Saturday, October 30, 2010

മായക്കാഴ്ച്ചകള്‍..

ആകാശം വിളറി വെളുത്താല്‍, എങ്ങും പ്രഭാത ഗന്ധം പടര്‍ന്നാല്‍ ഒരു കുരുത്തോല വാലന്‍ കിളി വര്‍ണ്ണ ചിറകുകള്‍ ഒതുക്കാന്‍ ഈ മാക്കൊമ്പില്‍ സ്ഥലം പിടിയ്ക്കാറുണ്ട്. 
എന്നും തല വെട്ടിച്ച് , വാലാട്ടി ഗര്‍വ്വോടെ അലസനായി ഇരിയ്ക്കാറുള്ള ഇവനെന്തേ .... 
തിടുക്കത്തില്‍ പെയ്യണ ഒരു മഴ മേഘം പോലെ,മേഘ രാഗം പോലെ.. നിര്‍ത്താതെ ചിലയ്ക്കുന്നു..?

അതവന്‍റെ പാട്ടാണെന്നു തോന്നുണൂ..
ഇപ്പഴാ കണ്ടതു അവന്‍റെ അരികില്‍ പരുങ്ങി ഇരിയ്ക്കണ ആ നാണം കുണുങ്ങി പെണ്ണിനെ,
സുറുമ കണ്ണെഴുതിയ സുന്ദരി മഞ്ഞക്കിളി പെണ്ണിനെ.
നിയ്ക്കു തിരിയില്ലാന്നൊരു ഉദ്ധേശത്തോടെ ആണെന്നു തോന്നുണു അവന്‍റെ ഉച്ചത്തിലുള്ള ശൃംഗാരങ്ങള്‍.
ആ വാലു പിടിച്ചു വലിച്ചു വേദനിപ്പിയ്ക്കാനുള്ള ദേഷ്യം വരുണുണ്ട്..ഹും.

അതിനവനെ എങ്ങനെ കിട്ടാന്‍..?
ഓരോ ദുര്‍മോഹങ്ങള്‍..അല്ലാതെന്താ..
വിഡ്ഡി, അവനെന്തറിയാം
നിയ്ക്കു അവനെ കേള്‍ക്കാന്‍ പറ്റില്ലാന്നുള്ള അവന്‍റെ വിശ്വാസം അവനെ കാക്കട്ടെ.
പ്രണയത്തിന്‍റെ ഈണത്തിനപ്പുറത്തെങ്ങു നിന്നോ അവന്‍റെ ലോകവിവരം കണ്ണു തുറക്കുന്നുണ്ട്.
അതു ചെവിയോര്‍ത്തു പിടിച്ചെടുക്കാന്‍  കൌതുകം തോന്നുന്നൂ..അവന്‍റെ കഥ കേള്‍ക്കാന്‍.

മഞ്ഞപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കും
മഞ്ഞിമ കണങ്ങള്‍ തിളങ്ങി നില്‍ക്കും
മഞ്ഞ പെണ്ണു നാണിച്ചു നില്‍ക്കും
മഞ്ഞ പുലരി ഉണര്‍ന്നു നില്‍ക്കുമീ വേളയില്‍..
മഞ്ഞ പെണ്ണേ, മിഴിയാളേ..
നിനക്കറിയോ,
മഴക്കാലങ്ങളും, മാമ്പഴകാലങ്ങളും ഒരു പാടു പൊഴിഞ്ഞിട്ടില്ലാത്ത, വളരെ കാലം പിറകിലോട്ടല്ലാത്ത ഒരു കാലത്ത്..
ഇങ്ങനെ ഒരു വൃക്ഷ ചുവട്ടില്‍, എന്തു  വൃക്ഷാണെന്നു നിശ്ചയല്ലാ..
ഒരു ചാരുകസേര എപ്പഴും കാണുംത്രെ, മീതെ കുറച്ചു പുസ്തകങ്ങളും, ഒരു മഷി പേനയും, കണ്ണടയും..
തൊട്ടരികില്  മരത്തിന്‍റെ ഒരു കൊച്ചു മേശയും, പാടാന്‍ റെഡിയായി നിക്കണ പാട്ടു പെട്ടിയും.
അദ്ദേഹം ഇരുത്തം ഉറപ്പിച്ചാല്‍ പിന്നെ വായനയും എഴുത്തും തകൃതിയായി ..
ആ നേരങ്ങാനും തിരുമാലി കാറ്റ് ഇച്ചിരി കുളിര്‍മ്മ വീശിയാല്‍ ,പിന്നെ ആ പാട്ടുപെട്ടി തിരിയാന്‍ തുടങ്ങിക്കോളും.

ആ ചാരി കിടക്കണ അദ്ദേഹം ഇമ്മിണി വല്ല്യ ഒരു എഴുത്തുകാരനാത്രെ..
പൂവമ്പഴവും, ബാല്യകാല സഖിയും , പാത്തുമ്മായുടെ ആടുമൊക്കെ അദ്ദേഹത്തിന്‍റെ ജീവിതാത്രെ..
അങ്ങനെ എത്രണ്ണംന്നാ കരുതിയിരിക്കണേ..
ഒരു പറ്റം കഥകള്‍,
ബഹുമതികളോ..ഒട്ടനവധി.
വൃത്തികെട്ട ആഡമ്പരങ്ങളും, പരിഷ്കാരങ്ങളൊന്നും എത്തി നോക്കാത്ത ഒരു പച്ച മനുഷ്യന്‍..
എഴുതാനിരിയ്ക്കുമ്പോള്‍ ഒരു കുപ്പായം പോലും ധരിയ്ക്കാറില്ലന്നെയ്...

ഇതു പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചോ..?
ഒരു പരിഹാസ ചിരി പൊട്ടി വീണോ..?
ഹേയ്, അല്ലാ..അവനവന്‍റെ പെണ്ണിനോട് കഥ പറയുന്ന രസത്തിലാ..കാമുക വേഷ ലഹരിയിലാ..
കാറ്റില്‍ പറന്നടിയുന്ന മാമ്പൂക്കളെ ഗൌനിയ്ക്കാതെ , മിഴികളിലൂടെ അവന്‍റെ കഥ കേട്ടിരിയ്ക്കണ അവള്‍ പതിഞ്ഞ സ്വരത്തില്‍ ഇപ്പോള്‍ എന്തോ പറയാന്‍ തുടങ്ങിയിരിയ്ക്കുണൂ.
പേരറിയാത്ത ഏതോ ഒരു പക്ഷീടെ കിളി നാദം കാതില്‍  തുളച്ചു കയറി കേള്‍വി തടസ്സം ഉണ്ടാക്കുണൂ..അതോണ്ട് കിളി ബഹളംന്നേ ഞാന്‍  ഇപ്പൊ പറയൂ..
അവനെ പോലയേ അല്ല അവളെ കേള്ക്കാന്‍,
ആരുമറിയാതെ ഒളിഞ്ഞു പെയ്യണ പുതു മഴയുടെ നാദം പോലെ,സ്വര്‍ഗ്ഗ രാഗം പോലെ..മധുരം.

നാഥാ, ഇന്നലെ വെയില്‍ മൂത്തു വരും നേരം
കാവിലെ ഉത്സവം കണ്ടു മടങ്ങും നേരം
ഓരോന്നു ചിന്തിച്ചങ്ങനെ തിരിക്കും നേരം
ഈ പൊന്‍ ചിറകുകള്‍ക്കു അല്പം വിശ്രമം കൊടുക്കാനായ്.....
പൊന്ന് വിളയും പാടത്തിന്‍റെ പടിഞ്ഞാറെ ദിക്കിലെ, കല്പടവുകള്‍ പാകിയ ആ വീടിന്‍റെ ഉമ്മറതിണ്ണയില്‍ ഇരിയ്ക്കാനിടയായി.

വെണ്‍പ്പൂക്കളാല്‍ വിടര്‍ന്നു തുടിച്ചു നിക്കണ അവിടുത്തെ തോട്ടത്തില് ഒരു ചെമ്പക മരം പൂത്തുലഞ്ഞു നിപ്പുണ്ടെന്നു കുറുമ്പന്‍ കാറ്റ് വന്ന് സ്വകാര്യം പറഞ്ഞപ്പോഴാണറിയണത്.
ആ സുഗന്ധത്തില്‍ ഒന്നു മയങ്ങാന്നു കരുത്യാണ് ആ പൂമര ചില്ലകള്‍ ലക്ഷ്യട്ട് പറന്നത്,
അപ്പോള്  ഞാനുംകണ്ടു,
ആ ചെറുമരത്തിനു കീഴെ , പച്ച പുല്ലു ഒരുക്കിയ പരവതാനിയില്‍ കണ്ണടച്ച് ചാരി ഇരുന്നു മനോരാജ്യം കാണണ ഒരു മനുഷ്യനെ,
ആ മനോകാഴ്ച്ചകള്‍  അവ്യക്ത ചിത്രങ്ങളായിരുന്നെങ്കിലും,
നേര്‍ത്ത കസവു സാരിയും , വെള്ളി കൊലുസുകളും, മുല്ല മാലയും വ്യക്തായി തന്നെ കണ്ടു ഞാന്‍.
സമീപത്തുള്ള കിളി നാദങ്ങളെല്ലാം മൂളി കേള്‍പ്പിയ്ക്കാനെന്ന പോലെ ആ താന്തോന്നി കാറ്റ് അവിടെയും പാഞ്ഞെത്തി,
പിന്നെ ഈശ്വര കാരുണ്യം  പോലെ  മഴത്തുള്ളികള്‍ വാരി ചിതറിച്ചു കൊണ്ടവന്‍ അവിടെ തന്നെ ചുറ്റി കറങ്ങി നിപ്പുണ്ടായിരുന്നൂ.
ങാ..പിന്നെ പറയാന്‍ വിട്ടു പോയി,
ഈ പച്ച മനുഷ്യനും കുപ്പായം ഇട്ടിരുന്നില്ല്യാ..
പക്ഷേങ്കില്‍ ഒരു തൂവെള്ള കൈ ബനിയന്‍ ആ ദേഹത്ത് പറ്റിചേര്ന്നു ഉറങ്ങണുണ്ടായിരുന്നൂ.
കഥകളും കവിതകളും അധികം കുറിച്ചിട്ടില്ലെങ്കിലും , കുറെ ജീവിത കഥകള്‍ ആ നെഞ്ചില്‍ കുറിച്ചിട്ടുണ്ടെന്നു ആ സൌമ്യനെ കണ്ടാലറിയാം..

ഇനി എന്താണവള്‍ അവനോട് രഹസ്യം പറയണത്.., അവന്‍റെ സ്വപ്നങ്ങളെ കുറിച്ചായിരിയ്ക്കോ..?
ഒന്നും കേള്‍ക്കാന്‍ വയ്യാ, ആ കറുമ്പന്‍ പക്ഷിയില്ലേ...കാക്ക തമ്പുരാന്‍,
അവന്‍റെ അസഹ്യ പുലമ്പുലകള്‍ കാത് പൊട്ടിയ്ക്കുണൂ
ന്നാലും വേണ്ടില്ലാ, ഇത്രയും അറിഞ്ഞല്ലോ..
മനസ്സു നിറഞ്ഞ പോലെ,
ആ  വൃക്ഷ തണലിലും, പൂമര ചോട്ടിലും എത്തിപ്പെട്ട പോലെ.
ആ ഇണ കുരുവികള്‍ക്കു  മനസ്സു കൊണ്ട് മംഗളം നേരുന്നൂ ഞാന്‍,
വേറോന്നും കൊടുക്കാന്‍ ന്റെ കയ്യില്‍ ഇല്ല്യാ..


സൂര്യവെട്ടം അഴികളിലൂടെ മുഖത്തടിയ്ക്കാന്‍ തുടങ്ങീട്ടു ഇച്ചിരി നേരായിരിയ്ക്കുണൂ, ഇടത്തേ കവിളു പൊള്ളാനും...ഒന്നും അറിഞ്ഞില്ല ഞാന്‍,,
അല്ലാ, ഒന്നും അറിയിച്ചില്ലാ ആ ഇണകള്‍.
ഊണു കാലായെന്നു തോന്നുണൂ..
കുട്ട്യേ..
നിന്‍റെ അപൂര്‍ണ്ണ കഥകളും, പൊട്ടി തകരണ സ്വപ്നങ്ങളും, വേദാന്ത ചിന്തകളും, ആര്‍ക്കും മനസ്സിലാവാത്ത ഭാഷയും ആ ജാലകത്തിന്നപ്പുറത്തേയ്കിട്ടു ഒന്നു വന്നു ഉണ്ടിട്ടു പോകുന്നുണ്ടോ..?
ഉം..തുടങ്ങീ...ഈ..അമ്മ.........

15 comments:

 1. നല്ല എഴുത്ത്. മനോഹരമായ ആഖ്യാനശൈലി.. തുടരുക

  ReplyDelete
 2. നന്നായിട്ടുണ്ട്....
  പൊട്ടിതകരണ സ്വപ്നങ്ങളും വേതാന്ത ചിന്തകളും ആർക്കും മനസിലാവില്ലാന്ന് സ്വയം വിമർശിക്കുന്ന അപൂർണമായ ഈ എഴുത്ത്...!!
  ഭാവുകങ്ങൾ.....

  ReplyDelete
 3. കണ്ണിനു മുന്നില്‍ ആ ഇണക്കുരുവികളെ കണ്ട പോലെ.....അവയുടെ കൊഞ്ചല്‍ കേട്ടപോലെ....മരച്ചോട്ടില്‍ മനോരാജ്യത്തില്‍ മയങ്ങിയ മനുഷ്യനും...ഒരു പഴയ കഥാകാരനും ഇമ്മിണി മിന്നി മറഞ്ഞു മനസ്സില്‍.....വര്‍ഷിണീ പറയാന്‍ വാക്കുകളില്ലല്ലോ സഖീ.....ഇനിയുമുതിരണം ആ തൂലികത്തുമ്പില്‍ നിന്നും അപൂര്‍ണ്ണമെന്നു തോന്നാവുന്ന പൂര്‍ണ്ണതയുടെ സൃഷ്ടികള്‍...

  ReplyDelete
 4. തീറ്ച്ചയായും ദേവീ,ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിയ്ക്കും.. തളരുന്നതു വെരെ..
  സത്യമേത് മിഥ്യയേത് എന്ന തിരിച്ചറിവോടു തന്നെ.


  മനോജ്, നാഷ്..നന്ദി.

  ReplyDelete
 5. elllam nannayettunduu,,,comment edan njan oru kaveyoo kathakrithoo alla...but ninjalude bashha manasil akkan kurachu time edukunnu...athra mathram...

  ReplyDelete
 6. ഉം...മനസ്സിലാക്കുന്നു ട്ടൊ..

  ReplyDelete
 7. പ്രകൃതിയുടെ ശിക്ഷണം നല്ലതുപോലെ ലഭിച്ചിരിക്കുന്ന!
  ഒരു ഭാഗ്യവതി! ഈ വര്‍ഷിണി ...

  ആരാധന......

  ReplyDelete
 8. ആ സുന്ദരിമഞ്ഞക്കിളിയുടെ സ്നേഹത്തില്‍ ചാലിച്ച ശൃംഗാ‍രങ്ങള്‍ എന്നെങ്കിലുമൊരിയ്ക്കലാ അഹങ്കാരിയായ വാലാട്ടിക്കിളി കേള്‍ക്കാതിരിയ്ക്കില്ല.. പാവം മഞ്ഞക്കിളി എത്രമാത്രം വിഷമിച്ചിരിയ്ക്കും..

  ReplyDelete
 9. ആ കിളികളെ ,കുറുക്കനെ ,ഉറുമ്പിനെ ,വീട്ടിലെ എട്ടുകാലികളെയും പാറ്റകളെയും പോലും സ്നേഹിച്ച മനുഷ്യന്‍ മാന്കൊസ്ടിന്‍ മരത്തിന്റെ ചുവട്ടില്‍ ആണുട്ടോ ഇരിക്കാരുണ്ടായിരുന്നത്‌,വിനോടിനിയുടെ കയ്യൊപ്പ് പതിഞ്ഞ പോസ്റ്റ്‌ ,അതിമനോഹരമായി എന്ന് പറയാതെ വയ്യ

  ReplyDelete
  Replies
  1. നന്ദി സിയാഫ്...ഒരു വാക്ക്, ഒരു വരി...തരുന്ന സന്തോഷം എത്രയെന്ന് പറയാന്‍ വയ്യ..!

   Delete
 10. ഓരോ സുപ്രഭാതവും ഒരോ ശുഭരാത്രിയും അതിമനോഹരമായ ഒരു ചിത്രത്തിന്റെയോ മനോഹരമായൊരു വാങ്മയത്തിന്റെ അത്ഭുതത്തിലേക്കോ എത്തിക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് ഇവിടെ എത്താറുള്ളത്... ഒരിക്കലും നിരാശപ്പെടേണ്ടി വരാറില്ല.... നന്ദി ടീച്ചറെ...

  ReplyDelete
 11. അംഗീകാരമായി സ്വീകരിച്ചോട്ടെ മാഷേ...നന്ദി, സന്തോഷം ഒരുപാട്...!

  ReplyDelete
 12. ഒരു നിര്‍മല ഭാവമുള്ള എഴുത്ത്...... :)

  ReplyDelete
 13. കിളികളില്‍ തുടങ്ങി.. വിശ്വസാഹിത്യ കാരന്‍റെ മാഞ്ചുവട്ടില്‍ കിളികള്‍ സല്ലപിക്യാനെത്തിയപ്പോള്‍. പൂവന്‍പഴവും ബാല്യകാലസഖിയും പാത്തുമ്മായുടെ ആ ടുമൊക്കെ വീണ്ടും ഓര്‍ത്തുപോയി....നന്ദി യുണ്ട് നല്ലൊരു കഥ കേള്‍പ്പിച്ചതിന്...ആശംസകള്‍.

  ReplyDelete
 14. മാക്കൊമ്പില്‍ മാങ്കോമ്പില്‍ എന്ന് വേണം ( ങ്കോ എന്നേ ടൈപ്പ് ചെയ്യാന്‍ പറ്റുന്നുള്ളൂ ദീര്‍ഘിക്കുന്നു, ശരി ആകുന്നില്ല )


  എങ്കിലും ഈ കുറിപ്പ്‌ തികച്ചും പ്രകൃതിയുമായി ലയിച്ചു ചേര്‍ന്നിരിക്കുന്നു . അഭിനന്ദനങ്ങള്‍ വര്‍ഷിണി :)

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...