവര്‍ ഇരുത്തം ഉറപ്പിച്ചപ്പോഴാണ്‍  അത് ശ്രദ്ധിച്ചത്, അമ്മിണിയേടത്തീടെ കയ്യിലെ തുണികെട്ട് ഇളകുന്നൂ..
എന്തായിരിയ്ക്കുംചോദിയ്ക്കാനുള്ള ക്ഷമയൊന്നും ഉണ്ടായില്ലാ..
ആകാംക്ഷയോടെ ആ തുണി വകഞ്ഞു മാറ്റി നോക്കി, വിശ്വാസിയ്ക്കാനായില്ലാ, ഒരു കുഞ്ഞു മുഖം.
നെറ്റിയില്‍  വീണു കിടക്കണ മുടിയും, തുടുത്ത കവിളുകളുമുള്ള ഒരു സുന്ദരി കുട്ടി. നല്ല ഉറക്കത്തിലാണ്‍, ആ കൂമ്പിയ കണ് പോളകളുടെ അറ്റത്ത് നീട്ടി എഴുതിയ കണ്‍ മഷിയും, കറുപ്പിച്ച പുരികങ്ങളും, നെറ്റിയിലും താടിയിലും ചെറു വിരല്‍ കൊണ്ട് ചാര്‍ത്തിയ പൊട്ടും..
ആ കുഞ്ഞിന്‍റെ മുഖത്തീന്ന് കണ്ണെടുക്കാതെ  അപ്പഴും മനസ്സില്‍ പിന്നേയും നൂറായിരം സംശയങ്ങള്‍ നിരന്നൂ..
ഇതാരുടെ കുഞ്ഞായിരിയ്ക്കും, അമ്മിണിയേടത്തീടെഹേയ് വഴീല്ലാ..അപ്പൊ പിന്നെ ഉഷ ചേച്ചീടെ..? കുറച്ചു ദിവസം മുന്നെ കണ്ടപ്പൊഴും പറഞ്ഞില്ലല്ലോ, ഈ കുഞ്ഞൂട്ടീടെ കാര്യം..ആകെ പൊരുത്ത കേടുകള് ഒരു പിടീം കിട്ടണില്ലാ..
അപ്പഴേയ്ക്കും അമ്മ പോയി കുഞ്ഞിനെ കിടത്താനുള്ള വിരിപ്പും, പായുമെല്ലം കൊണ്ടുവന്ന് തളത്തില്‍ വിരിച്ചു.
ആരും ഒന്നും മിണ്ടണില്ലാ..രാഘവേട്ടന്‍  ഉഷ ചേച്ചീടെ തോളീന്ന് കൈയ്യെടുക്കാതെ വയര്‍ മുടഞ്ഞ സെറ്റിയില്‍ ചെവി വട്ടം പിടിച്ച് ചാരി ഇരിയ്ക്കുന്നൂ..ഉഷ ചേച്ചി, അമ്മിണിയേടത്തീടെ വായില്‍ നിന്ന് എന്താ വരണതെന്നു കാത്ത് ഇരിയ്ക്കുന്നൂ..
കുഞ്ഞിനെ കിടത്തി ഒന്നു കൂടെ തട്ടിയുറക്കി കുഞ്ഞുടുപ്പിന്റ്റെ ചുരുക്കുകള്‍ നിവര്‍ത്തി അമ്മ കൊടുത്ത ടവ്വലെടുത്ത് പുതപ്പിച്ചതിനു ശേഷം കഥ പറയാനെന്നോണം ചുവന്ന നിലത്ത് കാലു നീട്ടി ഇരുന്നു അമ്മിണിയേടത്തി...
ഞങ്ങടെ കണ്ണുകള്‍ അവരുടെ ചുണ്ടുകളില്‍ മാത്രം പതിഞ്ഞു, ഇനി എന്തായിരിയ്ക്കും പറയാന്‍ പോണത്
രാഘവേട്ടന്‍റെ കണ്‍ പോളകള്‍ ചിമ്മുന്നതിന്‍റെ എണ്ണം കൂടി, ആ വായ് പിളര്‍ന്ന് താടിയെല്ല് മുന്നോട്ടാഞ്ഞു..
രമണീ, എന്താ ഞാന്‍ പറയാ..ഈ കിടാവിനെ കണ്ടോരാഘവന്‍റെ പെങ്ങടെ കുട്ടിയാ, പെറ്റു രണ്ടാഴ്ച്ചയ്ക്കുള്ളില്‍ രക്തപോക്ക് കൂടി  ജ്വരം വന്ന് അവള്‍ ആസ്പത്രീന്നന്നെ അങ്ങട്ടു പോയി..
കുട്ടീടെ തന്തയാണേല്‍ എവിടാന്ന് ഒരു രൂപോം ഇല്ലാ..പണി തേടി പോയതാണത്രെ, എന്താ, ഏതാ, എവിടാന്നൊന്നും ഒരു നിശ്ചയോം ഇല്ലാ..
ഇപ്പൊ എന്തായ്ച്ചാല്‍ ഉഷയ്ക്കും കെട്ട്യോനും ഇതുള്ളതോണ്ട് പണിയ്ക്കു പോവാന്‍ തരം ഇല്ല്യ,..രാഘവന്‍റെ കാര്യം അറിയാലോ കുഞ്ഞു കുട്ടീനെ നോക്കണതിലും അപ്പറാ മേയ്ക്കാന്‍,,അതിന്‍റെ കൂടെ ഇപ്പൊ ഈ കുട്ടീം..
അതോണ്ടിപ്പൊ എന്തായി ഇതെന്‍റെ കൂടെ തന്നെയായി, മനുഷ്യന്‍റെ കാലു കെട്ടിയിട്ട പോലെയായി, കുഞ്ഞു പൈതലല്ലേ അതിന്‍ പെറ്റമ്മേടെ ചൂടും പാലും വേണ്ടെ..ഒന്നിനും നിവൃത്തിയില്ലാണ്ടായിരിയ്ക്കുണൂ രമണീ..
അമ്മിണിയേടത്തി ഒരറ്റത്തു നിന്ന് തുടങ്ങീട്ടേ ഉള്ളൂ, ഇപ്പഴൊന്നും തീരണ മട്ടില്ലാ..
കുഞ്ഞിനെ ഒരു അനാഥാലയത്തില്‍ ഏൽപ്പിയ്ക്കാനാണ് അവരുടെ തീരുമാനമെന്ന് മനസ്സിലായി..
അത്രേം നേരം ഒരു മുക്കില്‍ മാസികയ്ക്കുള്ളില്‍ മുഖം പൂഴ്ത്തി ഇരുന്നിരുന്ന ചേച്ചി പെട്ടെന്നൊരു ഉള്‍വിളി എന്നോണം ചാടി എണീറ്റ് കുഞ്ഞിന്‍റെ അരികില്‍ മുട്ടു കുത്തി ഇരുന്നു..പിന്നെ എടോം വലോം നോക്കാതെ ഒറ്റ ശ്വാസത്തില്‍ നയം വ്യക്തമാക്കി..’
അമ്മേ, ഈ കുഞ്ഞിനെ നമുക്ക് എടുക്കാം..
ഇവളെ കൊടക്കല്ലമ്മേ..
എല്ലാരും ഒന്നു ഞെട്ടി, പക്ഷേ ചേച്ചീടെ ദൃഢ പെരുമാറ്റവും, ഭാവവുമെല്ലം കണ്ടാപ്പോള്‍ അമ്മ അമ്മിണിയേടത്തിയോടായി പറഞ്ഞു, കുറച്ചീസം ഇവള്‍ ഞങ്ങടെ കൂടെ നിക്കട്ടെ അമ്മിണീ, എന്നിട്ട് നമുക്ക് എന്തായ്ച്ചാല്‍ തീരുമാനിയ്ക്കാം ..
അമ്മയുടെ ആ വാക്കുകള്‍  രാഘവേട്ടന്‍റെ കണ്ണുകളില്‍ കൂടി പ്രകാശം പരത്തുന്നത് അന്നാദ്യായിട്ട് കണ്ടൂ.അങ്ങനെ സന്തോഷത്തോടെ, സമാധാനത്തോടെ ആ കുടുംബം യാത്ര പറഞ്ഞു.
ഇനി ഞങ്ങടെ ഊഴായിരുന്നൂ..
കുഞ്ഞിനു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ചേച്ചി ഉണ്ടാക്കി. കണ്‍ മഷി , കരിവള മുതല്‍ സിറിലാക്ക് വരെ..കുഞ്ഞിനുള്ള തൊട്ടി എവിടെ കെട്ടണം ,എന്നായി അടുത്ത ചര്‍ച്ച.. 
അപ്പോഴേയ്ക്കും നാട്ടുകാരുടേയും വീട്ടുകാരുടേയും  നീണ്ട ക്യൂ,  വീടിന്‍ മുന്നില്‍..
ആര്‍ക്കും അംഗീകരിയ്ക്കാന്‍ വയ്യ, ചേച്ചീടെ തോന്നിവാസവും, അതിനു കൂട്ടു നിന്ന അമ്മയുടെ വാക്കുകളും..
രണ്ടു പെണ്‍കുട്ട്യോളുള്ള നിനക്ക്  ഇതിനേം വേണോ രമണീ എന്ന് പെണ്ണുങ്ങള്‍ പിറുപിറുത്തു..
എല്ലാറ്റിനും ഒരു പരിഹാരവും സമാധാനവുമായി അമ്മയ്ക്ക് ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ..
വിദേശത്തുള്ള അച്ഛന്‍റെ സമ്മതം.. അത് കിട്ടി കഴിഞ്ഞപ്പോള്‍ ഈ പറഞ്ഞ ആളുകളെയൊന്നും പിന്നെ ആ വഴിയ്ക്കു കണ്ടതുമില്ലാ..
അങ്ങനെ അവള്‍ ഞങ്ങള്‍ക്ക് സ്വന്തമായി
ഞങ്ങടെ പേരിന്‍ സാമ്യമുള്ള ഒരു പേരും ഇട്ടു ഞങ്ങടെ അനിയത്തി കുട്ടിയ്ക്ക്..
അവളുടെ കൂടെയുള്ള ദിവസങ്ങള്‍ പോയതറിഞ്ഞില്ലാ..
വന്നതിനേക്കാള്‍ തക്കുടു  പ്രസരിപ്പുള്ള മിടുക്കിയായി..കളി ചിരികള്‍ തുടങ്ങി
ഞങ്ങടെഎല്ലാം ശ്രദ്ധ അവളില്‍ മാത്രമായി..
അങ്ങനെ മുപ്പത് നാളുകള്‍..
മുപ്പത്തി ഒന്നാം നാള്‍ ഞങ്ങളെ എല്ലാം ഞെട്ടിച്ചു കൊണ്ട് അമ്മിണിയേടത്തി പ്രത്യക്ഷപ്പെട്ടു..
എന്‍റെ ഭഗവതീഅവര്‍ ആശ്ചര്യപ്പെട്ടു പോയി
താടിയ്ക്ക് കയ്യും കൊടുത്ത്  കണ്ണും മിഴിച്ച് ഒരേ ഒരു നിൽപ്പ്..
അവരുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു.എന്തിനാണെന്നോ..
ഞങ്ങടെ അനിയത്തി പെണ്ണിന്‍റെ ചന്തവും ചുറു ചുറുക്കും കണ്ടിട്ട്..
സ്നേഹലാളനകളും, ആര്‍ഭാടങ്ങളും ആ കണ്മണിയെ സുന്ദരികുട്ടിയാക്കിയിരിയ്ക്കുന്നുവത്രെ.
പക്ഷേ, അവരുടെ ആഗമനുദ്ദേശം അറിഞ്ഞപ്പോള്‍ ഞങ്ങള്‍ തരിച്ചു നിന്നു പോയി..
ഞങ്ങടെ പൊന്നിന്‍കുടത്തിനെ തിരിച്ചു വേണമെന്ന്,..
നാടു ചുറ്റാന്‍ പോയ അവളുടെ പിതാവ് തിരിച്ചു വന്നിരിയ്ക്കുന്നൂ..കുഞ്ഞിനെ ചോദിച്ച് ബഹളം വെയ്ക്കുന്നൂ..കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നൂഅങ്ങനെ നീണ്ടു പോയി അവരുടെ ആവലാതികള്‍.
അമ്മയ്ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ലാ..,കണ്ണ് നിറച്ച് നിന്നൂ..
ചേച്ചി മുറി വിട്ടു പോയി..
കുഞ്ഞോളേന്നും വിളിച്ചോണ്ട് കുഞ്ഞിന്‍റെ വിരലുകള്‍ കൈപ്പതിയ്ക്കുള്ളിലാക്കി ഇറുക്കി പിടിച്ചു നിന്നു ഞാന്‍..
എന്നത്തേയും പോലെ ഞങ്ങടെ കുഞ്ഞാങ്ങള കളിയ്ക്കാന്‍ അപ്പുറത്തെ വീട്ടിലും പോയി.
പിറ്റേന്ന് വരാന്‍ പറഞ്ഞ് അമ്മ എങ്ങനേയോ അമ്മിണീയേടത്തിയെ പറഞ്ഞു വിട്ടു..
അന്നു രാത്രി ആരും ഉറങ്ങീല്ലാ..
അവള്‍ ഉറക്കത്തില്‍ ഉണരുന്നുണ്ടോ, ചിരിയ്ക്കുന്നുണ്ടോ എന്ന് അറിയാനെന്നോണാം അവളുടെ തൊട്ടിയ്ക്കു താഴെ വിരിച്ച് കിടന്നുറങ്ങി അന്ന് ഞങ്ങള്‍..
പിറ്റേന്ന് പുലര്‍ന്നു.
എന്നത്തേയും പോലെ ഞങ്ങടെ കുഞ്ഞനിയത്തിയെ  കുളിപ്പിച്ചൊരുക്കി, കുറുക്ക് കൊടുത്ത്  ചേച്ചി സ്കൂളില്‍ പോയി..
അവള്‍ക്ക് പൊന്നുമ്മ കൊടുത്ത് കൂടെ ഞങ്ങളും ഇറങ്ങി..
തിരിച്ചെത്തിയ ഞങ്ങള്‍ക്ക് അമ്മ പറയാതെ തന്നെ എല്ലാം വ്യക്തമായിരുന്നൂ..
അകത്തളത്തിലെ തൊട്ടി കാണാനില്ലാ,ചാന്തും പൊട്ടും ചിതറി കിടന്നിരുന്ന മേശപ്പുറം കാലി..,കുഞ്ഞുടുപ്പുകള്‍ അടക്കി വെച്ചിരുന്ന കുഞ്ഞു അലമാരയും കാലിയായിരിയ്ക്കുന്നൂ..
ഊണും, ഉറക്കവും ഇല്ലാത്ത ഒരു പിടി നാളുകള്‍..
പിന്നെ പിന്നെ...അവളുടെ ഓര്‍മ്മകള്‍ ഞങ്ങള്‍ അയവിറക്കാന്‍ തുടങ്ങി..
അങ്ങനെ ഒരു നാള്‍ ഒരു കഥയെന്നോണം അമ്മ പറഞ്ഞു,,
നിങ്ങള്‍ സ്കൂളില്‍ പോയ നേരം അമ്മിണി വന്നു,
ചേച്ചി കുഞ്ഞു നാളില്‍ ഇട്ടിരുന്ന പൊന്നു മാലയും അവളുടെ കൊച്ചു കൊച്ച് സാധനങ്ങള്‍ നിറച്ച പെട്ടിയുമായി അവളെ അമ്മിണിയേടത്തീടെ കയ്യില്‍ ഏൽപ്പിച്ചു ..

ഇന്ന് അമ്മിണിയേടത്തിയും, രാഘവേട്ടനും ജീവിച്ചിരുപ്പില്ലാ..
ഉഷ ചേച്ചിയ്ക്ക് വയ്യാ..ഒരു അഗധി മന്ദിരത്തില്‍ കഴിയാന്നും അറിയാം..
എന്നാല്‍ ഞങ്ങടെ അനിയത്തി പ്രാവ്അവള്‍ എവിടെയാണെന്ന് ഒരു വിവരവും ഇല്ലാ..
എവിടെ ആണേലും അവള്‍ സന്തോഷത്തോടെ ഇരിയ്ക്കണേ എന്ന പ്രാര്‍ഥനകള്‍ മാത്രം.
ങാ,ഒരു കാര്യം പറയാന്‍ വിട്ടു പോയി..
ഞങ്ങടെ കുഞ്ഞനിയത്തീടെ പേര്‍ ഇന്നും അമ്മയുടെ നാവിലൂടെ അകത്തളങ്ങളില്‍ അലയടിയ്ക്കുന്നുണ്ട്..
 എങ്ങനെയെന്നോ
ഞങ്ങള്‍ അവള്‍ക്കിട്ട പേരോടു കൂടിയ ഒരു നാത്തൂനെ കിട്ടി ഞങ്ങള്ക്ക്..

ഒരു ഓര്‍മ്മ കുറിപ്പ്..

Friday, March 4, 2011

ഉണരൂ..

ഉറ്റവര്‍ ഇറക്കിവിട്ടാ പടുകുഴിയില്‍  നിന്ന്
മേലോട്ടുയര്‍ന്ന്  പൊന്‍ കിരണങ്ങള്‍ പുല്‍കൂ

ചുട്ടെരിയുമാ ചിതയില്‍ നിന്നുയര്‍ന്ന്
പ്രപഞ്ചത്തിന്‍ ദിവ്യ  സൌന്ദര്യം കാണൂ

അധികാര ചങ്ങല വിലക്കുകള്‍ മാറ്റി
വിശ്വാസ തൂവലണിഞ്ഞ്  പറന്നുയരൂ

പാപ കുരുക്കുകളായ് പതുങ്ങി നിൽപ്പുണ്ടേലും
ഈ ലോകം സര്‍വ്വത്ര മധുരമാണ്..

വേദനയില്‍ തപ്പിത്തടഞ്ഞിട്ടെന്തു നേടാന്‍
ദുഃഖത്തിന്‍ ചുടു കണ്ണുനീര്‍ തുള്ളിയോ

നിരാശതന്‍ ആലിംഗനത്തിലമര്‍ന്നെന്തു നേടാന്‍
നിര്‍ദ്ദയ ദൃഷ്ടികളൂന്നും ക്രൂര രശ്മികളോ

ഒരു മനുഷ്യ ജീവന്‍റെ ആയുസ്സെത്ര
പാതിയെരിഞ്ഞ മെഴുകുതിരിയ്ക്കത്രയും

പടിയിറങ്ങൂ ഗതികെട്ടലയും ചിന്തകളേ
സ്വീകരിക്കൂ നിത്യ വസന്തങ്ങളെ ഹൃദ്യമായ്

ഒരു നേരമെങ്കിലും കരുത്തുറ്റ ഹൃദയമായുണരുവാന്‍....

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...