Sunday, November 7, 2010

മുക്കുറ്റിപ്പൂ സാരി..


കുഞ്ഞു മുക്കുറ്റിപ്പൂക്കള്‍ കരിം പച്ചയില്‍ അങ്ങനേ നിറഞ്ഞു വിരിഞ്ഞു നിക്കാ,സ്വര്‍ണ്ണ നൂലിന്‍റെ നേരിയ കസവോടു കൂടിയ ബോര്‍ഡറും..

അമ്മേടെ സാരിയാ,ഒരു വൈകുന്നേരം അച്ഛന്‍  അങ്ങാടീല്‍ പോയി തിരിച്ച് വരുമ്പോള്‍ കയ്യില്‍ ഉണ്ടായിരുന്ന പൊതികളുടെ കൂട്ടത്തില്‍ ,സ്വകാര്യായി അമ്മയെ ഏല്പിയ്ക്കുന്നതു കണ്ടതാ..
നിയ്ക്ക് ഒരു ഡസ്സന്‍  കുപ്പി വളകളും.
നിങ്ങക്ക് എന്തിന്‍റെ കേടാ, ഇപ്പഴെന്തിനാ  നിയ്ക്കൊരു പുതിയൊരെണ്ണം..
അമ്മേടെ പതിഞ്ഞ സ്വരം അപ്പറത്തീന്ന്  കേള്‍ക്കായിരുന്നൂ.
ഞാനപ്പഴ്  വള ഇട്ടു നോക്കണ തന്ത്രപ്പാടിലായിരുന്നൂ
 രണ്ടെണ്ണം  പൊട്ടി, സോപ്പിട്ടപ്പഴാ ബാക്കി പൊട്ടാതെ കിട്ട്യേത്.

സാരി ഉടുക്കാന്‍ ആശ തോന്നുമ്പോഴൊക്കെ ആ സാരിയെ മനസ്സില്‍ വരൂ, ന്താന്നറിയില്ലാ ആ കുഞ്ഞു മഞ്ഞപ്പൂക്കളോട് ഒരു താത്പര്യ കൂടുതല്‍.
അമ്മയ്ക്ക് കുറെ സാരികളുണ്ട് , ന്നിട്ടും..
കുട്ടിയ്ക്ക് അതിനുള്ള പ്രായായിട്ടില്ലാന്നാ ഇപ്പഴും അച്ഛന്‍  പറയണത് , അമ്മേടെ മറുപടി ഇതായിരിയ്ക്കും, ന്റ്റെ ആശ അറിയിച്ചാല്‍.
അവസാനം അമ്മയായിട്ടു തന്നെ പറഞ്ഞു ,മോളേ സിന്ധൂന്‍റെ കല്ല്യാണത്തിന് നീ  അതുടുത്ത് ഉടുത്തോ ട്ടൊ.
ജാക്കറ്റ് വേണ്ടെ..?
അപ്രത്തെ ശങ്കരേട്ടന്‍റടുത്ത്  അളവെടുക്കാന്‍ പോകാന്ന് പറഞ്ഞപ്പഴ് അമ്മ കൂട്ടാക്കീല്ല.
അതേപ്പൊ, അയാള്‍ടെ മുന്നില്‍ നിന്നു കൊടുക്കൊന്നും വേണ്ട നീയ്,
അമ്മിണികുട്ടി ഇന്നലെ ഒരെണ്ണം തുന്നിച്ചിട്ട്ണ്ട്, നീയും അവളും കുട്ടിക്കാലം മുതല്‍ മാറ്റി ഉടുക്കണതല്ലേ.അതു വാങ്ങി അളവു കാണിച്ച് വേഗം തിരിച്ച് കൊട്ക്കാന്‍ നോക്ക്..
ഈ അമ്മേടെ ഓരോ കാര്യങ്ങള്‍..
ജാക്കറ്റ് തയ്പ്പിച്ചു വന്നപ്പോഴുള്ള അമ്മേടെ ചിരി ഒന്നു കാണണായിരുന്നൂ, കുലുങ്ങി കുലുങ്ങി ചിരിച്ചോണ്ടിരുന്നൂ..
പണ്ടത്തെ പെണ്ണങ്ങള്‍ടെ റൌക്ക പോലുണ്ട്..കൂടെ കളിയാക്കലും.
നിയ്ക്കും ചിരിയ്ക്കാതിരിയ്ക്കാനായില്ലാ..കൂടെ വായ് പൊത്തി ചിരിച്ചു.

സിന്ധു ചേച്ചീടെ കല്ല്യാണ ദിവസം ന്റ്റേം മറക്കാന്‍ പറ്റാത്ത ദിവസ്സായി.;ആദ്യായി സാരി ഉടുത്ത ദിവസം.
അമ്മ തന്നെയാ സാരി ഉടുപ്പിച്ച് തന്നത്.
സാരി ഉടുക്കുമ്പഴ് ഇടാനെന്നും പറഞ്ഞ് ഉയരം കൂടിയ ചെരിപ്പും വാങ്ങി വെച്ചിരുന്നൂ അമ്മ.
അമ്മേടെ കയ്യും വായും ഒരു പോലെ  മിണ്ടീം പറഞ്ഞും അനങ്ങീം കൊണ്ടേയിരുന്നൂ.
ഒരു കാര്യം ഞാന്‍ പറയ്യാ, ന്റ്റെ കുട്ട്യേ..
ഈ തുണിയ്ക്ക് ഇത്രേം നീളോം വിതീം കൊടുത്തിരിയ്ക്കണത് എന്തിനാന്നാ, ശരീരത്തിലെ എല്ലാ ഭാഗങ്ങളും ഇട്ടു മൂടാനാ, അല്ലാണ്ട് അവിടേം ഇവിടേം കാണിച്ച് നടക്കാനല്ലാ.
നാലും അഞ്ചും ഞെറികളെടുത്ത് തോളില്‍ സൂചി കുത്താനാണേങ്കില്‍  അതവിടെ ഇടണ്ട ആവശ്യം ന്താ..കുട്ടി രണ്ട്  എണ്ണം എടുത്ത് കുത്ത്യാല്‍ മതി, ന്നാലെ വയറും മാറും ഒരു പോലെ മറയു..
ങാ..പിന്നെ മുന്താണിയ്ക്ക് ഇത്തിരി ഇറക്കം കൂടിയ്ക്കോട്ടെ ,അധികം ഉയരം ഇല്ലാത്തതല്ലേ മുടീം കുറവ്. ഉയരം തോന്നിയ്ക്കാന്‍ നല്ലതാ..
മുന്നിലെ  ഞെറികള്‍ നിലത്തടിച്ച് നടക്കാതിരിയ്ക്കാന്‍ കയറ്റി കുത്തിയ്ക്കോ, സാരീടെ അടി പൊട്ടി കീറാന്‍ അതു മതി..,അന്നേ പറഞ്ഞതല്ലേ  സാരി ഫോള്‍ വെയ്ക്കാന്‍ കൊടുക്കാന്‍..മടിച്ചി പറഞ്ഞാല്‍ കൂട്ടാക്കില്ലാ.
എന്നു വെച്ച് അധികം കയറ്റി കുത്തണ്ടാ ട്ടൊ, ചന്തം ഉണ്ടാവില്ല്യാ.
സാരി ഉടുക്കാന്‍ ഇത്രേം കാര്യങ്ങള്‍ അറിയണംന്ന് അന്നാണ്‍ ഞാന്‍ മനസ്സിലാക്കിയത്.

സിന്ധു ചേച്ചീടെ കല്ല്യാണത്തിന്‍ ശേഷം പിന്നെയാ മുക്കുറ്റിപ്പൂ സാരി ചുറ്റിയത് കാവിലെ ഉത്സവത്തിനാ..
മദ്രാസില്‍ ആയിരുന്ന ഹരിയേട്ടനും വന്നിരുന്നു ഉത്സവത്തിന്‍.
ഹരിയേട്ടന്‍റ് നോട്ടം കണ്ടപ്പഴ് ചൂളിപ്പോയി..നിന്ന നിൽപ്പില്‍ ഇല്ലാണ്ടാവണ പോലെ..
ഒന്നും പറയൊന്നും ഉണ്ടയില്ല്യാ,ന്നാല് എല്ലം പറഞ്ഞു താനും.
ഞങ്ങടെ കല്ല്യാണ കാര്യായിരുന്നു അന്നു മുഴുവം അമ്മേടെ നാവില്‍.

അപ്പഴയ്ക്കും മുക്കുറ്റിപ്പൂ സാരി ന്റ്റെ സ്വന്തായി കഴിഞ്ഞിരുന്നൂ.
ലിലേട്ത്തിയെ കൊണ്ട്  അളവെടുപ്പിച്ച് പാകത്തിനൊത്ത  ജാക്കറ്റ് തയ്പ്പിച്ച് തന്നൂ അമ്മ..ആദ്യത്തെ പെണ്ണു കാണലിന്‍.
എപ്പഴും സുന്ദരിയായി ന്നെ കാണാന്‍ അമ്മയ്ക്ക് ഉത്സാഹാ..
സാരി ഉടുക്കുമ്പഴ് മുടി ഒതുക്കി കെട്ടണം , കുങ്കുമം കൊണ്ടെന്നെ പൊട്ട് കുത്തണം ,ചന്ദനക്കുറി വരയ്ക്കണം , കണ്ണെഴുതണം ന്നൊക്കെ നിര്‍ബന്ധിച്ച് ശിലിപ്പിച്ചു അമ്മ.
പെണ്‍കുട്ട്യ്യൊളായ്ച എപ്പഴും ഉടുത്തൊരുങ്ങി നടക്കണംന്നാ അമ്മ പറയണത്.

അങ്ങനെ എത്ര കല്ല്യാണങ്ങള്‍ , ഉത്സവങ്ങള്‍ , പെണ്ണുകാണലുകള്‍..

പിന്നീടെപ്പോഴൊ മുക്കുറ്റിപ്പൂ സാരി പെട്ടിയ്ക്കുള്ളില്‍, അടീലായി സ്ഥാനം പിടിച്ചു..
കുങ്കുമവും, ചന്ദനവും , കണ്മഷിയെല്ലാം എന്നത്തേയും ദിനചര്യകളില്‍ മുഖത്ത്  വരച്ചു കൊണ്ടേ ഇരുന്നൂ..ഈറന്‍ വിട്ടാല്‍ മുടി ഒതുക്കി കെട്ടി വെച്ചൂ..
എന്താന്നറിയില്ലാ..ഇന്നു മുക്കുറ്റിപ്പൂക്കളെ ചുറ്റാന്‍ തോന്നിച്ചത്..
കണ്ണാടീടെ മുന്നില്‍ അങ്ങനേ നിന്നൂ കുറേ നേരം.
ഇപ്പഴെങ്ങാനും അമ്മ കണ്ടേയ്ച്ചാല്‍ പറയും ,
അന്നും..ഇന്നും..ന്റ്റെ കുട്ടിയ്ക്ക്  ഒരു മാറ്റോം ഇല്ല്യാ,
ന്റ്റെ കുട്ടി സുന്ദരിയാ..
ന്നാലും ന്റ്റെ കുട്ടി എത്ര നാളെന്നു വെച്ചാ ഇങ്ങനെ..
പിന്നെ ഒരു നെടുവീര്‍പ്പും..

ഒരു യന്ത്രം കണക്കെ സാരി ഉഴിഞ്ഞു മടക്കി പെട്ടിയില്‍ തിരികെ വയ്കുമ്പോള്‍ ആദ്യായി ആ മുക്കുറ്റിപ്പൂക്കളോട് പിറുപിറുത്തു..
മുക്കുറ്റിപ്പൂക്കളേ..കുറുഞ്ഞിപ്പൂക്കളേ..ഇനി നിങ്ങള്‍ ഈ ഇരുട്ടിന്‍ സ്വന്തം..ഈ ഇരുട്ടറ നിങ്ങള്‍ക്ക് സ്വന്തം.
നൊമ്പരങ്ങള്‍ക്കും, അനുകമ്പകള്‍ക്കും പ്രവേശനമില്ലാതെ ഈ മുറി എനിയ്ക്കും സ്വന്തം.12 comments:

 1. കഥ മുഴുവനായും അങ്ങ് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല...

  ReplyDelete
 2. നന്നായിരിക്കണു...

  എന്തെക്കെയൊ എവിടെക്കയൊ മനസിലാവാത്തപോലെ...!!!

  ReplyDelete
 3. ചിന്തകളുടെ കൊളാഷ്...
  കൊള്ളാം.

  ReplyDelete
 4. കുഞ്ഞക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു...

  ReplyDelete
 5. വര്‍ഷിണീ കൊള്ളാം ട്ടോ...ആദ്യമായി സാരിയുടുത്ത നാള്‍ അറിയാതെ മനസ്സിലേക്കോടിയെത്തി...എനിക്കൊരു സംശയം ഉണ്ട്...എന്തായിരുന്നു അവള്‍ ഇരുട്ടറയില്‍ ഒതുങ്ങാന്‍ കാരണം....ഒരു കല്യാണവും നടക്കാതെ പോയതു കൊണ്ടാണോ...എന്തു കൊണ്ടാരുന്നു കല്യാണം നടക്കാതെയിരുന്നതെന്ന് എങ്ങും പറഞ്ഞ് കണ്ടില്യാ....മറന്നു പോയതാണോ സഖീ...അതോ എനിക്ക് മനസ്സില്ലാക്കാന്‍ കഴിയാതെ പോയതോ.....എന്തായാലും നല്ല രസത്തില്‍ പറഞ്ഞു പോയി...

  ReplyDelete
 6. സ്മരണകളുടെ തിരയില്‍ പെട്ട് മനസ്സ് പിടഞ്ഞപ്പോളായിരിയ്ക്കാം അവള്‍ തളര്‍ന്നത്.....എല്ലാം മറക്കനുള്ള കരുത്തു കിട്ടിയിരുന്നെങ്കില്‍....

  നന്ദി ദേവീ...

  ReplyDelete
 7. നല്ല എഴുത്ത്. കുറച്ചുകൂടി clarity ആകാമായിരുന്നു. എങ്കില്‍ വായനക്കാര്‍ ഇങ്ങനെ ചോദ്യം ചോദിക്കേണ്ടി വരില്ലായിരുന്നു.

  ഈ template ലെ background വായനാസുഖം കുറയ്ക്കുന്നു.

  ReplyDelete
 8. മഴയും കുളിർമയും എഴുത്തിൽ നിന്നും ചിത്രങ്ങളിൽ നിന്നും പേരിൽ നിന്നുമെല്ലാം വായിച്ചെടുക്കാൻ കഴിയുന്നു.
  എപ്പോഴും മഴയായി പൈതൊഴിയാനാണൊ താല്പ്പര്യം....
  എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 9. വര്‍ഷിണി, സാരി ഉടുക്കല്‍ റോക്കറ്റ് സയന്‍സിനേക്കാള്‍ പ്രയാസമാണെന്ന് മനസ്സിലായില്ലേ ഇപ്പോള്‍.. വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരുവേള ചുണ്ടില്‍ പുഞ്ചിരിവിടര്‍ന്നു, ആദ്യ സാരിഉടുക്കലിന്റെ സംഭ്രമവും, പിന്നെ പെണ്ണുകാണലിലന്നത്തെ ജാള്യതയൊക്കെ അറിഞ്ഞപ്പോള്‍..

  മുക്കുറ്റിപ്പൂക്കളുള്ള ആ സാരി വര്‍ഷിണിയെ ഒരു മുല്ലവള്ളി പോലെ ചുറ്റിപ്പടര്‍ന്നു നില്‍ക്കുവാന്‍ മോഹിയ്ക്കുന്നുണ്ടായിരിയ്ക്കും ഇപ്പോള്‍.. ഇരുളറയിലെ പെട്ടിയില്‍ നിന്ന് പുറത്ത് വന്ന് വര്‍ഷിണിയെ നോക്കി പുഞ്ചിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നുണ്ടായിരിയ്ക്കും..

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...