Saturday, October 30, 2010

മായക്കാഴ്ച്ചകള്‍..

ആകാശം വിളറി വെളുത്താല്‍, എങ്ങും പ്രഭാത ഗന്ധം പടര്‍ന്നാല്‍ ഒരു കുരുത്തോല വാലന്‍ കിളി വര്‍ണ്ണ ചിറകുകള്‍ ഒതുക്കാന്‍ ഈ മാക്കൊമ്പില്‍ സ്ഥലം പിടിയ്ക്കാറുണ്ട്. 
എന്നും തല വെട്ടിച്ച് , വാലാട്ടി ഗര്‍വ്വോടെ അലസനായി ഇരിയ്ക്കാറുള്ള ഇവനെന്തേ .... 
തിടുക്കത്തില്‍ പെയ്യണ ഒരു മഴ മേഘം പോലെ,മേഘ രാഗം പോലെ.. നിര്‍ത്താതെ ചിലയ്ക്കുന്നു..?

അതവന്‍റെ പാട്ടാണെന്നു തോന്നുണൂ..
ഇപ്പഴാ കണ്ടതു അവന്‍റെ അരികില്‍ പരുങ്ങി ഇരിയ്ക്കണ ആ നാണം കുണുങ്ങി പെണ്ണിനെ,
സുറുമ കണ്ണെഴുതിയ സുന്ദരി മഞ്ഞക്കിളി പെണ്ണിനെ.
നിയ്ക്കു തിരിയില്ലാന്നൊരു ഉദ്ധേശത്തോടെ ആണെന്നു തോന്നുണു അവന്‍റെ ഉച്ചത്തിലുള്ള ശൃംഗാരങ്ങള്‍.
ആ വാലു പിടിച്ചു വലിച്ചു വേദനിപ്പിയ്ക്കാനുള്ള ദേഷ്യം വരുണുണ്ട്..ഹും.

അതിനവനെ എങ്ങനെ കിട്ടാന്‍..?
ഓരോ ദുര്‍മോഹങ്ങള്‍..അല്ലാതെന്താ..
വിഡ്ഡി, അവനെന്തറിയാം
നിയ്ക്കു അവനെ കേള്‍ക്കാന്‍ പറ്റില്ലാന്നുള്ള അവന്‍റെ വിശ്വാസം അവനെ കാക്കട്ടെ.
പ്രണയത്തിന്‍റെ ഈണത്തിനപ്പുറത്തെങ്ങു നിന്നോ അവന്‍റെ ലോകവിവരം കണ്ണു തുറക്കുന്നുണ്ട്.
അതു ചെവിയോര്‍ത്തു പിടിച്ചെടുക്കാന്‍  കൌതുകം തോന്നുന്നൂ..അവന്‍റെ കഥ കേള്‍ക്കാന്‍.

മഞ്ഞപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കും
മഞ്ഞിമ കണങ്ങള്‍ തിളങ്ങി നില്‍ക്കും
മഞ്ഞ പെണ്ണു നാണിച്ചു നില്‍ക്കും
മഞ്ഞ പുലരി ഉണര്‍ന്നു നില്‍ക്കുമീ വേളയില്‍..
മഞ്ഞ പെണ്ണേ, മിഴിയാളേ..
നിനക്കറിയോ,
മഴക്കാലങ്ങളും, മാമ്പഴകാലങ്ങളും ഒരു പാടു പൊഴിഞ്ഞിട്ടില്ലാത്ത, വളരെ കാലം പിറകിലോട്ടല്ലാത്ത ഒരു കാലത്ത്..
ഇങ്ങനെ ഒരു വൃക്ഷ ചുവട്ടില്‍, എന്തു  വൃക്ഷാണെന്നു നിശ്ചയല്ലാ..
ഒരു ചാരുകസേര എപ്പഴും കാണുംത്രെ, മീതെ കുറച്ചു പുസ്തകങ്ങളും, ഒരു മഷി പേനയും, കണ്ണടയും..
തൊട്ടരികില്  മരത്തിന്‍റെ ഒരു കൊച്ചു മേശയും, പാടാന്‍ റെഡിയായി നിക്കണ പാട്ടു പെട്ടിയും.
അദ്ദേഹം ഇരുത്തം ഉറപ്പിച്ചാല്‍ പിന്നെ വായനയും എഴുത്തും തകൃതിയായി ..
ആ നേരങ്ങാനും തിരുമാലി കാറ്റ് ഇച്ചിരി കുളിര്‍മ്മ വീശിയാല്‍ ,പിന്നെ ആ പാട്ടുപെട്ടി തിരിയാന്‍ തുടങ്ങിക്കോളും.

ആ ചാരി കിടക്കണ അദ്ദേഹം ഇമ്മിണി വല്ല്യ ഒരു എഴുത്തുകാരനാത്രെ..
പൂവമ്പഴവും, ബാല്യകാല സഖിയും , പാത്തുമ്മായുടെ ആടുമൊക്കെ അദ്ദേഹത്തിന്‍റെ ജീവിതാത്രെ..
അങ്ങനെ എത്രണ്ണംന്നാ കരുതിയിരിക്കണേ..
ഒരു പറ്റം കഥകള്‍,
ബഹുമതികളോ..ഒട്ടനവധി.
വൃത്തികെട്ട ആഡമ്പരങ്ങളും, പരിഷ്കാരങ്ങളൊന്നും എത്തി നോക്കാത്ത ഒരു പച്ച മനുഷ്യന്‍..
എഴുതാനിരിയ്ക്കുമ്പോള്‍ ഒരു കുപ്പായം പോലും ധരിയ്ക്കാറില്ലന്നെയ്...

ഇതു പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചോ..?
ഒരു പരിഹാസ ചിരി പൊട്ടി വീണോ..?
ഹേയ്, അല്ലാ..അവനവന്‍റെ പെണ്ണിനോട് കഥ പറയുന്ന രസത്തിലാ..കാമുക വേഷ ലഹരിയിലാ..
കാറ്റില്‍ പറന്നടിയുന്ന മാമ്പൂക്കളെ ഗൌനിയ്ക്കാതെ , മിഴികളിലൂടെ അവന്‍റെ കഥ കേട്ടിരിയ്ക്കണ അവള്‍ പതിഞ്ഞ സ്വരത്തില്‍ ഇപ്പോള്‍ എന്തോ പറയാന്‍ തുടങ്ങിയിരിയ്ക്കുണൂ.
പേരറിയാത്ത ഏതോ ഒരു പക്ഷീടെ കിളി നാദം കാതില്‍  തുളച്ചു കയറി കേള്‍വി തടസ്സം ഉണ്ടാക്കുണൂ..അതോണ്ട് കിളി ബഹളംന്നേ ഞാന്‍  ഇപ്പൊ പറയൂ..
അവനെ പോലയേ അല്ല അവളെ കേള്ക്കാന്‍,
ആരുമറിയാതെ ഒളിഞ്ഞു പെയ്യണ പുതു മഴയുടെ നാദം പോലെ,സ്വര്‍ഗ്ഗ രാഗം പോലെ..മധുരം.

നാഥാ, ഇന്നലെ വെയില്‍ മൂത്തു വരും നേരം
കാവിലെ ഉത്സവം കണ്ടു മടങ്ങും നേരം
ഓരോന്നു ചിന്തിച്ചങ്ങനെ തിരിക്കും നേരം
ഈ പൊന്‍ ചിറകുകള്‍ക്കു അല്പം വിശ്രമം കൊടുക്കാനായ്.....
പൊന്ന് വിളയും പാടത്തിന്‍റെ പടിഞ്ഞാറെ ദിക്കിലെ, കല്പടവുകള്‍ പാകിയ ആ വീടിന്‍റെ ഉമ്മറതിണ്ണയില്‍ ഇരിയ്ക്കാനിടയായി.

വെണ്‍പ്പൂക്കളാല്‍ വിടര്‍ന്നു തുടിച്ചു നിക്കണ അവിടുത്തെ തോട്ടത്തില് ഒരു ചെമ്പക മരം പൂത്തുലഞ്ഞു നിപ്പുണ്ടെന്നു കുറുമ്പന്‍ കാറ്റ് വന്ന് സ്വകാര്യം പറഞ്ഞപ്പോഴാണറിയണത്.
ആ സുഗന്ധത്തില്‍ ഒന്നു മയങ്ങാന്നു കരുത്യാണ് ആ പൂമര ചില്ലകള്‍ ലക്ഷ്യട്ട് പറന്നത്,
അപ്പോള്  ഞാനുംകണ്ടു,
ആ ചെറുമരത്തിനു കീഴെ , പച്ച പുല്ലു ഒരുക്കിയ പരവതാനിയില്‍ കണ്ണടച്ച് ചാരി ഇരുന്നു മനോരാജ്യം കാണണ ഒരു മനുഷ്യനെ,
ആ മനോകാഴ്ച്ചകള്‍  അവ്യക്ത ചിത്രങ്ങളായിരുന്നെങ്കിലും,
നേര്‍ത്ത കസവു സാരിയും , വെള്ളി കൊലുസുകളും, മുല്ല മാലയും വ്യക്തായി തന്നെ കണ്ടു ഞാന്‍.
സമീപത്തുള്ള കിളി നാദങ്ങളെല്ലാം മൂളി കേള്‍പ്പിയ്ക്കാനെന്ന പോലെ ആ താന്തോന്നി കാറ്റ് അവിടെയും പാഞ്ഞെത്തി,
പിന്നെ ഈശ്വര കാരുണ്യം  പോലെ  മഴത്തുള്ളികള്‍ വാരി ചിതറിച്ചു കൊണ്ടവന്‍ അവിടെ തന്നെ ചുറ്റി കറങ്ങി നിപ്പുണ്ടായിരുന്നൂ.
ങാ..പിന്നെ പറയാന്‍ വിട്ടു പോയി,
ഈ പച്ച മനുഷ്യനും കുപ്പായം ഇട്ടിരുന്നില്ല്യാ..
പക്ഷേങ്കില്‍ ഒരു തൂവെള്ള കൈ ബനിയന്‍ ആ ദേഹത്ത് പറ്റിചേര്ന്നു ഉറങ്ങണുണ്ടായിരുന്നൂ.
കഥകളും കവിതകളും അധികം കുറിച്ചിട്ടില്ലെങ്കിലും , കുറെ ജീവിത കഥകള്‍ ആ നെഞ്ചില്‍ കുറിച്ചിട്ടുണ്ടെന്നു ആ സൌമ്യനെ കണ്ടാലറിയാം..

ഇനി എന്താണവള്‍ അവനോട് രഹസ്യം പറയണത്.., അവന്‍റെ സ്വപ്നങ്ങളെ കുറിച്ചായിരിയ്ക്കോ..?
ഒന്നും കേള്‍ക്കാന്‍ വയ്യാ, ആ കറുമ്പന്‍ പക്ഷിയില്ലേ...കാക്ക തമ്പുരാന്‍,
അവന്‍റെ അസഹ്യ പുലമ്പുലകള്‍ കാത് പൊട്ടിയ്ക്കുണൂ
ന്നാലും വേണ്ടില്ലാ, ഇത്രയും അറിഞ്ഞല്ലോ..
മനസ്സു നിറഞ്ഞ പോലെ,
ആ  വൃക്ഷ തണലിലും, പൂമര ചോട്ടിലും എത്തിപ്പെട്ട പോലെ.
ആ ഇണ കുരുവികള്‍ക്കു  മനസ്സു കൊണ്ട് മംഗളം നേരുന്നൂ ഞാന്‍,
വേറോന്നും കൊടുക്കാന്‍ ന്റെ കയ്യില്‍ ഇല്ല്യാ..


സൂര്യവെട്ടം അഴികളിലൂടെ മുഖത്തടിയ്ക്കാന്‍ തുടങ്ങീട്ടു ഇച്ചിരി നേരായിരിയ്ക്കുണൂ, ഇടത്തേ കവിളു പൊള്ളാനും...ഒന്നും അറിഞ്ഞില്ല ഞാന്‍,,
അല്ലാ, ഒന്നും അറിയിച്ചില്ലാ ആ ഇണകള്‍.
ഊണു കാലായെന്നു തോന്നുണൂ..
കുട്ട്യേ..
നിന്‍റെ അപൂര്‍ണ്ണ കഥകളും, പൊട്ടി തകരണ സ്വപ്നങ്ങളും, വേദാന്ത ചിന്തകളും, ആര്‍ക്കും മനസ്സിലാവാത്ത ഭാഷയും ആ ജാലകത്തിന്നപ്പുറത്തേയ്കിട്ടു ഒന്നു വന്നു ഉണ്ടിട്ടു പോകുന്നുണ്ടോ..?
ഉം..തുടങ്ങീ...ഈ..അമ്മ.........

ഒരു തൂണ്‍..ഉള്ളിലെ പരാതികളും, രോഷവും കടിച്ചമര്‍ത്തി
ഒരു തൂണിനപ്പുറത്തു  നീയും ഇപ്പുറത്തു ഞാനും 
അറിയാതെ പുറപ്പെടീച്ച നിശ്വാസങ്ങള്‍ പോലും
കരിങ്കല്ലുകളെ പൊടിച്ചു തരിപ്പണമാക്കി
അതിലെയൊരു കൂര്‍ത്ത കല്ലു കാല്‍ക്കല്‍ വീണു
ഉള്ളിലെ നിന്ദയും, ദേഷ്യവും അടിച്ചമര്‍ത്തി
കുനിഞ്ഞ്, മുഖം താഴ്ത്തി അതിനെ സൂഷ്മം നോക്കി.
ആ മുഖത്തിലെ പ്രതിമുഖം പരിഹാസമാണു,
ഇത്തിരി പോന്നവനേം കേള്‍ക്കണമെന്നു സാരം.

“പെണ്ണിന്‍റെ ഹൃദയം കരിങ്കല്ലെന്നു കേട്ടു
അതിലെ ഓരൊ അറയിലും ഓരൊ പ്രതിഷ്ഠയെന്നും
ആണിന്‍റെ ഹൃദയം പരുത്ത പാറയെന്നു കേട്ടു
പൊറുത്തു പോകാന്‍ പറ്റാത്ത വന്‍ മതിലെന്നും.”
വൈരം പുലര്‍ത്തും മനസ്സുകള്‍ അങ്ങനെ പലതും പറയും
മനുഷ്യനു സ്വബോധം നഷ്ടപ്പെടാന്‍ നിമിഷം മതി.
ഞാനൊരു കല്ലാണെങ്കിലും എന്‍റെ ഹൃദയമതല്ലാ
എന്‍റെ മനസ്സ് ശാന്തമാണു, വിദ്വേഷത്തിനതില്‍ സ്ഥാനമില്ലാ.
ഓരോ മണ് തരിയിലും സ്നേഹം നിറച്ച്
പ്രത്യാശയോടെ കരുത്തുറ്റ രൂപം നേടി
പിന്നെയതില്‍ സ്നേഹവും സൗഹൃദവും കൂട്ടി കുഴച്ച്
പ്രയത്നം വിജയത്തിലെത്തിച്ചൊരു തൂണ്‍ വാര്‍ത്തു.
ഭാരിച്ചതും ഉത്തരവാദിത്വമുള്ളതുമായ സ്വപ്നങ്ങള്‍ വഹിച്ച്
സ്വന്തം കടമകള്‍ സ്വയം നിര്‍വഹിച്ച് പോന്നു

ഈ തോളുകളിലെ സുന്ദര സ്വപ്നങ്ങള്‍ തകര്‍ത്ത
ക്രൂര ഹൃദയങ്ങളെലജ്ജയുണ്ട്  നിങ്ങളോട്
ആ കുമിഞ്ഞു കൂടിയ സ്നേഹ തരികളെ മാന്തി
സ്വയംകുഴിച്ചു മൂടിയാലും അടങ്ങുമോ
മനുഷ്യഹൃദയങ്ങളില്‍ തിളയ്ക്കും വിഷങ്ങളും, പോര്‍ വിളികളും..?

Saturday, October 23, 2010

വെറുപ്പ്.......


അറിയുമോ വെറുപ്പെന്ന വികാരത്തെ
മനോവേദനയും മനസ്സംഘർഷവുമൊന്നുമല്ലിത്
നവരസങ്ങളിലെ ഭാവമെന്നു ഉറപ്പിയ്ക്കാനും വയ്യ
ബീഭത്സത്തിലെ ഒരു വിഭാഗമത്രെ വെറുപ്പ്
ഇതിന്‍റെ നിറം നീലയും ,ദേവൻ മഹാകാലനുമത്രെ.
പെയ്തിറങ്ങും മഴയിലുമുണ്ട് നവരസങ്ങൾ
ചാറ്റലിൽ നിന്നും ദുരിത പ്രളയംവരേയ്ക്കും
മിന്നൽ  പിണരുകൾ ഉള്ളു കാളിയ്ക്കുമെങ്കിലും
പുതുമഴ നനവ്  ഉള്ളു കുളിരണിയിക്കാറുണ്ട്.

ഇടിനാദമെന്നാൽ  ദാ  ദാ  ദാ  ശബ്ദമാണ്
ദാമ്യത  ദത്ത  ദയത്വം എന്നര്‍ത്ഥമാക്കുന്നത്
ഈ മേഘ ഗര്‍ജ്ജന സം‌വേദം
ശാസ്ത്ര നിഷ്ഠമെന്നു ഉപനിഷത്ത് പറയുന്നു.
ഇവിടെവിടെങ്ങും വിചിത്ര വെറുപ്പില്ല
മര്‍ത്ത്യ സൃഷ്ടി വഴിവിട്ടു മാറി നില്‍ക്കുമെന്നു സ്പഷ്ടം.

പുകയുന്ന സത്യത്തിലേയ്ക്കൊന്നു ഉറ്റു നോക്കിയാൽ
അമ്പരപ്പിയ്ക്കും സത്യങ്ങൾ തൊട്ടറിയാം
അകത്തേയ്ക്കു  വലിയുന്ന കൃഷ്ണമണികളും,ജ്വലിയ്ക്കുന്ന തീ കണ്ണുകളും
താഴ്മ ഭവിയ്ക്കും കവിൾത്തടങ്ങളും, വീർത്ത മൂക്കു പുടവും..
ഈ ഭാവം ഭയാനകം, നാവിന്‍റെ ക്രൂര വിനോദം
കഴുമരത്തിലേറും പിടയും ജീവൻ പോലെ.

പ്രാണനെടുക്കും പ്രപഞ്ച നിഗൂഡ്ഡ നിന്ദയാണൊ വെറുപ്പ്
ഓരൊ നിശ്വാസത്തിലും വിഷം കലർന്ന പ്രാണവായുവാണൊ വെറുപ്പ്..?

Sunday, October 17, 2010

രാത്രി മഴയില്......രാത്രി മുഴുവന്‍ ഉറക്കല്ല്യാ..
മഴ പെയ്യുന്നൂ..ചാറി കൊണ്ടേ ഇരിക്കുന്നൂ
കാറ്റും വീശുന്നുണ്ട്..ഈര്പ്പമുള്ള കാറ്റ്.
നരച്ച ഇരുട്ടിന്‍റേയും
തിളങ്ങുന്ന രാത്രിയുടേയും
നനഞ്ഞ മണ്ണിന്‍റേയും
ഈറന്‍ വായുവിന്‍റേയും ഗന്ധങ്ങള്‍..
സന്ധ്യക്കു വിരിഞ്ഞ അരിമുല്ലയുടേയും
പാതിരായ്ക്കു വിരിഞ്ഞ നിശാഗന്ധിയുടേയും ഗന്ധങ്ങള്‍..
നിറഞ്ഞൊലിയ്ക്കുന്നൂ.
പിന്നെ പറയണ്ടാ..
കശയ്ക്കുന്ന കഷായത്തിന്‍റേയും
ചവര്‍പ്പുള്ള അരിഷ്ടത്തിന്‍റേയും
ഇളം ചൂടു തൈലത്തിന്‍റേയും
മൂപ്പിച്ച എണ്ണയുടേയും ഗന്ധങ്ങള്‍..
ഗന്ധങ്ങളുടെ ഒരു ഘോഷയാത്ര..
ഈ മഴ തുടങ്ങുമ്പോള്‍ പ്രകൃതിയുടെ മണവും മരുന്നിന്‍റെ മണവും ഒറ്റയായും കൂട്ടായും മൂക്കില്‍ തുളച്ചു കയറുന്നു
ഇങ്ങനെ നിരവധി ഗന്ധങ്ങളില്‍ മുങ്ങിത്താണ് കൊണ്ടിരിയ്ക്കാന്‍ വയ്യാ..
ദൈവമേ..ഗന്ധങ്ങള്‍ ആവിയായി പൊങ്ങുന്നൂ..
ഈ രാത്രി മഴയിലും ആവിയായി തീരുന്നതു പോലെ.
ഉറങ്ങാന്‍ തോന്നുന്നു.
ന്നാലും മിഴിച്ചു പിടിയ്ക്കാണു കണ്ണുകള്‍
തുരുമ്പിച്ച കട്ടില്‍ ഞരങ്ങുന്നൂ
അത് ഉള്ളില്‍ നടുക്കം ഉണ്ടാക്കുന്നു ഇടയ്ക്ക്..
ഒന്നു നീണ്ടു നിവര്‍ന്നു കിടക്കാനും ഈ നാല്‍ക്കാലി സമ്മതിക്കില്ല്യാന്നു വെച്ചാ..
മഴക്കാലമാണത്രെ
പ്രകൃതിയുടെ ഓരോ വിളയാട്ടങ്ങള്‍, അവന്‍റെ ഓരോ ലീലകള്‍
കാണാച്ചരട്  കൊണ്ട് ബന്ധിപ്പിച്ചിരിയ്ക്കല്ലേ ഈ ജന്നലഴികളില്‍..
ഏകാന്തത എന്ന ദിവാസ്വപ്നം, അതിമോഹം ..എല്ലാം അവസാനിപ്പിച്ചിരിയ്ക്കല്ലെ..
ഈ തലയില്‍, ഓരൊ മുടിയിഴയിലൂടെയും ഇറ്റിറ്റു വീഴാണ് ഓരോ തുള്ളികളും
ധാന്യാമ്ലം ധാരയായി ഒഴുകയാണ്‍ ഈ ദേഹത്തില്‍
ന്നാലും മനസ്സിന്‍റെ കാര്യാണ് കഷ്ടം
മൂടി കെട്ടിയ മാനം എത്ര പെയ്തു തോര്‍ന്നാലും,
തളം കെട്ടി നില്‍ക്കണ കലക്ക വെള്ളം മാതിരിയാ
ഒന്നു കണ്ണടഞ്ഞു മനസ്സടഞ്ഞു ഉറങ്ങാന്‍ സാധിയ്ക്കണില്ല്യാ.
ഉറങ്ങിയ്ക്കോ ന്റ്റെ മോളേ..ഈ ഭ്രാന്തന്‍ കാറ്റിലും കണ്ണു തിരുമ്മി വരണ അമ്മയെ കേള്‍ക്കാം.
കരിയിലകളെ പറത്തിച്ച്
അട്ടഹസിച്ച് കുലുങ്ങി 
പുളച്ചുപായുന്ന ഇവന്‍ സത്യത്തില്‍ മഴയുടെ ആരാണു..?
അവനെത്ര പേടിപ്പിച്ചാലും ആ ഭ്രാന്തില്‍ ഉലയുന്ന പൂത്ത മാവിന്‍ തലപ്പുകളുടേയും,
ഉണങ്ങിയ മരക്കൊമ്പുകളുടേയും ശീല്കാരം കേട്ടു മതിവരാത്ത പോലെ..
തോട്ടത്തില്‍ ചരല്‍ വഴി അവസാനിയ്ക്കുന്നിടത്ത് എന്‍റെ തോഴന്‍ ഒരു ചെമ്പക ചെടി നട്ടിട്ടുണ്ട്..
അത് ഒരു നാള്‍ പൂക്കും..
അന്നും ഇവന് ഈ കളി തുടര്‍ന്നാല്‍..
ചെമ്പകപ്പൂക്കള്‍ ഉതിര്‍ത്ത് ആനന്ദിച്ചാല്‍..
പിന്നെ എനിയ്ക്കു ഈ ഇഷ്ടം ഉണ്ടാവോന്നു തോന്നണില്ല്യാ.
ഇനി എത്ര നാള്‍..ഞങ്ങടെ സ്നേഹപ്പൂക്കളൊന്നു പൂക്കാന്‍..
അന്നു ഞാന്‍ ഓരോ രാത്രി മഴയിലും,..
ചെമ്പക മരത്തിലൂടെ ഊര്‍ന്നിറങ്ങുന്ന തുള്ളികളോടു കിന്നാരം പറയും
ഓരോ പൂവിലും ഇറ്റിറ്റു നില്‍ക്കുന്ന ഓരോ തുള്ളികളെയും ചുമ്പിച്ചുണര്‍ത്തും.
..ഓരോ സ്വപ്നങ്ങള്‍ ...... അല്ലാതെന്താ പറയാ...

നിയ്ക്കു വയ്യാ..എത്ര നേരായി ഞാനിങ്ങനെ പിറുപിറുക്കാന്‍ തുടങ്ങീട്ട്
മനസ്സു ഇങ്ങനേയാ..പിടിച്ച് നിര്‍ത്താന്‍ ആവണില്ല്യാ.
ആലോചനകളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിയ്ക്കണില്ല്യാ..
മഴ മേഘങ്ങള്‍  തിങ്ങി പാര്‍ക്കും പോലെ..
നിഴലുകള്‍ കനത്തു കിടക്കും പോലെ..
അതിനു എങ്ങനെയാ ഇച്ചിരി സൂര്യ വെട്ടം കിട്ടാ,
ഈ ശീതക്കാറ്റ് ശരീരത്തില്‍ എത്ര നുഴഞ്ഞു കയറിയാലും
ഞരമ്പുകളില്‍ എത്ര തുളഞ്ഞു കയറിയാലും
തലച്ചോറില്‍ എത്ര കടന്നു കയറിയാലും..
ഈ കോരിച്ചൊരിയുന്ന മഴ 
അതെനിയ്ക്കു അനുഭവിയ്ക്കാനിഷ്ടാ..
ഈ തോന്ന്യവാസി മഴയെ 
താളം തെറ്റിയ മഴയെ 
തോരത്ത മഴയെ
ഇരുട്ടിന്‍റെ മഴയെ..
എത്ര കണ്ടാലും മതിവെരാത്ത പോലെ..!

Saturday, October 2, 2010

വറ്റാത്ത ഉറവകള്‍

കനിവിന്‍റെ നീരുറവകള്‍ വറ്റാതിരുന്നാല്‍
ആര്‍ദ്രതന്‍ ഓര്‍മ്മകള്‍ ചാവാതിരുന്നാല്‍

വിശ്വാസത്തിന്‍ ആവലാതികള്‍ പൊങ്ങാതിരുന്നാല്‍
വിഷാദത്തിന്‍ കണ്ണുനീര്‍ പൊഴിയാതിരുന്നാല്‍

ഭ്രാന്തമാം ചിന്തകള്‍ ചുമക്കാതിരുന്നാല്‍
നിശ്ശബ്ദമാം മനസ്സുകള്‍ പുലമ്പതിരുന്നാല്‍....

മഴ ആര്‍ത്തു പെയ്ത് പുല്‍നാമ്പുകള്‍ കിളിര്‍ക്കും
വെയില്‍ മൂത്ത് വന്ന് പൂമരങ്ങള്‍ പൂക്കും

ഞെട്ടറ്റ ദളങ്ങളില്‍ പുതു ജീവന്‍ തുടിക്കും
ഈ വരണ്ട ഭൂമിയെല്ലാം പച്ച പുതക്കും.

ഇക്കഥ പഴയതു തന്നെ, തേഞ്ഞതും മാഞ്ഞതും
ഈ നാളയെപ്പറ്റി പറഞ്ഞതാരായാലും

ഞാന്‍ ചെവി പൊത്തുന്നൂ..കണ്ണടക്കുന്നൂ..
ഈ ദേശത്ത് ലഹള നടന്നാലും, ഇല്ലേലും.

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...